എ.ഐ കാമറ; 66993 നിയമലംഘനങ്ങള്‍, 9165 പേര്‍ പിഴയടച്ച്‌ കേസ് ഒഴിവാക്കി

പാലക്കാട്‌ : ജില്ലയില്‍ എ.ഐ കാമറകള്‍ കണ്ടെത്തിയത് 66,993 ഗതാഗത നിയമലംഘനങ്ങള്‍. ജൂണ്‍ 5 മുതല്‍ ഈ മാസം 18 വരെയുള്ള കണക്കാണിത്.
ആകെ കേസുകളില്‍ നിന്നായി മോട്ടോര്‍വാഹന വകുപ്പ് 2.68 കോടി രൂപ പിഴയീടാക്കിയിട്ടുണ്ട്. ഇതില്‍ 9,165 പേര്‍ പിഴ അടച്ചു കേസ് ഒഴിവാക്കി. 57,828 പേരില്‍ നിന്നായി ഇനി 2.20 കോടി രൂപ ലഭിക്കാനുണ്ട്. 48 കാമറകളാണു ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ളത്.

പിഴയടച്ചില്ലെങ്കില്‍ സേവനം ലഭിക്കില്ല

ആഗസ്റ്റില്‍ പിഴ ലഭിച്ചവരില്‍ പലരും അടച്ചുതീര്‍ത്തിട്ടുണ്ട്. ജൂണ്‍, ജൂലായ് മാസങ്ങളിലെ ഒട്ടേറെ കേസുകളില്‍ പലരും പിഴയടച്ചിട്ടില്ല. സമയം കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്തവര്‍ക്ക് വീണ്ടും എസ്.എം.എസ് അയയ്ക്കും. ഇതിനു ശേഷവും പിഴ അടച്ചില്ലെങ്കില്‍ വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ മോട്ടര്‍വാഹന വകുപ്പില്‍ നിന്നു ലഭിക്കില്ല. തുടര്‍ച്ചയായ നിയമലംഘനങ്ങളുണ്ടായാല്‍ വാഹനം കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തും. ഇത്തരത്തില്‍ നൂറിലേറെ വാഹനങ്ങള്‍ മോട്ടര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടുതലും ഇരുചക്ര വാഹനങ്ങളാണെന്ന് അധികൃതര്‍ പറഞ്ഞു.

പോസ്റ്റല്‍ വകുപ്പിന് വരുമാനം 4,36,104 രൂപ

എ.ഐ കാമറ പ്രവര്‍ത്തിച്ചു തുടങ്ങിയ ജൂണ്‍ 5 മുതലാണു നിയമലംഘനം കണ്ടെത്തിയവര്‍ക്കു തപാല്‍ വഴി നോട്ടീസ് അയച്ചു തുടങ്ങിയത്. ഒരു ഇടപാടിന് 6.50 രൂപയാണു തപാല്‍ വകുപ്പ് ഈടാക്കുന്നത്. ഇതുവരെ 67,093 പേര്‍ക്കു നോട്ടിസ് അയച്ചു. വരുമാനം 4,36,104 രൂപ. കാമറ പ്രവര്‍ത്തനം തുടങ്ങിയ ജൂണ്‍, ജൂലായ് മാസങ്ങളിലാണ് കൂടുതല്‍ നോട്ടീസയച്ചത്.

അപകടങ്ങള്‍ കുറഞ്ഞു

അപകടങ്ങള്‍ കുറഞ്ഞതായി മോട്ടര്‍വാഹന വകുപ്പിന്റെ കണക്ക്. ജൂണ്‍ മുതല്‍ ഇതുവരെ ജില്ലയില്‍ 93 പേരാണു മരിച്ചത്. ഗുരുതര പരുക്കേറ്റവര്‍ 101. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 132 പേര്‍ മരിച്ചു. 153 പേര്‍ക്കു ഗുരുതര പരിക്കേറ്റു. എ.ഐ കാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലും അതിനു പരിസരത്തും അപകടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മോട്ടര്‍വാഹന വകുപ്പ് അധികൃതര്‍ പറയുന്നു.