ഒട്ടുപാല്‍, ചിരട്ടപ്പാല്‍ മോഷണം പെരു
നെന്മാറ : റബര്‍ തോട്ടങ്ങളില്‍ നിന്ന് ടാപ്പിംഗ് ചെയ്യുന്ന ദിവസം എടുത്തുമാറ്റുന്ന ഒട്ടുപാലും ചിരട്ടകളില്‍ നിന്ന് താഴെയിടുന്ന ചിരട്ടപ്പാലും വ്യാപകമായി മോഷണം പോകുന്നതായി പരാതി.
പോത്തുണ്ടി, മാട്ടായി, കോതശ്ശേരി, തളിപ്പാടം ഭാഗങ്ങളില്‍ നിന്നാണ് മോഷണ പരാതികള്‍ ഉയരുന്നത്.
കഴിഞ്ഞവര്‍ഷവും മേഖലയില്‍ വ്യാപകമായി മോഷണം നടന്നിരുന്നെങ്കിലും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.
കഴിഞ്ഞദിവസം മാട്ടായിയിലെ സുലൈമാന്‍റെ തോട്ടത്തില്‍ ഷെഡിനകത്ത് സൂക്ഷിച്ച ഒട്ടുപാലാണ് മോഷണം പോയത്. 4000 രൂപയോളം നഷ്ടം കണക്കാക്കുന്നതായി കര്‍ഷകൻ പറഞ്ഞു.
സമീപത്തെ തോട്ടങ്ങളില്‍ താല്‍ക്കാലിക ഷെഡുകളില്‍ സൂക്ഷിച്ച ഒട്ടുപാലുകളും മോഷണം പോയിട്ടുണ്ട്. റബര്‍ വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഒട്ടുപാല്‍ മോഷണവും കനത്ത നഷ്ടം ഉണ്ടാക്കുന്നു.
തോട്ടങ്ങളില്‍ ആളില്ലാത്ത വൈകുന്നേരങ്ങളിലാണ് മോഷണം നടക്കുന്നത്. ചെറു ചാക്കുകളില്‍ സൂക്ഷിക്കുന്ന ഒട്ടുപാല്‍ മോഷ്ടാക്കള്‍ ചാക്ക് ഉള്‍പ്പെടെയാണ് എടുത്തുകൊണ്ടു പോകുന്നത്.
റബര്‍ ഷീറ്റുകളിലെ പോലെ കര്‍ഷകന്‍റെ പേരോ അടയാളമോ ഒട്ടുപാലുകളില്‍ ഇല്ലാത്തത് വ്യാപാരികളുടെ പക്കല്‍ നിന്നും മോഷണ വസ്തു കണ്ടെത്താൻ കഴിയുന്നില്ല.
കര്‍ഷകര്‍ കൂട്ടത്തോടെ സമീപപ്രദേശങ്ങളിലെ റബര്‍ വ്യാപാരികളെ മോഷണ വിവരം അറിയിച്ചിട്ടുണ്ട്. ചില വ്യാപാരികള്‍ക്ക് മോഷണമുതല്‍ പകുതി വിലയ്ക്ക് ലഭിക്കുന്നതിനാല്‍ രഹസ്യമായി വാങ്ങുന്നത് മോഷ്ടാക്കളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഇത്തരത്തിലുള്ള പരാതിയില്‍ ചില റബര്‍ വ്യാപാരികളെ മുൻപ് പോലീസ് താക്കീത് നല്‍കിയിട്ടുണ്ട്.
റബര്‍ കര്‍ഷകര്‍ അല്ലാത്തവരും സ്ഥിരമായി റബര്‍ വില്‍ക്കാൻ വരാത്തവരെയും നിരീക്ഷിക്കാനും കര്‍ഷകര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
തോട്ടങ്ങളില്‍ കാമറ സ്ഥാപിച്ചും അസമയങ്ങളില്‍ തോട്ടങ്ങളില്‍ കാണുന്നവരെ നിരീക്ഷിക്കാനും സംവിധാനം ഒരുക്കുകയാണ് കര്‍ഷകര്‍. റബര്‍ ഉത്പാദക സംഘം അംഗങ്ങളുടെ സഹായത്തോടെ മോഷ്ടാക്കളെ കണ്ടെത്താൻ കര്‍ഷകര്‍ പ്രത്യേക ജാഗ്രത ഗ്രൂപ്പുകള്‍ മേഖലയില്‍ ഒരുക്കിയിട്ടുണ്ട്.