കോൺഗ്രസിന് വമ്പൻ മുന്നേറ്റമെന്ന് അഭിപ്രായ സർവെ
?️5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അഭിപ്രായ സർവെ ഫലങ്ങൾ പുറത്ത്. കോൺഗ്രസിന് തെലങ്കാനയിലടക്കം വമ്പൻ മുന്നേറ്റമെന്നാണ് ആദ്യം പുറത്തുവന്ന സർവെ പ്രവചനമായ എബിപി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പോരാട്ടം കടുക്കും. കോൺഗ്രസിനാണ് മുൻതൂക്കമെന്നാണ് എബിപി – സി വോട്ടർ പ്രവചനത്തിൽ പറയുന്നത്. തെലങ്കാനയിൽ കോൺഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരത്തിലേറാമെന്നാണ് പ്രവചനം. അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്റെ ബിആർഎസിന് 43 മുതൽ 55 വരെ സീറ്റിലേക്ക് ഒതുങ്ങേണ്ടി വരുമെന്നും സർവെ ചൂണ്ടികാട്ടുന്നു. ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭരണതുടർച്ചയ്ക്കുള്ള സാധ്യതയാണ് എബിപി – സി വോട്ടർ പ്രവചനം പറയുന്നത്. കോൺഗ്രസ് 45 മുതൽ 51 വരെ സീറ്റുവരേയും ബിജെപി 39 – 45 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് പ്രവചനം. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സർവെ. കോൺഗ്രസിന് മുൻതൂക്കമുണ്ടെന്ന് കാണാം. കോൺഗ്രസ് 113 -125 വരെയും ബിജെപി 104 – 116 വരെയും സീറ്റുകൾ നേടിയേക്കാമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്.
ഗാസയിൽ സമ്പൂർണ ഉപരോധം; വെള്ളവും വൈദ്യുതിയും ഭക്ഷണവും തടഞ്ഞു
?️പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്ധനവും ഭക്ഷണവും തടഞ്ഞ ഇസ്രയേൽ സമ്പൂർണ ഉപരോധം ആരംഭിച്ചു. 2007ൽ മറ്റു പലസ്തീൻ സംഘടനകളിൽ നിന്ന് ഹമാസ് ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്തതു മുതൽ ഇസ്രയേലും ഈജിപ്റ്റും പല തരത്തിലുള്ള ഉപരോധങ്ങളും ഏർപ്പെടുത്തിയിരുന്നെങ്കിലും സമ്പൂർണ ഉപരോധം ഇതാദ്യമാണ്. ഇസ്രയേൽ 1973നു ശേഷം ആദ്യമായി ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഹമാസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന നാലു സ്ഥലങ്ങൾ പിടിച്ചെടുത്തു കഴിഞ്ഞു. ഇരുപക്ഷത്തുമായി 1100ലധികം പേർ കൊല്ലപ്പെട്ടു.
ഹമാസ്- ഇസ്രയേൽ യുദ്ധം: ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു
?️ഹമാസ്- ഇസ്രയേൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ച് കേന്ദ്രസർക്കാർ. ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികളെയും തീര്‍ഥാടകരെയുമായിരിക്കും നാട്ടിലെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈജിപ്ത് അതിർത്തിയായ താബയിലൂടെ റോഡ് മാർഗം ഇവരെ കെയ്റോയിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. വേണ്ടിവന്നാൽ ഒഴിപ്പിക്കൽ സജ്ജമായിരിക്കാന്‍ വ്യോമ- നാവിക സേനയ്ക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. ഏകദേശം 18,000-ത്തോളം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
5 സംസ്ഥാനങ്ങളിൽ നവംബർ 7 മുതൽ വോട്ടെടുപ്പ്, ഡിസംബർ 3ന് ഫലപ്രഖ്യാപനം
?️അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചു. നവംബർ ഏഴ് മുതൽ മുപ്പത് വരെയാണ് വിവിധ സംസ്ഥാനങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിന് എല്ലായിടത്തെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
അഞ്ച് സംസ്ഥാനങ്ങളിൽ നക്സൽ ബാധിതമായ ഛത്തിസ്ഗഡിൽ മാത്രമാണ് രണ്ടു ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തുന്നത്, നവംബർ 7, 17 തീയതികളിൽ. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മിസോറം എന്നിവിടങ്ങളിൽ ഒറ്റ ഘട്ടത്തിൽ പോളിങ് പൂർത്തിയാക്കും.
