ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സിബിഐ
?️സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നതായി സിബിഐ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തമാക്കിയുള്ള റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കെ.ബി. ഗണേഷ് കുമാർ, ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാൾ നന്ദകുമാർ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയതായാണ് സിബിഐ വിശദീകരിക്കുന്നത്. പരാതിക്കാരിയെഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഇത് പിന്നീട് എഴുതി ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
ഉച്ചകോടി സമാപിച്ചു; അധ്യക്ഷ പദവി ഇനി ബ്രസീലിന്
?️ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടി സമാപിച്ചു. അധ്യക്ഷ പദവി ഇന്ത്യ ബ്രസീലിനു കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷ പദവി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയ്ക്ക് കൈമാറിയത്. പ്രതീകാത്മകമായി അധ്യക്ഷ സ്ഥാനം കൈമാറിയങ്കിലും നവംബർ 30 വരെ ഇന്ത്യ അധ്യക്ഷ സ്ഥാനത്ത് തുടരും. നവംബറിൽ ജി 20 വർക്കിങ് സെഷന് ചേരും. ജി 20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായാണ് വിർച്വൽ ഉച്ചകോടി ചേരുന്നത്.
ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗിക ആരോപണം ഉണ്ടായിരുന്നില്ലെന്നു ശരണ്യ മനോജ്
?️സോളർ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗിക ആരോപണം ഉണ്ടായിരുന്നില്ലെന്നു കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ ബന്ധു ശരണ്യ മനോജ്. ആർ. ബാലകൃഷ്ണപിള്ള പറഞ്ഞതനുസരിച്ച് ഗണേഷ്കുമാറിന്റെ സഹായി പ്രദീപാണ് കത്ത് കൈപ്പറ്റിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കാരുടെ കത്ത് ഒരു മാധ്യമത്തിനു നൽകിയത് ദല്ലാൾ നന്ദകുമാറാണ്. ഉമ്മൻ ചാണ്ടിക്കെതിരേ ലൈംഗിക ആരോപണം കത്തിൽ ഉണ്ടായിരുന്നില്ല.
പി.കെ. ബിജുവിന്റെ പ്രസ്താവന നുണയെന്ന് അനിൽ അക്കര
?️കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ എംപിയുമായ പി.കെ. ബിജുവിന്റെ പ്രസ്താവന നുണയെന്ന് മുൻ എംഎൽഎ അനിൽ അക്കര. ബാങ്ക് തട്ടിപ്പിന്റെ അന്വേഷണ കമ്മിഷനായി ബിജുവിനെയും തൃശൂർ ജില്ലാസെക്രട്ടറിയേറ്റംഗം പി.കെ. ഷാജനെയും നിയോഗിച്ച രേഖ അനിൽ അക്കര പുറത്തുവിട്ടു. അന്വേഷണ കമ്മിഷൻ അംഗമായിട്ടില്ലെന്നായിരുന്നു പി.കെ. ബിജുവിന്റെ പ്രതികരണം.
സനാതന ധർമ വിവാദം ദുരുപദിഷ്ടമെന്ന് എം.എ. ബേബി
?️സനാതന ധർമത്തെ ചൊല്ലി വിവാദ വിസ്ഫോടനം സൃഷ്ടിക്കുന്നത് ദുരുപദിഷ്ടമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കേരള മീഡിയ അക്കാഡമി ചെന്നൈയിൽ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയത്തിന് സമീപം ദളിതനെ ചുട്ടുകൊല്ലുന്നതാണോ സനാതന ധർമം? സ്ത്രീകളെ അന്തർജനങ്ങളാക്കി വീടിനുള്ളിലാക്കുന്ന സ്ത്രീസ്വാതന്ത്ര്യ നിഷേധ തത്വശാസ്ത്രം എങ്ങനെയാണ് അവസാന വാക്ക് ആകുന്നതെന്നും ബേബി ചോദിച്ചു.
