ശക്തമായ മഴ തുടരുന്നു; വിവിധ ജില്ലകളിൽ കനത്ത നാശ നഷ്ടം
?️മഴ തകർത്തു പെയ്തതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടം. കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിലെ നെൽകൃഷി കർഷകർ പ്രതിസന്ധിയിലായി, കൂടാതെ വിവിധ ജില്ലകളിൽ മരം വീണ് വീടുകൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചു. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളം മുളവുകാട് വീടിനു മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. മുഴുവനൂരിൽ റോഡിന് നടുവിലേക്ക് വീണ മരം ഫയർഫോഴ്‌സ് എത്തിയാണ് മുറിച്ച് നീക്കിയത്. ബണ്ട് കരകവിഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകിയതിനെത്തുടർന്ന് തൃശൂർ മനക്കൊടി പുള്ള് റോഡിൽ ഗതാഗതം നിരോധിച്ചു. ആലപ്പുഴയിൽ ശക്തമായ കാറ്റിൽ മരം കടപുഴകി ബൈക്കിന് മുകളിലേക്ക് വീണു.
കരുവന്നൂർ ബാങ്ക് സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്നും പാക്കേജ് രൂപീകരിക്കുമെന്ന് വി.എൻ. വാസവൻ
?️കരുവന്നൂർ ബാങ്കിന്‍റെ പ്രതിസന്ധി മറികടക്കാൻ സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്നും പാക്കേജ് രൂപീകരിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. അടുത്തയാഴ്ചയോടെ നടപടികൾ പൂർത്തികരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇഡിയിൽ നിന്നും ആധാരം തിരികെ കിട്ടാൻ സർക്കാരല്ല നടപടി സ്വീകരിക്കേണ്ടത് ബാങ്കുകളാണ്. ബാങ്കുകൾ ഇതു സംബന്ധിച്ച നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കരുവന്നൂർ വിഷയത്തിൽ തെറ്റുകാർക്കെതിരേ കർശന നടപടിയുണ്ടാവും.
സ്ത്രീവിരുദ്ധ പരാമര്‍ശം; എംഎം മണിക്കെതിരെ ഡിജിപിക്ക് പരാതി
?️മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ എംഎം മണി എംഎല്‍എക്കെതിരെ ഡിജിപിക്ക് പരാതി. ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആന്‍റ് ടീച്ചേഴ്സ് ഓർഗനൈസേഷനാണ് (ഫെറ്റോ) പരാതി നൽകിയത്.സർക്കാർ ജീവനക്കാരേയും കുടുംബാംഗങ്ങളെയും അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എംഎം മണിയുടെ പരാമർശം എംഎൽഎ എന്ന പദവി ദുരുപയോഗം ചെയ്യലാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിൽ പറയുന്നു.മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർക്കെതിരെയാണ് സ്ത്രീ വിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങളുമായി എം എം മണി രംഗത്തെത്തിയത്. മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അമിത പിഴ ഈടാക്കുന്നു എന്ന് ആരോപിച്ച് ഉടുമ്പന്‍ചോലയില്‍ നടത്തിയ മാര്‍ച്ചില്‍ സംസാരിക്കവെയാണ് എംഎം മണി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.
”ക്ഷേമ പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് കേന്ദ്രം നൽകുന്നത്”; മുഖ്യമന്ത്രി
?️ക്ഷേമ പെൻഷൻ നിർത്തലാക്കാൻ കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനമന്ത്രി ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തി സംസാരിച്ചു, അനർഹർക്കാണ് ക്ഷേമ പെൻഷൻ നൽകുന്നതെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ എന്നും ഇതെല്ലാം ക്ഷേമ പെൻഷൻ നിർത്തലാക്കുന്നു എന്നതിന്‍റെ സൂചനയാണ് നൽകുന്നതെന്നും തിരുവല്ലയിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.ഏറ്റവും അധികം വരുമാനം കേന്ദ്രത്തിനും ഏറ്റവുമധികം ചെലവ് സംസ്ഥാനങ്ങൾക്കുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടായിരത്തിന്‍റെ നോട്ട് മാറാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും
?️2000 രൂപയുടെ നോട്ടുകൾ ബാങ്കിൽ മാറാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. 93 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു.കഴിഞ്ഞ മെയ്മാസം മുതലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. തുടർന്ന് ഒരേസമയം 20000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ മാറാനുള്ള അവസരം ഉണ്ടായിരുന്നു. മാറ്റി വാങ്ങുന്നതിനു പകരം ബാങ്കിൽ നിക്ഷേപിക്കുന്നതിനും തടസമില്ല.