തെരഞ്ഞെടുപ്പ് തീയതികൾ:
രാജസ്ഥാൻ – നവംബർ 23
മധ്യപ്രദേശ് – നവംബർ 17
തെലങ്കാന – നവംബർ 30
മിസോറം – നവംബർ 7
ഛത്തിസ്ഗഡ് – നവംബർ 7, 17
”പലസ്തീന് ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കണം”; സിപിഎം പ്രസ്താവന
?️ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പലസ്തീനിലെ ഗാസ മുനമ്പില്‍ ഹമാസും ഇസ്രയേല്‍ സേനയും തുടരുന്ന ഏറ്റുമുട്ടലുകള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണ പൗരന്മാരുടെ ജീവിതത്തെ തന്നെ ഗുരുതരമായി ബാധിക്കുന്ന സംഭവമായി ഇത് മാറിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
തിരുവനന്തപുരത്ത് 2 പേർക്ക് ബ്രൂസെല്ല സ്ഥിരീകരിച്ചു
?️ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റനാടുള്ള ഒരച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം കന്നുകാലികളിൽ നിന്നും പകർന്നതാണെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. 2% മാത്രമാണ് രോഗത്തിന്റെ മരണനിരക്ക്.
സ്ത്രീ വിരുദ്ധ പരാമർശം; ഉമർ ഫൈസി മുക്കത്തിനെതിരേ പരാതി നൽകി വി.പി. സുഹ്റ
?️സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പൊലീസിൽ പരാതി നൽകി സാമൂഹിക പ്രവർത്തക വി.പി. സുഹ്റ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. നേരത്തെ ഉമർ ഫൈസിയുടെ പരാമർശത്തിൽ സുഹ്റ തട്ടം ഊരി പ്രതിഷേധിച്ചിരുന്നു. നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിലായിരുന്നു വി.പി. സുഹ്റ പ്രതിഷേധിച്ചത്. പരിപാടിയിൽ അഥിതിയായിരുന്ന സുഹറ തട്ടം ഊരി പ്രതിഷേധിച്ചതിൽ പിടിഎ പ്രസിഡന്റ് അക്രമാസക്തനായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി
?️നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിനു പിന്നാലെ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. രാജസ്ഥാനിൽ 41 ഉം മധ്യപ്രദേശിൽ 57 ഉം ഛത്തീസ് ഗഡിൽ 64 ഉം പേരുടെ പട്ടികയാണ് ബിജെപി പുറത്തു വിട്ടത്.
