മകളുടെ ഫോണിലേക്ക് വീട്ടമ്മയുടെ അശ്ലീലചിത്രങ്ങള്‍ അയച്ച്‌ കൊടുത്തു; എടുക്കാത്ത വായ്പ തിരിച്ചടയ്ക്കാൻ ഓണ്‍ലൈൻ വായ്പ മാഫിയയുടെ ഭീഷണി

.

കൊല്ലങ്കോട് : എടുക്കാത്ത വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടു വീട്ടമ്മയ്ക്ക് ഓണ്‍ലൈൻ വായ്പ മാഫിയയുടെ ഭീഷണി. മകളുടെ ഫോണിലേക്ക് ഉള്‍പ്പെടെ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ അയച്ച്‌ കൊടുത്താണ് ഭീഷണിപ്പെടുത്തല്‍. എന്നാല്‍ വായ്പ എടുത്തിട്ടില്ലെന്നും കോവിഡ് കാലത്ത് ഓണ്‍ലൈൻ വായ്പയെക്കുറിച്ച്‌ അന്വേഷിച്ചതേയുള്ളുവെന്നാണ് വീട്ടമ്മ പറയുന്നത്.

ഓണ്‍ലൈനില്‍ കണ്ട നമ്പറിലേക്ക് അന്ന് ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടതിനാല്‍ മകളുടെ നമ്പറും നല്‍കിയിരുന്നു. പിന്നീട് 13,800 രൂപ വായ്പ തിരിച്ചടയ്ക്കണമെന്ന ഫോണ്‍ വിളികള്‍ വന്നു തുടങ്ങി. ഓഗസ്റ്റ് 27നു മകളുടെ നമ്പറിലേക്ക് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചുതുടങ്ങി. പാലക്കാട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ശല്യം നിലച്ചു.