സോളാര്‍ പീഡന ഗൂഢാലോചനക്കേസ്: ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊല്ലം: സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനക്കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അടുത്ത മാസം 18 ന് ഹാജരാകാനാണ് നിര്‍ദേശം.

പരാതിക്കാരിക്ക് വീണ്ടും സമന്‍സ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവ് അഡ്വ. സുധീര്‍ ജേക്കബ് ആണ് കേസില്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഗൂഢാലോചനക്കേസില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും, കേസെടുക്കാതിരുന്നതോടെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസില്‍ പരാതിക്കാരിയുടെ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍, കൊട്ടാരക്കര ജയില്‍ സൂപ്രണ്ട്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. നേരത്തെ മന്ത്രിസഭയില്‍ നിന്നും രാജിവെച്ച ഗണേഷ് കുമാര്‍ മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അതി നടക്കാതെ പോയി. ഇതിലുള്ള വിരോധവും അകല്‍ച്ചയും ഗണേഷിന് താനുമായി ഉണ്ടായിരുന്നതായി ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയിരുന്നു. ഈ മൊഴിയടക്കം പരിശോധിച്ചശേഷമാണ് ഗൂഢാലോചനക്കേസില്‍ ഗണേഷ് കുമാറിനെ രണ്ടാം പ്രതിയും, പരാതിക്കാരിയെ ഒന്നാം പ്രതിയുമാക്കി  കൊട്ടാരക്കര കോടതി തുടര്‍നടപടികളിലേക്ക് കടന്നത്.