26.09.2023
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്
?️സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലായി 12 ഇടങ്ങളിലാണ് റെയ്ഡ് നടത്തുന്നത്.പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചാവക്കാട് പിഎഫ്ഐ മുൻ സംസ്ഥാന നേതാവ് അബ്ദുൾ ലത്തീഫിന്‍റെ വീട്ടിൽ അടക്കം റെയ്ഡ് നടത്തുന്നത്.പോപ്പുലർ ഫ്രണ്ടിന് വിദേശ ഇടപാടിലൂടെ കള്ളപ്പണം ലഭിച്ചതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച
?️മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്ത് രാജാ രവിവര്‍മ ആര്‍ട്ട് ഗാലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. മുഖ്യമന്ത്രി വേദിയില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുന്നതിനിടെ പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാന്‍ എന്നയാള്‍ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു.മുഖ്യമന്ത്രി അപ്പോഴേക്കും താഴെ ഇറങ്ങിയതിനാല്‍ ഇയാള്‍ വേദിയിലിരുന്ന മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ഓടിച്ചെന്ന് ആലിംഗനം ചെയ്യുകയായിരുന്നു. പെട്ടെന്നുള്ള സംഭവത്തിൽ മുഖ്യമന്ത്രി പരിഭ്രാന്തനായി. മന്ത്രി അഹമ്മദ് ദേവര്‍കോവിനടുത്തു തന്നെയായി മന്ത്രി ചിഞ്ചുറാണിയും ഉണ്ടായിരുന്നു.
നിപ: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ അടുത്തമാസം ഒന്നുവരെ നീട്ടി
?️കോഴിക്കോട് ജില്ലയിൽ നിപ നിയന്ത്രണങ്ങൾ അടുത്ത മാസം ഒന്നുവരെ തുടരാന്‍ തീരുമാനം. അത്യാവശ്യമില്ലാത്ത പൊതുപരിപാടികൾ മാറ്റിവയ്ക്കാനും ഒക്ടോബർ ഒന്നുവരെ മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമായി തുടരണമെന്നും വിദഗ്ധ സമിതി നിർദേശിച്ചു.വടകര താലൂക്കിലെ കണ്ടെയിന്‍മെന്‍റ് സോൺ നിയന്ത്രണങ്ങൾ പിന്‍വലിക്കാനും വിദഗ്ധ സമിതി അറിയിച്ചു.
നബിദിനം: പൊതുഅവധി 28ന്
?️സംസ്ഥാനത്ത് നബി ദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയിൽ മാറ്റം. അവധി 28 ലേക്ക് മാറ്റി.കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങൾക്കുള്ള നബിദിന അവധിയും 28 വ്യാഴാഴ്ച ആയിരിക്കുമെന്ന് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു.സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളെജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എം.കെ. കണ്ണന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
?️കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണന്‍റെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ (ഇഡി) ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഏഴ് മണിക്കൂറാണ് കണ്ണനെ ചോദ്യം ചെയ്തത്.ഇഡി മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ഹിന്ദി സംസാരിക്കുന്ന ഡെപ്യൂട്ടി ഡയറക്റ്റര്‍ മാനസിക സമ്മര്‍ദം ചെലുത്തി. ഞാന്‍ ഈ ഭീഷണിക്ക് വഴങ്ങുന്ന ആളല്ലെന്ന് പറഞ്ഞു. അപ്പോള്‍ ജയിയില്‍ കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. തല്ലിയിട്ടില്ല, മാനസികമായി പീഡിപ്പിച്ചു. അവര്‍ ചോദിക്കുന്ന ചോദ്യത്തിന് അവര്‍ ഉദ്ദേശിക്കുന്നത് പോലെ ഉത്തരം പറയിപ്പിക്കാനാണ് ശ്രമിച്ചത്.
