◾മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം ഓഗസ്റ്റ് 8, 9 തീയതികളില്‍ ലോക്സഭ ചര്‍ച്ച ചെയ്യും. പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതല്‍ മണിപ്പൂര്‍ വിഷയം സഭ നിര്‍ത്തിവച്ചു ചര്‍ച്ചചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്.
◾പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസീന്‍ ഉള്‍പ്പെടെ ഏഴു പേര്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവച്ചു. ജില്ലാ നേതൃത്യത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്. രാജിക്കത്ത് ഇന്നു ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്സിക്യൂട്ടീവില്‍നിന്ന് തരം താഴ്ത്തിയിരുന്നു.
◾വീണ്ടും കസ്റ്റഡി മരണം. മലപ്പുറം താനൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. ലഹരിക്കടത്തിന് പിടിയിലായ തിരുരങ്ങാടി സ്വദേശി സാമി ജിഫ്രിയാണ് മരിച്ചത്. ദേവദര്‍ പാലത്തിനു സമീപം അഞ്ചു പേരെയാണു പിടികൂടിയത്. ഇവരില്‍നിന്നു 18 ഗ്രാം എംഡിഎംഎ കണ്ടെടുത്തെന്നാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെ മരിച്ച നിലയിലാണ് ഇയാളെ പോലീസ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
◾നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീന്‍വാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി. 10 ഹെക്ടര്‍ വിസ്തൃതിയുള്ള കേന്ദ്രത്തില്‍ ആയുധപരിശീലനവും കായിക പരിശീലനവും നടന്നിരുന്നുവെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. സ്ഫോടക വസ്തുക്കളടക്കം പരീക്ഷിച്ചെന്നും കണ്ടെത്തിയിരുന്നു.
◾പുതിയ ജിഎസ്ടി നിയമമനുസരിച്ച് അഞ്ചു കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങള്‍ ഇന്നു മുതല്‍ ജി.എസ്.ടി ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണം. ഇതുവരെ 10 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ളവര്‍ മാത്രം ഇ-ഇന്‍വോയ്‌സ് സമര്‍പ്പിച്ചാല്‍ മതിയായിരുന്നു.
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതി ലോകായുക്തയുടെ ഡിവിഷന്‍ ബഞ്ച് വാദം കേട്ടശേഷം ഫുള്‍ ബഞ്ചിനു വിട്ട ഉത്തരവില്‍ ഹൈക്കോടതി ഇടപെട്ടില്ല. പരാതിക്കാരനായ ആര്‍.എസ്. ശശികുമാര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് തള്ളി.
◾ഡോ. വന്ദനാദാസ് കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്ഥിരം മദ്യപാനിയായ പ്രതി സന്ദീപ് കൊല്ലണമെന്ന ഉദ്ദേശത്തോടെ കുത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊല്ലം ജില്ലാ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ 136 സാക്ഷി മൊഴികള്‍ ഉള്‍പ്പെടെ 1050 പേജുകളുണ്ട്.
◾മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം തന്റെ അറിവോടെയല്ലെന്നും അഭിഭാഷകന്‍ എന്തെല്ലാമോ എഴുതിച്ചേര്‍ത്തതാണെന്നും ഐജി. ലക്ഷ്മണ്‍ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി. ഹര്‍ജി അടിയന്തരമായി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ഐജി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അധികാരകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഗുരുതര ആരോപണമായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചത്.
◾സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടെന്ന് ആരോപിതനായിരിക്കേ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവയ്ക്കണമെന്നു സംവിധായകന്‍ വിനയന്‍. രഞ്ജിത്ത് രാജിവയ്ക്കുകയോ സര്‍ക്കാര്‍ നീക്കംചെയ്യുകയോ ചെയ്യുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വിനയന്‍ പറഞ്ഞു. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം വിനയന്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.
◾ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് കേരളം കണ്ട മികച്ച കലാകാരനാണെന്നും രഞ്ജിത്തിനെതിരേ നടപടിയില്ലെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ആരോപണം ഉന്നയിച്ചവര്‍ക്കു നിയമപരമായി പോകാമെന്നും മന്ത്രി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾എണ്‍പതു വയസുവരെയേ പാര്‍ട്ടി പദവി ആകാവൂവെന്ന പാര്‍ട്ടി ചട്ടം നിലവിലുള്ളതിനാലാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജി വയ്ക്കുന്നതെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ ടി.കെ. ഹംസ. ഇപ്പോള്‍ 85 വയസായി. മന്ത്രി അബ്ദുറഹ്‌മാനുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും ഹംസ പറഞ്ഞു.
