27.09.2023
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പി.ആർ. അരവിന്ദാക്ഷൻ അറസ്റ്റിൽ
?️കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ. അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരിയിൽ എ.സി. മൊയ്തീന്‍റെ വിശ്വസ്തനാണ് അരവിന്ദാക്ഷന്‍. വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയാണ് അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തത്. അവിടെ നിന്ന് കൊച്ചിയിലേക്കു കൊണ്ടുപോയി.
ഷാരോൺ വധക്കേസ്: ഗ്രീഷ്മ ജയിൽ മോചിതയായി
?️പാറശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ 11 മാസത്തെ ജയിൽ വാസത്തിനു ശേഷമാണ് ഗ്രീഷ്മ പുറത്തിറങ്ങിയിരിക്കുന്നത്. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും ജുഡിഷ്യൽ കസ്റ്റഡിയിൽവെക്കേണ്ടെന്ന് വിലയിരുത്തിയ ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ: ബാങ്കിനു മുന്നിൽ മൃതദേഹവുമായി പ്രതിഷേധം
?️ബാങ്ക് ഭീഷണിയെ തുടർന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തിൽ ബാങ്കിനു മുന്നിൽ വന്‍ പ്രതിഷേധം. ബാങ്ക് മനേജര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി കർണാടക ബാങ്കിനു മുന്നിലായിരുന്നു കുടുംബത്തിന്‍റെ പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവർത്തകരും വ്യാപാരി വ്യവസായി സംഘടനയുമാണ് പ്രതിഷേധത്തിനു നേതൃത്വം നൽകിയത്. നിർബന്ധിതമായി കടയിൽ നിന്ന് പണം എടുത്തുകൊണ്ടുപോകുന്ന സാഹചര്യവും ഉണ്ടായിട്ടുള്ളതായി കുടുംബം പറയുന്നു. തുടർന്നാണ് തിങ്കളാഴ്ച ഉച്ചയോടെ ബിനു വീട്ടിലെത്തി തൂങ്ങിമരിച്ചത്. കുടുംബം ബാങ്ക് മനേജര്‍ പ്രദീപിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്‌കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് ക മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസ്
?️പള്ളത്തടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. മുണ്ട്യത്തടുക്കയിലെ ജോൺ ഡീസൂസ (56) എന്നയാൾക്കെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. ഇയാളുടെ അശ്രദ്ധയും റോഡ് നിർമാണത്തിലെ അപാകതയുമാണ് അപകടത്തിനു കാരണമായതെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തൽ. സ്കൂൾ ബസ് അമിതവേഗത്തിലായിരുന്നു എന്നും നാട്ടുകാർ പറഞ്ഞിരുന്നു.
നിപ: 21 ദിവസം നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണമെന്ന് വീണാ ജോർജ്
?️നിപ പ്രതിരോധത്തിന്‍റെ ഭാഗമായി ഐസൊലേഷനിലുള്ളവര്‍ 21 ദിവസം നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചിലരെ, സമ്പര്‍ക്കത്തിന്‍റെ മൂന്നാമത്തെ ആഴ്ചയില്‍ ലക്ഷണങ്ങളോട് കൂടി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് പോസിറ്റീവ് ആയി കണ്ടതിനെത്തുടര്‍ന്നാണ് 21 ദിവസം ക്വാറന്‍റൈന്‍ എന്ന നിര്‍ദ്ദേശം വിദഗ്ധ സമിതി നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് 71 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
?️സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ 71 പേർക്ക് രോഗം സ്ഥിരീകരിച്ചു. 185 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്. ഇന്നലെ മാത്രം 26 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കാവേരി പ്രശ്നം വഷളാകുന്നു
?️കർണാടകയും തമിഴ്‌നാടും തമ്മിൽ കാവേരി നദീജലത്തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ എലിയെ തിന്ന് തമിഴ്‌നാട്ടിലെ കർഷകരുടെ പ്രതിഷേധം. തിരുച്ചിറപ്പള്ളിയിൽനിന്നുള്ള ഒരു സംഘം കർഷകരാണ് പ്രശ്നത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിചിത്രമായ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇതിന്‍റെ വീഡിയോ പുറത്തുവിട്ടത്. കാവേരി നദിയിലെ വെള്ളം വിട്ടുകൊടുക്കാൻ കർണാടക തയാറായില്ലെങ്കിൽ കൃഷി നശിച്ച് എലിയെ തിന്നു ജീവിക്കേണ്ടി വരും എന്ന സന്ദേശമാണ് തമിഴ്‌നാട്ടിലെ കർഷകർ ഇതിലൂടെ നൽകുന്നത്.
