ആനശല്യം രൂക്ഷമായപ്പോള്‍ മലയോര ഹൈവേയിൽ കണ്ണടച്ച്‌ സോളാര്‍ വിളക്കുകള-

വടക്കഞ്ചേരി: വാല്‍കുളമ്ബ് – പനംങ്കുറ്റി – പന്തലാംപാടം മലയോര പാതയില്‍ സോളാര്‍ വിളക്കുകള്‍ കണ്ണടച്ചതോടെ ഈ റൂട്ടിലൂടെയുള്ള രാത്രിയാത്ര പേടിസ്വപ്നം.

വെളിപനമണ്ണ റോഡില്‍ വെളിച്ചമില്ലാത്തതിനാല്‍ രാത്രിയില്‍ ആനകള്‍ റോഡരികില്‍ നില്‍ക്കുന്നത് കാണാനാകില്ല. പനംങ്കുറ്റി മുതല്‍ താമരപ്പിള്ളി, പോത്തുചാടി ഫോറസ്റ്റ് ഓഫീസ് വരെയുള്ള രണ്ടുകിലോമീറ്റര്‍ ദൂരത്താണ് സോളാര്‍ വിളക്കുകള്‍ കണ്ണടച്ചിട്ടുള്ളത്.

തുടക്കത്തില്‍ വിളക്കുകള്‍ പ്രവര്‍ത്തിച്ചെങ്കിലും ഇപ്പോള്‍ ഭൂരിഭാഗം വിളക്കുകളും കേടായി. പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നും ആനയിറങ്ങുന്ന പ്രദേശമാണിത്.

കയറ്റങ്ങളും ഇറക്കവും വളവും ആള്‍ താമസവുമില്ലാത്ത ഒറ്റപ്പെട്ട പ്രദേശത്താണ് വഴിവിളക്കുകള്‍ ഇത്തരത്തില്‍ മിഴി തുറക്കാത്തത്. തകര്‍ന്നുകിടക്കുന്ന
മലയോര പാതയും വാഹന യാത്രികരെ ഭീതിയിലാക്കുന്നുണ്ട്. ആനകള്‍ പാഞ്ഞടുത്ത് അപകട സ്ഥിതിയില്‍ ഉറക്കെ നിലവിളിച്ചാല്‍ പോലും ഇവിടെ ആരും കേള്‍ക്കാനില്ല.

ഒരു വശത്ത് പീച്ചി കാടും മറുഭാഗത്ത് വലിയ തോട്ടങ്ങളുമാണ്. അതിനിടയിലൂടെയാണ് വീതികുറഞ്ഞ റോഡുള്ളത്.

വനാതിര്‍ത്തിയിലെ സോളാര്‍ ഫെൻസിംഗും തകര്‍ത്ത് ചിലപ്പോഴൊക്കെ ആനകള്‍ കൂട്ടത്തോടെ റോഡിലെത്തും.

തകര്‍ന്ന റോഡായതിനാല്‍ വേഗത്തില്‍ വാഹനം ഓടിച്ച്‌ പോകാനും കഴിയില്ലെന്ന് പ്രദേശവാസിയായ ചെറുനിലം ജോണി പറഞ്ഞു.

സോളാര്‍ വിളക്കുകള്‍ ഇടയ്ക്കിടെ പ്രവര്‍ത്തിക്കാത്ത സാഹചര്യമുള്ളതിനാല്‍ പനംങ്കുറ്റിവരെ എത്തിനില്ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ രണ്ടു കിലോമീറ്റര്‍ കൂടി നീട്ടി പോത്തുചാടി വരെയാക്കി തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമുണ്ട്. പന്നിയങ്കരയിലെ ടോള്‍ കൊള്ള ഒഴിവാക്കാൻ തൃശൂര്‍ ഭാഗത്തേക്ക് പോകാനും വരാനും വാല്‍കുളമ്ബ്, പാലക്കുഴി, മംഗലംഡാം തുടങ്ങിയ മലയോരവാസികള്‍ ഈ മലയോരപാതയാണ് ആശ്രയിക്കുന്നത്.

.