മന്ത്രിമാരും രാഷ്ട്രീയപാര്‍ട്ടികളും അറിയണം കർഷകനായിരുന്ന സുലൈമാന്‍റെ ജീവിതകഥ


ബെന്നി വർഗിസ്
വടക്കഞ്ചേരി: കര്‍ഷകര്‍ ഇന്ന് അനുഭവിക്കുന്ന ദൈന്യസ്ഥിതിയുടെ നേര്‍ക്കാഴ്ചയാണ് കിഴക്കഞ്ചേരി പഞ്ചായത്തിലെ വാല്‍കുളമ്ബിനടുത്ത് വെള്ളിക്കുളമ്ബിലെ സുലൈമാന്‍റെ കഥ.

സീസണില്‍ 2000 വാഴയും 3500 ചുവട് കപ്പയും പച്ചക്കറിയും കൃഷി ചെയ്തിരുന്ന സുലൈമാൻ ഇന്ന് കൃഷിയെല്ലാം ഉപേക്ഷിച്ച്‌ കുടുംബം പുലര്‍ത്താൻ നാട്ടിലെ കൂലിപണിക്ക് പോകുകയാണ്.

35 വര്‍ഷം കര്‍ഷകനായിരുന്ന സുലൈമാനാണ് ഇപ്പോള്‍ ജീവിത ചെലവുകള്‍ കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നത്. നടപ്പു ദോഷമോ കൃഷിയിലെ അറിവില്ലായ്മയോ അല്ല സുലൈമാനെ ഈ ഗതികേടിലാക്കിയത്. രാപകല്‍ അധ്വാനിച്ചുണ്ടാക്കുന്ന വിളകള്‍ക്ക് യഥാസമയം വിലയില്ലാത്തതും വിപണിയില്ലാത്തതുമാണ് സുലൈമാനെ പോലെയുള്ള കര്‍ഷകരെ ഈ ദുരവസ്ഥയിലെത്തിച്ചെന്നത് ഗൗരവമേറിയ പരിഹാരമാര്‍ഗങ്ങള്‍ക്ക് കാരണമാകേണ്ടതാണ്.
ഭൂമി പാട്ടത്തിനെടുത്താണ് സുലൈമാൻ മൂന്നര പതിറ്റാണ്ട് കാലവും കൃഷി ചെയ്തിരുന്നത്. വാഴ, കപ്പ, പച്ചക്കറികള്‍, ഇഞ്ചി തുടങ്ങിയ കൃഷികളായിരുന്നു കൂടുതലും.

ഒരു സീസണില്‍ കൃഷി നഷ്ടത്തിലാകുമ്ബോള്‍ അടുത്തതില്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ നാട്ടിലെ തരിശുഭൂമികളെല്ലാം കണ്ടെത്തി കടം വാങ്ങിയും ബന്ധുക്കളുടെ സ്വര്‍ണം പണയപ്പെടുത്തിയും കൃഷിചെയ്യും. പ്രതീക്ഷകള്‍ മാത്രം ബാക്കിയായി ഓരോ സീസണിലും കടങ്ങളുടെ കണക്കുകൂടി. കോവിഡ് വര്‍ഷങ്ങളില്‍ നഷ്ടങ്ങള്‍ പെരുകിയപ്പോഴാണ് കൃഷി അപ്പാടെ ഉപേക്ഷിച്ചതെന്ന് സുലൈമാൻ പറഞ്ഞു. മാര്‍ക്കറ്റില്‍ നിന്നും നേന്ത്രപ്പഴം ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍വാങ്ങുമ്ബോള്‍ വൻ വിലയാണ്. എന്നാല്‍ ഇതിന്‍റെ ഉത്പാദകരായ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ഇന്നും നക്കാപ്പിച്ച പൈസ മാത്രം.

മൂന്ന് വര്‍ഷം മുമ്ബ് കോവിഡ് കാലത്ത് മംഗലത്ത് കപ്പ കൃഷി ചെയ്ത് ആവശ്യക്കാരില്ലാതായപ്പോള്‍ തീയിട്ട് കപ്പ നശിപ്പിച്ചു കളയേണ്ടി വന്നത് ഏറെ വേദനയോടെയാണ് സുലൈമാൻ പങ്കുവെക്കുന്നത്. തീ സമീപത്തെ പറമ്ബുകളിലേക്ക് പടരാതിരിക്കാൻ കാവല്‍ നിന്ന ഭാര്യ തീചൂടേറ്റ് രോഗിയായി. ഇത്രയും കാലത്തെ അധ്വാനത്തില്‍ തന്‍റെ ആരോഗ്യവും ക്ഷയിച്ചു.

3500 ചുവട് കപ്പ നട്ട് എടുക്കാൻ ആളില്ലാതെ വന്നപ്പോള്‍ കാലിതീറ്റക്കായി മില്‍മയെ സമീപിച്ചെങ്കിലും അവരും കൈയൊഴിയുകയായിരുന്നു.

നാട്ടിലെവിടേയും ഇപ്പോള്‍ കൃഷിഭൂമി പൊന്തകാടായി കിടക്കുകയാണ്.

കാലാവസ്ഥ വ്യതിയാനത്തിനൊപ്പം സര്‍ക്കാരിന്‍റെ അവഗണന കൂടിയായപ്പോള്‍ ഭക്ഷ്യോത്പാദനം നന്നേ കുറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇതിന്‍റെ പ്രത്യാഘാതവും ഗുരുതരമാകുമെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്പന്നങ്ങള്‍ ഇല്ലാതെ തൊട്ടതിനെല്ലാം പൊള്ളുന്ന വിലയാകും.