◾വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില 99.75 രൂപ കുറച്ചു. കഴിഞ്ഞ മാസം വില വര്‍ദ്ധിപ്പിച്ചിരുന്നു.
◾രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനസമൂഹവുമായി മാറ്റാനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു.
◾സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ ഗണപതി പരാമര്‍ശത്തിനെതിരേ എന്‍എസ്എസ് നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും. താലൂക്ക് യൂണിയനുകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടത്തും. വിശ്വാസത്തെ അവഹേളിക്കുന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
◾ഏതു പാഠപുസ്തകത്തിലാണ് ശാസ്ത്രത്തിനു പകരം മിത്തുകള്‍ പ്രചരിപ്പിക്കുന്നതെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഹിന്ദു വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളെന്ന സിപിഎം നിലപാട് അംഗീകരിക്കാനാവില്ലെന്നും മുരളീധരന്‍.
◾വയനാട് ജില്ലയിലെ വെണ്ണിയോട് അഞ്ചുവയസുകാരിയായ കുഞ്ഞിനെയുമെടുത്ത് ഗര്‍ഭിണിയായ യുവതി പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും അറസ്റ്റിലായി. ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭ രാജ്, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഗര്‍ഭം അലസിപ്പിക്കാന്‍ വീട്ടുകാര്‍ സമ്മര്‍ദം ചെലത്തുകയും ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്നാണു കേസ്.
◾ആലുവയില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസില്‍ പ്രതി. 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇയാള്‍ ജയിലിലായിരുന്നു. 2018 ല്‍ ഇയാളെ ഗാസിപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ ഒരു മാസം ജയിലിലായിരുന്നു.
◾കാസര്‍കോഡ് ബങ്കളത്ത് കുട്ടി വെള്ളത്തില്‍ മുങ്ങിമരിച്ചു. എരിക്കുളം സ്വദേശിയും ആലപ്പുഴ സ്വദേശി സെബാസ്റ്റ്യന്‍ – ദീപ ദമ്പതികളുടെ മകനുമായ ആല്‍ബിന്‍ (16) ആണ് മരിച്ചത്. കുട്ടി വെള്ളക്കെട്ടില്‍ വീണതറിഞ്ഞ് അയല്‍വാസി കുഴഞ്ഞുവീണു മരിച്ചു. ബങ്കളം സ്വദേശിനി വിലാസിനി (62)യാണ് മരിച്ചത്.
◾കോന്നിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ബെംഗളൂരുവിലെ നഴ്സിംഗ് കോളജില്‍ പഠിച്ചിരുന്ന എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഫീസടയ്ക്കാന്‍ പണമില്ലാതെ വിഷമത്തിലായിരുന്നെന്നു വീട്ടുകാര്‍ പറഞ്ഞു.
◾നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബു ഭീഷണി മുഴക്കിയ യുവതി അറസ്റ്റിലായി. ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈക്കു പോകാനെത്തിയ തൃശൂര്‍ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജില്‍ ബോംബുണ്ടെന്നു പറഞ്ഞത്. പരിശോധനയെ പരിഹസിച്ചു തമാശയ്ക്കു പറഞ്ഞതാണെങ്കിലും വിഷയം ഗൗരവമായി. വിമാനം പുറപ്പെടാന്‍ വൈകി.
◾പാലക്കാട് ചാലിശേരിയില്‍ ജ്വല്ലറി ഉടമ പോക്സോ കേസില്‍ അറസ്റ്റില്‍. ചാലിശ്ശേരി സ്വദേശിയായ നിസാറിനെയാണ് (35) ചാലിശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. അയല്‍വാസിയുടെ വീട്ടില്‍ പുലര്‍ച്ചെ മൂന്നിന് അതിക്രമിച്ചു കയറി കിടന്നുറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഇടയില്‍ കയറിക്കിടന്നു. കുട്ടികള്‍ ബഹളം വച്ചതോടെ പ്രതി ഓടിരക്ഷപ്പെട്ടു. കുട്ടികളുടെ രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.