”ജാതി സെൻസസ് ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടും”; രാഹുൽ ഗാന്ധി
?️ജാതി സെൻസസ് ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് രാഹുൽ ഗാന്ധി. ജാതി സെൻസസ് നടത്തുമ്പോൾ ചില കക്ഷികൾക്ക് എതിർപ്പുണ്ടാകുമെന്നും അത് ഞങ്ങൾ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ജാതി സെൻസസ് നടപ്പാക്കാൻ കേന്ദ്ര സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തും. ജാതി സെൻസസ് നടപ്പാക്കുന്നതുവഴി വലിയ വികസനം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. രാജ്യത്തെ അൻപതു ശതമാനത്തിലധികം വരുന്ന ജനതയ്ക്കു വേണ്ടിയാണ് ജാതി സെൻസസ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടൻ്റെ നാട്യത്തിനനുസരിച്ച് തുള്ളുന്ന പാവയാണ് ഇഡി; പി. ജയരാജൻ
?️കരുവന്നൂർ കേസിലടക്കം ഇഡി പ്രവർത്തിക്കുന്നത് സുരേഷ് ഗോപിയുടെ നിർദേശം അനുസരിച്ചാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. ഇഡി കണ്ണൂരിലേക്ക് വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെയൊക്കെ പറയാൻ ഇഡിക്കു മുകളിലെ ഉദ്യോഗസ്ഥനാണോ സുരേഷ് ഗോപി എന്നും ജയരാജൻ ചോദിച്ചു. നടൻ്റെ നാട്യമനുസരിച്ചാണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. സർക്കാർവിരുദ്ധ വികാരം ഉണ്ടാക്കി നേട്ടം ഉണ്ടാക്കുകയാണ് അദ്ദേഹത്തിൻ്റെ നാട്യം. തങ്ങൾക്ക് നേരെ വരുന്ന എന്തിനെയും ശക്തമായി നേരിടുന്ന രീതിയാണ് സിപിഎമ്മിനുള്ളത്. ആ സംസ്കാരം ഇനിയും തുടരും. തൃശ്ശൂർ പിടിക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ട ആളാണ് കണ്ണൂരിലേക്ക് വരുന്നതെന്നും പി ജയരാജൻ പരിഹസിച്ചു.
ട്രെയിനുള്ളിലെ ലൈംഗികാതിക്രമം
?️ദക്ഷിണ റെയിൽവേയിലെ ട്രെയിൻ യാത്രയ്ക്കിടെ സ്ത്രീകൾ നേരിട്ട ലൈംഗികാതിക്രമ കേസുകളിൽ 83.4 ശതമാനവും കേരളത്തിൽ. 2020 മുതൽ 2023 ഓഗസ്റ്റ് വരെ ദക്ഷിണ റെയിൽവേയുടെ പരിധിയിൽ രജിസ്റ്റർ ചെയ്ത 313 ലൈംഗികാതിക്രമ കേസുകളിൽ 261ഉം കേരളത്തിലാണ്.
തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളും ആന്ധ്രപ്രദേശിന്റെയും കർണാടകത്തിന്റെയും ചില ഭാഗങ്ങളും ഉൾപ്പെടുന്നതാണ് ദക്ഷിണ റെയിൽവേയുടെ പരിധി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനെയും ജിൽസനെയും കസ്റ്റഡിയിൽ വിട്ടു
?️കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ പി.ആർ അരവിന്ദാക്ഷനെയും സി.കെ ജിൽസനെയും കോടതി കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായതിനു ശേഷം ഇതു രണ്ടാം തവണയാണ് ഇഡി ഇരുവരേയും കസ്റ്റഡിയിൽ വാങ്ങുന്നത്. കേസ് കോടതി ഇന്നലെ പരിഗണിക്കവെയാണ് തീരുമാനം. ഒന്നാംപ്രതി സതീഷ്കുമാറുമായുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ വിവിധ ഇടങ്ങളിലെ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ കൂടി ശേഖരിക്കുന്നതിനായാണ് ഇഡി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പി.ആർ അരവിന്ദാക്ഷനും ഒന്നാംപ്രതി സതീഷ്കുമാറുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ ഇഡിയുടെ പക്കലുണ്ട്. ഇതോടൊപ്പം അരവിന്ദാക്ഷനെതിരെയുള്ള മൊഴികളും ലഭിച്ചു.
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 കുട്ടികൾ ഉൾപ്പെടെ 5 പേർ മരിച്ചു
?️പഞ്ചാബിലെ ജലന്ധറിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് 3 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിൽ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. യശ്പാൽ (70), രുചി (40), മൻഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് മരിച്ചത്. 7 മാസം മുമ്പ് വാങ്ങിയ ഡബിൾ ഡോർ റഫ്രിജറേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി വൈകി കംപ്രസറിൽ വൻ സ്ഫോടനം ഉണ്ടാവുകയും വീടിന് തീപിടിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാതകം വീടിനകത്തും തെരുവിലും വ്യാപിച്ചു. ശരിയായ വായുസഞ്ചാരമില്ലാത്ത വീട്ടിൽ പെട്ടെന്ന് പുക നിറഞ്ഞത് ദുരന്തത്തിന്റെ തീവ്രത കൂട്ടി.
