കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തെറ്റു തിരുത്തിക്കുമെന്ന് എം.വി. ഗോവിന്ദൻ
?️കരുവന്നൂർ ബാങ്കിന്‍റെ പേരിൽ ഇഡിയെ ഉപയോഗിച്ച് സിപിഎമ്മിനെതിരേ വന്നാൽ അതിനെ നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം അംഗീകരിക്കില്ല. തെറ്റു തിരുത്തിക്കും. ബിജെപിയും കോൺഗ്രസും ചേർന്ന് സിപിഎമ്മിനെ ആക്രമിക്കാൻ നോക്കണ്ട. ഉത്തരേന്ത്യയിൽ നിന്നു വന്ന ഇഡി ഉദ്യോഗസ്ഥരാണ് മർദിച്ച് മൊഴിയെടുക്കുന്നത്. ഇഡിയെ ഉപയോഗിച്ച് സിപിഎമ്മിനെ നേരിടാൻ വരണ്ട. വഴങ്ങാൻ മനസ്സില്ല. ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. തൃശൂരിൽ സിപിഎം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അഴിക്കോടൻ രക്തസാക്ഷി ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് തെളിവുകൾ കൈമാറിയിരുന്നെന്ന് കനേഡിയൻ പ്രധാനമന്ത്രി
?️ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറിന്‍റെ വധവുമായി ബന്ധപ്പെട്ട് ആഴ്ചകൾക്കു മുൻപേ ഇന്ത്യയ്ക്ക് തെളിവുകൾ കൈമാറിയിരുന്നെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ. ഇന്ത്യ ഇക്കാര്യം ഗൗരവത്തോടെ കണ്ടു പ്രതികരിക്കണമെന്നും ട്രുഡോ ആവശ്യപ്പെട്ടു. എന്നാൽ, കൈമാറിയ തെളിവുകളെക്കുറിച്ചു വിശദീകരിക്കാൻ അദ്ദേഹം തയാറായില്ല. എന്നാൽ, ട്രുഡോ ഒരു തെളിവും കൈമാറിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. തെളിവു നൽകിയാൽ പരിശോധിക്കാൻ തയാറാണെന്നും വിദേശകാര്യ മന്ത്രാലയം.
തിലകൻ സുവർണമുദ്ര അവാർഡ് സമർപ്പണം ഇന്ന്
?️തിലകൻ സുവർണമുദ്ര അവാർഡ് സംഗീതജ്ഞൻ മോഹൻ സിതാരക്കും നടി കൊളപ്പുള്ളി ലീലക്കും സമ്മാനിക്കും. ഇന്ന് 2ന് തൃശൂർ ജവഹർ ബാലഭവനിൽ ചേരുന്ന ചടങ്ങിൽ ജില്ലാ കളക്ടർ കൃഷ്ണ തേജയാണ് അവാർഡ് സമ്മാനിക്കുക. നടൻ തിലകന്റെ 11- മത് അനുസ്മരണ ദിനത്തോടനുബന്ധിച്ച് തിലകൻ സൗഹൃദ സമിതിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. സിനിമ, സീരിയൽ, നാടക, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കലാപ്രതിഭകളെ ആദരിക്കൽ, ചികിത്സാ സഹായം, വീൽചെയർ വിതരണം, കലാപരിപാടികൾ എന്നിവ അരങ്ങേറുമെന്ന് ചെയർമാൻ സ്ഫടികം ജോർജ്, ജനറൽ സെക്രട്ടറി പി എസ് സുഭാഷ് എന്നിവർ അറിയിച്ചു.
കെ.എം. ഷാജിക്കെതിരേ വനിത കമ്മിഷന്‍ കേസെടുത്തു
?️ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി അറിയിച്ചു.