◾എറണാകുളത്ത് ബൈക്ക് അപകടത്തില്‍ ചേര്‍ത്തല സ്വദേശിയായ യുവാവ് മരിച്ചു. ചേര്‍ത്തല വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുതുവല്‍ നികര്‍ത്തില്‍ ഓമനക്കുട്ടന്റെയും അജിതയുടെയും മകന്‍ ജിതിന്‍ (27) ആണ് മരിച്ചത്.
◾ഹരിയാനയിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ക്ഷേത്രത്തില്‍ അഭയം തേടിയ മൂവായിരം പേരെ സൈന്യം എത്തി രക്ഷിച്ചു. അതേസമയം, പ്രദേശത്ത് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്.
◾ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. അഞ്ചാം തീയതിയോടെ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലാകും. ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. അര്‍ദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്കു തിരിച്ചു വിട്ടത്.
◾മഹാരാഷ്ട്രയിലെ താനെയില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്ന യന്ത്രം വീണ് 14 നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചു. ഷാപ്പൂരില്‍ സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിക്കിടെയാണ് അപകടം.
◾തമിഴ്നാട്ടില്‍ പത്തോളം കൊലക്കേസുകളിലെ പ്രതികളായ രണ്ടു ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊന്നു. രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരില്‍ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവമുണ്ടായത്.
◾പ്രണയവിവാഹങ്ങള്‍ക്ക് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. പാട്ടിദാര്‍ സമുദായ സംഘടനയായ സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
◾പത്തു വര്‍ഷം മുന്‍പു മരിച്ച വനിതയ്ക്ക് ഏഴര കോടി രൂപയുടെ നികുതി നോട്ടീസ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മരിച്ച ഉഷാ സോണിയുടെ പാന്‍ അക്കൌണ്ട് വിവരങ്ങള്‍ ഒരു ആക്രി വില്‍പന കമ്പനി 2017-18 വര്‍ഷങ്ങളില്‍ ദുരുപയോഗിച്ചതിലൂടെയാണു ബാധ്യത ഉണ്ടായതെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
◾ദേശീയ ഗുസ്തി ഫെഡറേഷന്‍ പിടിച്ചെടുക്കാന്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയിലെ പ്രതിയാണെങ്കിലും ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്നവര്‍ 23 പത്രികകള്‍ നല്‍കി. 25 ല്‍ 20 സംസ്ഥാനങ്ങളും ബ്രിജ് ഭൂഷണൊപ്പമാണെന്ന് അനുയായികള്‍ പറയുന്നു. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഏഴിന് പ്രസിദ്ധീകരിക്കും. 12 നാണ് ദേശീയ ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ്.
◾മ്യാന്മറില്‍ പട്ടാളം പുറത്താക്കിയ മുന്‍ ഭരണാധികാരി ഓങ് സാന്‍ സൂ ചി ക്കു മാപ്പു നല്‍കുന്നുവെന്ന് മ്യാന്‍മര്‍ ഭരണകൂടം. ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി ഏഴായിരം തടവുകാര്‍ക്കു പൊതുമാപ്പു നല്‍കുന്നതിന്റെ ഭാഗമായാണ് സൂ ചിക്കും മാപ്പു നല്‍കുന്നത്. സൂ ചീക്കൊപ്പം പ്രസിഡന്റായിരുന്ന വിന്‍ മിന്റിനും മാപ്പു നല്‍കും. 33 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന 19 കേസുകളില്‍ അഞ്ചെണ്ണത്തിലാണു സൂ ചീ ശിക്ഷക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. മാപ്പു നല്‍കിയാലും സൂ ചീ വീട്ടുതടങ്കലില്‍തന്നെ തുടരും.
