കനാലില്‍ മാലിന്യം അടിഞ്ഞ് ദുര്‍ഗന്ധം

നെന്മാറ : നെന്മാറ ബസ് സ്റ്റാൻഡ് പരിസരത്തെ ഉപകനാലില്‍ അഴുക്കുവെള്ളം കെട്ടിക്കിടന്ന് ദുര്‍ഗന്ധം പരത്തുന്നു. ആരോഗ്യവകുപ്പും, പഞ്ചായത്തും പരിസര ശുചീകരണത്തെയും അഴുക്കുവെള്ള നിര്‍മാര്‍ജനത്തെയും കുറിച്ച്‌ ബോധവത്കരണ ബാനറുകളും നിര്‍മല്‍ പഞ്ചായത്ത് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും സാമൂഹിക ആരോഗ്യ കേന്ദ്രത്തിനും പഞ്ചായത്ത് ഓഫീസിനും മുന്നിലുള്ള ദുര്‍ഗന്ധം വമിപ്പിച്ച്‌ കെട്ടിക്കിടക്കുന്ന മലിനജലം കണ്ടില്ലെന്ന് നടിക്കുന്നതായും നടപടി സ്വീകരിക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.
ബസ് സ്റ്റാൻഡില്‍ എത്തുന്ന യാത്രക്കാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും തൊട്ടടുത്ത ദേവാലയത്തിലെത്തുന്നവരും ഇതുമൂലം ദുരിതത്തിലായിരിക്കുകയാണ്. ബസ് സ്റ്റാൻഡിനോട് ചേര്‍ന്ന് ജലസേചനപദ്ധതിയുടെ വലതുകര കനാലില്‍ നിന്നും നെന്മാറ തവളക്കുളം എംഎല്‍എ റോഡ് ഭാഗത്തേ പാടശേഖരങ്ങളിലേക്കു വെള്ളം കൊണ്ടുപോകുന്ന ഉപകനാലിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ട് ദുര്‍ഗന്ധം വമിക്കാൻ തുടങ്ങിയത്.

വെള്ളം ആഴ്ചകളായി കെട്ടി നില്‍ക്കാൻ തുടങ്ങിയതോടെ ഇത് കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറി. ബസ് സ്റ്റാൻഡിന് പിന്നിലെ ഈ ഉപകനാലില്‍ നീരൊഴുക്ക് തടസപെട്ടതിനാല്‍ കഴിഞ്ഞമാസം കര്‍ഷകര്‍ക്ക് പാടങ്ങളില്‍ വെള്ളം എത്താത്ത സ്ഥിതിയുണ്ടായിരുന്നു. നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ സമീപത്തുനിന്ന് ആരംഭിക്കുന്ന സബ് കനാല്‍ ക്രിസ്തുരാജ ദേവാലയത്തിനു സമീപത്തും,

ബസ് സ്റ്റാൻഡിന് പിറകുവശത്തും എംഎല്‍എ റോഡിന് സമാന്തരമായാണ് തവളക്കുളം പാടശേഖരങ്ങളില്‍ എത്തി വല്ലങ്ങി വരെയുള്ള പാടങ്ങളില്‍ ജലസേചനം നടത്തുന്നത്. കര്‍ഷകരുടെ നിരന്തര പരാതിയെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്ബ് ബസ് സ്റ്റാൻഡിന് പുറകുവശത്തുള്ള ഉപകനാലില്‍ ബസ് സ്റ്റാൻഡില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനും മാലിന്യങ്ങളും മറ്റും അടിഞ്ഞു കൂടുന്നത് തടയാൻ സിമന്‍റ് സ്ലാബ് നിര്‍മിച്ച്‌ മൂടിയിരുന്നു.

ഇതോടെ കനാല്‍ അറ്റകുറ്റപ്പണികള്‍ക്കോ മാലിന്യം നീക്കുന്നതിനു കഴിയാത്ത സ്ഥിതിയായി. ഇതാണ് പാടശേഖരങ്ങളിലേക്ക് വെള്ളം എത്താത്തതിനും മലിനജല കെട്ടി നില്‍ക്കാനും ഇടയാക്കിയത്. നേരത്തെ കനാല്‍ വൃത്തിയാക്കുന്നതിനായി എടുത്തു മാറ്റിയ സ്ലാബുകള്‍ പുനസ്ഥാപിക്കാത്തത് കൂടുതല്‍ പ്രദേശങ്ങളില്‍ കനാല്‍ തുറന്നു കിടക്കുന്നതിന് വഴിയൊരുക്കി.