ഇന്ത്യൻ ഹൈക്കമ്മീഷനിൽ ക്യാനഡ ചാരവൃത്തി നടത്തിയെന്ന് സംശയം
?️ജസ്റ്റിൻ ട്രൂഡോ സർക്കാരിന്‍റെ നിർദേശ പ്രകാരം ക്യാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ ഫോൺ കോളുകളും മറ്റു സംഭാഷണങ്ങളും ചോർത്തിയിരുന്നതായി സംശയമുയരുന്നു. ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്കുള്ള പങ്കിനു തെളിവുണ്ടെന്ന കനേഡിയൻ അധികൃതരുടെ അവകാശവാദമാണ് ഇങ്ങനെയൊരു സംശയത്തിനു കാരണമായിരിക്കുന്നത്. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിലുള്ള ആശയവിനിമയത്തിന്‍റെ രേഖകളാണ് തെളിവെന്നും കനേഡിയൻ അധികൃതർ വ്യക്തമാക്കിയിരുന്നു.
നരേന്ദ്രമോദി മത്സരിച്ചാലും താന്‍ വിജയിക്കുമെന്നു തരൂർ
?️പാര്‍ട്ടി തീരുമാനിച്ചാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്നും, തിരുവനന്തപുരത്ത് നരേന്ദ്രമോദി മത്സരിച്ചാലും താന്‍ വിജയിക്കുമെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മുസ്ലിംലീഗ് മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയില്‍ നിന്ന് ഏത് ഉന്നതന്‍ മത്സരിച്ചാലും തിരുവനന്തപുരത്തുകാര്‍ക്ക് എന്തു വേണമെന്ന് നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസംഗിച്ചു തീരുന്നതിനുമുൻപ് അനൗൺസ്‌മെന്‍റ്: വേദിയിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി
?️സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്‍റ് നടത്തിയതിൽ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്‌മെന്‍റ് തുടങ്ങുകയായിരുന്നു. താൻ സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുൻപ് അനൗൺസ്‌മെന്‍റ് നടത്തിയത് ശരിയായ നടപടിയല്ല എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിനു ശേഷമാണ് മുഖ്യമന്ത്രി സ്റ്റേജിൽ നിന്ന് ഇറങ്ങി പോയത്.
നിപ ആശങ്ക ഒഴിയുന്നു: നിന്ത്രണങ്ങളിൽ ഇളവ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും
?️നിപ ആശങ്ക ഒഴിയുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിന്ത്രണങ്ങളിൽ ഇളവ്. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഖാലിസ്ഥാൻ നേതാവിന്‍റെ ആസ്തികൾ എൻഐഎ പിടിച്ചെടുത്തു
?️നിരോധിക്കപ്പെട്ട സിക്ക്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയുടെ നേതാവ് ഗുർപത്‌വന്ത് സിങ് പന്നുവിന്‍റെ പേരിൽ ചണ്ഡിഗഡിലും അമൃത്‌സറിലുമുള്ള വസ്തുവകകൾ എൻഐഎ പിടിച്ചെടുത്തു. യുഎപിഎ പ്രകാരമാണ് നടപടി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എഫ്ജെ എന്ന സംഘടന സിക്കുകാർക്കു വേണ്ടി പ്രത്യേക രാജ്യം വേണമെന്നാണ് വാദിക്കുന്നത്. യുഎസിനു പുറമേ ക്യാനഡയിലും യുകെയിലും ഇവരുടെ പ്രവർത്തനം സജീവമാണ്.
സർക്കാർ വാഹനങ്ങൾക്ക് ഇനി KL 90 സീരീസ്
?️സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ ഒറ്റ രജിസ്ട്രേഷൻ സീരീസ്. എല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്–2 ൽ രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. ഇതോടെ എല്ലാ സർക്കാർ വാഹനങ്ങൾക്കും കെഎൽ 90 എ എന്ന ഒറ്റ രജിസ്ട്രേഷൻ സീരീസായിരിക്കും.
