നായ പരിശീലനകേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം നടത്തിയ കേസിൽ പ്രതി റോബിൻ ജോർജ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.
കോട്ടയം കുമാരനല്ലൂരിലെ ‘ഡെൽറ്റ കെ-9’ എന്ന നായ പരിശീലനകേന്ദ്രത്തിൽനിന്ന് 18 കിലോ കഞ്ചാവാണ് പോലീസ് സംഘം പിടിച്ചെടുത്തത്. നായകളെ പരിശീലിപ്പിക്കുന്നതിന്റെ പേരിൽ വാടകയ്ക്ക് വീടെടുത്ത് റോബിൻ ജോർജ് എന്നയാളാണ് ലഹരിവിൽപ്പന നടത്തിയിരുന്നത്. പതിമൂന്നോളം നായ്ക്കളാണ് ഇയാളുടെ കേന്ദ്രത്തിലുണ്ടായിരുന്നത്. മിക്കസമയത്തും നായ്ക്കളെ അഴിച്ചുവിടുന്നതിനാൽ ആരും ഇവിടേക്ക് അടുത്തിരുന്നില്ല. കാക്കി കണ്ടാൽ കടിക്കാൻ വരെ ഇയാൾ നായകളെ പരിശീലിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.