വാർത്താ പ്രഭാതം

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികളെ 2 ജയിലുകളിലാക്കാൻ കോടതി നിർദേശം
?️കരുവന്നൂർ കേസിൽ പ്രതികളെ 2 ജിയിലുകളിലാക്കാൻ കോടതി നിർദേശം. പിഎംഎൽഎ പ്രത്യേക കോടതിയുടേതാണ് നിർദേശം. കേസിലെ ഒന്നും രണ്ടും പ്രതികളായ പി. സതീഷ്കുമാർ, കിരൺ എന്നിവർ കാക്കനാട് ജില്ലാ ജയിലിൽ തുടരും. മൂന്നും നാലും പ്രതികളായ പി.ആർ. അരവിന്ദാക്ഷൻ, ജിൽസ് എന്നിവരെ എറണാകുളം സബ് ജയിലിലേക്കും മാറ്റും.കോടതിയുടേയോ ഇഡിയുടേയോ അറിവില്ലാതെ പ്രതികളെ ഒരേ ജയിലിൽ പാർപ്പിച്ചത് ജയിൽ അധികൃതരുടെ ഗുരുതര വീഴ്ചയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇന്ത്യക്കെതിരേ സമ്പൂർണ അന്വേഷണം വേണമെന്ന് യുഎസ്
?️ഖാലിസ്ഥാൻ വാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്യാനഡ ഇന്ത്യയ്ക്കെതിരേ നടത്തിയിരിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവതരമെന്നും സംഭവത്തിൽ പൂർണമായ അന്വേഷണം വേണമെന്നും യുഎസ് നയതന്ത്ര പ്രതിനിധി. വിഷയത്തിൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യുഎസ് ദേശീയ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും തമ്മിൽ ചർച്ച നടത്തിയിരുന്നു. അതിനു പുറകേയാണ് യുഎസ് നയതന്ത്ര പ്രതിനിധിയായ ജോൺ കിർബി പൂർണമായ അന്വേഷണം വേണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ന്യൂസ് ക്ലിക് സ്ഥാപകൻ പ്ര‍ബീർ പുരകായസ്ത റിമാൻഡിൽ
?️യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുരകായസ്തയെ 7 ദിവസത്തെ റിമാൻഡിൽ വിട്ടു. ന്യൂസ് ക്ലിക്കിന്‍റെ എച്ച്ആർ ബെഡ് അമിത് ചക്രവർത്തിയെയും റിമാൻഡിൽ വിട്ടിട്ടുണ്ട്. ചൈനീസ് മാധ്യമശൃംഖലയുമായി ബന്ധമുള്ള ശതകോടീശ്വരനിൽ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് ന്യൂസ് ക്ലിക് എഡിറ്ററെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച ന്യൂസ് ക്ലിക്കുമായി ബന്ധമുള്ള 30 ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. നിരവധി മാധ്യമപ്രവർത്തകരെയും ചോദ്യം ചെയ്തു.
സിക്കിം മിന്നൽ പ്രളയം: 5 മൃതദേഹങ്ങൾ കണ്ടെടുത്തു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
?️സിക്കിമിൽ മേഘ വിസ്ഫോടനത്തിനു പുറകേയുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ 5 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സിക്കിം ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവർ ആരൊക്കെയെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബംഗാള്‍, സിക്കിം സര്‍ക്കാര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. പ്രളയത്തിൽ കാണാതായ 23 സൈനികർക്കായുള്ള തിരച്ചിലും തുടരുകയാണ്.

”കരുവന്നൂർ ബാങ്കിനെ കരകയറ്റാൻ ആത്മാർഥമായ ശ്രമം നടക്കുകയാണ്”, മന്ത്രി ആർ. ബിന്ദു
?️കരുവന്നൂർ ബാങ്കിനെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാനുള്ള തീവ്ര ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി ആർ. ബിന്ദു. നിക്ഷേപകർക്ക് ആശ്വാസമായി സർക്കാർ പലതും ചെയ്യുന്നുണ്ടെന്നും പ്രതിസന്ധി പരിഹരിക്കാനുള്ള ആത്മാർഥമായ പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കബളിപ്പിക്കലാണെന്ന് സതീശൻ
?️കരുവന്നൂരിൽ ഒരാൾക്കും ഒരു രൂപ പോലും നഷ്ടമാവില്ലെന്ന മുഖ്യമന്ത്രിയുടെയും സഹകരണമന്ത്രിയുടെയും വാദം കബളിപ്പിക്കലാണെന്ന് സതീശൻ. സ്ഥലം വിറ്റും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും കരുതിവച്ചതും വിരമിച്ചപ്പോള്‍ കിട്ടിയതുമായ ലക്ഷങ്ങള്‍ നിക്ഷേപിച്ച് സര്‍വ്വതും നഷ്ടമായവരുടെ പണം എങ്ങനെ മടക്കി നല്‍കുമെന്ന് സഹകരണ മന്ത്രിയോ സര്‍ക്കാരോ വ്യക്തമാക്കിയിട്ടില്ല. എന്നിട്ടും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് ആവര്‍ത്തിക്കുന്നത് പൊതുസമൂഹത്തോടുള്ള പരിഹാസമാണെന്നും സതീശന്‍ പറഞ്ഞു.

ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് അറസ്റ്റിൽ
?️ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ രാജ്യസഭ എംപി സഞ്ജയ് സിംഗ് ഇഡി അറസ്റ്റിൽ. 10 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ മുതൽ എംപിയുടെ വീട്ടിൽ ഇഡി റെയ്ഡ് നടന്നിരുന്നു. 2020ൽ‌ മദ്യശാലകൾക്കും വ്യാപാരികൾക്കും ലൈസന്‍സ് നൽകാനുള്ള സർക്കാരിന്‍റെ തീരുമാനത്തിൽ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മുന്‍പ് സിംഗിന്‍റെ അടുത്ത അനുയായി ആയ അജിത് ത്യാഗി, മദ്യനയത്തിൽ നിന്നും പണമുണ്ടാക്കിയ കരാറുകാർ, ബിസിനസുകാർ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.

നടൻ രൺവീർ കപൂറിന് ഇഡി നോട്ടീസ്
?️മഹാദേവ് ഓൺലൈൻ വാതുവയ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ രൺബീർ കപൂറിന് ഇഡി നോട്ടീസ്. ഒക്‌ടോബർ 6 ന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ആപ്പിന്റെ പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് രൺബീർ കപൂറിന് പേയ്‌മെന്റുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. മഹാദേവ് വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി ബോളിവുഡ് താരങ്ങളും ഗായകരുമടക്കം നിരീക്ഷണത്തിലുള്ളതായി ഇഡി വ്യക്തമാക്കുന്നു. ടൈഗർ ഷ്റോഫ്, സണ്ണി ലിയോണി തുടങ്ങി 17 ഓളം മുൻനിര ബോളിവുഡ് താരങ്ങളാണ് ഇഡിയുടെ നിരീക്ഷണത്തിലുള്ളത്. ആപ്പിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തേ കൊൽക്കത്ത, ഭോപ്പാൽ, മുംബൈ തുടങ്ങി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 417 കോടിയോളം രൂപ ഇഡി കണ്ടുകെട്ടിയിരുന്നു.

പകർച്ചവ്യാധികൾക്കെതിരേ ജാഗ്രതാ നിർദേശവുമായി ആരോഗ്യ മന്ത്രി
?️സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ‌ പകർച്ചവ്യാധികൾക്കെതിരേ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം തന്നെ ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങൾ ക്യത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. ക്യാമ്പുകളിൽ പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ കണ്ടെത്തിയാൽ മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാതെ നോക്കണം, ജീവിത ശൈലി രോഗങ്ങളുള്ളവരേയും മറ്റ് അസുഖങ്ങളുള്ളവരേയും പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കണം എന്നും മന്ത്രി പറയുന്നു.

”എതിർ ശബ്‌ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതി, മാധ്യമ സ്വാതന്ത്ര്യം ഉറപ്പു വരുത്തണം”, മുഖ്യമന്ത്രി
?️ഓൺലൈൻ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിനു നേരെയുള്ള ഡൽഹി പൊലീസിന്‍റെ നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചു പോന്ന വിഷയങ്ങൾ രാജ്യ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്.

മലക്കപ്പാറ കൊലക്കേസ്: പ്രതി സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം
?️കൊച്ചിയിൽ സ്കൂള്‍ വിദ്യാര്‍ഥിനിയായ 17 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി മരട് സ്വദേശി സഫർ ഷാക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കൊലപാതകത്തിനും പോക്സോ നിയമപ്രകാരവുമാണ് ഇരട്ട ജീവപര്യന്തം തടവിന് എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്. കേസില്‍ നേരത്തെ സഫര്‍ ഷാ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണിപ്പോള്‍ കേസില്‍ കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവിനുപുറമെ വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുക എന്നീ കുറ്റങ്ങൾ തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി.

