ഹരിതവിപ്ലവത്തിന്‍റെ പിതാവ് എം.എസ്. സ്വാമിനാഥന്‍ അന്തരിച്ചു
?️കൃഷി ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവുമായ എം. എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ആസൂത്രണകമ്മീഷന്‍ അംഗമായി പ്രവർത്തിച്ച അദ്ദേഹം യുഎന്‍ ശാസ്ത്രോപദേശകസമിതി അധ്യക്ഷനായിരുന്നു. രാജ്യത്തും വിദേശത്തുമായി 84 ഓണററി ഡോക്‌ടറേറ്റുകൾ, മാഗ്‌സസെ ഉൾപ്പടെയുള്ള നിരവധി അന്താരാഷ്ട്ര പുവസ്കാരങ്ങൾ സ്വന്തമാക്കി. ഇന്ത്യന്‍ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുത്ത് അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്.
അരവിന്ദാക്ഷനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി ഇഡി
?️കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി. ആർ. അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) വീണ്ടും കസ്റ്റഡിയിൽ വാങ്ങും. അരവിന്ദാക്ഷന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിനൊപ്പം അരവിന്ദാക്ഷൻ വിദേശയാത്ര നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: നിക്ഷേപകരെ നേരിൽ കാണാൻ സിപിഎം നേതാക്കൾ
?️ജില്ലയിൽ സിപിഎമ്മിന്‍റെ മുഖച്ഛായക്ക് പ്രതിസന്ധിയുണ്ടാക്കിയ കരുവന്നൂർ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ സിപിഎം നടപടികൾക്കൊരുങ്ങുന്നു. ഇതിനായി നിക്ഷേപം സ്വീകരിക്കുന്ന പ്രവൃത്തികൾക്ക് നേതാക്കൾ തന്നെ രംഗത്തിറങ്ങും. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ-സംസ്ഥാന നേതാക്കൾ നേരിൽ കണ്ട് പണം മടക്കി നൽകുമെന്ന് ഉറപ്പു നൽകും. കരുവന്നൂർ ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ റിപ്പോർട്ടിങ്ങിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ജപ്തി സൂചനയെ തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ചവരിൽ ഒരാൾ മരണപ്പെട്ടു
?️ചാലക്കുടി കാതിക്കുടത്ത് സഹകരണ ബാങ്കിൽ നിന്ന് ജപ്തി സൂചന നൽകിക്കൊണ്ടുള്ള ഡിമാൻഡ് നോട്ടീസ് ലഭിച്ചതിനു പിന്നാലെ ആത്മഹത്യക്കു ശ്രമിച്ച കുടുംബത്തിലെ വയോധിക മരണപ്പെട്ടു. അമിതമായി ഉറക്കഗുളിക അകത്തു ചെന്നതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ കറുകുറ്റി അപോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാതിക്കുടം മച്ചിങ്ങൽ വീട്ടിൽ തങ്കമണി (69) യാണ് വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് തങ്കമണി മകൾ ഭാഗ്യലക്ഷ്മി(36) ചെറുമകൻ അതുൽകൃഷ്ണ( 10) എന്നിവരെ അമിതമായി ഉറക്കഗുളിക അകത്തു ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഓൺലൈൻ കള്ള് ഷാപ്പ് വിൽപ്പന: പുതുചരിത്രം കുറിച്ച് എക്സൈസ് വകുപ്പ്
?️പൂർണമായി ഓണ്‍ലൈനിലൂടെ കളള് ഷാപ്പുകളുടെ വില്‍പ്പന നടത്തി ചരിത്രം സൃഷ്ടിച്ച് എക്സൈസ് വകുപ്പ്. സംസ്ഥാനതലത്തിൽ ഓൺലൈനിലെ ആദ്യ റൗണ്ട് വിൽപ്പനയിൽ തന്നെ 87.19ശതമാനം ഗ്രൂപ്പുകളുടെയും വിൽപ്പന പൂർത്തിയാക്കിയതായി എക്സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. തീർത്തും സുതാര്യവും നിഷ്പക്ഷവുമായി, ബാഹ്യ ഇടപെടലുകള്‍ക്ക് പഴുതു കൊടുക്കാതെ, സാമ്പത്തികച്ചെലവ് പരമാവധി കുറച്ചു നടത്തിയ വിൽപ്പന മാതൃകാപരമാണെന്നു മന്ത്രി പറഞ്ഞു. പ്രവർത്തനത്തിനു നേതൃത്വം നൽകിയ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.
