പോത്തുണ്ടി നെല്ലിച്ചോട് മേഖലയില്‍ കാട്ടാന ഇറങ്ങി; പ്രദേശവാസികള്‍ ഭീതിയില്‍.

പോത്തുണ്ടി: നെല്ലിയാമ്പതി വനമേഖലയില്‍ നിന്നിറങ്ങിയ ഒറ്റയാൻ ജനവാസ മേഖലയില്‍ ഭീതി പരത്തി. രണ്ടു ദിവസമായി പോത്തുണ്ടി നെല്ലിച്ചോട് ഭാഗങ്ങളിലാണ് ഒറ്റയാൻ ഇറങ്ങി ഭീതി പരത്തുന്നത്. രാത്രിയിലാണ് ഇറങ്ങുന്നത്.

കഴിഞ്ഞദിവസം രാത്രി 9 മണിയോടെ നെല്ലിച്ചോട് ഭാഗത്തെത്തിയ കാട്ടാന മുഴിക്കുളം കുഞ്ചുവിന്‍റെ വീട്ടിലെ തെങ്ങ് കുത്തി മറിച്ചിട്ടു. തെങ്ങുവീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. തെങ്ങു മറിഞ്ഞുവീണതിനെത്തുടര്‍ന്ന് വീട്ടിലെ കോഴിക്കൂടും തകര്‍ന്നു.

പ്രദേശത്ത് രാത്രികാലങ്ങളിലും കാലത്ത് നേരത്തെയും പുറത്തിറങ്ങി നടക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനപാലകര്‍ അറിയിച്ചു. മലയോര മേഖലയോട് ചേര്‍ന്നുള്ള തോട്ടങ്ങളില്‍ റബര്‍ ടാപ്പിംഗ് നടത്തുന്നവര്‍ വെളിച്ചം വരുന്നതിനു മുമ്പ് പോകരുതെന്ന് നിര്‍ദേശിച്ചു.