വടക്കഞ്ചേരി: ഏതു നാട്ടിലും മുക്കിലും മൂലയിലും വികസനം വന്നെങ്കിലും വടക്കഞ്ചേരി ടൗണില്‍ ഇന്നും വികസന വെളിച്ചം അന്യമാണ്. സ്വകാര്യ വ്യക്തികളുടെ കുറെ ഷോപ്പിംഗ് കോംപ്ലക്സുകളും സ്ഥാപനങ്ങളുമല്ലാതെ പഞ്ചായത്തിന്‍റേതായ വലിയ വികസന പദ്ധതികളൊന്നുമില്ല. ടൗണിലെ പഴയ കല്യാണമണ്ഡപം പൊളിച്ചു മാറ്റി പുതിയ കമ്മ്യൂണിറ്റി ഹാള്‍ വന്നു എന്നതു മാത്രമാണ് എടുത്തു പറയാവുന്നത്.
അതിനാണെങ്കില്‍ വാഹന പാര്‍ക്കിംഗ് സൗകര്യവുമില്ല. എല്ലാ നിയമങ്ങളും പാലിച്ചു നിര്‍മിക്കേണ്ട കെട്ടിടത്തിനാണ് ഈ സ്ഥിതി. പഴയ കല്യാണമണ്ഡപം പൊളിച്ചു മാറ്റി പിന്നീട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞാണ് കെട്ടിടം നിര്‍മിച്ചത്. ടൗണിലെ മാര്‍ക്കറ്റ് റോഡുകളായ കിഴക്കഞ്ചേരി റോഡ്, ഗ്രാമം റോഡുകള്‍ ഇന്നും സ്ഥല പരിമിതികളില്‍ വീര്‍പ്പുമുട്ടുകയാണ്.
പഴമകളുടെ ശേഷിപ്പുകള്‍ പോലെയാണ് ഇന്നും ഇവിടുത്തെ വികസനം. രണ്ടു വലിയ വാഹനം വന്നാല്‍ പിന്നെ കുരുക്ക് മുറുകും. ഏറെനേരം പുറകോട്ടും മുന്നോട്ടും എടുത്ത് വേണം വാഹനങ്ങള്‍ക്ക് രക്ഷപ്പെട്ടു പോകാൻ. ജില്ലയിലെ തന്നെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നായ വടക്കഞ്ചേരി ടൗണില്‍ വീതി കൂടിയ റോഡുകള്‍ ഉണ്ടാകേണ്ടതുണ്ട്.
വിവിധ ആവശ്യങ്ങള്‍ക്കായി നിത്യേന എത്തുന്നവരെ ഉള്‍ക്കൊള്ളാൻ നഗരത്തിന് കഴിയുന്നില്ല. ടൗണിലെത്തുന്നവര്‍ക്ക് സ്വസ്ഥമായി ശങ്ക തീര്‍ക്കാൻ മാര്‍ഗമില്ല എന്നതും ഏറെ വിഷമകരമാണ്. ടിബി- ചെറുപുഷ്പം സ്കൂള്‍ ജംഗ്ഷനില്‍ 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ചിരുന്ന ഇ – ടോയ്‌ലറ്റ് പ്രവര്‍ത്തിപ്പിക്കാനാകാതെ പൊളിച്ചടുക്കി.
പുതിയ സാധാരണ ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അതും യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തിട്ടില്ല. ഏതു വേനലിലും വെള്ളം വറ്റാത്ത ടൗണിലെ സുനിതാ ജംഗ്ഷനിലുള്ള ചേകുളം മാലിന്യ കൂമ്ബാരമായി മാറി. സായാഹ്നങ്ങളില്‍ വിശ്രമിക്കാൻ ഉതകുന്ന ഉദ്യാനം ഒരുക്കേണ്ടിടത്ത് കംഫര്‍ട്ട് സ്റ്റേഷൻ നിര്‍മിച്ച് എല്ലാം വൃത്തികേടാക്കി. ബസ് സ്റ്റാൻഡിന്‍റെ പേര് ഇന്ദിരാ പ്രിയദര്‍ശിനി എന്നായതും വികസനത്തിന് തടസമായി.
വികസനത്തില്‍ രാഷ്ട്രീയം നോക്കാറില്ലെന്ന് എല്ലാവരും പറയുമെങ്കിലും എല്ലാറ്റിലും ഇന്ന് രാഷ്ട്രീയം തന്നെയാണ്. ടൗണിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കുന്നതില്‍ പോലും രാഷ്ട്രീയമാണ് തടസം. കെഎസ്‌ആര്‍ടിസി സബ് ഡിപ്പോ ഉണ്ടെങ്കിലും യാത്രക്കാര്‍ക്ക് വേണ്ടവിധം അത് പ്രയോജനപ്പെടുന്നില്ല. കെഎസ്‌ആര്‍ടിസി ബസുകള്‍ ഏതു വഴിക്കെല്ലാം പോകും എന്ന് ഒരു നിശ്ചയവുമില്ല.
ദേശീയപാത വഴിയും റോയല്‍ ജംഗ്ഷൻ വഴിയും ചെറുപുഷ്പം സ്കൂള്‍ റോഡ് വഴിയും ബസുകള്‍ പായും. പലവഴിക്കുള്ള കെഎസ്‌ആര്‍ടിസി ബസുകളുടെ പോക്ക് രാത്രികാലങ്ങളിലാണ് യാത്രക്കാരെ വട്ടം കറക്കുന്നത്. നിന്ന് തിരിയാൻ ഇടമില്ലാത്ത വിധം വടക്കഞ്ചേരിയിലെ സര്‍ക്കാര്‍ ആശുപത്രി കോമ്ബൗണ്ടില്‍ പുതിയ കെട്ടിടങ്ങള്‍ നിറയുകയാണ്.
വലിയ പഴക്കമില്ലാത്ത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ഇടയ്ക്കിടെ പുതിയ കെട്ടിടങ്ങള്‍ പണിയും. എന്നാല്‍ നല്ല ചികിത്സ കിട്ടാനുള്ള സൗകര്യങ്ങളൊന്നും ഇന്നും ഇവിടെയില്ല. അഞ്ചുമൂര്‍ത്തി മംഗലത്ത് പ്രവര്‍ത്തിക്കുന്ന വടക്കഞ്ചേരി ഫയര്‍ സ്റ്റേഷൻ കാല്‍നൂറ്റാണ്ടിലേറെയായി വാടക കെട്ടിടത്തില്‍ തന്നെയാണ്.
സ്ഥലം കണ്ടെത്തി ഫയര്‍ സ്റ്റേഷൻ വടക്കഞ്ചേരിയില്‍ തന്നെ നിലനിര്‍ത്താൻ ജനപ്രതിനിധികള്‍ക്കും കഴിയുന്നില്ല. പാലക്കാടിന്‍റേയും തൃശൂരിന്‍റേയും മധ്യത്തിലുള്ള വടക്കഞ്ചേരിക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ വരേണ്ടതുണ്ടെന്നാണ് ജനപക്ഷം.