വടക്കഞ്ചേരി : ലക്ഷങ്ങള്‍ മുടക്കി പണിത ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് പരാതി.
കെ.ഡി. പ്രസേനൻ എംഎല്‍എയുടെ പ്രാദേശിക ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച ചിറ്റിലഞ്ചേരി ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തെരുവു കച്ചവടക്കാര്‍ കയ്യേറിയത്.
പഞ്ചായത്ത്, പൊതുമരാമത്ത്, പോലീസ് എന്നിവരോ പൊതുപ്രവര്‍ത്തകര്‍ പോലും ഇതിനെതിരെ പ്രതികരിക്കുന്നില്ലെന്ന് ഇവിടെ ബസു കാത്തു നില്ക്കുന്ന വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.
ബസ് കാത്തിരിപ്പ് കേന്ദ്രം തെരുവുകച്ചവടക്കാര്‍ കയ്യേറിയതോടെ ബസുകളും സ്റ്റോപ്പില്‍ നിര്‍ത്താതെ തിരക്കുപിടിച്ച കവലയില്‍ യാത്രക്കാരെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്ന സ്ഥിതിയുണ്ട്.
പോലീസിനെയോ ഹോം ഗാര്‍ഡിനെയോ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ പരിസരത്ത് ഡ്യൂട്ടിക്ക് ഏര്‍പ്പെടുത്തി യാത്രക്കാരുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.