നെല്ലിയാമ്പതി ചുരം പാതയുടെ നവീകരണത്തിന് കരാറായി നാലുവർഷമായിട്ടും തുടർനടപടികൾ നീളുന്നു.
2018ലും 2019ലും ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ തകർന്ന പാതയുടെ നവീകരണമാണ് വൈകുന്നത്
കരാർ സംബന്ധിച്ചുണ്ടായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ റീടെൻഡർ നടപടികളുടെ ഭാഗമായി ജൂൺ 16ന് റോഡിൽ ഉന്നത തലയോഗം പരിശോധന നടത്തിയിരുന്നു
റീ ബിൽഡ് കേരള ഉദ്യോഗസ്ഥർ,കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്) ഉദ്യോഗസ്ഥർ, ലൂയിബ്ഗർ കൺസൽറ്റൻസി കമ്പനി അധികൃതർ എന്നിവരുടെ സംഘമാണു നേരിട്ടെത്തി പരിശോധന നടത്തിയത്. തുടർ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് എക്സ്ക്യൂട്ടീവ് എൻജിനീയർ ഓഫീസിൽ നിന്നു മറുപടി ലഭിച്ചിട്ടില്ലെന്ന റോഡ് നിർമാണ ചുമതലയുള്ള കെഎസ്ടിപി കുറ്റിപ്പുറം അസി.എൻജിനീയർ എം മനോജ് പറഞ്ഞു. പുതുക്കിപ്പണിയാൻ വേണ്ടിവരുന്ന നീക്കം ചെലവുകൂടി പദ്ധതിയിൽ ഉൾപ്പടുത്തി കരാർ നടത്താനാണ് ശ്രമം
2021 ജനുവരിയിൽ 90.96 കോടി രൂപയുടെ കരാർ നൽകിയെങ്കിലും നടപടികൾ കോടതി കയറിയതോടെ തുടർപ്രവർത്തനം തടസ്സപ്പെട്ടിരുന്നു. 2019 നവംബറിലാണു കൺസൽറ്റൻസി സ്ഥാപനമായ ലൂയിബ്ഗർ സർവേ നടത്തി സർക്കാരിനു റിപ്പോർട്ട് നൽകിയത്. എന്നാൽ, സർവേ കഴിഞ്ഞു 4 വർഷം ആയതിനാൽ റോഡിന്റെ പുതിയ അവസ്ഥ പരിശോധിക്കാനും ആവശ്യമായി വന്നാൽ അടങ്കൽ തുക വർധിപ്പിക്കാനുമാണു നീക്കം.
2018 മുതൽ 5 വർഷമായി റോഡ് നവീകരണം നടത്താത്തതിനെ ത്തുടർന്നു പാതയുടെ പല ഭാഗവും തകർന്നു കിടക്കുകയാണ്. തിയ ടെൻഡറിൽ പുതിയ സ്ഥലങ്ങളുടെ അറ്റകുറ്റപ്പണികളും പരിഗണിക്കും.
തകർന്ന റോഡിലെ കൂടുതൽ ഭാഗങ്ങൾ കഴിഞ്ഞ വർഷം കൊക്കയിലേക്കു വീണിരുന്നു. ഇത്തരം സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പിനെത്തുടർന്ന് മണ്ണു നിറച്ച ചാക്കുകൾ അടുക്കി വച്ചിരിക്കുകയാണ്.
പ്രളയകാലത്ത് പാതയുടെ 16 സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി തകർന്നിരുന്നു. 14 എണ്ണം പുതുക്കിപ്പണിതെങ്കിലും കാര്യമായി തകർന്നവ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തുകയായിരുന്നു.