ക്യാനഡയ്ക്കുള്ള മറുപടി ജയ്ശങ്കർ യുഎന്നിൽ നൽകിയേക്കും
?️ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ബുധനാഴ്ച ഐക്യരാഷ്‌ട്ര സഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുമ്പോൾ, എല്ലാവരും കാത്തിരിക്കുന്നത് ക്യാനഡയുടെ ആരോപണങ്ങൾക്കുള്ള മറുപടിയാണ്.
പാക്കിസ്ഥാനിൽ പരിശീലനം നേടിയ ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരിക്കുന്നത്. നയതന്ത്ര തലത്തിൽ ഇന്ത്യ ഇതു നിരാകരിച്ചുകഴിഞ്ഞെങ്കിലും, ഐക്യരാഷ്ട്ര സഭ പോലൊരു വേദിയിൽ നൽകുന്ന മറുപടി ലോകം കൂടുതൽ ശ്രദ്ധിക്കുന്നതായിരിക്കും.
ഇന്ത്യയെക്കുറിച്ച് ട്രൂഡോ പറയുന്നത് നുണയെന്ന് ശ്രീലങ്ക
?️ഖാലിസ്ഥാൻ വിഘടനവാദി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയും ക്യാനഡയും തമ്മിൽ തുടരുന്ന നയതന്ത്ര തർക്കത്തിൽ ഇന്ത്യയുടെ വാദങ്ങൾക്ക് ശക്തമായ പിന്തുണയുമായി ശ്രീലങ്ക. ഭീകര പ്രവർത്തകർക്ക് സുരക്ഷിത താവളമൊരുക്കുന്ന രാജ്യമാണ് ക്യാനഡയെന്നും, അവിടത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും ലങ്കൻ വിദേശകാര്യ മന്ത്രി അലി സബ്രി പറഞ്ഞു.
ഖാലിസ്ഥാൻ നേതാക്കൾ പഞ്ചാബിൽനിന്ന് ക്യാനഡയിലേക്ക് റിക്രൂട്ട്മെന്‍റ് നടത്തി
?️പഞ്ചാബിൽനിന്നുള്ള യുവാക്കൾക്ക് വിസ സ്പോൺസർ ചെയ്ത് ക്യാനഡയിലെത്തിച്ച് ഖാലിസ്ഥാൻ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനാണ് കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജർ അടക്കമുള്ള വിഘടനവാദി നേതാക്കൾ ശ്രമിച്ചുകൊണ്ടിരുന്നതെന്ന് ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസികളുടെ കണ്ടെത്തൽ.
ഖാലിസ്ഥാൻ നേതാക്കളുടെ നിയന്ത്രണത്തിലുള്ള ഗുരുദ്വാരകളിൽ ഉൾപ്പെടെ ചെറിയ ശമ്പളത്തിനു ചെറുകിട ജോലികളും താമസ സൗകര്യവും വാഗ്ദാനം ചെയ്താണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളെയും അനധികൃത കുടിയേറ്റക്കാരെയും അടക്കം ഇവർ പ്രലോഭിപ്പിച്ചിരുന്നത്. ക്യാനഡയിലുള്ള മുപ്പതോളം സിക്ക് ആരാധനാലയങ്ങൾ ഖാലിസ്ഥാന്‍ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്. ഇവിടങ്ങളിൽ പ്ലംബർ, ഡ്രൈവർ തുടങ്ങിയ തസ്തികകളിലാണ് റിക്രൂട്ട്മെന്‍റ് നടത്തിവരുന്നത്.
