03.10.2023
മുഖ്യമന്ത്രി രാജ്ഭവനിലെത്താറില്ല, നേരിട്ട് കാര്യങ്ങൾ അറിയിക്കേണ്ടത് ഭരണഘടനാപരമായ കടമ; വീണ്ടും ഇടഞ്ഞ് ഗവർണർ
?️സംസ്ഥാന സർക്കാരുമായി വീണ്ടും കൊമ്പു കോർക്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ട് ഗവർണറെ കാര്യങ്ങൾ അറിയിക്കണമെന്നും അത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവർണർ പറഞ്ഞു. മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനിൽ വന്നിട്ട് കാര്യമില്ല. മുഖ്യമന്ത്രി രാജ്ഭവനിലേക്ക് എത്തുന്നില്ല. താൻ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി കിട്ടിയിട്ടില്ലെന്നും ഗവർണർ പറഞ്ഞു.
കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: സ്വത്തു വിവരങ്ങള്‍ ഹാജരാക്കാന്‍ എംകെ കണ്ണന് നിർദേശം
?️കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്. സ്വത്തു വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. കുടുംബത്തിന്റെയും സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്നാണ് നിർദേശം. വ്യാഴാഴ്ചയ്ക്കുള്ളിൽ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ്.
നിയമനത്തട്ടിപ്പ് കേസിൽ അഖിൽ സജീവും ലെനിനും പ്രതികൾ; പണം വാങ്ങിയതിന്റെ തെളിവ് ലഭിച്ചു
?️ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്ത് കന്റോൺമെന്റ് പൊലീസ്. ഇരുവരെയും പ്രതി ചേർത്തു കൊണ്ടുള്ള റിപ്പോർട്ട് പൊലീസ് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. ഇരുവരും പണം വാങ്ങിയതിന്റെ തെളിവ് ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.
ജാതി സെൻസസ് പുറത്തു വിട്ട് ബിഹാർ
?️ജാതി സെൻസസ് പുറത്തു വിട്ട് ബിഹാർ സർക്കാർ. ബിഹാർ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സർവേ റിപ്പോർട്ട് പുറത്തു വിട്ടത്. 13 കോടി വരുന്ന ജനസംഖ്യയിൽ 36 ശതമാനം പേരും അതി പിന്നാക്ക വിഭാഗത്തിൽ നിന്നുമുള്ളവരാണെന്നാണ് സെൻസസിൽ വ്യക്തമായിരിക്കുന്നത്. 27.12 ശതമാനം പേർ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരും 1.68 ശതമാനം പട്ടിക വിഭാഗക്കാരും 15.52 ശതമാനം സംവരണേതര വിഭാഗത്തിൽ പെടുന്ന മുന്നാക്ക വിഭാഗവുമാണ്. ജാതി സർവേയിൽ പങ്കെടുത്ത എല്ലാവർക്കും മുഖ്യമന്ത്രി എക്സിലൂടെ നന്ദി അറിയിച്ചു. ജാതി സർവേ നടത്താനുള്ള തീരുമാനം നിയമസഭ ഏകകണ്ഠമായാണ് പാസ്സാക്കിയത്. നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും തീരുമാനവുമായി സർക്കാർ മുന്നോട്ടു പോകുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കും : മുഖ്യമന്ത്രി
?️ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വർഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ടൗൺഹാളിൽ പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപിയുടെ പദയാത്ര
?️കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരേ പദയാത്ര ആരംഭിച്ച് സുരേഷ് ഗോപി. കരുവന്നൂരിൽ ഇഡി തുടരുന്ന നടപടികൾ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ തകർക്കാൻ വേണ്ടിയുള്ളതല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിനു മുൻപിൽ നിന്നുമാരംഭിച്ച പദയാത്ര ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. പദയാത്ര കോർപ്പറേഷനു മുന്നിലെത്തി സമാപിച്ചു. കോൽക്കൊത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനമേറ്റെടുക്കുമെന്നും സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനം തുടരാൻ കഴിയുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായും സുരേഷ് ഗോപി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ പങ്കു വച്ചിരുന്നു. അതിനു പുറകേയാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിന് കളമൊരുക്കിക്കൊണ്ട് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
വൈദ്യശാസ്ത്ര നൊബേൽ കാതലിൻ കാരിക്കോയ്ക്കും ഡ്രൂ വീസ്മാനും
?️ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽപുരസ്കാരം സ്വന്തമാക്കി ഹംഗേറിയൻ അമെരിക്കൻ ബയോ കെമിസ്റ്റ് കാതലിൻ കാരിക്കോയും അമെരിക്കൻ ഗവേഷകനും ഡോക്റ്ററുമായ ഡ്രൂ വിസ്മാനും. കോവിഡ്- 19 നെതിരേ എംആർഎൻഎ വാസ്കിനുകൾ വികസിപ്പിക്കാൻ പ്രാപ്തമായ ന്യൂക്ലിയോസൈഡ് അടിസ്ഥാന പരിഷ്കരണങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇരുവരെയും നൊബേലിന് അർഹരാക്കിയത്. എംആർഎൻഎയും മനുഷ്യ പ്രതിരോധവ്യവസ്ഥയും തമ്മിലുള്ള സമ്പർക്കത്തെക്കുറിച്ച് ഇതേ വരെയുള്ള ധാരണകളെ തിരുത്തിക്കുറിക്കുന്നതായിരുന്നു ഇരുവരുടെയും പഠനങ്ങൾ എന്ന് നൊബേൽ കമ്മിറ്റി പറയുന്നു. ഭാവിയിൽ ക്യാൻസർ, പടർന്നു പിടിക്കാൻ സാധ്യതയുള്ള മറ്റു അസുഖങ്ങൾ എന്നിവയ്ക്ക് എംആർഎൻഎ സാങ്കേതികവിദ്യ പ്രയോജനപ്പെട്ടേക്കും.
