വാർത്താ പ്രഭാതം
സർക്കാരിനെതിരെ നുണപ്രചരണം നടക്കുന്നു; മുഖ്യമന്ത്രി
?️സംസ്ഥാന സർക്കാരിനെതിരെ തുടർച്ചയായി നുണ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള അധിക്ഷേപമാണ് ഇപ്പോഴത്തെ പ്രചാരണ രീതി. സോഷ്യൽ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തിൽ പങ്കെടുപ്പിക്കുന്ന സ്ഥിതിയാണെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും പിണറായി വിജയൻ പറഞ്ഞു.
തട്ടമഴിച്ച് പ്രതിഷേധിക്കാൻ ശ്രമം: വി.പി. സുഹറയെ വേദിയിൽനിന്ന് പുറത്താക്കി
?️കുടുംബശ്രീ നടത്തിയ ‘സ്കൂളിലേക്ക് തിരികെ’ എന്ന പരിപാടിക്കിടെ തട്ടമഴിച്ച് പ്രതിഷേധിക്കാൻ ശ്രമിച്ച സാമൂഹിക പ്രവർത്തക വി.പി. സുഹറയെ വേദിയിൽ നിന്ന് ഇറക്കിവിട്ടു. കോഴിക്കോട് നല്ലളം ഹൈസ്കൂളിൽ വെച്ച് നടന്ന കോഴിക്കോട് കോർപ്പറേഷൻ നാൽപതാം ഡിവിഷനിലെ കുടുംബശ്രീ പരിപാടിക്കിടെയാണ് സംഭവം. പരിപാടിയുടെ സംഘാടകർ തന്നെ ഇവരെ പ്രതിഷേധിക്കാൻ അനുവദിക്കാതെ പറഞ്ഞുവിടുകയായിരുന്നു.
ബിഹാറിന് പിന്നാലെ രാജസ്ഥാനിലും ജാതി സെൻസസ്
?️ബിഹാറിന് പിന്നാലെ രാജസ്ഥാനിലും ജാതി സെൻസസ് നടത്താൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് അശോക് ഗെഹ്ലോട്ട് സർക്കാർ ഇന്നലെ പുറത്തിറക്കി. സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും ആവശ്യമായ ക്ഷേമപദ്ധതികൾ നടത്തുകയും ചെയ്യുന്നതിനാണ് ജാതി സെൻസസ് ലക്ഷ്യമിടുന്നതെന്ന് ഉത്തരവിൽ പറയുന്നു. ജാതി, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി എന്നിവ ശേഖരിക്കാനാണ് സർക്കാർ തീരുമാനം. ഇതോടെ ജാതി സെൻസസ് നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമാകും രാജസ്ഥാൻ മാറും. ബിഹാറിൽ നിതീഷ് കുമാർ സർക്കാർ പുറത്തു വിട്ട ജാതി സെൻസസിനെതിരേ ബിജെപി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരായ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.
ഇസ്രയേലിൽ കുടുങ്ങിയ നടി നുസ്രത്ത് ബറൂച്ച മുംബൈയിൽ തിരിച്ചെത്തി
?️ഇസ്രയേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത്ത് ബാറൂച്ച ഇന്ത്യയിൽ തിരിച്ചെത്തി. ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഭാഗമായാണ് നടി ഇസ്രയേലിൽ എത്തിയത്. ഇതിനിടയിലാണ് ഇസ്രയേലിൻ ഹമാസിന്റെ ആക്രമണം നടന്നത്. താരത്തെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് അവരുടെ ടീം നേരത്തെ അറിയിച്ചിരുന്നു.ഇസ്രായേലിൽ നിന്ന് നേരിട്ട് വിമാനം ലഭിക്കാത്തതിനാൽ കണക്റ്റിംഗ് ഫ്ലൈറ്റിലാണ് നുസ്രത്ത് രാജ്യത്ത് തിരിച്ചെത്തിയത്. ഉച്ചയ്ക്ക് രണ്ടോടെ മുംബൈ വിമാനത്താവളത്തിലാണ് നടി വന്നിറങ്ങിയത്.
