പുലി ചത്ത സംഭവം ; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശവാസികളെ ചോദ്യം ചെയ്തിരുന്നത് ഗുണ്ടാസംഘങ്ങളെപ്പോലെയെന്ന് ആക്ഷേപം

.

ബെന്നി വർഗിസ്
വടക്കഞ്ചേരി: ഓടംതോട്ടില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ സൃഷ്ടിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശവാസികളെ ചോദ്യം ചെയ്തിരുന്നത് ഗുണ്ടാസംഘങ്ങളെപ്പോലെയെന്ന് ആക്ഷേപം.

ആളുകളെ ഫോറസ്റ്റ് ഓഫീസിലേക്ക് വിളിപ്പിച്ച്‌ പത്തും പതിനഞ്ചും പേര്‍ ചുറ്റുംനിന്ന് ഭീഷണിയുടെ സ്വരത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

വനപാലകരുടെ ഭീഷണി ഭയന്ന് മനംനൊന്ത് മരിച്ച സജീവൻ ഉള്‍പ്പെടെയുള്ളവരെ ഇത്തരത്തില്‍ ഏറെ മണിക്കൂറുകളാണ് മനുഷ്യാവകാശങ്ങള്‍ ലംഘിച്ചുള്ള ചോദ്യം ചെയ്യലിനു വിധേയരാക്കിയത്.

വനപാലകരുടെ ഭീഷണി ഭയന്ന് ചോദ്യം ചെയ്യലിനു വിളിപ്പിച്ചവര്‍ പലരും ഇപ്പോഴും സംഭവങ്ങള്‍ പുറത്തു പറയാൻ ധൈര്യപ്പെടുന്നില്ല.

മരിച്ച സജീവനെ അഞ്ചുതവണയാണ് വിളിപ്പിച്ച്‌ ഭീഷണിപ്പെടുത്തിയത്. വനം വകുപ്പിന്‍റെ അനാസ്ഥ മൂലം
കാട്ടുമൃഗങ്ങള്‍ ചാകുന്നത് നിത്യസംഭവമായിരിക്കെ ഇത് മൂടിവെക്കാനുള്ള തത്രപ്പാടിലും വെപ്രാളത്തിലുമാണ് വനപാലകര്‍.

വനംവകുപ്പിന്‍റെ പീഡനം,
ജനങ്ങള്‍ക്കു ജീവഹാനി

എങ്ങനെയോ പുലി ചത്തതിന്‍റെ പേരില്‍ സാധാരണക്കാരായ കര്‍ഷകരേയും തോട്ടങ്ങളിലെ തൊഴിലാളികളേയും സ്റ്റേഷനില്‍ പിടിച്ചു വച്ച സംഭവം ഏറെ ഗൗരവമേറിയതാണ്. കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നതിനൊപ്പമാണ് വനംവകുപ്പിന്‍റെ പീഡനങ്ങള്‍ ജനങ്ങളുടെ ജീവഹാനിക്ക് കാരണമാകുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാട്ടുപന്നി ആക്രമണത്തില്‍ മൂന്നുപേരാണ് മേഖലയില്‍ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ജൂലൈ 12ന് കരിങ്കയം ഫോറസ്റ്റ് ഓഫീസിന സമീപം റോഡിനു കുറുകെ പാഞ്ഞുവന്ന പന്നി ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് വനിതാ ഓട്ടോ ഡ്രൈവര്‍ വിജിഷ സോണിയ മരിച്ച സംഭവമുണ്ടായി.

വടക്കഞ്ചേരിയിലെ സ്കൂളിലേക്ക് കുട്ടികളുമായി വന്നിരുന്ന ഓട്ടോറിക്ഷയ്ക്കു നേരെയായിരുന്നു കാട്ടുപന്നികളുടെ ആക്രമണം.

കഴിഞ്ഞ മാര്‍ച്ച്‌ 10ന് വടക്കഞ്ചേരി പുളിങ്കുട്ടം റോഡില്‍ ആയക്കാട് സ്കൂളിനു സമീപം പന്നിക്കൂട്ടം ഓട്ടോയില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ ഹക്കീം മരിച്ച സംഭവം നടന്നു.

കഴിഞ്ഞവര്‍ഷം ജൂലൈ അവസാനം കരിങ്കയം ഫോറസ്റ്റ് ഓഫീസിനു സമീപം കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്ന വേലു മരിച്ചു. ഗുരുതരമായിപരിക്കേറ്റ് അവശനിലയില്‍ കിടന്ന വേലുവിന് ആശുപത്രിയിലെത്തിക്കാൻ പോലും വനപാലകര്‍ അന്ന് മനുഷ്യത്വം കാട്ടിയില്ല. വേലുവിന്‍റെ മൃതദേഹവുമായി അന്നും ജനങ്ങള്‍ക്ക് പ്രതിഷേധിക്കേണ്ടി വന്നു.
ഭീഷണിക്കു പിന്നില്‍ ഉദ്യോഗസ്ഥരുടെ സ്വയരക്ഷ!

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കൂടുതല്‍ വന്യമൃഗങ്ങള്‍ ചാകുന്ന പ്രദേശങ്ങളിലൊന്നാണ് മംഗലംഡാം മേഖല എന്നാണ് കണക്കുകള്‍.

ഇത് തങ്ങളുടെ ജോലിയെ ബാധിക്കുമെന്നായപ്പോഴാണ് പുലി ചത്ത സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാരെയെല്ലാം വിരട്ടി വിറപ്പിക്കുന്നത്.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ വന്യമൃഗം ചത്താല്‍ അന്വേഷണമോ ശിക്ഷാ നടപടികളോ ഇല്ല. കാടിനെക്കുറിച്ചോ വന്യമൃഗങ്ങളെക്കുറിച്ചോ അറിയാത്തവരാണ് പലയിടത്തും വനസംരക്ഷണത്തിനായി നിയോഗിക്കപ്പെടുന്നത്. മൃഗം ചത്താല്‍ ഉടൻ പ്രദേശത്തുകാരുടെ പേരില്‍ കേസെടുത്ത് സ്വയരക്ഷ ഉറപ്പാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

നിരപരാധികളെ ചോദ്യം ചെയ്ത് ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന സാഹചര്യത്തിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നാണ് പരക്കെയുള്ള ആവശ്യം.

. ചിത്രം : കഴിഞ്ഞ ദിവസം നാട്ടുകാർ മംഗല ഡാം ഫോറസ്റ്റ് സ്റ്റേഷൻ മാർച്ച് നടത്തിയപ്പോൾ