എം.എം. മണിയുടെ വിവാദ പരാമർശം: പ്രതിഷേധവുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ
?️എം.എം. മണിയുടെ വിവാദ സ്ഥലം മാറ്റ പരാമർശത്തിൽ പ്രതിഷേധവുമായി നെടുങ്കണ്ടം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തിയാണ് ഇവർ പ്രതിഷേധം പ്രകടിപ്പിച്ചത്. കേരള അസിസ്റ്റന്‍റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ വൈദ്യുതി കരാർ പുനഃസ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം
?️വൈദ്യുതി റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനം. കരാറുകൾ പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് നടപടി.

ധർമശാലയിലെ സർക്കാർ കെട്ടിടത്തിൽ ഖാലിസ്ഥാൻ മുദ്രാവാക്യം
?️ഹിമാചൽ പ്രദേശിലെ ധർമശാലയിൽ സർക്കാർ കെട്ടിടത്തിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയതായി കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്പ്രേ പെയ്ന്‍റ് ഉപയോഗിച്ച് ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം എഴുതിയതായി ചൊവ്വാഴ്ച വൈകിട്ടോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കെട്ടിടത്തിന്‍റെ ചുമരിൽ നിന്ന് മുദ്രാവാക്യങ്ങൾ നീക്കം ചെയ്തതായും പൊലീസ് വ്യക്തമാക്കി. ഏകദിന ക്രിക്കറ്റ് ലോകക്കപ്പിലെ അഞ്ച് മത്സരങ്ങൾ ധർമശാലയിലാണ് നടക്കാനിരിക്കുന്നത്. ഈ മാസം മുതൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്രിക്കറ്റ് ടീമുകൾ ഇവിടെ എത്തിത്തുടങ്ങും.

ജോലിക്ക് ഭൂമി അഴിമതി: ലാലുവിനും റാബ്റിക്കും തേജസ്വിക്കും ജാമ്യം
?️റെയിൽവേ ജോലിക്ക് പകരം ഭൂമി വാങ്ങി അഴിമതി നടത്തിയെന്ന കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകനും ബിഹാർ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവർക്ക് ജാമ്യം നൽകി ഡൽഹി കോടതി. സമൻസ് പ്രകാരം മൂവരും കോടതിയിൽ ഹാജരായതിനു പിന്നാലെയാണ് സ്പെഷ്യൻ ജഡ്ജി ഗീതാഞ്ജലി ഗോയൽ ജാമ്യം നൽകിയത്. 2004 മുതൽ 2009 വരെ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവെ മന്ത്രിയായിരിക്കെ ഗ്രൂപ്പ് ഡി തസ്തികയിലുള്ള ജോലിക്ക് പകരം കൈക്കൂലിയായി ഭൂമി വാങ്ങിയെന്നാണ് കേസ്. 2022 മേയ് 18നാണ് സിബിഐ കേസെടുത്തത്.

ആംബുലൻസിനായി ഇനി പുതിയ മൊബൈൽ ആപ്പുമായി ആരോഗ്യ വകുപ്പ്
?️ക​നി​വ് 108 സേ​വ​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂടുതൽ ഉപകാര പ്രദമായ രീതിയിൽ പുതിയ മൊ​ബൈ​ല്‍ അ​പ്ലി​ക്കേ​ഷ​ന്‍ സ​ജ്ജ​മാ​കു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. ഇ​തോ​ടെ 108 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​തെ മൊ​ബൈ​ലി​ല്‍ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്തി​രി​ക്കു​ന്ന അ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി ആം​ബു​ല​ന്‍സ് സേ​വ​നം ല​ഭ്യ​മാ​ക്കാനാവും. സേ​വ​നം തേ​ടു​ന്ന വ്യ​ക്തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ലെ ജി​പി​എ​സ് സം​വി​ധാ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ത്യാ​ഹി​തം ന​ട​ന്ന സ്ഥ​ല​ത്തി​ന്‍റെ കൃ​ത്യ​മാ​യ വി​വ​രം ആം​ബു​ല​ന്‍സി​ലേ​ക്ക് കൈ​മാ​റാ​ന്‍ സാ​ധി​ക്കും എ​ന്ന​ത് കാ​ല​താ​മ​സ​വും ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യ​ക​മാ​കും. ഈ ​മാ​സം മൊ​ബൈ​ല്‍ ആ​പ്പ് ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കേരളാ യാത്രയുമായി സുധാകരൻ
?️കേരളാ യാത്രക്കൊരുങ്ങി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. ജനുവരിയോടെ സംസ്ഥാനത്തുടനീളം യാത്ര സംഘടിപ്പിക്കാനാണ് നീക്കം. ഇതിന് പുറമേ സർക്കാരിന്‍റെ ജനസദസ്സിന് ബദലായി സംസ്ഥാനത്തുടനീളം വ്യാപക പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. കോൺഗ്രസ് രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ വിശദീകരിച്ചു.