മധ്യപ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സച്ചിൻ ബിർള ബിജെപിയിൽ ചേർന്നു
?️മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേർന്ന് കോൺഗ്രസ് എംഎൽഎ സച്ചിൻ ബിർള. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ എന്നിവരുടെ സാന്നിധ്യത്തിലാണ് സച്ചിൻ ബിർള ബിജെപി അംഗത്വം സ്വീകരിച്ചത്. ഖാർഗോൺ ജില്ലയിലെ ബർവാഹ നിയോജക മണ്ഡലത്തിൽ നിന്ന് ആദ്യമായി എംഎൽഎയായ ബിർള 2021 ഒക്ടോബറിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നില്ല. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഗുർജാർ വിഭാഗത്തിന്റെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും പിന്തുണയിലാണ് ബർവാഹ സീറ്റിൽ നിന്ന് വിജയിച്ചത്.
”സുരക്ഷിതരായിരിക്കാൻ ഇന്ത്യക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്; വി. മുരളീധരൻ
?️ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് അവരവരുടെ വാസസ്ഥലത്തു തന്നെ സുരക്ഷിതമായി തുടരാനുള്ള നിർദേശം ഇന്ത്യൻ എംബസി നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇസ്രയേലിലെ നിലവിലെ സാഹചര്യം അവിടെയുള്ളവർക്കാണു കൂടുതലായി അറിയുന്നത്. ഏത് ആവശ്യത്തിനും എംബസിയുമായി ബന്ധപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.
ദരിദ്ര വിദ്യാർഥികളുടെ സൗജന്യ യാത്ര: പ്രതിഷേധവുമായി ബസ് ഉടമകൾ
?️സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്ക് കെഎസ്ആര്‍ടിസി-സ്വകാര്യ ബസുകളിൽ സൗജന്യ യാത്ര നടത്താന്‍ അനുമതി നല്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഗതാഗത വകുപ്പാണ് വിദ്യാർഥികൾക്ക് യാത്രാ ഇളവ് അനുവദിച്ചുള്ള ഉത്തരവിറക്കിയിട്ടുള്ളത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാവുന്ന സൗജന്യ യാത്രയ്ക്ക് നവംബര്‍ ഒന്ന് മുതലാണ് പ്രാബല്യം.
വിദേശത്തേക്ക് കടക്കാൻ ശ്രമം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ എൻഐഎയ്ക്ക് കൈമാറി
?️വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പിടികൂടി എൻഐഎയ്ക്ക് കൈമാറി. തൊളിക്കോട് സ്വദേശി സുൽഫി ഇബ്രാഹിമിനെയാണ് പിടികൂടിയത്.കുവൈത്തിലേക്ക് പോകുവാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സുൽഫിയെ തടഞ്ഞുവെച്ച ശേഷം എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി എൻഐഎ ഉദ്യോഗസ്ഥൻ കൊച്ചിയിലേക്ക് കൊണ്ടുപോയി.
സമ്മർദം ചെലുത്തിയുള്ള പിരിവ് വേണ്ടെന്ന് സിപിഎം
?️തുടര്‍ഭരണത്തിന്റെ തണലില്‍ സമ്മർദം ചെലുത്തിയുള്ള പിരിവ് വേണ്ടെന്ന് സിപിഎം. ഇതേപ്പറ്റി ഇപ്പോഴും പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ടെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടിൽ പറയുന്നു. നേതാക്കള്‍ സ്വയം അധികാര കേന്ദ്രങ്ങള്‍ ആകരുത്. ഈ പ്രവണത പൂര്‍ണമായും ഇല്ലാതാക്കാനാവണം. സർക്കാരിന്റെ ദൈനംദിന പ്രവർത്തനത്തിൽ പാർട്ടി ഇടപെടരുതെന്നു നേരത്തെ അംഗീകരിച്ച രേഖയിൽ ആവശ്യപ്പെട്ടിരുന്നു. അതിൽ വീഴ്ചയുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടരുതെന്ന നിർദേശം പാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടിട്ടുള്ളത്.
താഴത്തങ്ങാടിയുടെ ഓളപ്പരപ്പിൽ അട്ടിമറി വിജയം നേടി ‘നടുഭാഗം ചുണ്ടന്’!
