74 വ്യാജ വായ്പാ ആപ്പുകൾ നീക്കം ചെയ്തു

വായ്പാ തട്ടിപ്പിനെതിരെ നടപടി ശക്തമാക്കിയതോടെ 24 മണിക്കൂറിനിടെ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നു മാത്രം നീക്കം ചെയ്യപ്പെട്ടത് 75 വ്യാജ വായ്പാ ആപ്പുകൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 134 എണ്ണം നീക്കം ചെയ്തു. ഇതിൽ 12 ആപ്പുകൾക്ക് ഒരു ലക്ഷത്തിലേറെയും 14 ആപ്പുകൾക്ക് അരലക്ഷത്തിലേറെയും ഡൗൺലോ‍ഡുകളുണ്ടായിരുന്നു. ഇനിയും 50 വ്യാജ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

ജൂലൈയ്ക്കു ശേഷം നീക്കം ചെയ്യപ്പെട്ട ആപ്പുകളുടെ എണ്ണം ഇതോടെ 369 ആയി. ഇതിൽ 266 എണ്ണം ഗൂഗിൾ പ്ലേ സ്റ്റോറിലേതും 103 എണ്ണം ആപ്പിൾ ആപ് സ്റ്റോറിലുമാണ്. ആപ്പുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഗൂഗിളിന്റെയും ആപ്പിളിന്റെയുമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം മുന്നറയിപ്പു നൽകിയിരുന്നു. വ്യാജ ആപ്പുകളും വെബ്സൈറ്റുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കേരള പൊലീസ് വെള്ളിയാഴ്ച ഗൂഗിളിനും മറ്റും കത്തു നൽകിയിരുന്നു. എന്നാൽ, വ്യാഴാഴ്ച രാത്രി തന്നെ ആപ്പുകളിലേറെയും അപ്രത്യക്ഷമായി. ആപ്പുകൾ നീക്കം ചെയ്താലും ഇവ പുതിയ രൂപത്തിൽ ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെടുന്നത് വെല്ലുവിളിയാണ്.

ഇതിനിടെ, അംഗീകാരമില്ലാത്ത ലോൺ ആപ്പുകൾ പ്രവർത്തിക്കുന്ന 72 വെബ്സൈറ്റുകൾ നിരോധിക്കാൻ കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം നോട്ടിസ് നൽകി.

സൈബർ ഡോമിന്റെ കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആപ്പുകളുടെ നിരീക്ഷണവും ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറോ ആപ് സ്റ്റോറോ വഴിയല്ല ഭൂരിഭാഗം അനധികൃത ലോൺ ആപ്പുകളും പ്രവർത്തിക്കുന്നതെന്നാണു കണ്ടെത്തൽ. ഇന്തൊനീഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള ചില വെബ്സൈറ്റ് വഴിയാണ് ഇവ പ്രവർത്തിക്കുന്നത്. 72 വെബ്സൈറ്റുകളുടെ പട്ടിക തയാറാക്കി ഇവയുടെ പ്രവർത്തനം വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് സൈബർ ഓപ്പറേഷൻ വിഭാഗം നോട്ടിസ് നൽകിയിരിക്കുന്നത്.

വായ്പത്തട്ടിപ്പുകൾക്കെതിരെ പരാതി നൽകാനായി പൊലീസ് തുടങ്ങിയ വാട്സാപ് നമ്പറിലേക്ക് 628 സന്ദേശങ്ങളാണ് ആദ്യദിവസം ലഭിച്ചത്. ഇതിൽ പലതും അനാവശ്യ സന്ദേശങ്ങളായിരുന്നു. കൃത്യമായി പരാതി 20 എണ്ണം ലഭിച്ചു. ഇതിൽ അഞ്ചെണ്ണത്തിൽ കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.

വയനാട് സ്വദേശി അജയരാജാണ് വായ്പത്തട്ടിപ്പുകാരുടെ ഭീഷണിക്കു വഴങ്ങി അവസാനമായി ജീവനൊടുക്കിയത്. കാൻഡി ക്രഷ് എന്ന അനധികൃത ആപ്പിൽ നിന്നായിരുന്നു അജയരാജ് വായ്പയെടുത്തതും ഭീഷണികൾ നേരിട്ടതും.