നിയമന ക്രമക്കേട്: പശ്ചിമ ബംഗാളിൽ സിബിഐ റെയ്ഡ്
?️തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ സിബിഐ റെയ്ഡ്. ബിജെപി എംഎൽഎ പാർഥ സാരഥി ചാറ്റർജി, മുൻസിപ്പാലിറ്റി മുൻ ചെയർമാൻമാർ എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. മന്ത്രി ഫിർഹാദ് ഹകീം തൃണമൂൽ എംഎൽ മദൻ മിത്ര എന്നിവരുടെ വസതിയിൽ ഞായറാഴ്ച റെയ്ഡു നടത്തിയിരുന്നു. നിയമന ക്രമക്കേടിൽ ഇടപെട്ടുവെന്ന് തെളിവു ലഭിച്ചിട്ടുള്ളവരുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നതെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിയമനം ലഭിച്ചവരെയും ചോദ്യം ചെയ്യുന്നുണ്ട്.
ആറു ജില്ലകളിലായി11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമ്മാണാനുമതി
?️സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമ്മാണാനുമതി നൽകിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 6 ജില്ലകളിലായാണ് ഇവ നിർമ്മിക്കുന്നത്. പാലങ്ങളുടെ നിർമ്മാണ ചെലവിനായി 77.65 കോടിയോളം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 48.38 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. 34.26 കോടി കൂടി അനുവദിച്ചതോടെയാണ് പദ്ധതിയുടെ നിർവഹണ ഘട്ടത്തിലേക്ക് കടക്കാനാവും.
സമസ്തയുടെ മസ്തിഷ്കം മുസ്ലിം ലീഗിനൊപ്പം!?️സമസ്തയുടെ മസ്തിഷ്കം ലീഗിനൊപ്പമാണെന്ന് മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. തട്ടം വിവാദത്തെ മുസ്ലീം ലീഗ് എതിർക്കുകയാണ് ചെയ്തത്. അതിൽ സമസ്തയ്ക്ക് ഏതെങ്കിലും തരത്തിൽ പരാതി ഉള്ളതായി അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പിഎംഎ സലാമിന്റെ പരാമർശത്തിൽ കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തട്ടം ഇടാൻ പാടില്ലെന്നും അത് പരിഷ്കൃത സമൂഹത്തിന് ചേരുന്നില്ലെന്നുമുള്ള ചിലരുടെ പരാമർശത്തിനെതിരേയാണ് സലാം വാർത്താ സമ്മേളനം നടത്തിയത്.
ജയിലറെ ആക്രമിച്ച കേസ്: ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി
?️മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി. വിയ്യൂർ ജയിലിലെ ജയിലറെ ആക്രമിച്ച സംഭവത്തൽ കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ആകാശിനെതിരെ കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു. വധക്കേസുകളിലും ക്വട്ടേഷന്‍ കേസുകളിലും പ്രതിയായ ആകാശിനെതിരെ ആദ്യം കാപ്പ ചുമത്തുന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. തുടർന്ന് ഇയാളെ വിയ്യുർ ജയിലിൽ അടച്ചു. വിയ്യൂരിൽ ഫോൺ ഉപയോഗം ചോദ്യം ചെയ്ത ജയിലറെ മർദിച്ചു എന്ന് ചൂണ്ടിക്കാട്ടി കാപ്പ ചുമത്തി സെപ്റ്റംബര്‍ 13ന് അറസ്റ്റ് ചെയ്തു.
വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സിലെ തീപിടിത്തം
?️തീപിടിത്തമുണ്ടായ കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട് സ് ലിമിറ്റഡിൽ ജില്ലാ കലക്റ്റർ നിയോഗിച്ച അന്വേഷണ സംഘം വിദഗ്ധ പരിശോധന നടത്തി. പാലാ ആർ.ഡി.ഒ പി.ജി രാജേന്ദ്രബാബു അന്വേഷണ ഉദ്യോഗസ്ഥനായുള്ള ആറംഗ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന.
വധശ്രമ കേസിൽ മുഹമ്മദ് ഫൈസലിന് ആശ്വാസം
?️വധശ്രമ കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. മുഹമ്മദ് ഫൈസൽ എംപി സ്ഥാനത്ത് തുടരാം എന്ന് വ്യക്തമാക്കിയ കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കു ശേഷം കേസിൽ വിശദമായ വാദം കേൾക്കുമെന്ന് ജസ്റ്റിസ് മാരായ ഹൃഷികേശ് റോയ്, സഞ്ജയ് പരോൾ എന്നിവരുടെ ബെഞ്ച് അറിയിച്ചു. അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബിലാണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരായത്.
നിയമന കോഴക്കേസ്; അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്ന് ഹരിദാസന്റെ കുറ്റസമ്മതം
?️ആരോഗ്യ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന കോഴക്കേസിൽ മൊഴി മാറ്റി പരാതിക്കാരനായ ഹരിദാസൻ. ആരോഗ്യമന്ത്രിയുടെ പി.എ. അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്നാണ് ഹരിദാസിന്റെ പുതിയ മൊഴി. ജോലി വാഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പിഎ ക്ക് നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ പരാതി. വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ മൊഴിയാണ് ഹരിദാസൻ നൽകുന്നതെന്ന് പൊലീസ് പറയുന്നു. കന്റോൺമെന്റ് പൊലീസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.
യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
?️അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെക്കേകൈതക്കൽ ജിനീഷ് (39) ആണ് സെൻട്രൽ ജങ്ഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോളുമായി യുവാവ് അടിമാലി സെൻട്രൽ ജംഗ്ഷനിലുള്ള ഹൈമാക്സ് ലൈറ്റിന് താഴെ എത്തുകയും ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഉടൻ ഓടിക്കൂടിയ നാട്ടുകാർ ചാക്ക് നനച്ചും മണൽവാരിയെറിഞ്ഞും തീ അണയ്ക്കാൻ ശ്രമം നടത്തി. എങ്കിലും തൊലി മുഴുവൻ നഷ്ടപ്പെട്ട് കാര്യമായി പൊള്ളലേറ്റു. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിനുശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എസൻസ് ഗ്ലോബൽ സംവാദം 14ന് എറണാകുളത്ത്
?️’പ്രപഞ്ചം സൃഷ്ടിച്ചത് ശാസ്ത്രമോ, ബൈബിളോ?’ എന്ന വിഷയത്തിൽ എസൻസ് ഗ്ലോബൽ സംവാദം സംഘടിപ്പിക്കുന്നു. എസൻസ് ഗ്ലോബലിനു വേണ്ടി പ്രമുഖ സ്വതന്ത്ര ചിന്തകൻ ടോമി സെബാസ്റ്റ്യനും ഐബിടി മീഡിയക്കു വേണ്ടി പാസ്റ്റർ അനിൽ കൊടിത്തോട്ടവും തമ്മിലാണ് സംവദിക്കുന്നത്. ഒക്ടോബർ 14 ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ഏഴു മണി വരെ എറണാകുളം ദർബാർ ഹാളിന് എതിർവശത്തുള്ള വിമൺസ് അസോസിയേഷൻ ഹാളിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.