ബിൽ അടച്ചില്ല: തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി
?️വൈദ്യുതിബിൽ അടയ്ക്കാത്തതിനെ തുടർന്ന് തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് കെഎസ്ഇബി ഊരി. 41,000 രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. റിസർവേഷൻ ഉൾപ്പെടെ തടസപ്പെട്ടു. അരമണിക്കൂറോളം കെഎസ്ആർടിസി ഡിപ്പോ ഇരുട്ടിലായി. ഫ്യൂസ് ഊരി.അരമണിക്കൂറിന് ശേഷം വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.
ഐസിആർടി ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം ഗോൾഡ് അവാർഡ് കേരളത്തിന്
?️2023 ലെ ഐസിആർടി ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം ഗോൾഡ് അവാർഡ് കേരളത്തിന്. ടൂറിസം മേഖലയിൽ പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കുന്നതിനാണ് അവാർഡ്.ഉത്തരവാദിത്ത ടൂറിസം മേഖലയിൽ വനിത സംരംഭങ്ങളുടെ ഇടപെടലുകളും പരിഗണിക്കപ്പെട്ടു.
ജനകീയ ടൂറിസത്തിനുള്ള അംഗീകാരമാണ് ഈ അവാർഡെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി
?️സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെഎസ്ആർടിസിയുടെയും വാഹന ഉടമകളുടെയും അഭ്യർഥന പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. വാഹനാപകടങ്ങൾ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും കാമറ സ്ഥാപിക്കാൻ നേരത്തെ നൽകിയ സമയപരിധി ശനി വരെയായിരുന്നു. റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബർ 31 വരെ നീട്ടിയിരുന്നു.
കരുവന്നൂരിലെ അന്വേഷണം സഹകരണ മേഖലയെ തളർത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
?️കരുവന്നൂർ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം സഹകരണ മേഖലയെ തളർത്തുമെന്ന് മുസ്ലിം നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.സാധാരണക്കാരന് പണം നഷ്ടപ്പെടാൻ പാടില്ല. കരുവന്നൂരിലുണ്ടായ സംഭവത്തെ ന്യായീകരിക്കാനാവില്ല. എന്നാൽ സഹകരണ മേഖലയ്ക്ക് തടസം വരാതെ സംരക്ഷിക്കുകയും വേണം.
പൂനെ ഐഎസ് സംഘത്തിന്‍റെ തലവന്‍ അറസ്റ്റിൽ
?️ആഗോള ഭീകര സംഘടന ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ (ഐഎസ്) പൂനെ സംഘത്തെ നയിച്ചിരുന്ന കൊടുംഭീകരൻ മുഹമ്മദ് ഷാനവാസ് ഷാഫിയുസാമ ( അബ്ദുള്ള) യെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. 26/11ൽ മുംബൈയിലുണ്ടായതിനെക്കാൾ വലിയ ആക്രമണ പരമ്പര രാജ്യമെങ്ങും നടത്താൻ പദ്ധതിയിട്ടിരുന്ന സംഘമാണ് പൂനെയിലെ ഐഎസ് ഗ്രൂപ്പ്. തലവനായ അബ്ദുള്ളയുൾപ്പെടെ 4 പേരെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 3 ലക്ഷം രൂപ വീതം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. പൂനെയിലെ കോൺധ്വയിലുള്ള വീട്ടിലാണ് നചനും സംഘവും ഐഇഡി തയാറാക്കിയത്. കഴിഞ്ഞ വർഷം ഇവർ ബോംബ് നിർമാണ പരിശീലനത്തിലും പങ്കെടുത്തു. നിരോധിത ഭീകര സംഘടനകളായ സിമി, ഇന്ത്യൻ മുജാഹിദ്ദീൻ തുടങ്ങിയവയിൽ പ്രവർത്തിച്ചിരുന്നവരും പൂനെയിലെ ഐഎസ് സംഘത്തിനൊപ്പം ചേർന്നിരുന്നു. 2002-03ൽ മുംബൈയിലുണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 10 വർഷം തടവിൽ കഴിഞ്ഞയാളാണ് നചൻ.
പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം
?️179 ഉദ്യോഗസ്ഥർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം. ഉദ്യോഗസ്ഥർക്ക് എച്ച്എമ്മും എഇഒമാരും ആയാണ് സ്ഥാനക്കയറ്റം നൽകിയത്. സംസ്ഥാനത്ത് 184 എച്ച്എം /എ ഇ ഒ മാരുടെ ഒഴിവുകൾ നിലവിലുണ്ടായിരുന്നെങ്കിലും എച്ച് എം /എ ഇ ഒമാരുടെ പരിഗണനാ പട്ടികയ്ക്ക് എതിരായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ സ്റ്റേ നിലവിൽ ഉണ്ടായിരുന്നതിനാൽ ഈ ഒഴിവുകളിൽ സമയബന്ധിതമായി സ്ഥാനക്കയറ്റ നിയമനം നൽകുവാൻ സാധിച്ചിരുന്നില്ല.സെപ്തംബർ 29ന് സ്റ്റേ ഒഴിവാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൻറെ ഇടക്കാല ഉത്തരവ് ലഭ്യമായതോടെയാണ് നിർദേശങ്ങൾ പാലിച്ച് അഞ്ച് ഒഴിവുകൾ മാറ്റിയിട്ടതിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം സ്ഥാനക്കയറ്റ നിയമന നടപടി സ്വീകരിച്ചത്.
ഇന്ത്യ-ക്യാനഡ അഭിപ്രായ ഭിന്നത
?️ഇന്ത്യയുടെ ക്യാനഡയും തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിക്കുന്നതിനായി ഇരു സർക്കാരുകളും പരസ്പരം സംസാരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. എന്നാൽ ക്യാനഡ ഭീകരതയ്ക്കും തീവ്രവാദത്തിനു ഇടം കൊടുക്കുന്നത് പ്രധാന പ്രശ്നമാണെന്നും ജയശങ്കർ പറഞ്ഞു. വെള്ളിയാഴ്ച ഇന്ത്യൻ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ജയശങ്കർ. ഖാലിസ്ഥാനി ഭീകരൻ നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്യാനഡ മുന്നോട്ടു വയ്ക്കുന്ന ആരോപണങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ നൽകാൻ ഇന്ത്യ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ക്യാനഡയിൽ സംഭവിച്ചത് സാധാരണ സംഭവമായി ഇന്ത്യ കണക്കാക്കുന്നില്ല. ക്യാനഡയുമായി കുറച്ചു കാലമായി തുടരുന്ന അഭിപ്രായ ഭിന്നതയ്ക്കു പിന്നിലെ പ്രധാന കാരണം ഭീകരതക്ക് അവർ അനുവാദം നൽകുന്നതാണെന്നും ജയശങ്കർ ആരോപിച്ചു.
മണിപ്പൂർ സർക്കാരിനെതിരെ ബിജെപി നേതാക്കൾ
?️കലാപം കത്തിപ്പടരുന്ന മണിപ്പൂരിൽ സ്വന്തം സർക്കാരിനെതിരെ ബിജെപി നേതാക്കൾ രംഗത്ത്. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് കത്തയച്ചത്. ദേശീയ നേതൃത്വത്തിന്‍റെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിലവിൽ മണിപ്പൂർ സർക്കാരിനെതിരെ ജനരോഷം ഉയരുകയാണ്. സംസ്ഥാന അധ്യക്ഷ ശാരദാ ദേവിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ എട്ട് പ്രമുഖ ഭാരവാഹികൾ ഉൾപ്പെടെ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. പ്രതിഷേധം ആളിപ്പടർന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ നേതാക്കൾ നേതൃത്വത്തെ സമീപിച്ചത്.