നിപ: സമ്പർക്കപ്പട്ടികയിൽ നിന്ന് 223 പേരെ ഒഴിവാക്കി
?️നിപയിൽ കൂടുതൽ ആശ്വാസം. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 223 പേരെ കൂടി പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇനി 44 പേർ മാത്രമാണ് സമ്പർക്കപ്പട്ടികയിൽ അവശേഷിക്കുന്നത്. നിപ ബാധിച്ച് ചികിത്സയിലായിരുന്ന നാലു പേരുടെ പരിശോധനാ ഫലം നേരത്തേ നെഗറ്റീവ് ആയിരുന്നു. ഈ മാസം അഞ്ചിനുള്ളിൽ എല്ലാവരുടെയും ഐസൊലേഷൻ കാലാവധി അവസാനിക്കും. എങ്കിലും കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ഒക്റ്റോബർ 26 വരെ തുടരും.
2 ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളെ നിരോധിച്ച് ക്യാനഡ
?️ഇന്ത്യയുടെ ആവശ്യപ്രകാരം 2 ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളെ നിരോധിച്ച് ക്യാനഡ. ബബര് ഖല്‍സ ഇന്റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷന് എന്നീ സംഘടനകളെയാണ് നിരോധിച്ചത്. 5 ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളെ നിരോധിക്കാനായിരുന്നു ഏറെ കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം. എന്നാൽ ഇതിൽ 2 ഗ്രൂപ്പുകളെയാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്.
ജാതി സെൻസസിനു പുറകേ പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി
?️ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ റാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിഹാർ സർക്കാർ ജാതി സെൻസസ് പുറത്തു വിട്ടതിനു പുറകേയാണ് മോദി പ്രതിപക്ഷത്തിനെതിരേ രൂക്ഷമായ വിമർശനമുയർത്തിയത്. എന്നാൽ സെൻസസിനെ പേരെടുത്തു വിമർശിക്കാൻ മോദി തയാറായില്ല.
കൊച്ചി വിമാനത്താവളത്തിൽ പുതിയ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
?️കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ വികസനത്തിൽ പുതിയ അധ്യായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 7 വികസന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വലിയ പദ്ധതികൾ സ്വകാര്യ മേഖലയിൽ മാത്രമേ വിജയിപ്പിക്കാനാകുവെന്ന ചിന്ത നിലവിലുണ്ട്. വിമാനത്താവളങ്ങൾ ഉൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങൾ പോലും സ്വകാര്യവൽക്കരിക്കപ്പെടുന്ന കാലമാണിതെന്നും എന്നാൽ കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സർക്കാർ സംരക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ സിയാലിന് നാലാം സ്ഥാനമാണെന്നും നിർമാണം ആരംഭിക്കുന്ന എയ്റോലോഞ്ച് 6 മാസത്തിനകം പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വന്ദേഭാരത് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം
?️ഉദയ്പർ- ജയ്പുർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. സെമി ഹൈ സ്പീഡ് ട്രെയിൻ സഞ്ചരിക്കുന്ന പാളത്തിൽ കല്ലുകളും മറ്റു വസ്തുക്കളും കയറ്റി വച്ചാണ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചത്. എന്നാൽ പാളത്തിലെ കല്ലുകൾ ലോകോ പൈലറ്റ് കണ്ടതോടെ വൻ അപകടം ഒഴിവായി. ഗാംഗ്ര- സോനിയാന സെക്ഷനിലെ പാളത്തിലാണ് അട്ടിമറി ശ്രമം ഉണ്ടായത്. രാവിലെ 9,55നാണ് ലോകോ പൈലറ്റ് ട്രാക്കിലെ കല്ലുകൾ കണ്ട് വേഗത്തിൽ ബ്രേക്ക് പിടിച്ച് ട്രെയിൻ നിർത്തിയത്. റെയിൽവേ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രി രാജസ്ഥാനിലുള്ള ദിവസമാണ് വന്ദേഭാരത് അട്ടിമറിക്കാൻ ശ്രമിച്ചതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ സെപ്റ്റംബർ 24നാണ് പ്രധാനമന്ത്രി ഉദയ്പുർ- ജയ്പുർ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. വന്ദേഭാരത് ട്രെയിനുകൾ നിരന്തരമായി ആക്രമിക്കപ്പെടുന്നതിൽ യാത്രക്കാർക്ക് ആശങ്കയുണ്ട്.
