മഹാത്മാഗാന്ധിയുടെ 154 മത് ജന്മദിനത്തിൽ ഗാന്ധി സ്മരണയിൽ രാജ്യം.

സഹനത്തിന്‍റെയും, കാരുണ്യത്തിന്‍റെയും വഴിയും സമരപോരാട്ടം സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ഗാന്ധിയുടെയും, ഗാന്ധിസത്തിന്‍റെയും പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ചിലര്‍ക്ക് കഥയായും, മറ്റുചിലര്‍ക്ക് കനവായും തോന്നുന്ന ചരിത്രത്തിന്‍റെ പേരാണ് ഗാന്ധി. കോളനി വാഴ്ചയില്‍ സര്‍വ്വവും തകര്‍ന്നടിഞ്ഞ ഒരു രാജ്യത്തിന് സഹനത്തിന്‍റെയും,അഹിംസയുടെയും വഴിയും സ്വാതന്ത്ര്യത്തിലേക്കെത്താമെന്ന് പറഞ്ഞു കൊടുത്ത കാരുണ്യത്തിന്‍റെ ആള്‍രൂപമായിരുന്നു ഗാന്ധി.
ആള്‍ബലംകൊണ്ടും, ആയുധംകൊണ്ടും സര്‍വ്വ പ്രതാപികളായിരുന്ന ബ്രിട്ടനെ അഹിംസ എന്ന സ്നേഹായുധം കൊണ്ട് തോല്‍പ്പിച്ച മാനവികതയെ ലോകം ഗാന്ധിയെന്ന് വിളിച്ചു. കാലം ചെല്ലുന്തോറും ഗാന്ധിയും ഗാന്ധിസവും ലോകമാകെ പടരുകയാണ്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ്, ഗാന്ധി മാര്‍ഗത്തിനുള്ള സാധ്യതകള്‍ ഓര്‍മ്മിച്ചതിന്‍റെ കാരണവും ഗാന്ധിയുടെയും, ഗാന്ധിസത്തിന്‍റെയും വലിപ്പത്തിന്‍റെ ചെറിയ അടയാളപ്പെടുത്തലുകള്‍ മാത്രമാണ്.