◾ഫ്ലിപ്കാര്‍ട്ടിന്റെ സഹസ്ഥാപകന്‍ ബിന്നി ബന്‍സാലും ഓഹരികള്‍ പൂര്‍ണ്ണമായും വിറ്റഴിച്ച് ഇ കൊമേഴ്‌സ് സ്ഥാപനത്തില്‍ നിന്ന് പടിയിറങ്ങി. ബിന്നിക്കൊപ്പം ആദ്യകാല നിക്ഷേപകരിലൊരാളായ ആക്സെലും യുഎസ് ആസ്ഥാനമായുള്ള ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും ഫ്ലിപ്കാര്‍ട്ടില്‍ നിന്നിറങ്ങിയിട്ടുണ്ട്. മൂവരും അവരുടെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് വിറ്റു. 2018-ല്‍ മറ്റൊരു സഹസ്ഥാപകനായ സചിന്‍ ബന്‍സാലും ഫ്ലിപ്കാര്‍ട്ട് വിട്ടിരുന്നു. അന്ന് കമ്പനിയുടെ 77 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ടിന് വിറ്റതിന് പിന്നാലെയായിരുന്നു പടിയിറക്കം. എന്നാല്‍, ഇടപാടിന് ശേഷവും തന്റെ ഓഹരിയുടെ ഒരു ചെറിയ ഭാഗം കൈവശം വച്ചിരുന്ന ബിന്നി ഫ്ലിപ്കാര്‍ട്ടില്‍ തുടരുകയായിരുന്നു. സ്ഥാപകരായ ബിന്നിക്കും സചിനും ആകെ 15 ശതമാനത്തില്‍ താഴെ ഓഹരിയായിരുന്നു ഫ്ലിപ്കാര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇനി മുതല്‍, ബന്‍സാല്‍ ജോഡിയില്ലാതെയാകും ഫ്ലിപ്കാര്‍ട്ട് പ്രവര്‍ത്തിക്കുക. അമേരിക്കന്‍ ഇ-കൊമേഴ്സ് ഭീമന്‍ പൂര്‍ണ്ണമായും ഇന്ത്യന്‍ ബ്രാന്‍ഡിനെ വിഴുങ്ങിക്കഴിഞ്ഞു. ഡല്‍ഹി ഐ.ഐ.ടിയിലെ സഹപാഠികളായിരുന്ന സചിനും ബിന്നിയും ചേര്‍ന്ന് 2007ലായിരുന്നു ബംഗളൂരു ആസ്ഥാനമാക്കി ഫ്ലിപ്കാര്‍ട്ട് ആരംഭിച്ചത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സ്ഥാപനമാണ് ഫ്ലിപ്കാര്‍ട്ട്. ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് പടിയിറങ്ങിയ സചിന്‍ ബന്‍സാല്‍, പല മുന്‍നിര കമ്പനികളിലും ഭീമന്‍ നിക്ഷേപമിറക്കിയിരുന്നു. ഫ്ലിപ്പ്കാര്‍ട്ടിനെ വാള്‍മാര്‍ട്ടിന് വിറ്റതിലൂടെ 1.5 ബില്യണ്‍ ഡോളറായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഡിജിറ്റല്‍ പേയ്മെന്റ ആപ്പായ ഫോണ്‍പേയില്‍ നിക്ഷേപമുള്ള ബിന്നി ബന്‍സാല്‍ കമ്പനിയുടെ ബോര്‍ഡംഗം കൂടിയാണ്. ഫോണ്‍പേയില്‍ കൂടുതല്‍ നിക്ഷേപമിറക്കാനും ഓഹരി വര്‍ധിപ്പിക്കാനുമാണ് ബിന്നിയുടെ പദ്ധതിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
◾അക്ഷയ് കുമാര്‍ നായകനായി റിലീസാകാന്‍ പോകുന്ന ചിത്രം ‘ഓ മൈ ഗോഡ് 2’ ന് ഒടുവില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. നീണ്ട ഒരു മാസത്തെ സെന്‍സറിംഗിന് ശേഷമാണ് ഓഗസ്റ്റ് 11 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. ‘യുഎ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വേണ്ടി ഒരുപാട് വെട്ടിമാറ്റലുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സിനിമയുടെ മെയ്ക്കിംഗില്‍ വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ആഗ്രഹിച്ചില്ല. അതിനാല്‍ അവര്‍ എ സര്‍ട്ടിഫിക്കറ്റ് മതിയെന്ന് തീരുമാനിച്ചു. എന്നാല്‍ സിനിമയുടെ സമഗ്രത നിലനിര്‍ത്തുകയും സെന്‍സര്‍ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുകയും മാനിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ശബ്ദത്തിലും ദൃശ്യങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ടുചെയ്ത മാറ്റങ്ങളില്‍ അക്ഷയ് കുമാറിന്റെ കഥാപാത്രത്തില്‍ മാറ്റവും വന്നിട്ടുണ്ട്. അവസാനത്തെ കട്ടില്‍, അദ്ദേഹത്തെ ശിവനായി കാണിക്കുന്നതിന് പകരം ശിവന്റെ ദൂതനായാണ് കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ‘ലൈംഗിക വിദ്യാഭ്യാസം’ പ്രമേയമായി എടുത്തിരിക്കുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ഓ മൈ ഗോഡ് 2 അണിയറക്കാര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് വിവരം. 2012-ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ഓ മൈ ഗോഡ് 2. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
◾വില്ലന്‍ നായകനാകുന്ന കാഴ്ചയാണ് ‘മാമന്നന്‍’ ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ തമിഴകത്ത് കാണുന്നത്. നായകനായ ഉദയനിധി സ്റ്റാലിനേക്കാള്‍ കൂടുതല്‍ സ്വീകാര്യതയാണ് ഫഹദ് ഫാസിലിന് ലഭിക്കുന്നത്. ജൂണ്‍ 29ന് തിയേറ്ററിലെത്തിയ മാരി സെല്‍വരാജ് ചിത്രം ജൂലൈ 27ന് ആണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. മാമന്നന്‍ ചിത്രത്തിലെ താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തമിഴ് മാധ്യമങ്ങളില്‍ എത്തിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മൂന്ന് കോടി രൂപയാണ് ഫഹദിന് പ്രതിഫലമായി ലഭിച്ചത്. ടൈറ്റില്‍ കഥാപാത്രമായ വടിവേലുവിന് 4 കോടി രൂപയാണ് പ്രതിഫലം.
