ന്യൂയോർക്ക്: മരണം എന്ന സത്യത്തെ തോൽപിക്കാനുള്ള ഗവേഷണങ്ങൾക്കു സ്വന്തം ശരീരം സമർപ്പിച്ച് യു.എസ് ശതകോടീശ്വരൻ. 400 മില്യൻ യു.എസ് ഡോളർ(ഏകദേശം 3,330 കോടി രൂപ) ആസ്തിയുള്ള ബ്രയാൻ ജോൺസൻ ആണ് യുവത്വം നിലനിർത്താനുള്ള ഗവേഷണങ്ങൾക്കായി ശതകോടികൾ നിക്ഷേപിച്ചിരിക്കുന്നത്. ഗവേഷണത്തിന്റെ ഭാഗമായി സ്വന്തം യുവത്വം നിലനിർത്താനായി ദിവസവും ബ്രയാൻ കഴിക്കുന്നത് 111 ഗുളികകളാണ്.
‘ടൈം’ മാഗസിനു നൽകിയ അഭിമുഖത്തിലാണ് ബ്രയാൻ ജോൺസൻ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. മരണം ഇല്ലാതാക്കാനും നിത്യയൗവനം നിലനിർത്താനുമുള്ള ഗവേഷണങ്ങൾക്കായി ബ്ലൂപ്രിന്റ് എന്ന പേരിൽ ഒരു സ്ഥാപനത്തിനു തുടക്കമിട്ടിട്ടുണ്ട് 46കാരൻ. പ്രായമാകുന്ന ജീവശാസ്ത്രാവസ്ഥ അവസാനിപ്പിക്കാനുള്ള ഗവേഷണത്തിനായി ഒരു സംഘം ഡോക്ടർമാരെ കമ്പനിയിൽ നിയമിച്ചിട്ടുണ്ട്. സ്വന്തം ശരീരം തന്നെയാണു ഗവേഷണവസ്തുവായി സമർപ്പിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ദിവസവും 111 ഗുളികകൾ കഴിക്കുന്നത്. ഇതിനുപുറമെ തലച്ചോറിലേക്ക് ചുവന്ന വെളിച്ചം കടത്തിവിടുന്ന ബേസ്ബാൾ തൊപ്പി ധരിച്ചാണ് അദ്ദേഹം നടക്കുന്നത്. ദിവസവും ഒരു ജോലിയുമെടുക്കാതെ വെറുതെയിരിക്കും. പുസ്തകം വായിക്കുക പോലും ചെയ്യില്ല. റൂമിൽ കിടക്കക്കു പുറമെ, അസ്ഥികളിലെ പ്രോട്ടീൻ വളർച്ചയ്ക്കും ശരീരത്തിലെ ചുളിവുകൾ കുറയ്ക്കാനുമുള്ള ലേസർ ഫേസ് ഷീൽഡും, ഉറക്കസമയത്തെ ഉദ്ധാരണം അളക്കാനായി ജനനേന്ദ്രിയത്തിൽ ഘടിപ്പിക്കുന്ന ഉപകരണവും മാത്രമാണ് റൂമിലുണ്ടാകുക.
മുഖത്തെ ചുളിവുകൾ തടയാനായി ഒരു ക്രീം ഉപയോഗിച്ചാണു രാവിലെ മുഖം കഴുകുക. മധുരപലഹാരങ്ങളോ ഭക്ഷണമോ ഒന്നും തൊടുക പോലുമില്ല. ദിവസവും എട്ടു മണിക്കൂറിലേറെ ഉറക്കവും നിർബന്ധമാണ്. മധുരവും എട്ടു മണിക്കൂറിൽ കുറഞ്ഞ ഉറക്കവുമെല്ലാണു മനുഷ്യരുടെ പ്രായം കൂട്ടുന്നതെന്നാണ് ബ്രയാൻ പറയുന്നത്.