‘തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബാനറുകളോ പോസ്റ്ററുകളോ ചായ വിതരണമോ ഉണ്ടാവില്ല’; ഗഡ്കരി
?️ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തന്‍റെ ബാനറുകളോ പോസ്റ്ററുകളോ പതിപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ദഡ്കരി. മഹാരാഷ്ട്രയിലെ വാഷിമിൽ മൂന്ന് ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ മണ്ഡലമായ നാഗ്പൂരിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചായ നൽകില്ലെന്നും പറഞ്ഞ അദ്ദേഹം അധികാരത്തിൽ വരണമെന്ന് ആഗ്രഹമുള്ളവർ ചെയ്യും അല്ലാത്തവർ ചെയ്യില്ലെന്നും കൂട്ടിച്ചേർത്തു.
ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; ക്രൈംബ്രാഞ്ച് അന്വേഷിക്കും
?️ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. നിലവിൽ ഇടുക്കി പൊലീസിനായിരുന്നു അന്വേഷണ ചുമതല.
സെപ്റ്റംബർ അഞ്ചിന് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഇടുക്കി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 22 ന് ഉച്ചകഴിഞ്ഞ് 3.15ന് ആയിരുന്നു സംഭവം.ഡാമിൽ ചു കയറിയ ഒറ്റപ്പാലം സ്വദേശി ഹൈമാസ്റ്റ് ലൈറ്റിന്‍റെ ടൈമറിലും എർത്ത് വയറിലും മറ്റുമായി 11 താഴുകൾ ഘടിപ്പിച്ചതായി കണ്ടെത്തുകയും ഷട്ടറിനെ ബന്ധിപ്പിച്ചിരിക്കുന്ന വയറുകളിൽ എന്തോ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു.
ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി: 2 ഡോക്ടർമാരെ പിരിച്ചുവിട്ടു
?️പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ ഡോക്‌ടർക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതാക്കുറവുണ്ടായതായി കണ്ടെത്തി. ഇതിനെ തുടർന്ന് ആശുപത്രിയിലെ രണ്ട് താൽക്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു.ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെന്‍റ് ചെയ്തു. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് ഗര്‍ഭിണിക്ക് രക്തം നല്‍കിയത്. വാർഡ് നഴ്സിനും ഡ്യൂട്ടി ഡോക്ടർക്കും ജാഗ്രതക്കുറവുണ്ടായെന്നും കണ്ടെത്തി.
എലത്തൂർ ട്രെയിൻ തീവെപ്പിൽ ഏക പ്രതി
?️എലത്തൂർ ട്രെയിൻ തീവെപ്പു കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. കേസിൽ ഷാരൂഖ് സെയ്ഫി മാത്രമാണ് കുറ്റക്കാരൻ. പ്രതിയുടേത് ജിഹാദി പ്രവർത്തനമാണെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കൃത്യത്തിനു ശേഷം ആരും തിരിച്ചറിയാതിരിക്കാനാണു കേരളം തിരഞ്ഞെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.ജനങ്ങളെ ഭീതിയിലാഴ്ത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. ഇതിനായി ഓൺലൈൻ വഴി പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപ്രചാരകരെയടക്കം പിന്തുടരുകയും നിരന്തരമായി പ്രസംഗം കേൾക്കുകയും ചെയ്തിരുന്നു.
