വാർത്താ പ്രഭാതം

 19.09.2023

പ്രത്യേക സമ്മേളനത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും: പ്രധാനമന്ത്രി
?️ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മേളനം ചെറുതാണെങ്കിലും ചരിത്രപരമായിരിക്കുമെന്നും മോദി മാധ്യമങ്ങളോട് പറഞ്ഞു. പഴയ തിന്മകളെ ഉപേക്ഷിച്ച് പുതിയ വിശ്വാസത്തോടെയും ഊർജത്തോടെയും പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കണമെന്നും ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിനുള്ള നിർണായക തീരുമാനങ്ങൾ പുതിയ മന്ദിരത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത്, കായികോത്സവം തൃശൂരിൽ
?️സംസ്ഥാന സ്കൂൾ കലാ-കായിക-ശാസ്ത്രമേളകളുടെ തിയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ കലോത്സവം 2024 ജനുവരി നാല് മുതൽ എട്ട് വരെ കൊല്ലത്തു നടക്കും. കായിക മേള 2023 ഒക്റ്റോബർ 16 മുതൽ 20 വരെ തൃശൂരിലും ശാസ്ത്രമേള നവംബർ 30 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരത്തും സംഘടിപ്പിക്കും. നവംബർ 9 മുതൽ 11 വരെ എറണാകുളത്താണ് സ്പെഷ്യൽ കലോത്സവം സംഘടിപ്പിക്കുന്നത്.

നിപ: സംസ്ഥാനത്ത് പുതിയ കേസുകളില്ല, കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവുനൽകും
?️സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചികിത്സയിലിരിക്കുന്നവരുടെ ആരോഗ്യ നില തൃപ്തികമാണെന്നും കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവു നൽകുമെന്നും മന്ത്രി പറഞ്ഞു. ആകെ 218 സാമ്പിളുകൾ പരിശോധിച്ചു. സമ്പർക്ക പട്ടികയിൽ 1270 പേരാണുള്ളത്. സമ്പർക്ക പട്ടിക വിപുലീകരിക്കാൻ പൊലീസ് സഹായം തേടിയിരുന്നതായും മന്ത്രി വ്യക്തമാക്കി.

നിപ: ഹൈ റിസ്ക് കോൺടാക്റ്റിലെ 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
?️നിപ രോഗികളുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാ ഫലമാണ് പുറത്തു വന്നത്. നിപ ബാധിച്ച് മരിച്ച ഹാരിസുമായി അടുത്ത് ഇടപഴകിയവരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. മലപ്പുറം ജില്ലയിൽ 22 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. നിപ ബാധിച്ചതിനെത്തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച ആളുമായി ബന്ധമുള്ള കൂടുതൽ പേർ എത്തിയിരുന്നു. നിപ ബാധിച്ച ഒൻപതു വയസ്സുകാരനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. നിപ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 2 പേരുടെയും ഫലം നെഗറ്റീവാണ്.

നിപ; കോഴിക്കോട് കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവ്
?️നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവ്. നിപ പരിശോധനയ്ക്കയച്ച ഫലങ്ങൾ നെഗറ്റീവായതോടെയാണ് കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. രാത്രി എട്ടുമണിവരെ കടകൾ തുറന്നു പ്രവർത്തിക്കാം. ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുമണിവരെയും പ്രവർത്തിക്കാം. മറ്റ് നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വടകര താലൂക്കിലെ ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യപ്പള്ളി, കാവിലുംപാറ പുറമേരി, ചങ്ങോരത്ത് തുടങ്ങിയ പഞ്ചായത്തുകളിലെ വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.

നിപ: കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ വിദഗ്ധ സംഘം കോഴിക്കോട് പരിശോധന നടത്തും
?️നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ വിദഗ്ധ സംഘം പരിശോധന നടത്തും. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്‍റെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നിന്നുള്ള സംഘവും കേരള വെറ്ററിനറി ആൻഡ് ആനിമൽ‌ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവരും കേന്ദ്ര സംഘത്തിനൊപ്പമുണ്ടാകും. അതേ സമയം കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡത്തിൽ നിന്ന് സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

അടുത്ത അധ്യയന വർഷത്തിൽ അഞ്ച് ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങൾ
?️അടുത്ത അധ്യയന വർഷം മുതൽ അഞ്ച് ക്ലാസുകളിൽ പുതിയ പാഠ പുസ്തകങ്ങളെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പതു ക്ലാസുകളിലാണ് പരിഷ്കരിച്ച പാഠപുസ്തകങ്ങൾ വിതരണം ചെയ്യുക. സംസ്ഥാനത്ത് പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിച്ച് 15 വർഷങ്ങൾ കഴിഞ്ഞുവെന്നും ജനകീയ ചർച്ചകളും കുട്ടികളുടെ ചർച്ചയും പഠനങ്ങളും നടത്തി സംസ്ഥാനത്തിന്‍റെ തനിമ നില നിർത്തിയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പാഠ്യപദ്ധതിയാണ് രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ 26 മേഖലകളിൽ നിന്നായി നിലപാട് രേഖ തയാറാക്കി. സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ചട്ടക്കൂടിന്‍റെ കരട് പ്രകാശനവും സെമിനാറും ജനകീയ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ടും വ്യാഴാഴ്ച ഉച്ചക്ക് പ്രകാശനം ചെയ്യും.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തൃശൂരും എറണാകുളത്തുമായി 9 ഇടങ്ങളിൽ ഇഡി റെയ്ഡ്
?️കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തും തൃശൂരും വ്യാപകമായി റെയ്ഡ് നടത്തി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക്, തൃശൂർ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ 9 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന.

