വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു; കുഴിച്ചിട്ടത് സ്ഥലം ഉടമ അനന്തൻ

വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു. പ്രദേശത്തുനിന്ന് കാണാതായ കോട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാളാണ്ടിത്തറ പുതുശ്ശേരിതറ സ്വദേശി സതീശ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. പന്നിയെ പിടികൂടാൻ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച യുവാക്കളെ താൻ വയലിൽ കുഴിച്ചിടുകയായിരുന്നു സ്ഥലമുടമ അനന്തൻ സമ്മതിച്ചു.
കുഴിയിൽ വയർ കീറിയ നിലയിൽ ഒന്നിന് മുകളിൽ ഒന്നായി മൃതദേഹങ്ങൾ അടുക്കിയിരിക്കുകയായിരുന്നു. വയലിൽ ഉടമ അനന്തൻ കുഴി എടുക്കുന്നത് കണ്ടെന്ന് പ്രദേശവാസികൾ മൊഴിനൽകി. യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കൾ പോവുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ 4.52 നാണ് യുവാക്കൾ വയൽ പ്രദേശത്തേക്ക് കടക്കുന്നത്.