നിയമനക്കോഴ വിവാദം; സിസിടിവി ദൃശ്യങ്ങളിൽ അഖിൽ മാത്യു ഇല്ല
?️ആരോഗ്യമന്ത്രി വീണാ ജോർജുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. എന്നാൽ ദൃശ്യങ്ങളിൽ പണം കൈമാറുന്നതോ ആരോപണ വിധേയനായ സ്റ്റാഫ് അഖിൽ മാത്യുവോ ഇല്ല. മറിച്ച് പരാതിക്കാരനായ ഹരിദാസും സുഹൃത്ത് ബാസിതും മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. സെക്രട്ടേറിയേറ്റിന് മുന്നിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.പൊതുഭരണ വകുപ്പിലെത്തിയാണ് പൊലീസ് ദൃശ്യങ്ങൾ ശേഖരിച്ചത്. പരാതിയിൽ പറയുന്ന സമയങ്ങളിലൊന്നും യാതൊരു തരത്തിലുള്ള പണം നൽകുന്ന ദൃശ്യങ്ങളും കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല.
മലയാളിയുടെ കൊലപാതകത്തിൽ നടുങ്ങി ഡൽഹി
?️പൊതുപ്രവർത്തകനും ബിസിനസുകാരനുമായ മലയാളിയുടെ കൊലപാതകത്തിൽ നടുങ്ങി ഡൽഹിയിലെ മലയാളികൾ. ദ്വാരക എസ്എൻഡിപി ശാഖാ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാൽ സ്വദേശി പി.പി. സുജാതന്‍റെ (60) കൊലപാതകം കവർച്ച ലക്ഷ്യമിട്ടാണെന്നാണു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഡൽഹി പൊലീസിലെ ക്രൈംബ്രാഞ്ചാണ് സംഭവം അന്വേഷിക്കുന്നത്. സംശയിക്കുന്ന ചിലരുടെ ഫോട്ടോകൾ പൊലീസ് ബന്ധുക്കളെ കാണിച്ചെങ്കിലും സൂചനകൾ ലഭിച്ചിട്ടില്ല.40 വർഷമായി ഡൽഹിയിൽ താമസിക്കുന്ന സുജാതൻ മുൻപ് ഹോട്ടൽ നടത്തിയിരുന്നു.
കോഴിക്കോട് ബീച്ചിൽ നീലത്തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞു
?️കോഴിക്കോട് സൗത്ത് ബീച്ചിൽ നീലത്തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞു. അഴുകിത്തുടങ്ങിയ നിലയിലാണ് തിമിംഗലത്തിന്‍റെ ജഡം കരക്കടിഞ്ഞത്. രാവിലെ ഡ്യൂട്ടിക്കെത്തിയ ലൈഫ് ഗാർഡുകളാണ് തിമിംഗലത്തെ കണ്ടത്.
പതിനഞ്ചടിയിലേറെ വലുപ്പമുള്ള നീല തിമിംഗലത്തിന്‍റെ ജഡമാണ് അടിഞ്ഞത്. പോസ്റ്റ് മോർട്ടത്തിനു ശേഷം ജഡം കുഴിച്ചിടുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
നിരണം പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്
?️നിരണം പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് സിപിഎം. എം.ജി. രവി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനെ പിന്തുണച്ച 2 സ്വതന്ത്രരിൽ ഒരാൾ എൽഡിഎഫിനെ പിന്തുണച്ചു.ഇതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. എൽഡിഎഫ്-7, യുഡിഎഫ്- 5 എന്നിങ്ങനെയാണ് സീറ്റ് ലഭിച്ചത്.
പറന്നകന്ന് ആദിത്യ എൽ1
?️ഇന്ത്യയുടെ പ്രഥമ സൂര്യ പര്യവേക്ഷണ പേടകം ആദിത്യ എൽ1 വിജയകരമായി ഭൂമിയുടെ സ്വാധീനത്തിൽ നിന്നു പൂർണമായി പുറത്തുകടന്നു. ഭൂമിയിൽ നിന്ന് 9.2 ലക്ഷം കിലോമീറ്റർ അകലെയാണ് ആദിത്യ ഇപ്പോഴുള്ളതെന്ന് ബംഗളൂരുവിലെ ഇസ്രൊ കേന്ദ്രം അറിയിച്ചു. സൂര്യ- ഭൗമ ലഗ്രാഞ്ച് പോയിന്‍റ് 1 (എൽ1) ലേക്കുള്ള യാത്രയിലാണിപ്പോൾ ആദിത്യ.