കാവേരി നദീ ജലത്തർക്കം: പ്രതിഷേധം ശക്തമാക്കാൻ കന്നഡ സംഘടനകൾ
?️കാവേരി നദീ ജലത്തർക്കത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കന്നഡ സംഘടനകൾ. സംസ്ഥാന വ്യാപകമായി ബന്ദ് നടത്തിയതിനു പുറകേ ഒക്റ്റോബർ 9,10 തിയതികളിൽ ഡൽഹി ചലോ മാർച്ച് നടത്താനാണ് കർഷകർ അടക്കമുള്ള സംഘടനകളുടെ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് വിവരങ്ങൾ അറിയിക്കാനും പദ്ധതിയുണ്ട്. കാവേരി നദീജലം തമിഴ്നാടിന് വിട്ടു നൽകുന്നതിനെതിരേ കർണാടകയിൽ വൻ ജനരോഷമാണുയരുന്നത്. സിനിമാ മേഖലയിൽ നിന്നുള്ളവർ ഉൾപ്പെടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ സിദ്ധരാമയ്യ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. കാവേരി നദീ ജലം തമിഴ്നാടിന് നൽകണമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള വിധിക്കെതിരേ കർണാടക സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകിയിട്ടുണ്ട്.
കൂനൂർ ബസ് അപകടം: ബസ് ഡ്രൈവർമാർക്കും ഉടമയ്ക്കും ടൂർ ഓപ്പറേറ്റർക്കും എതിരെ കേസ്
?️കുന്നൂർ മരപ്പാലത്തിന് സമീപം സ്വകാര്യ ടൂറിസ്റ്റ്ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ച സംഭവത്തിൽ ബസ് ഉടമയ്ക്കെതിരെ നീലഗിരി ജില്ലാ പൊലീസ് കേസെടുത്തു. വാഹനത്തിന്റെ ഉടമയെ കൂടാതെ രണ്ട് ഡ്രൈവർമാർക്കും യാത്രയുടെ സംഘാടകനുമെതിരെയും കേസെടുത്തിട്ടുണ്ട്. ഉടമ എസ് സുബ്രമണി (63), ഡ്രൈവർമാരായ മുതുകുറ്റി (65), ഗോപാൽ (32), സംഘാടകൻ അൻപഴകൻ (64) എന്നിവർക്കെതിരെ സെക്ഷൻ 279, 337, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഡ്രൈവർമാരടക്കം 61 പേരുമായി സെപ്തംബർ 30-ന് ഊട്ടിയിൽ എത്തിയ ബസ് തെങ്കാശിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മേട്ടുപ്പാളയം ദേശീയപാതയിൽ ചുരം ഒമ്പതാം വളവിൽ വെച്ച് 50 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.
ബ്രിട്ടനില്‍ ഇന്ത്യന്‍ ഹൈകമീഷണറെ തടഞ്ഞ് ഖലിസ്ഥാന്‍ അനുകൂലികള്‍
?️ബ്രിട്ടനിലെ സ്കോട്ട്ലന്‍ഡില്‍ ഇന്ത്യന്‍ ഹൈകമീഷണറെ ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞു. ഗ്ലാസ്ഗോ നഗരത്തിലെ ഗുരുദ്വാര സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് വെള്ളിയാഴ്ച വിക്രം ദൊരൈസ്വാമിയെ തടഞ്ഞത്. ഹൈകമീഷണറുടെ ദ്വിദിന സ്കോട്ട്ലന്‍ഡ് സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. ഗുരുദ്വാര കമ്മിറ്റിയുമായുള്ള ചര്‍ച്ചയ്ക്കായാണ് ദൊരൈസ്വാമി എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ–- ക്യാനഡ ബന്ധം വഷളായിരിക്കെയാണ് സംഭവം. ഇന്ത്യയില്‍നിന്നുള്ള ഉദ്യോഗസ്ഥരെ തങ്ങള്‍ സ്വാഗതം ചെയ്യുന്നത് ഈ രീതിയിലായിരിക്കുമെന്ന് ഖലിസ്ഥാന്‍ അനുകൂലികള്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.
