ആളുമാറി അറസ്റ്റ് ചെയ്തത് 80കാരിയെ: കുനിശ്ശേരി സ്വദേശിയായ വയോധിക കോടതി കയറിയിറങ്ങിയത് 4 വർഷം

ബെന്നി വർഗീസ്

ആളുമാറി അറസ്റ്റ് ചെയ്തത് 80കാരിയെ: കുനിശ്ശേരി സ്വദേശിയായ വയോധിക കോടതി കയറിയിറങ്ങിയത് 4 വർഷം

പാലക്കാട് ആളുമാറി അറസ്റ്റ് ചെയ്യപ്പെട്ട 80 വയസ്സുകാരി കോടതി കയറിയിറങ്ങിയത് നാലുവർഷം. പാലക്കാട് പൊലീസിന്റെ ഗുരുതര മനുഷ്യാവകാശ ലംഘനത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്. 84 വയസ്സുള്ള ഭാരതിയമ്മക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താനല്ല പ്രതിയെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്ന് ഈ വൃദ്ധ പറയുന്നു. താനൊരു ദിവസം വീട്ടിലിരിക്കുമ്പോൾ പൊലീസ് വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞെന്നും എന്താണെന്ന് ചോദിച്ചപ്പോൾ തർക്കമാണെന്ന് പറഞ്ഞു, തനിക്കൊന്നും n അറിയില്ലെന്നും വൃദ്ധ പറഞ്ഞു.

1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളിക്കാട് സ്വദേശി രാജഗോപാൽ എന്നയാളുടെ വീട്ടുജോലിക്കാരിയായിരുന്നു ഭാരതി എന്ന സ്ത്രീ. ഈ സ്ത്രീ വീട്ടുകാരുമായി പ്രശ്നമുണ്ടാക്കുകയും ഇവിടുത്തെ ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. n ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് സൌത്ത് പൊലീസ് ഭാരതിക്കെതിരെ കേസെടുത്തു, അറസ്റ്റ് ചെയ്തു. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങുകയും മുങ്ങുകയും ചെയ്തു. ഇവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

2019ലാണ് പൊലീസ് വീണ്ടും ഇവരുടെ അറസ്റ്റിലേക്ക് എത്തുന്നത്. അന്ന് അറസ്റ്റ് ചെയ്തതാകട്ടെ, യഥാര്‍ത്ഥ പ്രതിയെ ആയിരുന്നില്ല. 2019 ല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത് കുനിശ്ശേരി സ്വദേശിയായ 84 വയസ്സുള്ള ഭാരതിയമ്മയെ ആണ്. ഇവരുടെ വീട്ടിലേക്ക് ഒരു ദിവസം പെട്ടെന്ന് പൊലീസ് കടന്നുവരുന്നു. ഇവര്‍ ഒറ്റക്കാണ് താമസം. ഭര്‍ത്താവ് മരിച്ചു, കുട്ടികളുമില്ല. ഇവര്‍ പലപ്പോഴായി പറയുന്നുണ്ടായിരുന്നു. താന്‍ എവിടെയും വീട്ടുജോലിക്ക് നിന്നിട്ടില്ല. ഏറെക്കാലമായി തമിഴ്നാട്ടിലാണ് താമസം. ഇങ്ങനെയൊരു കേസുമായി ബന്ധമില്ല എന്ന് ഇവര്‍ പൊലീസിനോട് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ പൊലീസ് അത് മുഖവിലക്കെടുത്തില്ല. ഇവരെ അറസ്റ്റ് ചെയ്തു.പിന്നീട് കോടതിയില്‍ എത്തിച്ച് ജാമ്യത്തില്‍ വിടുകയാണുണ്ടായത്. തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷമായി ഈ കേസിന്‍റെ പിന്നാലെയാണ് ഈ 84കാരി. കേസില്‍ നിന്ന് ഒഴിവാകാന്‍ ഒരു വഴിയുമില്ലായിരുന്നു. പിന്നീട് കോടതിയില്‍ സാക്ഷി തന്നെ നേരിട്ടെത്തി. ഇതല്ല യഥാര്‍ത്ഥ പ്രതി, യഥാര്‍ത്ഥ പ്രതിക്ക് 50 വയസ്സ് മാത്രമേ പ്രായമുണ്ടാകൂ. ഇവരെ തനിക്ക് അറിയുകയില്ലെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് അവസാനമാകുന്നത്. കേസുമായി മുന്നോട്ട് പോകാനില്ലെന്നും പരാതിക്കാർ പറഞ്ഞു.

വളരെ ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവിഴ്ചയാണ്. ഒരു തവണ പോലും ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പൊലീസ് ശ്രമിച്ചില്ല എന്നതാണ് പ്രധാനം. 84 വയസ്സുള്ള ഭാരതിയമ്മ പറയുന്നത്, യഥാര്‍ത്ഥ പ്രതിയും ഇവരും തമ്മില്‍ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യം തീര്‍ത്തതാകാം, തന്‍റെ അഡ്രസ് പൊലീസില്‍ മാറ്റിക്കൊടുത്തതാകാം എന്നാണ് ഭാരതിയമ്മ കരുതുന്നത്. അതേ സമയം, പൊലീസിന്‍റെ വിശദീകരണമിങ്ങനെയാണ്. മഠത്തില്‍ എന്നാണ് ഇവരുടെ വീട്ടുപേര്. ഇതേ മേല്‍വിലാസമുള്ള നിരവധി വീടുകളുണ്ട്. അങ്ങനെ തങ്ങള്‍ക്ക് തെറ്റിയതാകാം എന്നാണ്.