പാർലമെന്‍റ് മന്ദിരത്തിനു വേണ്ടി വിയർപ്പൊഴുക്കിയത് ഇന്ത്യക്കാർ; പ്രത്യേക സമ്മേളനത്തിൽ മോദി
?️പാർലമെന്‍റ് മന്ദിരം നിർമിക്കാൻ തീരുമാനിച്ചത് വിദേശികളാണെങ്കിലും അതിനു വേണ്ടി വിയർപ്പൊഴുക്കിയത് ഇന്ത്യക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രത്യേക സമ്മേളനത്തിൽ പാർലമെന്‍റിന്‍റെ 75 വർഷത്തെ യാത്രയെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മോദി. പാർലമെന്‍റ് പുതിയ മന്ദിരത്തിലേക്ക് മാറിയാലും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുമെന്നും ലോക്സഭയിൽ മോദി പറഞ്ഞു.

കേരളത്തിലും ബംഗാളിലും ‘ഇന്ത്യ’ ഇല്ല
?️ദേശീയതലത്തിൽ രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കേരളത്തിലും പശ്ചിമ ബംഗാളിലും പ്രാവർത്തികമാക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചതായി സൂചന. കേരളത്തിൽ കോൺഗ്രസിനൊപ്പവും ബംഗാളിൽ പ്രധാന എതിരാളികളായ തൃണമൂൽ കോൺഗ്രസിനൊപ്പവും മുന്നണിയായി മത്സരിക്കുന്നത് പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണിത്. ബിജെപി വിരുദ്ധ സഖ്യത്തിന്‍റെ കോഓർഡിനേഷൻ കമ്മിറ്റി യോഗത്തിലേക്ക് പ്രതിനിധിയെ നിയോഗിക്കേണ്ടെന്നും സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു. പതിനാലംഗ സമിതിയിൽ സിപിഎമ്മിന്‍റെ സ്ഥാനം മുന്നണി ഒഴിച്ചിട്ടിരിക്കുകയാണ്

ഗണേശ ചതുർഥി: കാസർഗോഡ് ചൊവ്വാഴ്ച അവധി
?️കാസർഗോഡ് ജില്ലയിൽ ചൊവാഴ്ച പൊതു അവധി. ഗണേശ ചതുർഥി ആഘോഷങ്ങളോടനുബന്ധിച്ചാണ് കലക്‌ടർ പൊതു അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ മാറ്റമുണ്ടാവില്ല. ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർഥി അഥവാ ഗണേശോത്സവം എന്ന പേരിൽ ഹിന്ദുക്കൾ ആഘോഷിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയാലും നേരിടാൻ പ്രതിപക്ഷം സജ്ജം; നിതീഷ് കുമാർ
?️ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയാലും നേരിടാൻ പ്രതിപക്ഷം സജ്ജമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ജനങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്നും ഇനിയും അത് തന്നെ തുടരുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി. ബിഹാറിൽ ഏറെ വികസന പ്രവർത്തനങ്ങൾ‌ നടത്താൻ കഴിഞ്ഞു. റോഡുകളുടേയും പാലത്തിന്‍റേയും നിർമാണമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞു. വൈദ്യുതി, ശുദ്ധജല വിതരണ മേഖലകളിലും ഏറെ പുരോഗതി വരുത്താനായെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വിവരാവകാശ പ്രവർത്തകൻ ജി ഗിരീഷ് ബാബു മരിച്ച നിലയിൽ
?️അറിയപ്പെടുന്ന വിവരാവകാശ പ്രവർത്തകൻ ജി ഗിരീഷ് ബാബു (47) വീടിൻ്റ കിടപ്പുമുറിയിൽ മരിച്ച നിലയിൽ. കൊച്ചിൻ യൂണിവേഴ്സിറ്റിക്ക് സമീപം കാരുവള്ളി റോഡിൽ പുന്നക്കാടൻ വീട്ടിലെ കിടപ്പ് മുറിയിലാണ് തിങ്കൾ രാവിലെ മരിച്ച നിലയിൽ കണ്ടത്. കളമശേരി പൊലീസെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. രാത്രി ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.