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് ജാമ്യം
?️പാറശാല ഷാരോൺ വധക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ 11 മാസത്തെ ജയിൽ വാസത്തിനു ശേഷമാണ് ഗ്രീഷ്മ പുറത്തിറങ്ങിയിരിക്കുന്നത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിനാസ്പദമായ സംഭവം നടന്നത് കേരളത്തിലല്ലെന്നും തമിഴ്നാട്ടിലേക്ക് കേസിന്‍റെ വിചാരണ മാറ്റണണമെന്നും ഗ്രീഷ്മ കോടതിയോട് ആവശ്യപ്പട്ടിരുന്നു.ഷാരോണിന് പ്രതി വിഷം കലർത്തിയ കഷായവും ജ്യൂസും നൽകിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.ഇതേത്തുടർന്നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്ന് കനേഡിയൻ പ്രതിരോധമന്ത്രി
?️ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കി കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ. ഇൻഡോ- പസിഫിക് നയതന്ത്രം അടക്കമുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഘടനവാദി നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധത്തെ ബഹുമാനിച്ചു കൊണ്ടു തന്നെ ക്യാനഡയിലെ നിയമങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താനും പൗരന്മാരെ സംരക്ഷിക്കാനും ഉള്ള കടമയും ഞങ്ങൾക്കുണ്ട്. കൃത്യമായ അന്വേഷണത്തിലൂടെ യാഥാർഥ്യത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു
ഖാലിസ്ഥാൻ നേതാവിന്‍റെ ലക്ഷ്യം ഇന്ത്യയെ പല രാജ്യങ്ങളായി വിഭജിക്കൽ
?️ഖാലിസ്ഥാൻ നേതാവ് ഗുർപ്രീത് സിങ് പന്നുവിന്‍റെ ലക്ഷ്യം ഇന്ത്യയെ പല രാജ്യങ്ങളായി വിഭജിക്കലെന്ന് എൻഐഎ റിപ്പോർട്ട്. സിക്കുകാർക്കു വേണ്ടിയും മുസ്‌ലികൾക്കു വേണ്ടിയും കശ്‌മീരികൾക്കു വേണ്ടിയും പ്രത്യേകം രാജ്യങ്ങൾ സ്ഥാപിക്കണമെന്നാണ് തന്‍റെ ഓഡിയോ സന്ദേശങ്ങളിൽ പന്നു ആഹ്വാനം ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന പന്നുവിനെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്ത്യ രണ്ടു വട്ടം ഇന്‍റർപോളിനോട് ആവശ്യമുന്നയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. സിക്ക്സ് ഫോർ ജസ്റ്റിസ് എന്നാണ് ഇയാൾ നേതൃത്വം നൽകുന്ന സംഘടനയുടെ പേര്. ഇത് ഇന്ത്യയിൽ 2019ൽ തന്നെ നിരോധിച്ചിരുന്നതാണ്. കഴിഞ്ഞ ദിവസം പന്നുവിന്‍റെ ചണ്ഡിഗഡിലെയും അമൃത്‌സറിലെയും വസ്തുവകകൾ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ബംഗളൂരുവിൽ വെള്ളിയാഴ്ച ബന്ദ്
?️ഇന്നത്തെ ബംഗളൂരു ബന്ദിനു പുറമേ, വെള്ളിയാഴ്ച സംസ്ഥാന വ്യാപക ബന്ദിനു കൂടി കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തതോടെ കർണാടകയിലും തമിഴ്നാട്ടിലുമായി വീണ്ടും കാവേരി നദീജലത്തർക്കം പരിധി വിടുന്നു. ബംഗളൂരു നഗരത്തിൽ ബന്ദിന് കർണാടക ജലസംരക്ഷണസമിതിയാണ് ആഹ്വാനം ചെയ്തത്. ഇതിനു പുറമേയാണ് കന്നഡ ചാലുവലി പ്രസിഡന്‍റ് വടൽ നടരാജിന്‍റെ നേതൃത്വത്തിൽ തീവ്ര കന്നഡ സംഘടനകളുടെ കൂട്ടായ്മ “കന്നഡ ഒക്കുട്ട’ വെള്ളിയാഴ്ച സംസ്ഥാനത്താകെ ബന്ദ് പ്രഖ്യാപിച്ചത്. ഇതിനു പ്രതികരണമായി തമിഴ്നാട്ടിൽ കാവേരി തടത്തിലെ കർഷകരും പ്രക്ഷോഭത്തിലാണ്. കർണാടകയിലെ പ്രക്ഷോഭങ്ങൾ കേന്ദ്ര സർക്കാർ ഇടപെട്ടു തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കർഷക അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ആർ. പാണ്ഡ്യന്‍റെ നേതൃത്വത്തിൽ ഇന്നലെ ചെന്നൈയിൽ പ്രക്ഷോഭം സംഘടിപ്പിച്ചു.