ലോക്സഭാ സ്ഥാനാർഥിത്വത്തിൽ പ്രതികരിച്ച് തിരുവഞ്ചൂർ
?️ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭാ സ്ഥാനാർഥി ആകുന്നതിനോട് പൂർണ യോജിപ്പാണ് തങ്ങൾക്കെല്ലാവർക്കും ഉളളതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അച്ചു ഉമ്മൻ സ്ഥാനാർഥിയാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു തിരുവഞ്ചൂരിന്‍റെ മറുപടി. പക്ഷേ സ്ഥാനാർഥിത്വത്തെ കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുവീണ് പരിക്ക്
?️തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുവീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി 37 വയസ്സുള്ള ബിജു ബാലകൃഷ്ണനാണ് പരുക്കേറ്റത്. തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ രാവിലെ ആയിരുന്നു അപകടം. എക്‌സ്‌ക്യൂട്ടിവ് എക്‌സ്പ്രസില്‍ നിന്നും സ്‌റ്റേഷനില്‍ ഇറങ്ങാന്‍ നില്‍ക്കവെ ട്രെയിനില്‍ നിന്നും കാല്‍ വഴുതി വീഴുകയായിരുന്നു. വലതുകാലിന് ഗുരുതരമായി പരുക്കേറ്റ ബിജു ബാലകൃഷ്ണനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ത്രീകള്‍ക്കെതിരെ നെറികെട്ട ആക്രമണം: പിണറായി
?️സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രത്യേകരീതിയിലുള്ള ആക്രമണം കോണ്‍ഗ്രസ് നേതാക്കളടക്കം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ നേതാക്കളുടെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെയാണ് വ്യാജപ്രചാരണം നടത്തിയത്.നവമാധ്യമങ്ങള്‍ തെറ്റായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണിത്. ലക്ഷങ്ങള്‍ കൊടുത്ത് ആളുകളെയും സ്ഥാപനങ്ങളെയും വിലയ്‌ക്കെടുത്ത്, രാഷ്ട്രീയ എതിരാളികളെ തലങ്ങും വിലങ്ങും ആക്രമിക്കുകയാണ്. അതിനായി വാര്‍ത്താരംഗമാകെ കൈയടക്കുന്നു. മറ്റു മാധ്യമങ്ങളെയും പണത്തിലൂടെ സ്വാധീനിക്കുന്നു. ഇതിനായി പ്രത്യേക ഏജന്‍സികളെ ഇറക്കുന്നു.
ചാന്ദ്രയാൻ 3 : ലാൻഡറും റോവറും ഉണരുന്നില്ല
?️ചാന്ദ്രയാൻ 3 ദൗത്യ ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തിപ്പിക്കാൻ ശനിയാഴ്‌ച കൂടി ഐഎസ്‌ആർഒ ശ്രമം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 18 ദിവസമായി ശീതനിദ്രയിലാണ് ഇരുപേടകങ്ങളും. ലാൻഡർ ഇരിക്കുന്ന ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം പൂർണതോതിൽ എത്തിയിട്ടുണ്ട്. 100 മീറ്റർ അപ്പുറത്തുള്ള റോവറിലെ സൗരോർജപാനലിലും സൂര്യപ്രകാശം എത്തിയതായാണ് നിഗമനം. ബാറ്ററി പ്രവർത്തിച്ചിരുന്നെങ്കിൽ സിഗ്‌നലുകൾ ലഭിച്ചു തുടങ്ങേണ്ടതാണ്. എന്നാൽ അതുണ്ടായിട്ടില്ല. ബംഗളൂരുവിലെ ഐഎസ്‌ആർഒ സെന്ററായ ഇസ്‌ട്രാക്കിൽനിന്ന് കമാൻഡുകൾ അയച്ചെങ്കിലും ലാൻഡർ പ്രതികരിച്ചില്ല.
ഒമ്പത് വന്ദേഭാരതുകൾ ട്രാക്കിലേക്ക്; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
?️വിവിധ സംസ്ഥാനങ്ങളിലായി പുതിയ 9 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി ഞായറാഴ്ച മുതൽ ട്രാക്കിലേക്ക്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും ഉദ്ഘാടനം. കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീശ, ഝാർഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വന്ദേഭാരതുകൾ എത്തുക. കേരളത്തിൽ രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണ് സർവീസ് ആരംഭിക്കുന്നത്. തിരുവനന്തപുരം മുതൽ ആലപ്പുഴ വഴി കാസർഗോഡ് വരെയും തിരിച്ചുമാണ് വന്ദേഭാരത് സർവീസ് നടത്തുക.