വാളയാർ കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പെൺകുട്ടികളുടെ അമ്മ
?️വാളയാർ കേസിൽ അഡ്വ. കെ പി സതീശനെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യവുമായി പെൺകുട്ടികളുടെ അമ്മ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് സിബിഐ ഡയറക്ടർക്ക് കത്ത് നൽകി. പ്രതികളുടെ നുണ പരിശോധന താന്‍ കോടതിയിൽ എതിർത്തു എന്നത് സത്യമായ കാര്യമല്ലെന്നും കേസ് അട്ടിമറിക്കാന്‍ പ്രോസിക്യൂട്ടർ ശ്രമിക്കുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു. കേസിന്‍റെ ചുമതലകളിൽ നിന്നും കെ പി സതീശനെ നീക്കണമെന്നും തനിക്ക് വിശ്വാസമുള്ള മറ്റൊരാളെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സ്പെഷ്യൽ പ്രോസിക്യൂട്ടർ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് താരം!
?️നാളുകൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനു ശേഷം കോൽക്കത്ത സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സമൂഹമാധ്യമത്തിലൂടെയാണ് താരം തന്‍റെ തീരുമാനം അറിയിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചെയർമാൻ പദവി ശമ്പളത്തോടു കൂടിയുള്ള ജോലിയായിരിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
നെല്ല് സംഭരണ കുടിശിക ഒരു മാസത്തിനുള്ളിൽ കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി
?️നെല്ല് സംഭരണ കുടിശിക സപ്ലൈകോ ഒരു മാസത്തിനുള്ളിൽ കർഷകർക്ക് കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി. ഒക്റ്റോബർ 30 നകം നടപടി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. തുക ബാങ്ക് വഴി കൊടുക്കാമെന്ന നിലപാട് കർഷകരുടെ മുന്നിലേക്കു വയ്ക്കാമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. ഓണം കഴിഞ്ഞിട്ടും നെല്ല് സംഭരണ കുടിശിക ലഭ്യമാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം
?️വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിലെ കെഎഫ്‌ഡിസി ഓഫിസ് സായുധ സംഘം അടിച്ചു തകർത്തു. ഓഫിസിൽ പോസ്റ്റർ പതിപ്പിച്ചു. സംഭവത്തിനു പിന്നാലെ പ്രദേശത്ത് തണ്ടർബോൾട്ട് സംഘം തെരച്ചിൽ ആരംഭിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആറംഗ സംഘം ഓഫിസിലെത്തി ഉദ്യോഗസ്ഥരെ കണ്ട ശേഷം ഓഫിസിന്‍റെ ചില്ലുകൾ തകർക്കുകയായിരുന്നു. കമ്പമല പാടിയിലെ തൊഴിലാളികൾക്ക് വാസയോഗ്യമായ വീട് നൽകണമെന്നാവശ്യപ്പെട്ട് സിപിഐ മാവോയിസ്റ്റിന്‍റെ പേരിലുള്ളതാണ് പോസ്റ്ററുകൾ. പിന്നാലെ സായുധ സംഘം അടുത്ത കാട്ടിലേക്ക് മറഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ മണിപ്പൂരിൽ നിയമിച്ച് ആഭ്യന്തര മന്ത്രാലയം
?️സംഘർഷം തുടരുന്നതിനിടെ കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ മണിപ്പൂരിൽ നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ശ്രീനഗറിലെ ഉദ്യോഗസ്ഥനായിരുന്ന രാകേഷ് ബൽവാലിനെയാണ് പ്രത്യേക ദൗത്യത്തിനായി നിയമിച്ചിരിക്കുന്നത്. എൻഐഎയിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പുൽവാമ ഭീകരാക്രമണ അന്വഷണ സംഘത്തിലും ഉണ്ടായിരുന്നു. രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് മണിപ്പൂരിൽ വീണ്ടും പ്രതിഷേധം ഉടലെടുത്തത്. തുടർന്ന് ബുധനാഴ്ച തൗബാലിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസ് മെയ്തെയ് വിഭാഗക്കാർ കത്തിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിക്കുകയും കല്ലെറിയുകയും ചെയ്തു.
തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയെ ഇഡി വീണ്ടും ചോദ്യം ചെയ്യും
?️സ്കൂൾ നിയമന അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മൂന്നിനു നേരിട്ടു ഹാജരാകാനാണു നിർദേശം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനാണ് അഭിഷേക്. തൊഴിലുറപ്പു പദ്ധതിയിൽ സംസ്ഥാനത്തിന്‍റെ വിഹിതം തടഞ്ഞുവയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ഡൽഹിയിൽ തൃണമൂൽ കോൺഗ്രസ് റാലി നടത്താനിരിക്കുന്ന ദിവസമാണ് ഒക്റ്റോബർ മൂന്ന്. അഭിഷേകാണ് ഈ റാലിയെ നയിക്കേണ്ടത്. അതേ ദിവസം തന്നെ ചോദ്യം ചെയ്യാൻ വിളിച്ചത് ബിജെപി നേതൃത്വത്തിന്‍റെ ഭയത്തിന് തെളിവാണെന്ന് അഭിഷേക് പറഞ്ഞു.
ഡൽഹിയിൽ ഡീസൽ ജനറേറ്ററുകൾക്ക് നിരോധനം
?️വായു മലിനീകരണം തുടരുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്തും നോയിഡയിലും ഡീസൽ ജനറേറ്ററുകൾക്ക് നിരോധനം. ഒക്‌ടോബർ ഒന്നു മുതലാണ് നിരോധനം പ്രാബല്യത്തിൽ വരിക. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഡീസൽ ജനറേറ്ററുകളുടെ പ്രവർത്തനം നിരോധിക്കണമെന്ന് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മനേജ്മെന്‍റ് നേരത്തെ നിർദേശം നൽകിയിരുന്നു. പരിധികളില്ലാത്ത ഡീസൽ ജനറേറ്ററുകൾ ഉപയോഗിക്കുന്നത് വഴി വായു മലിനീകരണം വൻതോതിൽ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
?️മധ്യപ്രദേശിലെ ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. രാകേഷ് (38) എന്ന ഓട്ടോ ഡ്രൈവർ ആണ് അറസ്റ്റിലായത്. ജീവന്‍ ഖേരിയിൽ നിന്നു കുട്ടി ഇയാളുടെ ഓട്ടോയിൽ കയറിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. കൂടാതെ ഇയാളുടെ ഓട്ടോറിക്ഷയിൽ രക്തത്തുള്ളികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം
?️കയ്പമംഗലത്ത് വാഹനാപകടത്തിൽ 2 യുവാക്കൾ മരിച്ചു. കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. പള്ളിത്താനം സ്വദേശി അബ്ദുൾ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്.
മാടാനിപ്പുര- വഞ്ചിക്കുളം റോഡില്‍ വച്ച് വ്യാഴാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് അപകടമുണ്ടായത്. നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുന്ന സുഹൃത്തുക്കളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റ് 4 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുട്ടിൽ മരംമുറി: റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർ 8 കോടി രൂപ പിഴയടയ്ക്കണം
?️മുട്ടിൽ മരംമുറി കേസിൽ മുഖ്യാസൂത്രകനായ റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകി റവന്യൂവകുപ്പ്. കേരള ലാൻഡ് കൺസർവൻസി ആക്‌ട് പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 35 കേസുകളിലായി എട്ടുകോടി രൂപയാണ് പിഴയായി ഇടാക്കുക. മുറിച്ചുകടത്തിയ മരത്തിന്‍റെ മൂന്നിരിട്ടിവരെയാണ് പിഴ അടയ്ക്കേണ്ടിവരിക. ഒരുമാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ നടപടി ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു.
