ലാഭം വാഗ്ദാനം ചെയ്ത് നെന്മാറ സ്വദേശിയുടെ 3,44,300 രൂപ തട്ടി: തട്ടിപ്പ് വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച്*

പാലക്കാട്∙ ഓൺലൈൻ കമ്പനി ജീവനക്കാരൻ എന്ന വ്യാജേന നെന്മാറ സ്വദേശിയായ യുവാവിൽ നിന്നു 3,44,300 രൂപ തട്ടിയെടുത്തു. ഓൺലൈൻ മാർക്കറ്റിങ് പ്രമോഷൻ കമ്പനിയാണെന്നും നൈനാ എന്ന പേരുള്ള ജീവനക്കാരനാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു പരിചയപ്പെട്ടത്. വീട്ടിലിരുന്നു വരുമാനമുണ്ടാക്കാമെന്നു പറഞ്ഞാണു ചതിയിൽ വീഴ്ത്തിയത്. ആദ്യഘട്ടത്തിൽ ഏൽപിച്ച ജോലി പൂർത്തിയാക്കിയതോടെ ആദ്യം നിക്ഷേപിച്ച തുകയ്ക്കു നല്ല ലാഭം തിരികെ നൽകി പ്രലോഭിപ്പിക്കുകയായിരുന്നു.
മൂന്നുതരം ജോലികൾ നൽകിയിരുന്നു. ഇവ പൂർത്തിയാക്കുന്നതിനിടെ അജ്ഞാതന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കു യുവാവിന്റെ അക്കൗണ്ടിൽ നിന്നു 3,44,300 രൂപ അയച്ചു. 30% ലാഭം തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. ലാഭവും നിക്ഷേപിച്ച തുകയും കിട്ടാതെ വന്നപ്പോൾ അന്വേഷിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണു കബളിക്കപ്പെട്ടതായി യുവാവിനു ബോധ്യപ്പെട്ടത്.