മണിപ്പൂരിൽ ഇന്‍റർനെറ്റ് നിരോധനം അവസാനിക്കുന്നു
?️അന്താരാഷ്ട്ര അതിർത്തിയിൽ 60 കിലോമീറ്റർ നീളത്തിൽ മതിൽ കെട്ടുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടക്കമിട്ടു. മണിപ്പൂരിൽ നാലു മാസമായി തുടരുന്ന ഇന്‍റർനെറ്റ് നിരോധനം ശനിയാഴ്ച മുതൽ നീക്കുമെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. സാമുദായിക സംഘർഷം മൂലം മേയ് 3 മുതൽ സംസ്ഥാനത്ത് ഇന്‍റർനെറ്റ് നിരോധിച്ചിരിക്കുകയായിരുന്നു. വ്യാജ വാർത്തകളും പ്രകോപനപരമായ സന്ദേശങ്ങളും പടരാതിരിക്കുന്നതിനായാണ് ഇന്‍റർനെറ്റിന് വിലക്കേർപ്പെടുത്തിയത്. സംഘർഷാവസ്ഥ ഇല്ലാതായതിനാൽ ഇന്‍റർനെറ്റ് വിലക്ക് നീക്കം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിവാഹമോചന കേസ് കൂട്ടയടിയിൽ കലാശിച്ചു
?️വേർപിരിഞ്ഞ ദമ്പതികൾ ഹൈക്കോടതി ഉത്തരവനുസരിച്ച് കുട്ടികളെ കൈമാറാൻ എത്തിയപ്പോഴുണ്ടായ തർക്കം കൂട്ടയടിയിൽ കലാശിച്ചു. ചേർത്തല കോടതിവളപ്പിൽ 22-ന് രാവിലെയായിരുന്നു സംഭവം. ഇരുപക്ഷത്തെയും സ്‌ത്രീകളുടെ പരാതിയിൽ പൊലീസ് രണ്ട് കേസെടുത്തു.വയലാർ സ്വദേശിനിയായ യുവതിയും അച്ഛനുമാണ് കുട്ടികളെ കൈമാറൻ എത്തിയത്. ഭർത്താവ് പട്ടണക്കാട് സ്വദേശിയുമായി അകന്നുകഴിയുകയാണ് യുവതി. ഇവരുടെ വിവാഹബന്ധം വേർപിരിയൽ കേസ് ആലപ്പുഴ കുടുംബക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ച് കുട്ടികളെ ആഴ്‌ചയിൽ രണ്ടുനാൾ ഒപ്പം ലഭിക്കാൻ ഉത്തരവു നേടി. അതിൻപ്രകാരമാണ് യുവതിയും അച്ഛനും കുട്ടികളോടൊപ്പം ചേർത്തല കോടതിവളപ്പിൽ എത്തിയത്. കാറിൽനിന്ന് കുട്ടികളെ ഇറക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൈയാങ്കളിയിലെത്തിയത്.