മണിപ്പൂരിൽ നിന്നും ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ
?️ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഒരാളെ മണിപ്പൂരിൽ നിന്നും അറസ്റ്റ് ചെയ്ത് എൻഐഎ. മണിപ്പൂരിന്‍റെ ഗ്രാമ പ്രദേശമായ ചുരാചന്ദ്പുരിൽ നിന്നാണ് ഇയാളെ എൻഐഎ സംഘം പിടികൂടിയത്. ഇയാൾക്ക് ബംഗ്ലാദേശിലെയും മ്യാൻമറിലെയും ഭീകരവാദ നേതാക്കളുമായി ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. മണിപ്പുർ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മ്യാൻമറിലെയും ബംഗ്ലാദേശിലെയും ഭീകരരുമായി കൂടിയാലോചന നടത്തിയതായും ഭീകര വിരുദ്ധ ഏജൻസി പ്രസ്താവനയിൽ പറയുന്നു.
സർക്കാരിനെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനം
?️സമൂഹമാധ്യമങ്ങളിൽ സർക്കാരിന്‍റെ നയങ്ങൾക്കെതിരേയും മന്ത്രിമാർക്കെതിരേയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്ററുകൾ പങ്കുവച്ച സർക്കാർ ജീവനക്കാരന് സസ്പെൻഷൻ.ജിഎസ്ടി ആലുവ ഡെപ്യൂട്ടികമ്മിഷണർ ഓഫിസിലെ ക്ലർക്കൽ അറ്റൻഡർ എം.എ. അഷ്റഫനിയെയാണ് സസ്പെൻഡ് ചെയ്തത്.
മുട്ടിൽ മരംമുറി: കർഷകർക്ക് നോട്ടീസ് നൽകിയതിനെതിരെ സിപിഎം
?️മുട്ടിൽ മരംമുറിക്കേസിൽ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കും പിഴയടക്കാൻ നോട്ടീസ് നൽകിയ റവന്യൂ വകുപ്പിനെതിരെ സമരത്തിനൊരുങ്ങി സിപിഎം.മുഖ്യ പ്രതികളായ റോജി അഗസ്റ്റിനുൾപ്പെടെയുള്ള അഗസ്റ്റിൻ സഹോദരങ്ങളെ രക്ഷിക്കാൻ റവന്യൂ ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതായി ജില്ലാ സെക്രട്ടറി പി ഗഗാറിൻ ആരോപിച്ചു. കർഷകർക്ക് നൽകിയ പിഴ നോട്ടീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിക്കും.
പഞ്ചാബിൽ ട്രെയിൻ തടഞ്ഞ് കർഷകർ; മൂന്നാം ദിനവും സമരം ശക്തം
?️പഞ്ചാബിൽ കർഷകർ ആഹ്വാനം ചെയ്ത ട്രെയിൻ തടയൽ സമരം മൂന്നാം ദിവസവും തുടരുന്നു. പ്രളയം മൂലമുണ്ടായ കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകണമെന്നും താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പു നൽകണമെന്നും കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഇതേത്തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ വഴി തിരിച്ചു വിട്ടിട്ടുമുണ്ട്. ഫരീദ്കോട്ട്, സാമ്രാല, മോഗ, ഹോഷിയാർപുർ, പട്ട്യാല, ഗുർദാസ്പുർ,ജലന്ധർ, അമൃത്‌സർ തുടങ്ങി നിരവധിയിടങ്ങളിൽ വ്യാഴാഴ്ച മുതൽ ട്രെയിൻ തടയുകയാണ്. ഇതു മൂലം നിരവധി യാത്രക്കാരാണ് പഞ്ചാബിലും ഹരിയാനയിലും കുടുങ്ങിക്കിടക്കുന്നത്.