കെടിഡിഎഫ്സിയുടെ ലൈസൻസ് റദ്ദാക്കൽ കേരള ബാങ്കിനെയും ബാധിക്കും
?️കൊൽക്കത്ത ആസ്ഥാനമായ ശ്രീരാമകൃഷ്ണ മിഷനിൽ നിന്നു 170 കോടി രൂപ സ്ഥിര നിക്ഷേപമായി സ്വീകരിച്ച് കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നൽകാൻ കഴിയാത്തതിനാൽ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്‍റ് ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ (കെടിഡിഎഫ്സി) ബാങ്കിതര ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കും. റിസർവ് ബാങ്ക് ഗവർണർ പ്രത്യേക ദൂതൻ മുഖേന ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു.കെടിഡിഎഫ്സി സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്കു സംസ്ഥാന സർക്കാരിന്‍റെ ഗാരന്‍റിയുള്ളതാണ്. കെടിഡിഎഫ്സിക്കു പണം നൽകാൻ കഴിയുന്നില്ലെങ്കിൽ ഗാരന്‍റി പ്രകാരം സംസ്ഥാന സർക്കാർ ആ പണം നൽകണമെന്നാണ് ചട്ടം. അതു നടക്കാതിരുന്നതോടെ സംസ്ഥാന ഗാരന്‍റിക്കും വിലയില്ലാതായി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍ ബാങ്ക് അക്കൗണ്ടന്‍റും ഇഡി അറസ്റ്റിൽ
?️കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുന്‍ ബാങ്ക് അക്കൗണ്ടന്‍റും ഇഡി അറസ്റ്റിൽ. സി.കെ ജിൽസിനെയാണ് ഇഡി സംഘം ചൊവ്വാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്തത്. സിപിഎം നേതാവ് വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി. ആർ അരവിന്ദാഷന്‍റെ അറസ്റ്റിനു പിന്നാലെയാണ് ജിൽസന്‍റേയും അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.ഇരുവർക്കുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇഡി പറയുന്നു.
ദാദാസാഹിബ് ഫാൽകെ പുരസ്കാരം വഹീദാ റഹ്മാന്
?️ഇന്ത്യൻ സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേന്ദ്ര സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാൽകെ അവാർഡിന് പ്രശസ്ത ബോളിവുഡ് നടി വഹീദാ റഹ്മാൻ അർഹയായി. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
1972 ൽ പദ്‌മശ്രീയും 2011ൽ പദ്‌മഭൂഷണും ലഭിച്ചിരുന്ന വഹീദ റഹ്മാന്‍റെ ശ്രദ്ധേയമായ സിനിമകളിൽ പ്യാസ, കാഗസ് കെ ഫൂൽ, ചൗദ്‌വി കാ ചന്ദ്, സാഹിബ് ബീവി ഗുലാം തുടങ്ങിയവ ഉൾപ്പെടുന്നു.
ബധിരയും മൂകയുമായ അഭിഭാഷക സുപ്രീം കോടതിയിൽ ആദ്യമായി ആംഗ്യഭാഷയിൽ കേസ് വാദിച്ചു
?️ചരിത്ര നിമിഷം കുറിച്ച് സുപ്രീം കോടതിയിൽ ആദ്യമായി ഒരു ബധിരയും മൂകയുമായ അഭിഭാഷക കേസ് വാദിച്ചു. ആംഗ്യഭാഷ ഉപയോഗിച്ചായിരുന്നു അഭിഭാഷകയായ സാറ സണ്ണി കോടതിയിൽ വാദിച്ചത്. ആംഗ്യഭാഷയിൽ (ISL) ജഡ്ജിക്ക് മനസിലാകും വിധം യുവ അഭിഭാഷകയ്ക്കു വേണ്ടി സൗരഭ് റോയ് ചൗധരിയും ഹാജരായി. ഓൺലൈന്‍ വഴിയായിരുന്നു കേസ് കോടതി പരിഗണിച്ചത്. വെർച്വൽ നടപടിക്രമങ്ങൾ കൈകാര്യം ചെയ്തിരുന്ന കൺട്രോൾ റൂം അഭിഭാഷകയായ സാറ സണ്ണിക്ക് സ്‌ക്രീൻ സ്പേസ് നൽകാന്‍ ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് ചീഫ് ജസ്റ്റിസ് ഇടപ്പെട്ട് അനുമതി നൽകുകയായിരുന്നു. അങ്ങനെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ സൗരഭ് റോയ് ചൗധരി തന്‍റെ വാദങ്ങൾ തുടങ്ങി. ഭിന്നശേഷിക്കാരായ 2 പെൺകുട്ടികളുടെ വളർത്തു പിതാവ് കൂടിയാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡെന്ന കാര്യവും ഇതിനിടയിൽ പ്രസക്തമാകുന്നു.