ബിഎസ്‌സി നഴ്‌സിംഗ് മേഖലയിൽ വൻ മുന്നേറ്റം
?️സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം 760 ബിഎസ്‌സി നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ മേഖലയിൽ 400 സീറ്റുകൾക്കും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകൾക്കും ആരോഗ്യ സർവകലാശാല അനുമതി നൽകി. ചരിത്രത്തിലാദ്യമായാണ് ബിഎസ്‌സി നഴ്‌സിംഗിൽ ഇത്രയേറെ സീറ്റുകൾ ഒരുമിച്ച് വർധിപ്പിക്കുന്നത്. ഈ സീറ്റുകളിൽ ഈ വർഷം തന്നെ അഡ്മിഷൻ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
?️കഞ്ഞിക്കുഴിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കോട്ടയം മള്ളൂശേരി പുത്തൻ പറമ്പിൽ അമൽ അനിൽ കുമാർ(21) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാക്കളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്; രാഷ്ട്രീയ കക്ഷികളുടെയും നിയമകമ്മിഷന്‍റെയും നിലപാട് തേടി ഉന്നത തല സമിതി
?️തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുന്നതിലുള്ള മാർഗങ്ങൾ പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി രൂപീകരിച്ച സമിതി രാഷ്‌ട്രീയ കക്ഷികളുടെയും നിയമ കമ്മിഷന്‍റെയും നിലപാട് തേടും. ശനിയാഴ്ച ചേർന്ന സമിതിയുടെ ആദ്യ യോഗത്തിലാണു തീരുമാനം. അംഗീകൃത രാഷ്‌ട്രീയ കക്ഷികൾ, വിവിധ സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ള പാർട്ടികൾ, ലോക്സഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികൾ, സംസ്ഥാന പാർട്ടികൾ എന്നിവയുടെ പ്രതിനിധികളോടാണ് നിലപാട് തേടുക. ഇതു കൂടാതെ നിയമ കമ്മിഷന്‍റെ അഭിപ്രായവും തേടും.
കെഎസ്ആര്‍ടിസി ബസിടിച്ച് നഴ്‌സറി സ്‌കൂള്‍ ഹെല്‍പ്പര്‍ മരിച്ചു
?️കടുത്തുരുത്തിയിൽ ബസിടിച്ച് നഴ്‌സറി സ്‌കൂള്‍ ഹെല്‍പര്‍ക്ക് ദാരുണാന്ത്യം. ഭര്‍ത്താവിൻ്റെ കണ്‍മുന്നില്‍ വച്ചായിരുന്നു അപകടം. ബസില്‍ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോൾ പൊടുന്നനെ മുന്നോട്ടെടുത്ത കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.
കാഞ്ഞിരത്താനം സെന്‍റ് ജോണ്‍സ് നഴ്സറി സ്‌കൂളിലെ ഹെല്‍പ്പറായ കിഴക്കേ ഞാറക്കാട്ടില്‍ ഇരുവേലിക്കല്‍ ജോസി തോമസാണ്(54) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ കാഞ്ഞിരത്താനം ജങ്ഷനിലാണ് അപകടമുണ്ടയത്.
കേരളത്തിൽ ലോക്‌സഭാ സീറ്റ് കുറയും, യുപിയിൽ കൂടും
?️വനിതാ സംവരണ ബിൽ പാർലമെന്‍റ് പാസാക്കിയ പശ്ചാത്തലത്തിൽ മണ്ഡല പുനർനിർണയം സജീവ ചർച്ചാവിഷയമാകുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തെയും മണ്ഡലാതിർത്തികൾ പുനർനിർണയിച്ച ശേഷമായിരിക്കും വനിതാ സംവരണ മണ്ഡലങ്ങൾ തീരുമാനിക്കുക. എന്നാൽ, മണ്ഡല പുനർനിർണയ പ്രക്രിയ ദക്ഷിണേന്ത്യക്ക് കടുത്ത ആശങ്കകളാണ് നൽകുന്നത്.
ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കണ്ണൂരിൽ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
?️വെള്ളിയാഴ്‌ച രാത്രി പത്തുമണിയോടെ കൂട്ടുകാരുമൊത്ത് ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. സുഹൃത്തുക്കള്‍ ചേർന്ന് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം.
ഹിന്ദുത്വ രാഷ്‌ട്രീയം: രവിചന്ദ്രനും സന്ദീപ് വചസ്പതിയും തമ്മിൽ സംവാദം
?️ഹിന്ദുത്വ രാഷ്‌ട്രീയം രാജ്യത്തിന് അപകടമോ എന്ന വിഷയത്തിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഒക്ടോബർ ഒന്നിന് സംവാദം.എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ലിറ്റ്മസ് 2023ൽ സ്വതന്ത്ര ചിന്തകൻ സി. രവിചന്ദ്രനും ഹിന്ദുത്വ രാഷ്‌ട്രീയ വക്താവ് സന്ദീപ് വചസ്പതിയും തമ്മിലാണ് സംവാദം നടക്കുക.
സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാരെ അവഹേളിച്ച സംഭവം; യൂത്ത് കോൺഗ്രസ് പ്രവർത്തകന് ജാമ്യം
?️സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാരെ സമൂഹ മാധ്യമങ്ങളിലൂടെ അശ്ശീല ഭാഷയിൽ അവഹേളിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ജാമ്യം. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന വ്യാജ ഫെയ്സ്ബുക് ഐഡി വഴി സിപിഎം നേതാക്കളുടെ ഭാര്യമാരുടെ ഫോട്ടോ അടക്കം അശ്ലീല ഭാഷയിൽ അവഹേളിച്ചുവെന്നാണ് കേസ്.
72 ലോൺ ആപ്പുകൾ നീക്കംചെയ്യാൻ നടപടിയുമായി പൊലീസ്
?️അംഗീകൃതമല്ലാത്ത 72 ലോൺ ആപ്പുകൾ നീക്കംചെയ്യാൻ പൊലീസ് നടപടി ആരംഭിച്ചു. പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. നിരവധി ആളുകൾ ലോൺ ആപ്പ് തട്ടിപ്പിനു ഇരയായി ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വർധിച്ചത്.
കശ്മീർ വിഷയമുന്നയിച്ച് പാക് പ്രധാനമന്ത്രി
?️യുഎന്നിൽ കശ്മീർ വിഷയം പരാമർശിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാകറിന് ഇന്ത്യയുടെ ശക്തമായ മറുപടി. സ്വന്തം രാജ്യത്തെ ഭീകരതാ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനാണു കാകർ ശ്രമിക്കേണ്ടതെന്നും കശ്മീരിന്‍റെ കാര്യത്തിൽ ഇടപെടേണ്ടെന്നും യുഎൻ പൊതുസഭാ രണ്ടാം കമ്മിറ്റിയിൽ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗെഹ്‌ലോട്ട് വ്യക്തമാക്കി. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിനെയും ലഡാഖിനെയും കുറിച്ച് പാക്കിസ്ഥാൻ അഭിപ്രായം പറയേണ്ടതില്ല. ഇവ രണ്ടും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളാണെന്നും പെറ്റൽ ഓർമിപ്പിച്ചു.
നാഗ്പുരില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
?️മഹാരാഷ്‌ട്രയിലെ നാഗ്പുരില്‍ ശനിയാഴ്ച പെയ്‌ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നാലു മണിക്കൂറിനുള്ളില്‍ 100 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വീടുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പ്രധാന റോഡുകളിലുമെല്ലാം വെള്ളം കയറി. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കനത്ത മഴയില്‍ കുടുങ്ങിയ 40 വിദ്യാര്‍ഥികളടക്കം 140 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.
ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം
?️2023 ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം. ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും പതാകയേന്തി.
പുരുഷ വോളിബോൾ ടീം ക്വാർട്ടറിൽ
?️ഇന്ത്യയുടെ പുരുഷ വോളിബോൾ ടീം ഏഷ്യൻ ഗെയിംസിൽ ഇടിമുഴക്കം സൃഷ്‌ടിക്കുന്നു. കഴിഞ്ഞ തവണത്തെ വെള്ളി, വെങ്കലം ജേതാക്കളെ തുരത്തിയ ഇന്ത്യ ക്വാർട്ടറിൽ കടന്നു. ചൈനീസ് തായ്‌പേയിയെ 25–-22, 25–-22, 25–-21ന് കീഴടക്കി. ഇനി നിലവിലെ ചാമ്പ്യൻമാരായ ജപ്പാനെ നേരിടും. ക്യാപ്‌റ്റൻ വിനീത്‌കുമാറിന്റെ നേതൃത്വത്തിൽ കളംനിറഞ്ഞ് കളിച്ച ഇന്ത്യയുടെ ടീംസ്‌പിരിറ്റിനു മുന്നിൽ എതിരാളികൾക്ക് പിടിച്ചുനിൽക്കാനായില്ല.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5495 രൂപ
പവന് 43960 രൂപ