?️ഐപിഎല്‍ ക്രിക്കറ്റിന്റെ മാതൃകയില്‍ സംഘടിപ്പിച്ച ചുണ്ടന് വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണില്‍ കോട്ടയം താഴത്തങ്ങാടിയുടെ ഓളപ്പരപ്പിൽ നടന്ന 5-ാം മത്സരത്തില്‍ യുബിസി കൈനകരി(കോസ്റ്റ് ഡോമിനേറ്റേഴ്സ്) തുഴഞ്ഞ നടുഭാഗം ചുണ്ടന് ജേതാക്കളായി. 3.17.85 മിനിറ്റിലാണ് നടുഭാഗം വിജയക്കൊടി പാറിച്ചത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ വീയപുരം(3.19.25 മിനിറ്റ്) രണ്ടും പൊലീസ് ബോട്ട് ക്ലബ്(റേജിംഗ് റോവേഴ്സ്) തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍(3.20.06 മിനിറ്റ്) മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ഫൈനലിന്റെ ആദ്യ 100 മീറ്ററില്‍ മെല്ലെത്തുഴഞ്ഞ യുബിസി അവസാന 500 മീറ്ററില്‍ മിന്നൽ കണക്കെയാണ് ഫിനിഷ് ചെയ്തത്.
ശബരിമല യുവതീ പ്രവേശനം: ഹർജി ഉടൻ പരിഗണിച്ചേക്കില്ല
?️ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതിയുടെ വാദംകേൾക്കൽ ഉടനുണ്ടായേക്കില്ലെന്നു സൂചന. 12ന് സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടികയിൽ ശബരിമല യുവതി പ്രവേശന വിഷയം ഉൾപ്പെട്ടിട്ടില്ല. ഏഴംഗ, ഒമ്പതംഗ ഭരണഘടനാ ബെഞ്ചുകൾ പരിഗണിക്കുന്ന കേസുകൾ 12ന് ലിസ്റ്റ് ചെയ്യുമെന്നു കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചിരുന്നു.ശബരിമല കേസ് നിലവിൽ ഒമ്പതംഗ ബെഞ്ചിന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ 12ന് ഇതും ലിസ്റ്റ് ചെയ്തേക്കുമെന്നു കരുതിയിരിക്കെയാണ് ശബരിമല കേസില്ലാത്ത പട്ടിക പുറത്തുവന്നത്.
കെപിസിസി നേതൃത്വത്തിന് എ ഗ്രൂപ്പിന്റെ കത്ത്
?️അച്ചടക്ക നടപടി നേരിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ് ബെന്നി ബെഹ്നാനും കെ സി ജോസഫും കെപിസിസി നേതൃത്വത്തിന് കത്ത് നൽകി.പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി പി ചാക്കോ, കെപിസിസി മുൻ സെക്രട്ടറി എം എ ലത്തീഫ് അടക്കമുള്ളവരെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം.
മിമിക്രി പരിപാടിയിലൂടെ അപമാനിച്ചെന്ന് പരാതി: സുരാജ് വെഞ്ഞാറമൂടിനെതിരായ ഹർജി തള്ളി
?️സ്വകാര്യ ചാനലിലെ മിമിക്രി പരിപാടിയിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സംവിധായകൻ സന്തോഷ് പണ്ഡിറ്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഹർജി നിലനിൽക്കുന്നതല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എൻ നഗരേഷ് തള്ളിയത്.2018ൽ സംപ്രേഷണം ചെയ്ത മിമിക്രി പരിപാടിയിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സന്തോഷ് പണ്ഡിറ്റ് ഹർജി നൽകിയിരുന്നു. എന്നാൽ, സ്വകാര്യ അന്യായത്തിൽ കേസ് എടുക്കാനാകില്ലെന്ന് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
5 വർഷംകൊണ്ട് 100 പാലം നിർമിക്കും: മന്ത്രി മുഹമ്മദ് റിയാസ്
?️അഞ്ച് വർഷംകൊണ്ട് നൂറ് പാലങ്ങൾ പൂർത്തിയാക്കാനുള്ള നടപടിയുമായി സർക്കാർ മുന്നേറുകയാണെന്നും രണ്ടാം എൽഡിഎഫ് സർക്കാർ രണ്ടര വർഷത്തിനുള്ളിൽ 80 പാലം പൂർത്തിയാക്കിയെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൽപ്പറ്റ, മാനന്തവാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന താളിപ്പാറക്കടവ് പാലം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. പ്രവൃത്തി മുടങ്ങിക്കിടന്നതും സാങ്കേതിക തടസ്സം നേരിട്ടതുമായ പാലങ്ങളുടെ പ്രവൃത്തിയാണ് പ്രത്യേക ഇടപെടൽ നടത്തി പൂർത്തിയാക്കിയത്. പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കർശന നിർദേശവുമായി മണിപ്പൂർ സർക്കാർ
?️സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ജില്ലകളുടെയോ സ്ഥാപനങ്ങളുടെയോ പേര് മാറ്റുന്നത് ശിക്ഷാർഹമാണെന്ന് വ്യക്തമാക്കി മണിപ്പൂർ സർക്കാർ. സാമുദായിക സംഘർഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ജില്ലകൾ, സബ് ഡിവിഷനുകൾ, സ്ഥലങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ പേര് മുൻ കൂർ അനുമതിയില്ലാതെ മാറ്റാനുള്ള ശ്രമം ശിക്ഷാർഹമാണെന്ന് ചീഫ് സെക്രട്ടറി വിനീസ് ജോഷിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. സാമുദായിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പല സംഘടനകളും സ്ഥലങ്ങളുടെ പേരുകൾ മാറ്റാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നടപടി. അടുത്തിടെ സോ വിഭാഗത്തിൽ നിന്നുള്ളവരുടെ സംഘടന ചുരാചന്ദ്പുർ ജില്ലയുടെ പേര് ലാംക എന്നാക്കി മാറ്റിയിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി സാമുദായിക സംഘർഷങ്ങളിൽ ഉരുകുകയാണ് മണിപ്പൂർ.