ഡോ. പ്രതാപ് കുമാർ എഎസ്ഇഎ എക്സിക്യൂട്ടിവ് ബോർഡിൽ
?️അന്താരാഷ്ട്ര ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റിയുടെ ഭാഗമായ ഏഷ്യൻ ഷോൾഡർ ആൻഡ് എൽബോ അസോസിയേഷൻ എക്സിക്യൂട്ടീവ് ബോർഡ് അംഗമായി മലയാളിയായ ഡോ. പ്രതാപ് കുമാറിനെ തെരഞ്ഞെടുത്തു.കൊച്ചി സൺറൈസ് ആശുപത്രി ഓർത്തോ വിഭാഗം മേധാവിയാണ് അദ്ദേഹം. വത്തിക്കാനിൽ ചേർന്ന തോൾ ശസ്ത്രക്രിയയെക്കുറിച്ചുള്ള 15ാം അന്താരാഷ്ട്ര കോൺഗ്രസിലാണ് ഡോ. പ്രതാപിന്റെ സ്ഥാനലബ്ധി.
ജി.വേണുഗോപാൽ മാധ്യമ പുരസ്കാരം; എൻട്രികൾ ക്ഷണിക്കുന്നു
?️പ്രമുഖ മാധ്യമ പ്രവർത്തകനും മംഗളം ദിനപത്രം ന്യൂസ് എഡിറ്ററുമായിരുന്ന ജി.വേണുഗോപാലിൻ്റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. മികച്ച രാഷ്ട്രീയ റിപ്പോർട്ടിങിനാണ് പുരസ്കാരം. 15,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.2022 ഒക്റ്റോബർ 1മുതൽ 2023 സെപ്റ്റംബർ 30 വരെയുള്ള രാഷ്ട്രീയ റിപ്പോർട്ടുകൾ (വാർത്തകൾ, പംക്തികൾ, പരമ്പരകൾ,ലേഖനം) അവാർഡിന് പരിഗണിക്കും. ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച സൃഷ്ടികളാണ് അയക്കേണ്ടത്.
ഡച്ച് പടയെ കറക്കി വീഴ്ത്തി സാന്റ്നർ
?️ഇംഗ്ലണ്ടിനോട് അവസാനിപ്പിച്ചിടത്തു നിന്ന് തുടങ്ങിയ ബാറ്റ്സ്മാന്മാരും പിന്നെ പന്തുമായി എതിരാളികളെ കറക്കി വീഴ്ത്തിയ സാന്റ്നറും ചേർന്നപ്പോൾ ഡച്ച് പടയെ 99 റൺസിന് കീഴടക്കി കിവീസ് തേരോട്ടം തുടരുന്നു. ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് വില്‍ യംഗ് (70), രചിന് രവീന്ദ്ര (51), ടോം ലാഥം (53) എന്നിവരുടെ അർധ സെഞ്ചുറി കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 322 റൺസാണ് കിവീസ് അടിച്ച് കൂട്ടിയത്. കിവീസ് ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡച്ച് ടീമിനെ 46.3 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് കിവീസ് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കിയത്.
അഫ്ഗാനെതിരേയും ഗിൽ കളിക്കില്ല
?️ഡെങ്കിപ്പനി ബാധിച്ച ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും കളിക്കില്ല. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ ഗില്ലിനു പകരം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത് ഇഷാൻ കിഷനായിരുന്നു. അഫ്ഗാനെ നേരിടാൻ ഡൽഹിക്കു പോകുന്ന ഇന്ത്യൻ ടീമിനൊപ്പം ഗിൽ ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചു. ചെന്നൈയിൽ തന്നെ വൈദ്യശാസ്ത്ര സംഘത്തിന്റെ നിരീക്ഷണത്തിൽ തുടരാനാണ് നിർദേശിച്ചിരിക്കുന്നത്. അഫ്ഗാനെതിരായ മത്സരത്തിൽ ഗില്ലിനു കളിക്കാൻ കഴിയുമോ എന്നു പരിശോധിക്കുമെന്ന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് നേരത്തെ അറിയിച്ചിരുന്നു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5335 രൂപ
പവന് 42680 രൂപ