നിയമനക്കോഴയിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് എം.വി. ഗോവിന്ദൻ
?️ആരോഗ്യമന്ത്രിയുടെ പെഴ്സണൽ സ്റ്റാഫ് അംഗം നിയമനക്കോഴ വാങ്ങിയെന്ന ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണത്തിൽ വീട്ടുവീഴ്ച ചെയ്യാൻ എഡിഎഫോ സിപിഎമ്മോ ആവശ്യപ്പെടില്ല. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് പാർട്ടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മണിപ്പുരിൽ ‘അഫ്സ്പ’ വീണ്ടും നീട്ടി
?️കലാപം ശമിക്കാത്ത മണിപ്പുരിൽ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) ആറു മാസത്തേക്കു കൂടി നീട്ടി. ഇംഫാൽ വാലിയിലെ 19 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങളെയും അസമുമായി അതിർത്തി പങ്കിടുന്ന മേഖലയെയും നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ക്രമസമാധാന നില പുനരവലോകനം ചെയ്തശേഷമാണു സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. നേരത്തേ, അരുണാചൽ പ്രദേശിലും നാഗാലാൻഡിലും അഫ്സ്പ 6 മാസത്തേക്കു നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. മെയ്തേയി വിഭാഗത്തിനു ഭൂരിപക്ഷമുള്ളതാണ് മണിപ്പുരിൽ അഫ്സ്പയിൽ നിന്ന് ഇളവു നൽകിയ പ്രദേശങ്ങൾ.
പഞ്ചാബിൽ കോണ്‍ഗ്രസ് എംഎൽഎ ലഹരിമരുന്നു കേസിൽ അറസ്റ്റിൽ
?️പഞ്ചാബിലെ കോൺഗ്രസ് എംഎൽഎ സുഖ്‌പാൽ ഖൈറ ലഹരി മരുന്ന് കേസിൽ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ നടന്ന റെയിഡിനെ തുടർന്നാണ് അറസ്റ്റ്. ഭോലാത് മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എയാണ് ഖൈറ.
എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ തനിക്കെതിരേ പ്രതികാരനടപടി സ്വീകരിച്ചതാണെന്നും ഖൈറയുടെ പ്രതികരണം. 2015ൽ സമാന രീതിയിൽ എൻഡിപിഎസ് കേസിൽ തന്നെ കുടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ പിന്നീട് ഈ കേസിലെ സമൻസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നുവെന്നും ഖൈറ പറയുന്നു. മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിക്കുന്നതിലാണ് താൻ വേട്ടയാടപ്പെടുന്നതെന്നും ഖൈറ പറഞ്ഞു.
പത്തനംതിട്ടയിൽ അവശനിലയിൽ കണ്ടെത്തിയ കടുവ ചത്തു
?️കട്ടച്ചിറയിൽ അവശനിലയിൽ കണ്ടെത്തിയ കടുവ ചത്തു. കാലിൽ പഴക്കമുള്ള വ്രണവും തലയ്ക്കും ചെവിക്കും മുറിവുമേറ്റ നിലയിൽ റോഡരികിലാണ് കടുവയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലാവാം കടുവയ്ക്ക് പരിക്കേറ്റതെന്നാണ് നിഗമനം. രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ അവശ നിലയിൽ കുറ്റിക്കാട്ടിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് വനംപാലകരെ വിവരമറിയിക്കുകയായിരുന്നു.
സംസ്ഥാനത്ത് മഴ കനക്കും
?️സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യന്‍ ഗെയിംസ് അഞ്ചാം ദിനം ഇന്ത്യയ്ക്ക് ആറാം സ്വർണം
?️ഏഷ്യന്‍ ഗെയിംസിന്‍റെ അഞ്ചാം ദിവസം ഇന്ത്യയ്ക്ക് ആറാം സ്വർണം. പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് സുവര്‍ണ നേട്ടം കരസ്ഥമാക്കിയത്. സരബ്ജോത് സിംഗ്, അർജുൻ ചീമ, ശിവ നർവാൾ എന്നിവരാണ് മെഡൽ കരസ്ഥമാക്കിയത്. 1734 പോയന്‍റുകള്‍ ഫൈനലില്‍ വെടിവച്ചിട്ടാണ് സംഘത്തിന്‍റെ അഭിമാന നേട്ടം. വ്യക്തിഗത വിഭാഗത്തില്‍ സരബ്‌ജോതും അര്‍ജുനും ഫൈനലിലേക്കും മുന്നേറി. അതേസമയം, വനിതകളുടെ 60 കിലോ വിഭാഗം വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി ലഭിച്ചു. ഫൈനലിൽ ചൈനയെ 0-2 ന് പിന്തള്ളിയാണ് റോഷിബ വെള്ളിയിൽ തിളങ്ങിയത്. ഏഷ്യന്‍ ഗെയിംസിൽ ഇതോടെ ഇന്ത്യക്ക് 6 സ്വർണം, 8 വെള്ളി, 10 വെങ്കലം സ്വന്തമാക്കി ആകെ മെഡൽ നേട്ടം 24 ആയി.