തിരുവനന്തപുരത്തുനിന്ന് ഒക്‌ടോബർ 1 മുതൽ ഒമാൻ എയർ
?️ഒമാൻ എയർ ഒക്‌ടോബർ ഒന്നുമുതൽ തിരുവനന്തപുരത്തുനിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. ഞായർ, ബുധൻ ദിവസങ്ങളിൽ രാവിലെ 7.45-ന് എത്തി 8.45-ന് പുറപ്പെടും. വ്യാഴം പകൽ 1.55ന് എത്തി വൈകിട്ട് 4.10ന് പുറപ്പെടും. ശനി പകൽ 2.30ന് എത്തി 3.30ന് പുറപ്പെടും.162 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737 വിമാനങ്ങളാണ് സർവീസ് നടത്തുക. തിരുവനന്തപുരം––മസ്‌കത്ത് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാൻ എയർ.
രാമക്ഷേത്രത്തിന്‍റെ വിഗ്രഹ പ്രതിഷ്ഠ ജനുവരി 22ന്
?️അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ജനുവരി 22ന് നടത്തുമെന്ന് ക്ഷേത്ര നിർമ്മാണ സമിതി മേധാവി നൃപേന്ദ്ര മിശ്ര. ഡിസംബർ 31 ഗ്രൗണ്ട് ലെനൽ നിർമാണം പൂർത്തികരിക്കുമെന്നും പ്രധാനമന്ത്രിയെ ഔദ്യാഗികമായി ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ 25000 ഓളം ഹിന്ദുമതവിശ്വാസികളെ പങ്കെടുപ്പിക്കും. 10000 പ്രത്യേക അതിഥികൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനുവരി 20 മുതൽ 24 വരെ പ്രധാനമന്ത്രി അയോധ്യയിൽ തുടരുമെന്നാണ് സൂചന. മാത്രമല്ല. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
പനവല്ലിയെ വിറപ്പിച്ച കടുവ കൂട്ടിലായി
?️ഒന്നരമാസത്തോളം തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയേയും പരിസരങ്ങളെയും വിറപ്പിച്ച കടുവ കൂട്ടിലായി. മയക്കുവെടിവച്ച് പിടികൂടാൻ ഊർജിത ശ്രമം നടത്തുന്നതിനിടെ ചൊവ്വ രാത്രി 8.15 ഓടെയാണ് കൂട്ടിലകപ്പെട്ടത്. പനവല്ലി പള്ളിക്ക് സമീപം രവിയുടെ വീടിന് മുന്നിൽ വനംവകുപ്പ് വച്ച കൂട്ടിലാണ് കുടുങ്ങിയത്. ഇതോടെ കടുവാ ഭീതിക്ക് ആശ്വാസമായി.വനം വകുപ്പ് എൻഡബ്ല്യു- 5 ആയി രേഖപ്പെടുത്തിയ കടുവയാണ്. 2016ലെ സെൻസസിൽ തിരുനെല്ലി വനത്തിൽ കണ്ടെത്തിയതായിരുന്നു. കഴിഞ്ഞ ജൂണിൽ തിരുനെല്ലി ആദണ്ഡയിൽ കൂടുവച്ച് പിടിച്ച് ഉൾവനത്തിൽവിട്ട കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങുകയായിരുന്നു.
നിക്ഷേപകർക്ക് നഷ്ടപരിഹാരം നൽകേണ്ടത് സിപിഎം: കെ.സുരേന്ദ്രൻ
?️സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചവർക്ക് ഒരു ചില്ലികാശ് പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ ഗ്യാരണ്ടി പറയാനാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതിയുടെ പിഴ പൊതുഖജനാവിൽ നിന്നാണോ അടയ്ക്കേണ്ടതെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. . സഹകരണ മന്ത്രിമാർ തന്നെ നേരിട്ട് സഹകരണ കൊള്ള നടത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
ബാങ്ക് മാനേജർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ്. എസ്. മനോജ്
?️കോട്ടയത്ത് വ്യാപാരിയുടെ മരണത്തിന് കാരണക്കാരനായ ബാങ്ക് മാനേജർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വ്യാപാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ ശ്രീ. എസ്. എസ്. മനോജ് പറഞ്ഞു.ബാങ്ക് മാനേജരും ഉദ്യോഗസ്ഥരും കടയ്ക്കുള്ളിൽ ബലമായി കടന്ന് ക്യാഷ് കൗണ്ടറിൽ നിന്നും പണമെടുക്കുന്നതും വ്യാപാരിയുടെ ആസ്തി ജഗമ വസ്തുക്കൾ നിർബന്ധപൂർവ്വം വിൽപ്പിച്ച് പണം അടപ്പിക്കുകയും ചെയ്യുന്നതും ആദ്യ സംഭവമാണെന്നും എസ്എസ് മനോജ് പറഞ്ഞു .