കാർ പുഴയിൽ വീണ് യുവ ഡോക്റ്റർമാരുടെ മരണം; ഗൂഗിൾ മാപ്പിനു പിശക് സംഭവിച്ചിട്ടില്ലെന്ന് പൊലീസ്
?️വഴിതെറ്റി വന്ന കാർ നിയന്ത്രണം വിട്ടു പുഴയിലേക്കു മറിഞ്ഞു രണ്ട് യുവ ഡോക്റ്റർമാർ മരിക്കാനിടയായത് ഗൂഗിൾ മാപ്പിന്‍റെ പിശകു മൂലമല്ലെന്ന് വടക്കേക്കര പൊലീസ്. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയുടെ കീഴിലുള്ള എആർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപ്രതിയിലെ ഡോക്റ്റർമാരായ കൊടുങ്ങല്ലൂർ മതിലകം പാമ്പിനേഴത്ത് ഡോ. അജ്മൽ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറ തുണ്ടിയിൽ ഡോ. അദ്വൈത് (28) എന്നിവരാണു മരിച്ചത്.

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
?️പാലക്കാട് വണ്ടാഴിയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരൂർ പുത്തൻ‌ പുരയ്ക്കൽ ഗ്രേസിയാണ് മരിച്ചത്. 63 വയസ്സായിരുന്നു. മീൻ വിൽപ്പനക്കായെത്തിയവരാണ് ഗ്രേസിയെ വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബദ്ധത്തിൽ ഷോക്കേറ്റതായിരിക്കുമെന്നാണ് നിഗമനം. ഒരാഴ്ച മുൻപ് പാലക്കാട് കരിങ്കരപ്പള്ളിയിൽ രണ്ട് യുവാക്കാൾ പന്നിക്കെണിയിൽ പെട്ട് മരിച്ചിരുന്നു.

കോളേജ് വിദ്യാർഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി ആൻസനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
?️നിർമ്മല കോളെജ് വിദ്യാർഥിനി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ആൻസൻ റോയിയെ (22) ആണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.

മൺസൂൺ ഘടനയിലെ മാറ്റം അപകടകരം
?️സെപ്റ്റംബർ അവസാനവാരം പെയ്ത തീവ്രമായ മഴ കേരളത്തിലെ മൺസൂണിലുണ്ടായ കുറവ് 48 ശതമാനത്തിൽനിന്ന് 34 ശതമാനമായി ചുരുക്കി. എന്നാൽ, മൺസൂൺ ഘടനയിൽ വന്ന ഗണ്യമായ മാറ്റം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വലിയ ആശങ്കകളാണ് കേരളത്തിനു സമ്മാനിക്കുന്നത്.ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കിട്ടിയ മഴ ശരാശരിയുടെ പകുതി മാത്രമായിരുന്ന സ്ഥാനത്താണ് സെപ്റ്റംബറിലെ ഒറ്റയാഴ്ചത്തെ മഴയിലൂടെ ഈ കുറവ് പരിഹരിക്കപ്പെടുന്നത്.

പാചക വാതക സബ്സിഡി ഉയർത്തി
?️ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കുള്ള പാചക വാതക കണക്ഷൻ പദ്ധതിയായ ഉജ്ജ്വല യോജനയിലെ സബ്സിഡി തുക ഉയർത്താൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. സിലിണ്ടറിന് 200 രൂപയിൽ നിന്നും 300 രൂപയായാണ് സബ്സിഡി വർധിപ്പിക്കുക. ഇതോടെ നിലവിൽ 703 രൂപയായ സിലിണ്ടറിന് ഇനി മുതൽ 603 രൂപ നൽകിയാൽ മതി.

വ്യോമസേനയ്ക്ക് എച്ച്എഎല്ലിൽനിന്ന് ആദ്യത്തെ തേജസ് ട്വിൻ സീറ്റർ വിമാനം
?️മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഊർജം പകർന്നുകൊണ്ട് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) ആദ്യത്തെ എൽസിഎ തേജസ് ട്വിൻ സീറ്റർ വിമാനം ഇന്ത്യൻ വ്യോമസേനയ്ക്കു കൈമാറി. 18 ട്വിൻ സീറ്റർ വിമാനങ്ങൾ നിർമിക്കാനുള്ള കരാറാണ് എച്ച്എഎല്ലിന് വ്യോമസേന നൽകിയിരിക്കുന്നത്. ഇതിൽ എട്ടെണ്ണം 2023-24 കാലഘട്ടത്തിൽ കൈമാറാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. ബാക്കി പത്തെണ്ണം 2026-27ലും. ഇന്ത്യൻ ആഭ്യന്തര വ്യോമയാന മേഖലയ്ക്ക് ചരിത്രപ്രധാനമായ ദിവസം എന്നാണ് കൈമാറ്റച്ചടങ്ങിൽ വ്യോമസേനാ മേധാവി വി.ആർ. ചൗധരി വിശേഷിപ്പിച്ചത്.

