ആലത്തൂർ : ചിറ്റിലഞ്ചേരി ഗായത്രിപ്പുഴയിലെ ചേരാമംഗലം ആറ്റാലക്കടവ് കേന്ദ്രീകരിച്ച് പ്രാദേശിക വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിനു പഠനം നടത്തി രണ്ടുവർഷം പിന്നിട്ടിട്ടും തുടർനടപടികളായില്ല. ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് 2021 സെപ്റ്റംബറിൽ പ്രാഥമികപഠനം നടത്തിയത്. മദ്രാസ് സർക്കാരിനുകീഴിൽ 1951-ലാണ് 304 അടി നീളത്തിൽ ആറ്റാലക്കടവിൽ അണക്കെട്ട് നിർമിച്ചത്.
മഴക്കാലത്ത് അണക്കെട്ടിൽ വെള്ളം നിറഞ്ഞ് ഗായത്രിപ്പുഴയിലേക്ക് ഒഴുകും; വേനൽക്കാലത്ത് കനാൽ വഴിയും. പുഴയിലേക്ക് തുറക്കുന്നതിന് ഷട്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. വേനൽക്കാലത്ത് തടയണയിലെ വെള്ളമുപയോഗിച്ചാണ് മേലാർകോട്, എരിമയൂർ, ആലത്തൂർ, കാവശ്ശേരി ഗ്രാമപ്പഞ്ചായത്തുകളിലേക്ക് ജലസേചനം നടത്തുന്നത്. അണക്കെട്ടിനോട് ചേർന്നുള്ള, ഒഴിഞ്ഞുകിടക്കുന്ന ഭാഗത്ത് സൗന്ദര്യവത്കരണവും അണക്കെട്ടിൽ ബോട്ടിങ്ങും കുട്ടികൾക്കായി ചെറിയ പാർക്കും നിർമിക്കാനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തി. നെല്ലിയാമ്പതിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ ഇടത്താവളമെന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ, ജലസേചനവകുപ്പിന്റെ സ്ഥലമായതിനാൽ, ഉപയോഗിക്കുന്നതിനാവശ്യമായ നിരാക്ഷേപപത്രം ലഭിക്കാത്തതാണ് പദ്ധതി തുടങ്ങാൻ തടസ്സമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ പറയുന്നു. എന്നാൽ, ഇതോടൊപ്പം പഠനം നടത്തിയ മൂലത്തറ വിനോദസഞ്ചാരപദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്