പാലക്കാട്: ജില്ലയില്‍ ആശങ്ക പരത്തി സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പിടിമുറുക്കുന്നു. ഏതാനും മാസങ്ങള്‍ക്കിടെ തട്ടിയെടുത്തത് അരക്കോടിയിലധികം രൂപ. ഏറ്റവും ഒടുവില്‍ തട്ടിപ്പിനിരയായി കഴിഞ്ഞ ദിവസം പരാതി നല്‍കിയ ചിറ്റൂര്‍ സ്വദേശിയായ യുവതിക്ക് ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ആഗസ്റ്റില്‍ സമാന രീതിയില്‍ പാലക്കാട് നഗരത്തില്‍ തട്ടിപ്പിനിരയായ 23 വയസ്സുകാരിക്ക് നഷ്ടമായത് 45 ലക്ഷമാണ്. ഈ കേസില്‍ പ്രതികള്‍ പിടിയിലായിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുകയാണെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ പിടിയിലായതിന് പിറ്റേന്ന് തന്നെ 11,16,000 രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി കൊടുവായൂര്‍ സ്വദേശി പൊലീസിനെ സമീപിച്ചു. നടന്ന തട്ടിപ്പുകളെല്ലാം സമാന സ്വഭാവമുള്ളതാണെന്നാണ് പൊലീസ് വിലയിരുത്തല്‍. കൊറിയറിലെത്തുന്ന കെണി
ആഗസ്റ്റ് ഒന്നിനാണ് ചിറ്റൂരിലെ യുവതി തട്ടിപ്പിനിരയായത്. അന്തര്‍ദേശീയ കൊറിയര്‍ കമ്പനി വഴി അയച്ച പാര്‍സലില്‍ മയക്കുമരുന്നുണ്ടെന്നും കേസില്‍ പ്രതിയാണെന്നും കാണിച്ചാണ് പലരെയും തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്. തുടര്‍ന്ന് വെരിഫിക്കേഷൻ നടത്തണമെന്ന് ഭീഷണിപ്പെടുത്തും. പിന്നാലെ ഇവരുടെ അക്കൗണ്ടിലുള്ള പണം തട്ടിപ്പുകാര്‍ പറയുന്ന അക്കൗണ്ടുകളില്‍ മാറ്റി നിക്ഷേപിക്കാനാവശ്യപ്പെടും. വെരിഫിക്കേഷൻ പൂര്‍ത്തിയായാല്‍ പണം തിരിച്ചെടുക്കാമെന്ന് ഇരകളെ വിശ്വസിപ്പിച്ചാണ് ഇതിന് പ്രേരിപ്പിക്കുക. പണം കിട്ടിയാല്‍ മുങ്ങുന്ന ‘മുംബൈ പൊലീസ്’
മുബൈ പൊലീസാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കുക. ഇതിനായി സജ്ജീകരിച്ച സ്റ്റുഡിയോയില്‍ ഇരുന്ന് സ്കൈപ്പ് കോള്‍ ചെയ്യും. ഇരകള്‍ പാര്‍സല്‍ അയച്ചിട്ടില്ലെന്ന് പറയുമ്പോള്‍ ആധാര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ താങ്കളുടേതാണെന്നും പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നും പറയും. ഇതിനായി വിശ്വാസയോഗ്യമായ വിവരവും ഇവര്‍ നല്‍കും.
അതിര്‍ത്തി കടന്ന് പണം
ജില്ലയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളിലെല്ലാം പണം തട്ടിയത് ഇതര സംസ്ഥാന ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ്. ചിറ്റൂരില്‍ ഇത്തരത്തില്‍ വഞ്ചനക്കിരയായ യുവതിയുടെ പണം പഞ്ചാബ്, മുംബൈ എന്നിവിടങ്ങളിലെ അക്കൗണ്ടുകളുപയോഗിച്ചാണ് തട്ടിയെടുത്തത്. സെപ്റ്റംബര്‍ ഒന്നിന് നടന്ന സംഭവത്തില്‍ യുവാവില്‍നിന്ന് പണം തട്ടിയത് മധ്യപ്രദേശിലെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയായിരുന്നു. പാലക്കാട് നഗരപരിധിയില്‍ പണം നഷ്ടപ്പെട്ട 23കാരിയില്‍നിന്ന് തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്ര, യു.പി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുപയോഗിച്ചാണ് 45 ലക്ഷം രൂപ തട്ടിയെടുത്തത്. ഈ കേസില്‍ തമിഴ്‌നാട് സ്വദേശികളായ ബാലാജി രാഘവന്‍ (34), ഇന്ദ്രകുമാര്‍ (20), മോഹന്‍കുമാര്‍ (27) എന്നിവരെയാണ് പാലക്കാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചിറ്റൂരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ 10 അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ചിറ്റൂര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
ആറ് ലക്ഷത്തിന്റെ ആശ്വാസം
ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് തട്ടിപ്പിനിരയായി പൊലീസിനെ സമീപിച്ച കൊടുവായൂര്‍ സ്വദേശിക്ക് അല്‍പം ആശ്വാസം. നഷ്ടപ്പെട്ട 11.16 ലക്ഷത്തില്‍ പ്രതികളുടെ അക്കൗണ്ടുകളില്‍ അവശേഷിച്ചിരുന്ന ആറുലക്ഷം മരവിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഓണ്‍ലൈൻ തട്ടിപ്പിനിരയായാല്‍ കഴിയുന്നതും വേഗം 1930 എന്ന ടോള്‍ഫ്രീ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ cybercrime.gov.in വെബ്‌സൈറ്റില്‍ നല്‍കുകയുമാവാം. പൊലീസും ബാങ്കിങ് വിദഗ്ധരും പരാതി പരിശോധിക്കുകയും കുറ്റംനടത്തിയവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്യും.