‘കോട്ടയം കുഞ്ഞച്ചൻ’ വീണ്ടും അറസ്റ്റിൽ
?️സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാരെ സമൂഹ മാധ്യമങ്ങളിലൂടെ അശ്ശീല ഭാഷയിൽ അവഹേളിച്ച കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ എബിന്‍ വീണ്ടും അറസ്റ്റിൽ.ആദ്യത്തെ കേസിൽ ജാമ്യം ലഭിച്ച എബിന്‍ സൈബർ പൊലീസ് സ്റ്റേഷനിൽ ജാമ്യ വ്യവസ്ഥ പ്രകാരം ഒപ്പിടാനായി പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന വ്യാജ ഫെയ്സ്ബുക് ഐഡി വഴി സിപിഎം നേതാക്കളുടെ ഭാര്യമാരുടെ ഫോട്ടെ അടക്കം വച്ച് അശ്ലീലമായ ഭാഷയിൽ അവഹേളിച്ചുവെന്നാതാണ് കേസ്. 2 ദിസവം മുന്‍പ് ഇയാൾക്കെതിരെ സൈബർ പൊലീസിന് പരാതി ലഭിച്ച സാഹചര്യത്തിലായിരുന്നു പുതിയ അറസ്റ്റ്.
വ്ലോഗർ മല്ലു ട്രാവലർക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ്
?️ലൈംഗികാതിക്രമ പരാതിയിൽ വ്ലോഗർ മല്ലു ട്രാവലർ എന്ന പേരിൽ അറിയപ്പെടുന്ന ഷക്കീർ സുബാനെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. സൗദി അറേബ്യൻ യുവതിയാണ് ഇയാൾക്കെതിരേ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.കൊച്ചിയിൽ ഉണ്ടായിരുന്ന സൗദി പൗരയായ 29കാരിയെ അഭിമുഖം ചെയ്യാനായാണ് വ്ലോഗർ ഹോട്ടൽ മുറിയിലെത്തിയത്. യുവതിയുടെ ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരൻ മുറിയിൽ നിന്ന് പുറത്തു പോയ സമയത്ത് വ്ലോഗർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ കുറ്റവിമുക്തൻ
?️സോളാർ പീഡനക്കേസിൽ എംപി ഹൈബി ഈഡനെ കുറ്റവിമുക്തനായി. ആരോപണത്തിൽ ഹൈബിക്കെതിരേ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം സിജെഎം കോടതി ഹൈബിയെ കുറ്റവിമുക്തനാക്കിയത്.സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.എംഎൽഎ ഹോസ്റ്റലിൽ വിളിച്ചു വരുത്തി ഹൈബി ഈഡൻ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
സോളാർ ഗൂഢാലോചനക്കേസ്
?️സോളാർ ഗൂഢാലോചനക്കേസിൽ എംഎൽഎ കെ.ബി. ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി. കത്തിൽ കൃത്രിമത്വം നടത്തിയെന്നാരോപിച്ചു കൊണ്ടുള്ള ഹർജിയിലാണ് കോടതി നിർദേശം. കേസിൽ ഗണേഷ്കുമാറും പരാതിക്കാരിയും ഇന്നലെ ഹാജരായില്ല. സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാറും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് ഹൈക്കോടതി നൽകിയ സ്റ്റേ അവസാനിച്ചതോടെയാണ് കോടതി വീണ്ടും ഹർജി പരിഗണിച്ചത്.
സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് മരണം
?️കാസർകോട് സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. ഓട്ടോ ഡ്രൈവർ അബ്ദുൽ റൗഫ്, ബീഫാത്തിമ, നബീസ, ബിഫാത്തിമ മഗർ, ഉമ്മു ഹമീല എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ 3 പേർ സഹോദരികളാണ്. ബതിയടുക്ക പള്ളത്തടുക്കയിൽ തിങ്കളാഴ്ച വൈകീട്ട് 4.30 യോടെയാണ് അപകടമുണ്ടാവുന്നത്. ഓട്ടോയിൽ സഞ്ചരിച്ചവരാണ് അപകടത്തിൽ മരിച്ചത്.
താനൂർ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം
?️മലപ്പുറം താനൂർ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ മുഴുവന്‍ പ്രതികൾക്കും ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇവരിൽ നിന്നും എംഡിഎംഎ പിടികൂടി എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. എന്നാൽ എഫ്എസ്എൽ റിപ്പോർട്ടിൽ വീര്യം കുറഞ്ഞ മെത്താംഫെറ്റാമിനാണ് പിടികൂടിയത് എന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് ഹൈക്കോടതി ഇവർക്ക് ജാമ്യം നൽകിയത്.
ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമം
?️കാതിക്കുടത്ത് ജപ്തി ഭീഷണിയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. കാതിക്കുടം മച്ചിങ്ങല്‍ വീട്ടില്‍ തങ്കമണി (69), ഭാഗ്യലക്ഷ്മി (46) അതുല്‍ കൃഷ്ണ (10) എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാടുകുറ്റി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത് ലോണ്‍ തിരിച്ചടവ് 22 ലക്ഷം രൂപ കുടിശിക ആയതിനെ തുടര്‍ന്ന് ജപ്തി നടപടികളുടെ ഭാഗമായി വീട്ടില്‍ നോട്ടീസ് പതിച്ചതാണ് ആത്മഹത്യക്ക് ശ്രമിക്കുവാന്‍ കാരണമായതെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് പുറത്ത് പോയ സമയത്ത് വീട്ടുകാര്‍ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നിലവിൽ ഇവർ കറുകുറ്റി അപ്പോളോ അഡലക്സ് ആശുപത്രിയിൽ തുടരുകയാണ്.
മിസോറാമിൽ 5 കോടിയുടെ ഹെറോയിൻ പിടികൂടി
?️മിസോറാമിൽ കോടികളുടെ ലഹരി വേട്ട. അഞ്ച് കോടിയോളം വില വരുന്ന മയക്കുമരുന്നുമായി നാലു പേർ പിടിയിലായി. അസം റൈഫിൾസ് വകുപ്പും നാർക്കോട്ടിക് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ചാമ്പൈ ജില്ലയിലെ 3 വ്യത്യസ്ത പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് 4 പേർ പിടിയിലാവുന്നത്. ഇവരിൽ നിന്നും 689.52 ഗ്രാം ഹെറോയിൻ കണ്ടെടുത്തതായും ഇതിന് 4.82 കോടി രൂപ വിലവരുമെന്നും പൊലീസ് അറിയിച്ചു.
ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം
?️ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ പത്ത് മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് റെക്കോഡോടെ ഇന്ത്യ സ്വർണം നേടിയത്. ദിവ്യാംശ് സിങ് പൻവാർ, രുദ്രാക്ഷ് ബാലാസാഹേഹ് പാട്ടീൽ, ഐശ്വരി പ്രതാപ് സിങ് തോമർ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യക്ക് ആദ്യസ്വർണം നേടിത്തന്നത്.
ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം
?️ഏഷ്യൻ ഗെയിംസിന്‍റെ രണ്ടാം ദിവസം ഇന്ത്യക്ക് രണ്ടാം സ്വർണം. ഷൂട്ടിങ്ങിനു പിന്നാലെ വനിതാ ക്രിക്കറ്റിലാണ് രാജ്യത്തിന്‍റെ നേട്ടം. വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെയാണ് ഇന്ത്യ 19 റൺസിനു പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഷഫാലി വർമ വേഗത്തിൽ പുറത്തായ ശേഷം സ്മൃതി മന്ഥനയും (46) ജമീമ റോഡ്രിഗ്സും (42) മോശമല്ലാത്ത അടിത്തറയിട്ടെങ്കിലും റൺ റേറ്റ് ഉയർന്നില്ല. പിന്നീടെത്തിയവരിൽ ആർക്കും രണ്ടക്കം പോലും കാണാനാവാതെ വന്നപ്പോൾ ഇന്ത്യൻ സ്കോർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 116 എന്ന നിലയിൽ ഒതുങ്ങി. എന്നാൽ, ശ്രീലങ്ക ബാറ്റിങ്ങിനിറങ്ങിയപ്പോൾ അതേ നാണയത്തിൽ തിരിച്ചടി നൽകുകയായിരുന്നു ഇന്ത്യൻ ബൗളർമാർ. 20 ഓവർ പൂർത്തിയാകുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുക്കാനേ ലങ്കൻ വനിതകൾക്കു സാധിച്ചുള്ളൂ.
റോവിങ്ങിൽ ഇന്ത്യക്ക് രണ്ട് വെങ്കലം കൂടി
?️ഏഷ്യൻ ഗെയിംസ് റോവിങ്ങിൽ ഇന്ത്യൻ താരങ്ങൾ രണ്ട് വെങ്കല മെഡലുകൾ കൂടി നേടി. പുരുഷൻമാരുടെ ഫോർസ് ഇവന്‍റിലും ക്വാഡ്രപ്പിൾ സ്കൾസ് ഇനത്തിലുമാണ് മെഡലുകൾ. ജസ്‌വിന്ദർ സിങ്, ഭീം സിങ്, പുനീത് കുമാർ, ആശിഷ് ഗോലിയൻ എന്നിവരടങ്ങിയ സംഘമാണ് ഫോർസിൽ മത്സരിച്ചത്. സത്നാം സിങ്, പർമീന്ദർ സിങ്, ജാക്കർ ഖാൻ, സുഖ്മീത് സിങ് സഖ്യം രണ്ടാം മെഡലും കരസ്ഥമാക്കി. തുഴച്ചിൽക്കാർ ഇതോടെ ഇന്ത്യക്കായി നേടിത്തന്ന മെഡലുകളുടെ എണ്ണം, രണ്ടു വെള്ളിയും മൂന്ന് വെങ്കലവും അടക്കം അഞ്ചായി.
ഏഷ്യൻ ഗെയിംസ് ഫുട്‌ബോള്‍: പുരുഷന്മാര്‍ മുന്നോട്ട്, വനിതകള്‍ പുറത്ത്
?️ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യൻ പുരുഷന്മാര്‍ പ്രീക്വാർട്ടറിൽ പ്രവേശിച്ചപ്പോള്‍ വനിതകള്‍ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ പുറത്തായി. പുരുഷന്മാര്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ മ്യാന്‍മറുമായി 1-1ന് സമനില പാലിച്ച് ആതിഥേയരായ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. അതേസമയം വനിതാ ഫുട്‌ബോളില്‍ നിന്നും ഇന്ത്യൻ വനിതകള്‍ പുറത്തായി. ഗ്രൂപ്പ് സിയിലെ രണ്ട് കളികളും തോറ്റതാണ് തിരിച്ചടിയായത്. ഇന്നലെ നടന്ന രണ്ടാം കളിയില്‍ തായ്‌ലന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യ കഴിഞ്ഞ ദിവസം ചൈനീസ് തായ്‌പേയിയോട് 2-1നും പരാജയപ്പെട്ടിരുന്നു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5495 രൂപ
പവന് 43960 രൂപ