അശ്വിൻ ലോകകപ്പ് ടീമിൽ
?️ഓഫ്‌സ്പിന്നർ ആർ. അശ്വിൻ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടംപിടിച്ചു. പരിക്കേറ്റ അക്ഷർ പട്ടേലിനു പകരക്കാരനായാണ് അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 15-അംഗ ടീമിൽ മാറ്റം വരുത്താനുള്ള സമയ പരിധി സെപ്റ്റംബർ 29ന് അവസാനിക്കാനിരിക്കെയാണ് തലേന്നുള്ള പ്രഖ്യാപനം.
2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ സംഘത്തിലും അശ്വിൻ അംഗമായിരുന്നു. അന്നത്തെ ലോകജേതാക്കളിൽ ഇപ്പോഴും ടീമിൽ ശേഷിക്കുന്ന മറ്റൊരാൾ വിരാട് കോലി മാത്രം.
ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്സിനു ട്രാക്ക് ഉണരുന്നു
?️ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്സ് പോരാട്ടങ്ങള്‍ക്ക് വെള്ളിയാഴ്ച രാവിലെ തുടക്കമാകും. ഒക്ടോബര്‍ അഞ്ച് വരെ നീളുന്ന മത്സരങ്ങള്‍ ഹാങ്ചൗ ഒളിംപിക് സ്പോർട്ട്സ് സെന്‍റര്‍ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. അത്‌ലറ്റിക്സില്‍ ഇന്ത്യ വലിയ പ്രതീക്ഷകളോടെയാണ് ഹാങ്ചൗവില്‍ എത്തിയിരിക്കുന്നത്. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഗെയിംസില്‍ അത്‌ലറ്റിക്സില്‍ ഇന്ത്യ കൊയ്തത് എട്ട് സ്വര്‍ണവും ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 20 മെഡലുകളാണ്. അത് മറികടക്കുകയാണ് ഇത്തവണ ലക്ഷ്യം. അഞ്ച് ഫൈനലുകളാണ് വെള്ളിയാഴ്ച നടക്കാനുള്ളത്.
ലോകകപ്പ് സന്നാഹ മത്സരങ്ങൾ തുടങ്ങുന്നു, തിരുവനന്തപുരത്ത് നാലെണ്ണം
?️ലോകകപ്പ് ക്രിക്കറ്റിന്‍റെ കേളികൊട്ടുമായി സന്നാഹ മത്സരങ്ങൾ വെള്ളിയാഴ്ച തുടക്കം കുറിക്കും. ലോകകപ്പ് വേദി ലഭിക്കാത്തിന്‍റെ നിരാശ തീർക്കാൻ ഉപകരിക്കില്ലെങ്കിലും തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് നാലു സന്നാഹ മത്സരങ്ങൾ അനുവദിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേതിൽ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ഇരു ടീമുകളും രണ്ടു ദിവസം മുൻപു തന്നെ സ്ഥലത്തെത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു. മറ്റു മത്സരങ്ങളിൽ ബംഗ്ലാദേശ് ശ്രീലങ്കയെയും, ന്യൂസിലൻഡ് പാക്കിസ്ഥാനെയും നേരിടും. ബംഗ്ലാദേശ് – ശ്രീലങ്ക മത്സരം ഗോഹട്ടിയിലും, ന്യൂസിലൻഡ് – പാക്കിസ്ഥാൻ മത്സരം ഹൈദരാബാദിലുമാണ്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5,390 രൂപ
പവന് 43,120 രൂപ