ചുരണ്ടിയെടുത്ത ആപ്പിൾ കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. തേഞ്ഞിപ്പലം കടക്കാട്ടുപാറയിലെ പുതുക്കുളങ്ങര പണിക്കൊടി പാലക്കപ്പറമ്പിൽ ഷമീറിന്റെയും ഷഹദിയയുടെയും മകൻ മുഹമ്മദ് ബിഷറാണ് മരിച്ചത്.
ആപ്പിൾ ചുരണ്ടി ഭക്ഷിക്കാനായി നൽകുന്നതിനിടെയാണ് സംഭവം. സ്പൂൺ കൊണ്ട് ചുരണ്ടിയെടുത്ത ആപ്പിളും തുടർന്ന് പാലും നൽകിയതിന് പിന്നാലെ അസ്വസ്ഥത ഉണ്ടാകുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈ മാസം 17 നായിരുന്നു മുഹമ്മദ് ബിഷറിന്റെ ഒന്നാം പിറന്നാൾ. സഹോദരൻ: മുഹമ്മദ് മിസ്ഥഹ്.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍; ലക്ഷണങ്ങൾ…
? ഭക്ഷണം തൊണ്ടയില്‍ തടഞ്ഞ് സംസാരിക്കാന്‍ കഴിയാതെ വരിക
? നിര്‍ത്താതെയുള്ള ചുമ
? ശരീരം നന്നായി വിയര്‍ക്കുക
? കൈകാലുകള്‍ നീലനിറമാകുക
? അബോധാവസ്ഥയിലാകുക
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ഇരുത്തി ഭക്ഷണം കൊടുക്കുക. കിടത്തി ഭക്ഷണം കൊടുക്കുന്നത് ഒഴിവാക്കണം.
മുതിര്‍ന്നവരും കുട്ടികളും ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കുന്ന ശീലം കുറയ്ക്കുക.
ഭക്ഷണം വിഴുങ്ങാതെ, നന്നായി ചവച്ചരച്ച് കഴിക്കുക. ഇല്ലെങ്കില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാന്‍ ഇടയാകും.
സാവധാനത്തില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. പതിയെ ഭക്ഷണം കഴിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക. ധൃതിയില്‍ ഭക്ഷണം കഴിക്കരുത്.
എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.