പാടങ്ങളിൽ താറാവിൻ കൂട്ടങ്ങൾ എത്തി തുടങ്ങി


ആലത്തൂർ: ഒന്നാം വിള കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിൽ താറാവിൻ കൂട്ടങ്ങൾ എത്തി. തമിഴ്നാട്, തൃശ്ശൂർ, ആലപ്പുഴ ഭാഗങ്ങളിൽ നിന്നുള്ള താറാവ് വളർത്തുന്ന സംഘങ്ങളാണ് തീറ്റ തേടി താറാവുകളുമായി എത്തിയത്. മേഖലയിൽ കൊയ്ത്ത് ഭാഗികമായി മാത്രം ആരംഭിച്ചിട്ടുള്ളതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് മേച്ചിലിനായി കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. തീറ്റ തേടുന്നതിനായി ഇറക്കുന്ന നെൽപ്പാട ഉടമകൾക്ക് ഏക്കറിന് 30 മുട്ടകൾ വരെയാണ് താറാവ് വളർത്തുകാർ കർഷകർക്ക് നൽകുന്നത്. മൈസൂർ, ആലപ്പുഴ ഭാഗങ്ങളിൽ നിന്നാണ് താറാവുമായി താറാവ് വളർത്തുകാർ എത്തിയിട്ടുള്ളത്. പതിവായി എത്തുന്ന കൃഷിയിടങ്ങളിൽ തന്നെയാണ് എത്തിയിരിക്കുന്നത്. സ്ഥിരമായി താറാവ് വളർത്ത കർഷകരിൽ നിന്നും മുട്ട സംഭരിക്കുന്നവർ താറാവുകൾക്കായി കൂട് വച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ ആഴ്ചയിൽ രണ്ടുദിവസം വീതം വാഹനവുമായി വന്ന് മുട്ടകൾ ശേഖരിക്കുകയാണ് ചെയ്യുന്നത്. ഒരു മുട്ടയ്ക്ക് 7 രൂപ 50 പൈസ മുതൽ 8 രൂപ വരെ വില നൽകുന്നുണ്ട്. ആയിരം മുതൽ 1500 വരെയുള്ള കൂട്ടങ്ങളായാണ് കിഴക്കഞ്ചേരി, പോത്തുണ്ടി, വിത്തനശ്ശേരി ആലത്തൂർപ്രദേശങ്ങളിലായി എത്തിയിട്ടുള്ളത്. മൂന്നുമാസത്തോളം പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിലായി താറാവുകൾക്ക് തീറ്റ തേടുമെന്ന് തേനിയിൽ നിന്നും എത്തിയ സത്യരാജ് പറഞ്ഞു. മിക്ക നെൽപ്പാടങ്ങളിലും വെള്ളം ഉള്ളതിനാൽ ആവശ്യത്തിന് തീറ്റ ലഭിക്കുന്നുണ്ടെന്നും പറഞ്ഞു. താറാവ് മുട്ടയ്ക്ക് പ്രധാന വിപണിയായ തൃശ്ശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിപണന കേന്ദ്രങ്ങളിലേക്ക് ആണ് കൊണ്ടുപോകുന്നത്