മംഗലംഡാം കുടിവെള്ള പദ്ധതി: റോഡുകള്‍ വെട്ടിപ്പൊളിച്ചുള്ള പൈപ്പിടല്‍ ജനത്തിന് ദുരിതം.*

വടക്കഞ്ചേരി : മംഗലംഡാം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടാനായി റോഡുകള്‍ വെട്ടിപൊളിച്ചത് പഞ്ചായത്തുകള്‍ക്കും പൊതുമരാമത്ത് വകുപ്പിനും വലിയ ബാധ്യതയായതിനൊപ്പം വഴി നടക്കാനാകാതെ ജനങ്ങളും ദുരിതത്തില്‍. ഈയടുത്ത കാലത്തായി ടാറിംഗ് നടത്തിയവ ഉള്‍പ്പെടെ മിക്കവാറും റോഡുകളും വെട്ടിപൊളിച്ചാണ് പൈപ്പിടല്‍ നടത്തിയത്.

നന്നേ വീതികുറഞ്ഞ ഗ്രാമീണ റോഡുകളുടെ സ്ഥിതിയാണ് ഏറെ ശോചനീയമായത്. ജെസിബിയുടെ സഹായത്തോടെ ചാല് എടുത്തപ്പോള്‍ ബലകുറവുള്ള ടാറിംഗില്‍ വിള്ളല്‍ രൂപപ്പെട്ട് അടര്‍ന്ന് നീങ്ങി തകര്‍ന്നു. പാതയോരത്ത് ആഴത്തിലുള്ള ചാല്‍ നിര്‍മിച്ചതിനാല്‍ പലയിടത്തും വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയിലാണിപ്പോള്‍. വാഹനങ്ങള്‍ ചാലില്‍ കുടുങ്ങി അപകടങ്ങളും പെരുകി. മഴമാറിയാല്‍ ഇനി പൊടിനിറഞ്ഞ് റോഡ് സൈഡിലെ വീട്ടുകാര്‍ക്കൊന്നും പുറത്തിറങ്ങാനാവാത്ത സ്ഥിതിയാകും. തകര്‍ന്നു കിടക്കുന്ന റോഡുകളുടെ മെയിന്‍റനൻസ് വര്‍ക്കുകള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ട സ്ഥിതിയാണ് പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകള്‍ക്കുള്ളത്. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ നാലു പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതാണ് മംഗലംഡാം കുടിവെള്ള പദ്ധതി. ഒന്നര ലക്ഷത്തിലധികം ആളുകള്‍ക്ക് പ്രതിദിനം ആളോഹരി 100 ലിറ്റര്‍ ശുദ്ധജലമാണ് പദ്ധതി വഴി വിഭാവനം ചെയ്യുന്നത്. പദ്ധതിക്കായുള്ള മെയിൻ ടാങ്കുകളുടെ പണികള്‍ മംഗലംഡാം ബംഗ്ലാകുന്നില്‍ അന്തിമഘട്ടത്തിലാണ്.എന്നാല്‍ ഇതിനൊക്കെയുള്ള വെള്ളം ഡാമില്‍ ഉണ്ടാകുമോ എന്ന ആശങ്കക്ക് ഇനിയും ഉത്തരമില്ല. ഡാമിലെ മണ്ണ് നീക്കുന്ന പ്രവൃത്തികള്‍ രണ്ട് വര്‍ഷത്തോളമായി മുടങ്ങിയിരിക്കുകയാണ്.

യഥാസമയം മണ്ണ് നീക്കം ചെയ്ത് പദ്ധതി നടപ്പിലാക്കാനുള്ള വേഗതയൊന്നും എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. മണ്ണ് നീക്കം ചെയ്ത് വെള്ളം സംഭരിക്കാനായാല്‍ മാത്രമെ കുടിവെള്ള പദ്ധതിക്കും വെള്ളമുണ്ടാകൂ. അതല്ലെങ്കില്‍ മഴക്കാല മാസങ്ങളില്‍ മാത്രം ജല വിതരണം നടത്തി വെള്ളത്തിന് കൂടുതല്‍ ആവശ്യം വരുന്ന വേനല്‍ മാസങ്ങളില്‍ മറ്റു വഴികള്‍ തേടേണ്ട ഗതികേട് വരും.
ജൂണ്‍ മാസം ഒടുവിലോ ജൂലൈയിലോ വെള്ളം നിറഞ്ഞ് തുറക്കാറുള്ള മംഗലംഡാം സെപ്റ്റംബര്‍ ഒടുവിലും ജലനിരപ്പ് പരമാവധി എത്തുന്നതേയുള്ളു. ഇനി രണ്ടാംവിള നെല്‍കൃഷിക്കായി കൂടുതല്‍ വെള്ളം വിടേണ്ടി വന്നാല്‍ ഡാം വറ്റുന്ന സ്ഥിതിയിലാകും. ജലലഭ്യത ഉറപ്പുവരുത്താനായില്ലെങ്കില്‍ 130 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മംഗലംഡാം കുടിവെള്ള പദ്ധതിയും പൈപ്പിടലില്‍ ചുരുങ്ങും. വെള്ളത്തിന്‍റെ ലഭ്യത ഉറപ്പാക്കാതെ വീടുകളില്‍ ടാപ്പ് സ്ഥാപിക്കല്‍ വരെ നടത്തിയിരിക്കുകയാണ്.