മാസപ്പടി വിവാദം!
?️മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് പരാതി നല്‍കിയെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും പൂഞ്ഞാർ മുൻ എംഎൽഎയും മുൻ ചീഫ് വിപ്പുമായിരുന്ന പിസി ജോർജിന്‍റെ മകനുമായ അഡ്വ. ഷോൺ ജോർജ്.മാസപ്പടി വിവാദത്തിൽ തന്‍റെ പരാതിയിൽ 15 ദിവസത്തിനകം നടപടി എടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോൺ പറഞ്ഞു.
വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തുന്നത് 11 ദിവസം വൈകും
?️വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുന്നത് വൈകും. ചൈനയിൽ നിന്നും പുറപ്പെട്ട ഷെൻഹുവ -15 എന്ന കപ്പൽ ഒക്‌ടോബര്‍ 15ന് വൈകിട്ട് 3 മണിക്ക് എത്തുമെന്നാണ് പുതിയ വിവരം. ഒക്‌ടോബർ 4ന് എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും കടലിലെ പ്രതികൂല കാലാവസ്ഥ കാരണമാണ് മാറ്റമുണ്ടായതെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരത്ത് മിന്നൽ പരിശോധന
?️സ്വകാര്യ ഗോഡൗണുകളിൽ സൂക്ഷിച്ച 3500 കിലോ റേഷനരി പിടികൂടി.
താലൂക്ക് സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഇഞ്ചിവിള, പനച്ചമൂട്, വെള്ളറട എന്നിവിടങ്ങളിലെ സ്വകാര്യ ഗോഡൗണുകളിൽ മിന്നൽ പരിശോധന നടന്നു.
കൊല്ലത്ത് സൈനികന്‍റെ ശരീരത്തിൽ ചാപ്പകുത്തിയെന്ന പരാതി വ്യാജം
?️കടയ്ക്കലിൽ സൈനികനെ മർദിച്ച ശേഷം നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ പേര് ശരീരത്തിൽ ചാപ്പ കുത്തിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തൽ.ചാപ്പ കുത്താൻ ഉപയോഗിച്ച പെയിന്‍റും ബ്രഷും കണ്ടെടുത്ത
സുഹൃത്തിന്‍റെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. സംഭവത്തിൽ സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ കസ്റ്റഡിയിലെടുത്തു.
പാർട്ടിക്കെതിരെ വേട്ടയാടൽ തുടരുന്നു, ഇഡിക്ക് വഴങ്ങില്ല; എം.വി ഗോവിന്ദൻ
?️കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസലറുമായ പി.ആർ. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതികാര നടപടിയുടെ ഭാഗമായാണ് ഇഡിയുടെ ആക്രോശമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.നേരത്തെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനിടയിൽ അരവിന്ദാക്ഷനെ മർദിച്ചതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ പ്രതികാര നടപടിയാണ് ഇഡി കാണിക്കുന്നത്. പാർട്ടി അരവിന്ദാക്ഷനൊപ്പമാണ്. ഇഡിക്ക് വഴങ്ങാൻ മനസില്ല. മൊയ്തിനിലേക്ക് മാത്രമല്ല ഇനി പലരിലേക്കും ഇഡി എത്താം. സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായി സഹകരണ പ്രസ്ഥാനങ്ങളെ മാറ്റി: കെ. സുരേന്ദ്രൻ
?️ഇല്ലാത്ത ആളുകളുടെ പേരിൽ വ്യാജ വായ്പ തരപ്പെടുത്തി കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്.
