ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍*

ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 1399 സംരംഭങ്ങള്‍; 3137 പേര്‍ക്ക് തൊഴില്‍, 76.92 കോടി രൂപ നിക്ഷേപം

കഴിഞ്ഞ വര്‍ഷം 1,25,057 സംരംഭങ്ങള്‍; 25553 പേര്‍ക്ക് തൊഴില്‍, 674.5 കോടി രൂപ നിക്ഷേപം

വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ-സഹകരണ-കൃഷി-ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ചത് 1,25,057 സംരംഭങ്ങള്‍. 674.5 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 25,553 പേര്‍ക്ക് തൊഴില്‍ അവസരം ലഭിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ ആരംഭിച്ചത് 1399 സംരംഭങ്ങളാണ്. 3137 തൊഴിലവസരങ്ങളും 76.92 കോടി രൂപയുടെ നിക്ഷേപവും ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഉണ്ടായി. ചിറ്റൂരില്‍ 361 സംരംഭങ്ങളും 800 തൊഴിലവസരങ്ങളും ആലത്തൂരില്‍ 254 സംരംഭങ്ങളും 643 തൊഴിലവസരങ്ങളും മണ്ണാര്‍ക്കാട് 225 സംരംഭങ്ങളും 451 തൊഴിലവസരങ്ങളും ഒറ്റപ്പാലത്ത് 351 സംരംഭങ്ങളും 762 തൊഴിലവസരങ്ങളും പാലക്കാട് 179 സംരംഭങ്ങളും 485 തൊഴിലസരങ്ങളും സെപ്റ്റംബര്‍ 12 വരെ ആരംഭിച്ചു.
2023-2024 സാമ്പത്തിക വര്‍ഷം 9000 സംരംഭങ്ങള്‍ ലക്ഷ്യമിട്ടതോടൊപ്പം പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം ആരംഭിച്ച സംരംഭങ്ങള്‍ നിലനിര്‍ത്താനും വ്യവസായ വകുപ്പ് ശ്രദ്ധ ചെലുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച 1,25,057 സംരംഭങ്ങളിലും പഞ്ചായത്ത്-നഗരസഭാ തലത്തില്‍ നിയമിച്ചിട്ടുള്ള 103 എന്റര്‍പ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുകള്‍ നേരിട്ടെത്തി സംരംഭകരെ നേരിട്ട് കണ്ട് സംസാരിക്കും. സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കും.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സംരംഭകര്‍ക്ക് ബാങ്ക് ലോണിനുള്ള സഹായങ്ങള്‍ ചെയ്തു നല്‍കുക, കമ്പോളം ഇല്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍-സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള മാര്‍ക്കറ്റിന്റെ സാധ്യതകളെക്കുറിച്ച് പരിചയപ്പെടുത്തുക തുടങ്ങിയവയും ചെയ്തു നല്‍കും. ഈ വര്‍ഷവും സംരംഭകരെ കണ്ടെത്തുന്നതിനായി ഓരോ പഞ്ചായത്തുകളിലും നഗരസഭകളിലുമായി പൊതുബോധവത്ക്കരണ പരിപാടികളും ലോണ്‍, ലൈസന്‍സ്, സബ്സിഡി മേളകളും പുരോഗമിക്കുകയാണ്.