അമേരിക്കൻ ചേരിയുടെ കാലാളാവുന്നത് നമ്മുടെ തന്ത്രപരമായ താല്പര്യങ്ങൾക്ക് വിരുദ്ധം; എം.എ. ബേബി
?️ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിൽ നരേന്ദ്ര മോദി സർക്കാർ എടുത്ത ഏകപക്ഷീയനിലപാട് തെറ്റാണെന്ന് സിപിഎം നേതാവ് എം.എ. ബേബി. അമെരിക്കൻ പക്ഷപാതിരാജ്യങ്ങൾക്കൊപ്പം നിന്ന് ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് ലോകരാഷ്ട്രീയനീതിക്കും ലോകസമാധാനത്തിനും ഇന്ത്യയുടെ ദേശീയതാല്പര്യങ്ങൾക്കും എതിരാണ്. പലസ്തീനിലെ ജനങ്ങൾ നടത്തുന്നത് അവരുടെ മണ്ണിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
കരുവന്നൂർ ബാങ്ക്; വായ്പ തിരിച്ചു പിടിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
?️കരുവന്നൂർ ബാങ്കിലെ വായ്പ തിരിച്ചു പിടിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. വായ്പകൾ ഒറ്റത്തവണ തീർപ്പാക്കുന്നചിന് വലിയ പലിയ ഇളവ് നൽകാനാണ് അഡിമിനിസിട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം.ഒരു വർഷം വരെ കുടിശികയുള്ള വായ്പകൾക്ക് പലിശ നിരക്കിൽ 10 ശതമാനത്തോളം ഇളവാണ് നൽകുക. 5 വർഷം വരെ കുടിശിക ഉള്ളവർക്ക് പരമാവധി 50 ശതമാനവും ഇളവ് നൽകും. കൂടാതെ മാരക രോഗമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, മാതാപിതാക്കളില്ലാത്ത കുട്ടികൾ എന്നിവർക്ക് കമ്മിറ്റിയുടെ തീരുമാനമനുസരിച്ചുള്ള ഇളവുകളാണ് അനുവദിക്കുക. ഡിസംബർ 30 വരെയാവും ഈ ഇളവുകൾ അനുവദിക്കുക.
‘ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ എൽഡിഎഫ്’; വി.ഡി. സതീശൻ
?️ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ പിന്നിൽ സിപിഎമ്മും എൽഡിഎഫുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും അതിന് പിന്നിൽ ചില വ്യക്തികളും മാധ്യമങ്ങളുമാണെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് സിപിഎമ്മിൽ നിന്നും ഇടത് മുന്നണിയിൽ നിന്നുമാകും. അറസ്റ്റിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാർട്ടിയിലും മുന്നണിയിലുമൊക്കെ ഉൾപ്പെട്ടവരാണ്.
ശ്രീകുമാരൻ തമ്പിക്ക് വയലാർ അവാർഡ്
?️47ാമത് വയലാർ സാഹിത്യ പുരസ്കാരത്തിന് ശ്രീകുമാരൻ തമ്പിയുടെ ‘ജീവിതം ഒരു പെൻഡുലം’ എന്ന കൃതിെ തെരഞ്ഞെടുത്തു.വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് അധ്യക്ഷൻ പെരുമ്പടവം ശ്രീധരനാണ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ പുരസ്കാരം പ്രഖ്യാപിച്ചത്. സാഹിത്യകാരായ വിജയലക്ഷ്മി, പി.കെ. രാജശേഖരൻ, ഡോ.എൽ. തോമസ്കുട്ടി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.
ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞി രാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപ്പവുമാണ് അവാർഡ്. അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പ്രതവും സമർപ്പിക്കും.
കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം
?️കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻതീപിടുത്തം.രാവിലെ ഒമ്പതരയോടെയാണ് തീപിടുത്തമുണ്ടായത്.വെസ്റ്റ് ഹില്ലിലെ നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. പ്ലാസ്റ്റിക് മാലിന്യമായതിനാൽ തന്നെ പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കി. നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ആദിത്യ എൽ 1 യാത്ര തുടരുന്നു
?️ഇന്ത്യയുടെ സൗരദൗത്യത്തിന്റെ ഭാഗമായുള്ള ആദിത്യ എൽ 1 ബഹിരാകാശ പേടകം പൂർണ ആരോഗ്യത്തോടെ തുടരുന്നുവെന്ന് ഇസ്രൊ. പേടകത്തിന്റെ യാത്ര കൃത്യമാക്കുന്നതിനായി ഭ്രമണപഥത്തിൽ നേരിയ മാറ്റം വരുത്തിയതായും ഇസ്രൊ സ്ഥിരീകരിച്ചു. കഴിഞ്ഞ സെപ്റ്റംബർ 19നാണ് ആദിത്യ വിജയകരമായി ലഗ്രാഞ്ചിയൻ പാതയിലേക്ക് എത്തിയത്. ഒന്നാമത്തെ ലഗ്രേഞ്ചിയൻ പോയിന്റിലേക്ക് കൃത്യമായി എത്തുന്നതിനായാണ് ഒക്റ്റോബർ 6ന് നേരിയ മാറ്റം വരുത്തിയത്. ആദിത്യ ഇപ്പോഴും യാത്ര തുടരുകയാണ്. സെപ്റ്റംബർ 2നാണ് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ആദിത്യ എൽ 1 വിക്ഷേപിച്ചത്. 125 ദിവസങ്ങൾ കൊണ്ട് 1.5 ദശലക്ഷം കിലോമീറ്ററുകൾ സഞ്ചരിച്ചതിനു ശേഷമേ പേടകത്തിന് ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കൂ.
കുറഞ്ഞ ചെലവിൽ ട്രെയ്നിൽ രാജ്യം കറങ്ങാം
?️കുറഞ്ഞ ചെലവിൽ രാജ്യം കറങ്ങാൻ താത്പര്യമുള്ളവർ ഉല ട്രെയ്ൻ യാത്രയ്ക്ക് തയാറെടുത്തോളൂ. ഭാരത് ഗൗരവ് ട്രെയ്നിന് സമാനമായ രീതിയിലുള്ള ടൂർ പാക്കേജുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയ്ൽവേയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ റെയ്ൽ ടൂർ ഏജൻസിയായ ഉല റെയ്ൽ. ‘റോയൽ രാജസ്ഥാൻ വിത്ത് ഗോവ ആൻഡ് സ്റ്റാച്യു ഒഫ് യൂണിറ്റി’ എന്നാണ് പാക്കേജിന്റെ പേര്. 11 രാത്രിയും 12 പകലുമാണ് പാക്കേജ് നീണ്ടുനിൽക്കുക.
വന്ദേ ഭാരതിന്റെ വരവോടെ മറ്റു ട്രെയിനുകൾ വൈകുന്നു
?️കൊച്ചി: കേരളത്തിലെ വന്ദേഭാരതിന് മികച്ച സ്വീകരണം ലഭിക്കുമ്പോഴും മറുവശത്ത് മറ്റു ട്രെയിനുകളിലെ സ്ഥിരം യാത്രക്കാർ നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം. വന്ദേഭാരത് വന്നതോടെ കേരളത്തിൽ എക്സ്പ്രസ് ട്രെയിനുകൾ 20 മുതൽ 40 മിനിറ്റ് വരെ പിടിച്ചിടുന്നത് പതിവായി. രണ്ടാം വന്ദേഭാരത് കൂടി വന്നതോടെ യാത്രാക്ലേശം വീണ്ടുംഇരട്ടിച്ചിരിക്കുകയാണ്. കൂടിയ ദൂരം കുറഞ്ഞ സമയത്ത് ഓടിയെത്തുന്ന വന്ദേഭാരതിനു വേണ്ടി കുറഞ്ഞ ദൂരം കൂടുതൽ സമയമെടുത്ത് ഓടി തീർക്കുകയാണ് എക്സ്പ്രസ് ട്രെയിനുകളെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ആരോപിക്കുന്നു.
വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
?️സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പരുമല പെരുനാളിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കും: മന്ത്രി വീണാ ജോര്‍ജ്
?️ജനബാഹുല്യം കണക്കിലെടുത്ത് പരുമല പെരുനാളിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പരുമല പെരുന്നാളിന് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് പരുമല പള്ളി സെമിനാരി ഹാളിൽ ചേർന്ന ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് തുലാവര്‍ഷം അടുത്ത ആഴ്ചയോടെ എത്തിയേക്കും
?️സംസ്ഥാനത്ത് അടുത്ത ആഴ്ചയോടെ തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ. തിങ്കളാഴ്ച മുതൽ മലയോര മേഖലകളിലും കിഴക്കൻ പ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.ഈ മാസം പകുതിയോടെ തുലാവര്‍ഷം പൂര്‍ണതോതില്‍ സംസ്ഥാനത്ത് എത്തും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷ കലണ്ടറില്‍ സാധാരണയിലും കൂടുതല്‍ മഴ സംസ്ഥാനത്ത് ഇത്തവണ ലഭിക്കുമെന്ന് വിലയിരുത്തൽ.
യുവാവ് കുളത്തിൽ മുങ്ങിമരിച്ചു
?️യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ കാറ്റാടി വായനശാലയ്ക്ക് സമീപം തെക്കേവെളിയിൽ ഭാസ്കരന്റെ (വേണു) മകൻ ശ്രീജിത്ത് (22) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ പ്രീതികുളങ്ങരയിലാണ് സംഭവം.കൂലിപ്പണിക്കാരായ ശ്രീജിത്തും രണ്ടു കൂട്ടുകാരും പണികഴിഞ്ഞു ഇവിടത്തെ പൊതുകുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കൂട്ടുകാർ നീന്തി മറുകരയിൽ കയറിയെങ്കിലും ശ്രീജിത്ത് മുങ്ങി താഴ്ന്നു. ഇവർ അറിയിച്ചതിനെ തുടർന്ന് പരിസര വാസികളും തുടർന്ന് അഗ്നിരക്ഷ സേനയും തെരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തി. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കട്ടിലിൽനിന്നുവീണ മൂന്നുവയസ്സുകാരൻ മരിച്ചു?️കുറ്റൂർ പൂരക്കടവിൽ വീട്ടിലെ കട്ടിലിൽനിന്നുവീണ മൂന്നുവയസ്സുകാരൻ മരിച്ചു. കാനാ വീട്ടിൽ ഷിജുവിന്റെയും ഗ്രീഷ്മയുടെയും മകൻ ഇവാൻ ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
വിറപ്പിച്ചും വിറച്ചും ഇന്ത്യക്ക് ജയം
?️സ്വന്തം നാട്ടിൽ ഇന്ത്യയുടെ ലോകകപ്പ് ക്യാംപെയ്ന് ജയത്തോടെ തുടക്കം. എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയെ ആറു വിക്കറ്റിനു പരാജയപ്പെടുത്തിയെങ്കിലും, സ്കോർ ലൈൻ സൂചിപ്പിക്കുന്നത്ര അനായാസമായിരുന്നില്ല വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് സ്പിൻ കെണിക്കു മുന്നിൽ കാലിടറിയപ്പോൾ 49.3 ഓവറിൽ 199 റൺസിന് ഓൾഔട്ട്. എന്നാൽ, അതേ നാണയത്തിൽ തിരിച്ചടിച്ച ഓസ്ട്രേലിയൻ ബൗളർമാർ ഒരു ഘട്ടത്തിൽ ഇന്ത്യയെ രണ്ടു റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നിലയിലാക്കിയിരുന്നു. അവിടെ ഒരുമിച്ച വിരാട് കോലി (85) – കെ.എൽ. രാഹുൽ (97*) സഖ്യമാണ് 165 റൺസ് കൂട്ടുകെട്ടുമായി നാണക്കേട് ഒഴിവാക്കിയത്. 52 പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം നേടിയത്.
ബ്ലാസ്റ്റേഴ്സിന് തോല്‍വി
?️ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. മുംബൈ സിറ്റി ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. 2023-24 ഐ.എസ്.എൽ സീസണിലെ ബ്ളാസ്റ്റേഴ്സിന്റെ ആദ്യ തോൽവിയാണ് ഇത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5315 രൂപ
പവന് 42520 രൂപ