പതിറ്റാണ്ടുകളായി കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായി സഹകരണ പ്രസ്ഥാനങ്ങളെ മാറ്റിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഊരാളുങ്കൽ ലേബർ സൊസൈറ്റി ദുരൂഹതയുടെ കൂടാരമാണെന്നും സുരേന്ദ്രൻ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ
?️പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഒഴിഞ്ഞുകിടക്കുന്ന പാടത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കരിങ്കരപ്പുള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം.
മൃഗ ചികിത്സയ്ക്കും ഗവേഷണത്തിനും “എയിവ്സ് “
?️ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് അഥവാ എയിംസിനു സമാനമായി ഡൽഹിയിൽ മൃഗ ചികിത്സയ്ക്ക് അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രി വരുന്നു. വെറ്ററിനറി വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും കൂടി സൗകര്യമുള്ളതാകും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വെറ്ററിനറി സയൻസസ് (എയിവ്സ്) എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി. മൃഗങ്ങളെ ആശുപത്രിയിൽ പാർപ്പിച്ചു ചികിത്സ നൽകാനുള്ള സൗകര്യവും ഉണ്ടാകും. ഒരേസമയം 200-500 മൃഗങ്ങളെ വരെ പരിചരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും.
കാലവർഷം അവസാന ഘട്ടത്തിലേക്ക്, കേരളത്തിൽ മഴ തുടരും
?️ രാജ്യത്ത് കാലവർഷം അവസാന ഘട്ടത്തിലേക്ക് നീങ്ങിത്തുടങ്ങി. തെക്കുപടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങൽ ആരംഭിച്ചെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പതിവിൽ നിന്നും 8 ദിവസം വൈകിയാണ് ഇത്തവണ പിൻവാങ്ങൽ ആരംഭിച്ചത്.പതിവിലും വൈകിയാണ് കാലവർഷം ഇത്തവണ കേരളത്തിലെത്തിയത്.
വ്യാഴം , വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
ഏഷ്യൻ ഗെയിംസ് നീന്തൽ: ഇന്ത്യൻ റിലേ ടീം ദേശീയ റെക്കോഡ് ഭേദിച്ചു
?️ഏഷ്യൻ ഗെയിംസ് നീന്തലിലെ 4X100 മീറ്റർ മെഡ്‌ലേ റിലേയിൽ ഇന്ത്യൻ സംഘം ദേശീയ റെക്കോഡ് ഭേദിച്ച പ്രകടനവുമായി ഫൈനലിൽ കടന്നു. ശ്രീഹരി നടരാജ്, ലിഖിത് ശെൽവരാജ്, സജൻ പ്രകാശ്, തനിഷ് ജോർജ് മാത്യു എന്നിവരടങ്ങിയ ടീം 3:40.84 എന്ന സമയത്തിലാണ് ഫിനിഷ് ചെയ്തത്. അതേസമയം, ദേശീയ റെക്കോഡ് പ്രകടനം നടത്തിയിട്ടും ഒന്നാം ഹീറ്റ്സിൽ ജപ്പാനു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യൻ താരങ്ങൾ. എല്ലാ ഹീറ്റ്സും കണക്കിലെടുക്കുമ്പോൾ നാലാമത്തെ മാത്രം മികച്ച സമയമാണ് ഇവരുടേത്.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം
?️ഏഷ്യൻ ഗെയിംസിന്‍റെ മൂന്നാം ദിവസം ഇന്ത്യ സ്വർണ നേട്ടം മൂന്നായി ഉയർത്തി. അശ്വാഭ്യാസത്തിന്‍റെ ടീം ഇനത്തിലാണ് പുതിയ നേട്ടം. രാവിലെ സെയ്‌ലിങ്ങിൽ നേടിയ വെള്ളിയും വെങ്കലവും കൂടിയാകുമ്പോൾ ചൊവ്വാഴ്ചത്തെ മെഡൽ നേട്ടം മൂന്നായി. ഇക്വിസ്ട്രിയൻ ടീം ഡ്രസ്സേജ് ഇനത്തിൽ ഇന്ത്യ 209.205 പോയിന്‍റുമായി ഒന്നാമതെത്തിയപ്പോൾ ചൈനയും ഹോങ്കോങ്ങും യഥാക്രമം വെള്ളിയും വെങ്കലവും നേടി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5475 രൂപ
പവന് 43800 രൂപ