ഒമ്പതു ജീവൻ പൊലിഞ്ഞ വടക്കഞ്ചേരി ബസ്സപകടത്തിന് നാളെ ഒരുവർഷം; സുരക്ഷയൊരുക്കൽ കണ്ണിൽ പൊടിയിടലായി.*

വടക്കഞ്ചേരി : സ്‌കൂൾ വിദ്യാർഥികളുൾപ്പെടെ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം ബസ്സപകടമുണ്ടായിട്ട് വ്യാഴാഴ്ച ഒരുവർഷം. ദേശീപാത 544 വടക്കഞ്ചേരി-വാളയാർ നാലുവരിപ്പാതയിൽ അഞ്ചുമൂർത്തിമംഗലത്ത് 2022 ഒക്‌ടോബർ അഞ്ചിന് രാത്രി 11.34-നായിരുന്നു അപകടം. പാലക്കാട് ദിശയിലേക്കുള്ള ട്രാക്കിൽ അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ ബസ്‌ സ്റ്റോപ്പിനുസമീപം യാത്രക്കാരനെ ഇറക്കാൻ നിർത്തിയ കെ.എസ്.ആർ.ടി.സി. ബസിനുപിന്നിൽ അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചുകയറുകയായിരുന്നു.
ടൂറിസ്റ്റ് ബസിലെ ആറുപേരും കെ.എസ്.ആർ.ടി.സി. ബസിലെ മൂന്നുപേരുമാണ് മരിച്ചത്. 54 പേർക്ക് പരിക്കേറ്റു. അപകടത്തിനുശേഷം, ടൂറിസ്റ്റ് ബസുകളുടെ പാച്ചിലിന് കടിഞ്ഞാണിടാൻ സർക്കാർ നടപടികൾ സ്വീകരിച്ചെങ്കിലും അപകടഭീഷണി നിലനിൽക്കുന്ന അഞ്ചുമൂർത്തിമംഗലത്ത് ഒരു വിളക്കുപോലും ദേശീയപാതാ അതോറിറ്റി സ്ഥാപിച്ചിട്ടില്ല. റോഡരിക് ബലപ്പെടുത്തിയെന്ന് അവകാശപ്പെടുമ്പോഴും മണ്ണിടിഞ്ഞും കാടുമൂടിയും കിടക്കുകയാണ് പ്രദേശം.

ഹൈക്കോടതി പറഞ്ഞിട്ടും നടപടിയില്ല

അപകടമുണ്ടായ അഞ്ചുമൂർത്തിമംഗലത്ത് വിളക്കുകൾ സ്ഥാപിക്കണമെന്നും സർവീസ് റോഡ് നിർമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപ്പായില്ല. അപകടമുണ്ടായ സ്ഥലത്തിനുസമീപം താമസിക്കുന്ന പണ്ടാരക്കളം കെ. ദാമോദരൻ നൽകിയ ഹർജി പരിഗണിച്ച് ഓഗസ്റ്റ് 17-നാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. ഉത്തരവു ലഭിച്ച് ഒരു മാസത്തിനുള്ളിൽ സൗകര്യങ്ങളൊരുക്കണമെന്നാണ് ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നത്.
അപകടമുണ്ടായ സ്ഥലത്ത് വളവുള്ളതിനാൽ വഴിവിളക്കുകൾ സ്ഥാപിക്കുക, സർവീസ് റോഡ് നിർമിക്കുക, റോഡിനോട് ചേർന്നുള്ള വയൽഭാഗം താഴ്ചയുള്ള സ്ഥലമായതിനാൽ സുരക്ഷാക്രമീകരണങ്ങളൊരുക്കുക, പാതയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദേശീയപാതാ അതോറിറ്റിക്ക് പരാതിനൽകിയെങ്കിലും നടപടികളുണ്ടാകാത്തതിനെത്തുടർന്നാണ് കെ. ദാമോദരൻ ഹൈക്കോടതിയെ സമീപിച്ചത്.

വിശദീകരണം നൽകി കൈയൊഴിഞ്ഞ് അധികൃതർ

പരാതിക്കാരൻ ആവശ്യപ്പെട്ടതുപോലെ അഞ്ചുമൂർത്തിമംഗലത്ത് സർവീസ് റോഡ് നിർമിക്കാനും വിളക്കുകൾ സ്ഥാപിക്കാനും കഴിയില്ലെന്നും ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ വ്യവസ്ഥകളനുസരിച്ചുമാത്രമേ ദേശീയപാതകളിൽ ജോലികൾ ചെയ്യാനാവുകയുള്ളുവെന്നും ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് ദേശീയപാതാ അതോറിറ്റി പറഞ്ഞത്. അഞ്ചുമൂർത്തിമംഗലത്ത് റോഡരിക് ബലപ്പെടുത്തിയെന്നും മുന്നറിയിപ്പ് സംവിധാനങ്ങളും വേഗനിയന്ത്രണസംവിധാനങ്ങളും ഒരുക്കിയെന്നും ദേശീയപാതാ അതോറിറ്റി ചൂണ്ടിക്കാട്ടി.
ദേശീയപാതാ അതോറിറ്റിയുടെ ഉന്നതസമിതി ‘ബ്ലാക്ക് സ്പോട്ടു’കളായി കണ്ടെത്തുന്ന സ്ഥലത്തുമാത്രമേ അധികസംവിധാനങ്ങൾ ഒരുക്കാൻ കഴിയുകയുള്ളുവെന്നും അധികൃതർ പറഞ്ഞു. അഞ്ചുമൂർത്തിമംഗലം ‘ബ്ലാക്ക് സ്‌പോട്ട്’ ആയി പ്രഖ്യാപിച്ചിട്ടുമില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഹൈക്കോടതിക്കും പരാതിക്കാരനും വിശദീകരണം നൽകിയതായും ദേശീയപാതാ അധികൃതർ പറഞ്ഞു.