ഏഷ്യൻ ഗെയിംസ്: 71 മെഡലുകളുമായി റെക്കോഡിട്ട് ഇന്ത്യ, ജക്കാർത്ത റെക്കോർഡ് ഇനി പഴങ്കഥ
?️ഏഷ്യൻ ഗെയിംസ് മെഡൽ‌ വേട്ടയിൽ പുതിയ റെക്കോഡിട്ട് ഇന്ത്യ. 16 സ്വർണമടക്കം 71 മെഡലുകൾ സ്വന്തമാക്കിയതോടെയാണ് 2018ൽ ജക്കാർത്തയിൽ തീർത്ത 70 മെഡലുകൾ എന്ന റെക്കോഡ് ഇന്ത്യ തിരുത്തിക്കുറിച്ചത്. അമ്പെയ്ത്ത് കോമ്പൗണ്ട് മിക്സഡ് ഇനത്തിൽ ഇന്ത്യയുടെ ഓജസ് ദിയോതെയിലും ജ്യോതി സുരേഖ വെണ്ണവും ചേർന്നാണ് സ്വർണമെഡൽ നേട്ടത്തോടെ ഇന്ത്യയ്ക്ക് എഴുപത്തൊന്നാം മെഡൽ സമ്മാനിച്ചത്. ഫൈനലിൽ ദക്ഷിണ കൊറിയയെയാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്. 100 മെഡലുകൾ എന്നതാണ് ഇത്തവണത്തെ ഇന്ത്യയുടെ ലക്ഷ്യമെന്ന് ഇന്ത്യൻ പ്രതിനിധികൾ പറയുന്നു. ജക്കാർത്തയിൽ 2018ൽ നടന്ന ഏഷ്യൻ ഗെയിംസിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവും അടക്കം 70 മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്.

ജാവലിൻ ത്രോയിൽ ഇരട്ടിമധുരം; നീരജ് ചോപ്രയ്ക്ക് സ്വർണം, കിഷോർ ജെനയ്ക്ക് വെള്ളി
?️ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ സ്വർണക്കൊയ്ത്ത് തുടർന്ന് സൂപ്പർ താരം നീരജ് ചോപ്ര. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ 88.88 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം നേടിയിരിക്കുന്നത്. ഇതേയിനത്തിൽ വെള്ളിയും ഇന്ത്യക്കു തന്നെ- 87.54 മീറ്റർ ദൂരം കണ്ടെത്തിയ കിഷോർ ജെനയ്ക്ക്. കിഷോറിൽ നിന്നു കടുത്ത മത്സരം തന്നെ നേരിട്ട നീരജ് തന്‍റെ നാലാം ശ്രമത്തിലാണ് സ്വർണത്തിലേക്കു നയിച്ച ദൂരം കണ്ടെത്തിയത്. മൂന്നാം ശ്രമം പിന്നിടുമ്പോൾ കിഷോറിനു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു നീരജ്.

4X400 മീറ്റർ റിലേ ടീമിനു സ്വർണം
?️ഏഷ്യൻ ഗെയിംസിൽ പുരുഷൻമാരുടെ 4X400 മീറ്റർ റിലേയിൽ ഇന്ത്യൻ സംഘം സ്വർണമണിഞ്ഞു. അമോജ് ജേക്കബ്, മുഹമ്മദ് അനസ് യഹിയ, രാജേഷ് രമേശ്, മുഹമ്മദ് അജ്മൽ എന്നിവരാണ് ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത്. ഇതിൽ രാജേഷ് രമേശ് ഒഴികെ മൂന്നു പേരും മലയാളികളാണ്. ഇതേയിനത്തിന്‍റെ വനിതാ വിഭാഗത്തിൽ ഇന്ത്യ വെള്ളിയും നേടി. ഐശ്വര്യ മിശ്ര, ശുഭ വെങ്കടേശ്വരൻ, പ്രാചി, വിദ്യ രാംരാജ് എന്നിവരാണ് ഇന്ത്യക്കു വേണ്ടി മത്സരിച്ചത്.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5260 രൂപ
പവന് 42080 രൂപ