പോത്തുണ്ടി : വൈകീട്ടു മൂന്നുമണിക്കുശേഷം നെല്ലിയാമ്പതിയിലേക്കു പ്രവേശനമില്ലെന്നു മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചു നിയന്ത്രണം കർശനമായി തുടരുമ്പോഴും യാത്രയ്ക്കു വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിവരാവകാശ അപേക്ഷയിൽ മറുപടി. നെല്ലിയാമ്പതി വികസനസമിതി കൺവീനർ എ. അബ്ദുൾ റഷീദ് നൽകിയ വിവരാവകാശ അപേക്ഷയിലാണ് നെന്മാറ വനം ഡിവിഷൻ ഓഫീസർ, യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നു മറുപടി നൽകിയിട്ടുള്ളത്. വനംവകുപ്പിന്റെ പോത്തുണ്ടി ചെക്പോസ്റ്റിലൂടെ കാലത്ത് ഏഴുമണിമുതൽ വൈകീട്ടു മൂന്നുമണിവരെ മാത്രമാണു നെല്ലിയാമ്പതിയിലേക്കു സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഏകദിനസന്ദർശനത്തിന് എത്തുന്നവരാണെങ്കിൽ വൈകീട്ട് അഞ്ചുമണിക്കു മുൻപായി പോത്തുണ്ടി ചെക്പോസ്റ്റിൽ തിരിച്ചെത്തണമെന്ന അറിയിപ്പാണു വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ളത്. മൂന്നുമണിക്കുശേഷമുള്ള നിയന്ത്രണംമൂലം നെല്ലിയാമ്പതിയിലുള്ള തോട്ടം തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികൾക്കും യാത്രാവിലക്കിന് സമാനമായ നടപടിയാണ് ഇപ്പോഴുള്ളത്.
നെല്ലിയാമ്പതിയിലേക്കുള്ള ഏകവഴി പൊതുമരാമത്ത് വകുപ്പിന്റെ പാത മാത്രമാണ്. ഈ പാതയിലാണ് പോത്തുണ്ടിയിൽ വനംവകുപ്പ് ചെക്പോസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. ഈ പാതയിലൂടെ യാത്രാനിയന്ത്രണമേർപ്പെടുത്തുന്നതിനു വനംവകുപ്പ് പ്രത്യേക ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ലെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.
എന്നാൽ, നെല്ലിയാമ്പതി മേഖലയിലുള്ള ഭൂമിയെല്ലാം സംരക്ഷിത വനഭൂമിയിലുൾപ്പെട്ടതാണെന്നും, വനഭൂമി സംരക്ഷിക്കേണ്ടതു വനംവകുപ്പിന്റെ ഉത്തരവാദിത്വമാണെന്നതിനാൽ പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്നും വനനിയമപ്രകാരം ഉദ്യോഗസ്ഥർക്കു നൽകിയ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ചെക്പോസ്റ്റിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്നുമാണു നെന്മാറ ഡി.എഫ്.ഒ. കെ. മനോജ് മറുപടി നൽകിയിരിക്കുന്നത്. സർക്കാർ ഉത്തരവുകളൊന്നുമില്ലാതെ പ്രദേശവാസികളെ നിയന്ത്രിക്കുന്ന വനംവകുപ്പിന്റെ നടപടിക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കുമെന്നു നെല്ലിയാമ്പതി വികസനസമിതി ഭാരവാഹികൾ പറഞ്ഞു.