ഏഷ്യൻ ഗെയിംസ്: മലയാളി താരം ആൻസി സോജന് ലോങ് ജംപിൽ വെള്ളി
?️ഏഷ്യൻ ഗെയിംസിൽ ലോങ് ജംപിൽ വെള്ളി നേടി മലയാളി താരം ആൻസി സോജൻ. ഫൈനലിൽ 6.63 മീറ്റർ താണ്ടിയാണ് ആൻസി വെള്ളി മെഡൽ നേടിയത്. 6.73 മീറ്റർ ദൂരം ചാടിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വർണം. ഇന്ത്യയുടെ മറ്റൊരു താരമായ ഷൈലി സിങ് 6.48 മീറ്റർ ദൂരം താണ്ടി അഞ്ചാം സ്ഥാനത്തെത്തി.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരത്തിനെതിരെ ഗുരുതര ആരോപണം
?️ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ ഇന്ത്യൻ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സഹതാരം. ഹെപ്റ്റത്തലണിൽ വെങ്കല മെഡൽ ജേതാവായ നന്ദിനി അഗസരയ്ക്കെതിരെ സ്വപ്ന ബർമനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹെപ്റ്റത്തലണിൽ വെങ്കല മെഡൽ നേടിയ നന്ദിനി ട്രാൻസ്ജെൻഡറാണെന്ന് സ്വപ്ന ആരോപിച്ചു. ഏഷ്യൻ ഗെയിംസിൽ വെറും 4 പോയിന്റിന്റെ വ്യത്യാസത്തിലാണ് സ്വപ്ന ബർമന് മെഡൽ നഷ്ടമായത്. തുടർന്ന് സ്വപ്ന ഭർമ്മന് നാലാം സ്ഥാനത്താണ് എത്താന്‍ കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് അധിക്ഷേപം.
ഏഷ്യൻ ഗെയിംസിൽ ദേശീയ റെക്കോർഡ് നേടി ഇന്ത്യയുടെ വിദ്യ രാംരാജ്
?️ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി ഉഷ കുറിച്ച റെക്കോര്‍ഡിനൊപ്പമെത്തി വിദ്യ രാംരാജ്. ഏഷ്യന്‍ ഗെയിംസ് ഹര്‍ഡില്‍സില്‍ യോഗ്യതാ റൗണ്ടിൽ 55.42 സെക്കന്റുകൊണ്ട് ഇന്ത്യൻ താരം ഫിനിഷിങ് പോയിന്റിലെത്തിയത്. ഇതോടെ 1984ല്‍ ലൊസാഞ്ചലസില്‍ പി ടി ഉഷ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് 25കാരിയായ വിദ്യാ രാംരാജ് എത്തിയത്.
റോളര്‍ സ്കേറ്റിങിൽ ഇന്ത്യയ്ക്ക് 2 വെങ്കലം കൂടി
?️ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 2 വെങ്കലം കൂടി. 3000 മീറ്റര്‍ റോളര്‍ സ്കേറ്റിങ് പുരുഷ, വനിതാ വിഭാഗം ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ വനിതാ റോളർ സ്കേറ്റിംഗ് ടീം. 4: 43.861 സമയം കൊണ്ടാണ് ഇന്ത്യൻ വനിതകൾ മത്സരം പൂർത്തിയാക്കിയാക്കിയത്. വനിതാ ടീം ഇനത്തില്‍ ചൈനയ്ക്കാണ് സ്വര്‍ണം
ലൂണ വഴി ബ്ലാസ്റ്റേഴ്സിനു രണ്ടാം ജയം
?️ഐ എസ് എൽ രണ്ടാം സീസണിൽ പതിവിനു വിപരീതമായി തുടക്കത്തിലെ തുടർ ജയങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പുർ എഫ് സിയെ പരാജയപ്പെടുത്തി. 74 -ാം മിനിറ്റിൽ സൂപ്പർ താരം അഡ്രിയൻ ലൂണ നേടിയ ഗോളിനാണ് ബ്ലാസ്റ്റേഴ്സിൻ്റെ വിജയം. എഴുപത്തിനാലാം മിനിറ്റിൽ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോളടിച്ചു. നായകൻ അഡ്രിയാൻ ലൂണയാണ് ലക്ഷ്യം കണ്ടത്. ഡെയ്സുകെ സകായ് ബോക്സിലേക്ക് നൽകിയ പന്ത് ഡയമൻ്റകോസ് കാലിൽ സ്വീകരിച്ചെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കാലിൽത്തട്ടി നീങ്ങിയ പന്ത് തൊട്ടടുത്ത് നിൽക്കുകയായിരുന്ന ലൂണ നല്ലൊരു ഷോട്ടിലൂടെ ജംഷഡ്പൂർ വലയിലെത്തിച്ചു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5320 രൂപ
പവന് 42560 രൂപ