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ചു
?️ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ചതായി സൈന്യം സ്വിരീകരിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ജമ്മു കശ്മീർ പൊലീസിന്‍റെ രഹസ്യ വിവരത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ഇതിനിടെ മച്ചിൽ സെക്ടറിൽ നിന്ന് രണ്ട് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയിൽപ്പെട്ടു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഇവരെ വധിക്കുകയായിരുന്നു. പ്രദേശത്ത് രണ്ട് പേർ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
ന്യൂനമർദം ശക്തി പ്രാപിക്കുന്നു
?️അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മുകളിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് തീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
കാവേരി നദീജല തർക്കം
?️കാവേദി നദീജല തർക്കത്തിൽ സുപ്രീം കോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകാനൊരുങ്ങി കർണാടക സർക്കാർ. കാവേരി വാട്ടർ മാനേജ്മെന്‍റ് അഥോറിറ്റി( സിഡബ്ല്യുഎംഎ)യിലും റിവ്യൂ ഹർജി നൽകും. തമിഴ്നാടിന് ജലം വിട്ടു കൊടുക്കുന്നതിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ശനിയാഴ്ച ഹർജി സമർപ്പിച്ചേക്കും.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് യശോദര രാജെ സിന്ധ്യ
?️ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മധ്യപ്രദേശ് കായിക മന്ത്രിയും ബിജെപി നേതാവുമായ യശോദര സിന്ധ്യ. ആരോഗ്യ പ്രശ്നങ്ങളാണ് യശോദര സിന്ധ്യയെ അലട്ടുന്നത്. ഇതിനിടെ 4 തവണയാണ് യശോദര സിന്ധ്യയെ കോവിഡ് ബാധിച്ചത്. അതു കൊണ്ടു തന്നെ പാർട്ടി നേതാക്കളോട് താൻ മത്സരിക്കാനില്ലെന്ന് യശോദര വ്യക്തമാക്കിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പൂർണമായി പങ്കെടുക്കാനോ ജനങ്ങളുമായി ബന്ധപ്പെടാനോ തനിക്കാകില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്. ആറു മാസത്തോളം വിശ്രമിച്ചെങ്കിൽ മാത്രമേ ആരോഗ്യം പൂർവസ്ഥിതിയിലെത്തൂ എന്നാണ് ഡോക്റ്റർമാർ നൽകിയിരിക്കുന്ന നിർദേശം.
ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഉപേക്ഷിച്ചു
?️കനത്ത മഴയെത്തുടർന്ന് ഇന്ത്യ- ഇംഗ്ലണ്ട സന്നാഹ മത്സരം ഉപേക്ഷിച്ചു. ബിസിസിഐ എക്സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തതിനു പിന്നാലെയാണ് സ്റ്റേഡിയത്തിൽ മഴ തുടങ്ങിയത്. മണിക്കൂറുകളോളം മഴ നീണ്ടു നിന്നതോടെയാണ് ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹമത്സരം ഉപേക്ഷിച്ചത്.
ഏഷ്യൻ ഗെയിംസ്: സ്ക്വാഷിലും സ്വർണത്തിളക്കം, പത്താം സ്വർണം നേടിയത് പാക്കിസ്ഥാനെ തോൽപ്പിച്ച്
?️ആവേശോജ്വലമായ പോരാട്ടത്തിനൊടുവിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി സ്ക്വാഷിലും സ്വർണം സ്വന്തമാക്കി ഇന്ത്യൻ പുരുഷ ടീം. 9 വർഷത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ സ്ക്വാഷിൽ സ്വർണം നേടുന്നത്. . 2-1നാണ് ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അഭയ് സിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഒരു പക്ഷേ പരാജയപ്പെട്ടേക്കാമെന്ന് സംശയിച്ചിരുന്ന നിമിഷത്തിൽ ഇന്ത്യക്കു വേണ്ടി രണ്ടു പോയിന്‍റുകൾ നേടി 12-10 സ്കോറിൽ അഭയ് അവസാന ഗെയിം അവസാനിപ്പിച്ചു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5335 രൂപ
പവന് 42680 രൂപ