”കുട്ടികളെ ഓഫീസിൽ കൊണ്ടു വരാൻ പാടില്ല”; സർക്കാർ ഉത്തരവ് വൈറൽ, മേയർ സർക്കാർ ഉദ്യോഗസ്ഥയല്ലെന്നു മറുപടി
?️സർക്കാർ ജീവനക്കാർ കുട്ടികളെ ഓഫീസിൽ കൊണ്ടു വരാൻ പാടില്ലെന്ന സംസ്ഥാന സർക്കാർ ഉത്തരവാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കൈക്കുഞ്ഞുമായി ഓഫീസിലെത്തിയ ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് 2018 ലെ സർക്കാർ ഉത്തരവ് ശ്രദ്ധ നേടുന്നത്.
മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശ പ്രകാരം 2018 ലാണ് ഉത്തരവ് പുറത്തിറക്കിയത്. കുട്ടികളുമായി ഓഫീസിലെത്തുന്നത് വഴി ഓഫീസ് സമയം നഷ്ടപ്പെടുത്തുന്നു, ഓഫീസ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നു, കുട്ടിയുടെ വ്യക്തിത്വ വികസനത്തെ ഇത് ബാധിക്കുന്നു എന്നീ കാരണങ്ങളാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ
?️സംസ്ഥാനത്ത് രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്.

തെലങ്കാന സ്വപ്നം കണ്ട് കോൺഗ്രസ്
?️തെലങ്കാന സ്വന്തമാക്കാനായി കച്ച കെട്ടിയിറങ്ങി കോൺഗ്രസ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ആറ് വാഗ്ദാനങ്ങളായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി തെലങ്കാനയ്ക്ക് നൽകിയിരിക്കുന്നത്.ഹൈദരാബാദിനു സമീപം തുക്കുഗുഡയിൽ നടന്ന റാലിയിലാണ് സോണിയ വാഗ്ദാനങ്ങൾ നൽകിയത്. സ്ത്രീകൾക്ക് മാസം 2500 രൂപ ധനസഹായം നൽകുന്ന മഹാലക്ഷ്മി സ്കീം, ഗ്യാസ് സിലിണ്ടറിന് 500 രൂപ, ടിഎസ്ആർസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഭവന നിർമാണത്തിനായി അഞ്ച് ലക്ഷം രൂപ, എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഉന്നത പഠനത്തിന് അഞ്ച് ലക്ഷം രൂപയുടെ സഹായം തുടങ്ങി ആറ് വാഗ്ദാനങ്ങളാണ് നൽകിയിരിക്കുന്നത്. കോൺഗ്രസ് അധികാരത്തിലേറുകയാണെങ്കിൽ ഇവയെല്ലാം നടപ്പിലാക്കുമെന്നും സോണിയ പറഞ്ഞു.

തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചടി
?️തമിഴ്നാട്ടിൽ ആധിപത്യമുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. ബിജെപിയുമായി സഖ്യമില്ലെന്ന് വ്യക്തമാക്കി എഐഎഡിഎംകെ. പാർട്ടിയുടെ മുതിർന്ന നേതാവ് ഡി. ജയകുമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പു കാലത്ത് സഖ്യവുമായി ബന്ധപ്പെട്ട ഭാവി പരിപാടികൾ വ്യക്തമാക്കുമെന്നും ജയകുമാർ പറഞ്ഞു.

ആനക്കൊമ്പ് കേസ്: മോഹൻലാലിനെതിരായ വിചാരണക്ക് ഹൈക്കോടതി സ്റ്റേ
?️ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസിൽ നടൻ മോഹൻലാലിനെതിരേയുള്ള വിചാരണ നടപടികൾ ആറു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസിന്‍റെ വിചാരണയ്ക്കായി മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികളോട് നവംബർ 3ന് നേരിട്ട് ഹാജരാകാൻ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു.കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള സർക്കാരിന്‍റെ അപേക്ഷ പൊതു താത്പര്യത്തിന് എതിരെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളിയിരുന്നു. അതിനു പുറകേയാണ് ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്.

ഇടുക്കിയിലും എറണാകുളത്തും യെലോ അലർട്ട്, തൃശൂർ പൂമല ഡാം ഷട്ടറുകള്‍ തുറക്കുമെന്ന് ജാഗ്രതാ മുന്നറിയിപ്പ്
?️വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇടുക്കിയിലും എറണാകുളത്തും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തലശ്ശേരി-കുടക് ചുരത്തില്‍ പെട്ടിക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം; രണ്ടാഴ്ച പഴക്കം
?️തലശ്ശേരി – കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ പെട്ടിക്കുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പെട്ടിയിൽ 4 കഷ്ണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.18, 19 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് നീല അമെരിക്കൻ ബ്രീഫ് കേസിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 2 ആഴ്ചയോഴം പഴക്കം വരുമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിരാജ്പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5505 രൂപ
പവന് 44040 രൂപ