നായികയായി എത്തിയ കീര്‍ത്തി സുരേഷിന്റെ പ്രതിഫലം 2 കോടി രൂപയാണ്. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് മാമന്നന്‍ നിര്‍മ്മിച്ചത്. കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള വേഷമാണ് മാമന്നന്‍ എന്ന ടൈറ്റില്‍ റോളിലൂടെ വടിവേലുവിന് ലഭിച്ചത്. വടിവേലുവിന്റെ മകന്‍ അതിവീരനായി ഉദയനിധി സ്റ്റാലിന്‍ എത്തിയ ചിത്രത്തില്‍ രത്‌നവേലു എന്ന ഉയര്‍ന്ന ജാതിക്കാരനായ പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചത്. ലീല എന്ന നായികാ കഥാപാത്രത്തെയാണ് കീര്‍ത്തി സുരേഷ് അവതരിപ്പിച്ചിരിക്കുന്നത്. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
◾സ്‌കോര്‍പിയോ എന്നിനെ അടിസ്ഥാനപ്പെടുത്തി പുതിയ പിക്അപ് ട്രക്കുമായി മഹീന്ദ്ര എത്തുന്നു. ഓഗസ്റ്റ് 15 ന് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി ടീസര്‍ വിഡിയോ പുറത്തുവിട്ടു. ദക്ഷിണാഫിക്കയിലായിരിക്കും വാഹനത്തിന്റെ ആദ്യ പ്രദര്‍ശനം. 2025 ല്‍ രാജ്യാന്തര വിപണിയില്‍ സ്‌കോര്‍പിയോയുടെ പിക്അപ് ട്രക് പുറത്തിറങ്ങും. സ്‌കോര്‍പിയോയെ അടിസ്ഥാനപ്പെടുത്തി ഗെറ്റ്എവേ എന്ന പേരില്‍ ഇന്ത്യയിലും പിക്അപ് എന്ന പേരില്‍ ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും വാഹനമുണ്ട്. ഗെറ്റ്എവേയുടെ പകരക്കാരനായാണോ പുതിയ വാഹനം എത്തുക എന്ന് വ്യക്തമല്ല. സിംഗിള്‍, ഡബിള്‍ ക്യാബിന്‍ ശൈലിയില്‍ പുതിയ വാഹനം എത്തും. പുതിയ ട്രക്കിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ രണ്ട് വീല്‍, നാലു വീല്‍ ഡ്രൈവ് മോഡലുകളില്‍ വാഹനം ലഭിക്കുമെന്നാണ് സൂചന. ഇസഡ് 121 എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന പിക്അപ് ട്രക്ക് രാജ്യാന്തര വിപണിയെയായിരിക്കും പ്രധാനമായും ഉന്നം വെയ്ക്കുക.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.28, പൗണ്ട് – 105.48, യൂറോ – 90.36, സ്വിസ് ഫ്രാങ്ക് – 94.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.65, ബഹറിന്‍ ദിനാര്‍ – 218.30, കുവൈത്ത് ദിനാര്‍ -267.61, ഒമാനി റിയാല്‍ – 213.71, സൗദി റിയാല്‍ – 21.93, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.60, കനേഡിയന്‍ ഡോളര്‍ – 62.11.