ധനലക്ഷ്മി ബാങ്കിന് 2023-24 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 28.30 കോടി രൂപയുടെ അറ്റ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 26.43 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു. 57.94കോടി രൂപയാണ് ബാങ്കിന്റെ ഒന്നാം പാദ പ്രവര്‍ത്തന ലാഭം. മൊത്തം ബിസിനസ് 10.06 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി 21,300 കോടി രൂപയില്‍ നിന്നും 23,442 കോടി രൂപയായി. മൊത്തം നിക്ഷേപം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഇതേ കാലയളവില്‍ 12,576 കോടി രൂപയായിരുന്നത് 13,402 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട് . 6.56 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. റീട്ടെയില്‍ നിക്ഷേപങ്ങളില്‍ 7.40 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. നിക്ഷേപത്തിന്റെ 31.65 ശതമാനം കറന്റ്, സേവിംഗ്‌സ് ബാങ്ക് നിക്ഷേപമാണ്. മൊത്തം വായ്പയില്‍ 15.08 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി 8724 കോടി രൂപയില്‍ നിന്നും 10,040 കോടി രൂപയായി. സ്വര്‍ണ പണയ വായ്പയില്‍ 25.40 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി 1955 കോടി രൂപയില്‍ നിന്നും 2451 കോടി രൂപയായി. എസ്.എം.ഇ വായ്പയില്‍ 12.43 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ബാങ്കിന്റെ വായ്പാ നിക്ഷേപ അനുപാതം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 69.37 ശതമാനത്തില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 74.91 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മൊത്തം വരുമാനം 44.16 ശതമാനം വളര്‍ച്ച കൈവരിച്ച് 236.82 കോടി രൂപയില്‍ നിന്നും 341.40 കോടി രൂപയായി ഉയര്‍ന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 6.35 ശതമാനത്തില്‍ നിന്ന് 5.21 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 2.69 ശതമാനത്തില്‍ നിന്ന് 1.09 ശതമാനമായും കുറയ്ക്കുവാന്‍ ബാങ്കിന് കഴിഞ്ഞു.