വടക്കഞ്ചേരി : പാലക്കുഴി മലയോരവാസികളുടെ സ്വപ്ന പദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ ശേഷിച്ച ജോലികള്‍ നവംബറില്‍ ആരംഭിക്കും.
ഇതിന്‍റെ ഭാഗമായുള്ള റീ ടെൻഡര്‍ നടപടികള്‍ നടന്നുവരികയാണ്. കോലഞ്ചേരി ആസ്ഥാനമായുള്ള കണ്‍സ്ട്രക്ഷൻ കമ്ബനിയാണ് ഇതുവരെയുള്ള വര്‍ക്കുകള്‍ നടത്തിയിരുന്നത്. ആറ് വര്‍ഷം മുമ്ബത്തെ എസ്റ്റിമേറ്റ് പ്രകാരമായിരുന്നു വര്‍ക്കുകള്‍ നടത്തിയിരുന്നത്.
എന്നാല്‍ സിമന്‍റ്, കമ്ബി, ലേബര്‍ ചാര്‍ജ് തുടങ്ങി എല്ലാറ്റിനും ഇപ്പോള്‍ വില കൂടി. ഇത് പരിഗണിച്ച് തുക ഉയര്‍ത്തണമെന്ന് കരാര്‍ കമ്ബനി ആവശ്യപ്പെട്ടെങ്കിലും അതില്‍ നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് കരാര്‍ കമ്ബനി വര്‍ക്കുകളില്‍ നിന്നും പിന്മാറിയത്. ഇനി റീ ടെൻഡറിലൂടെയാണ് പുതിയ കരാര്‍ കമ്ബനിയെ കണ്ടെത്തുന്നത്. ടെൻഡര്‍ നടപടികള്‍ ഒക്ടോബറില്‍ പൂര്‍ത്തിയാക്കി നവംബറില്‍ ശേഷിച്ച പണികള്‍ പുനരാരംഭിക്കാനാകുമെന്നാണ് വിലയിരുത്തല്‍. വെള്ളച്ചാട്ടത്തിനു താഴെ കൊന്നക്കല്‍ക്കടവിലെ പവര്‍ഹൗസിന്‍റെ നിര്‍മാണമാണ് ഇനി പ്രധാനമായും ശേഷിച്ചിട്ടുള്ളത്.
ഇവിടേക്കുള്ള റോഡ് പണികളും പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത കാലവര്‍ഷത്തോടെ പദ്ധതിയില്‍ നിന്നും വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. അതേ സമയം, സമയബന്ധിതമായി എല്ലാം നടക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം കഴിയുമെന്ന പറഞ്ഞിരുന്ന പദ്ധതി ആറ് വര്‍ഷമായിട്ടും പാതിവഴിയില്‍ നില്‍ക്കുന്നതില്‍ മലയോരവാസികള്‍ക്കും ആശങ്കയുണ്ട്. പദ്ധതിക്കായുള്ള പാലക്കുഴി അഞ്ചുമുക്കിലെ തടയണ ഉള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ വേനലില്‍ പ്രദേശത്തെ ജലക്ഷാമത്തിനെങ്കിലും പരിഹാരമാകുമായിരുന്നെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ദുര്‍ബലമായ കാലവര്‍ഷത്തില്‍ നീരൊഴുക്ക് നന്നേ കുറഞ്ഞ് ഉള്ള വെള്ളവും ഒഴുകിപോകുന്ന സ്ഥിതിയാണിപ്പോള്‍.
വേനലില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള വെള്ളമില്ലാതെ പണികള്‍ നിര്‍ത്തിവച്ചതിനു ശേഷം പിന്നെ പവര്‍ഹൗസിന്‍റെ പണികളും നടന്നില്ല. തടയണ കെട്ടിനു മുകളിലൂടെ മറുഭാഗത്തേക്കുള്ള റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. തടയണയില്‍ സംഭരിക്കുന്ന വെള്ളം പവര്‍ഹൗസിലെത്തിച്ചാണ് വൈദ്യുതി ഉത്പാദനം നടത്തുക. വൈദ്യുതി ഉത്പാദനത്തിനുശേഷം വെള്ളം പവര്‍ഹൗസിനടുത്തു വച്ചു തന്നെ അതേ പുഴയിലേക്ക് ഒഴുക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മലമുകളിലെ തടയണയില്‍നിന്നു വനത്തിലൂടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി ഏതാനും മാസം മുമ്ബ് വനംവകുപ്പില്‍ നിന്നും ലഭിച്ചിരുന്നു. വനം വകുപ്പിന്‍റെ അനുമതിക്കായി വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നതും നിര്‍മാണം വൈകിപ്പിച്ചു.
ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്‌ഇബി ക്ക് കൈമാറിയാണ് പദ്ധതി ലാഭകരമാക്കുന്നത്. ഇതിനായി വൈദ്യുതി ലൈൻ എത്തിനില്‍ക്കുന്ന കൊന്നക്കല്‍കടവില്‍ നിന്നും ഒന്നര കിലോമീറ്ററോളമുള്ള ഫൗര്‍ഹൗസിലേക്ക് വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിക്കലും നടന്നിട്ടുണ്ട്. ജൂണ്‍മാസം മുതല്‍ ആറുമാസ കാലമാണ് വൈദ്യുതി ഉത്പാദനം നടക്കുക. തുടര്‍ന്നുള്ള മാസങ്ങളില്‍ ജല ലഭ്യതക്കനുസരിച്ചാകും ഉല്പാദനം. വര്‍ഷത്തില്‍ 3.78 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്ബനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 19 കോടി രൂപയുടെതായിരുന്നു ആദ്യ എസ്റ്റിമേറ്റ്. 2017 ഡിസംബര്‍ 21നാണ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടന്നത്.