കേരളവും തമിഴ്നാടും യോജിച്ച് പോരാടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി
?️ഭരണഘടനാ വിപത്ത് നേരിടുന്ന രാജ്യത്തെ രക്ഷിക്കാൻ കേരളവും തമിഴ്നാടും ഇരട്ടക്കുഴൽ തോക്കു പോലെ യോജിച്ച് പോരാടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേരള മീഡിയ അക്കാഡമി ചെന്നൈയിൽ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിച്ച മീഡിയ മീറ്റ്- 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളികളും തമിഴ് മക്കളും ദ്രാവിഡ കുടുംബത്തിലെ സഹോദരങ്ങളാണ്. സമത്വത്തെ എതിർക്കുന്നവരോട് സന്ധി ചെയ്യാതിരിക്കുക എന്നതാണ് ദ്രാവിഡ ആദർശമെന്നും സ്റ്റാലിൻ പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളുമായി ബന്ധമില്ലെന്നു പി.കെ. ബിജു
?️കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ കോൺഗ്രസ് നേതാവ് അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾ നട്ടാൽ മുളയ്ക്കാത്ത നുണകളാണെന്ന് മുൻ എംപി പി.കെ. ബിജു. അനിൽ അക്കര വ്യക്തി ഹത്യ നടത്തുകയാണെന്നും അദ്ദേഹത്തിനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും പി.കെ. ബിജു വ്യക്തമാക്കി. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ഇഡി ഇതു വരെ തന്നെ വിളിച്ചിട്ടില്ല. വിളിക്കുകയാണെങ്കിൽ സഹകരിക്കും. കേസിലെ പ്രതികളുമായി തനിക്കൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ മുന്നണി വിപുലീകരിച്ചേക്കും
?️പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനായതിന്റെ ആത്മവിശ്വാസത്തിൽ ഐക്യ മുന്നണി വിപുലീകരിക്കാനുള്ള നീക്കവും ബുധനാഴ്ച നടക്കുന്ന യുഡിഎഫ് ഏകോപന സമതി യോഗത്തിലുണ്ടാകും. നിയമസഭാ സമ്മേളന കാലമായതിനാൽ പാർലമെന്ററി പാർട്ടി യോഗത്തിൽ എംഎൽഎമാരുമായി ആദ്യം വിഷയം ചർച്ച ചെയ്യും. പിന്നാലെ ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ വിഷയം ഉൾപ്പെടുത്താനാണു നീക്കം.
റേഷൻ കടകൾ ഇന്ന് തുറക്കില്ല
?️സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റേഷന്‍ കടകൾ അടച്ചിടാനാണ് തീരുമാനം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ സമരത്തിലേക്ക് നീങ്ങുന്നത്.
പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലെന്ന് പി.സി. ജോർജ്
?️സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ നേരത്തെ നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാത്രമാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ്. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ പങ്കാളിയാക്കാൻ ശ്രമിച്ചതായും പി.സി. ജോർജ് പ്രതികരിച്ചു. സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ട് വന്നതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നടക്കാവ് എസ്ഐ മർദിച്ചതായി യുവതിയുടെ പരാതി
?️വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നടക്കാവ് എസ്ഐ അടക്കമുള്ള സംഘം മർദിച്ചതായി യുവതിയുടെ പരാതി. അത്തോളി സ്വദേശി അഫ്ന അബ്ദുൽ നാഫിക്കാണ് ഗുരുതരമായി പരിക്കേറ്റത്. 3 സ്ത്രീകളും 4 കുട്ടികളുമുൾപെടെയുളള സംഘത്തെ പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. ഇന്നലെ പുലർച്ചയോടെയായിരുന്നു സംഭവം. യുവതി കാക്കൂർ പൊലീസിൽ പരാതി നൽകി. നടക്കാവ് എസ്ഐ വിനോദും സഹോദരനുമാണ് മർദിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു.
ഗണേഷ് കുമാർ കാലുവാരുന്നവനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
?️സോളാർ കേസിൽ ഉമ്മൻചാണ്ടിയെ പ്രതിയാക്കിയതിനു പിന്നിലെ ഗൂഢാലോചയിൽ ഗണേഷ് കുമാറടങ്ങുന്നവരുണ്ടെന്ന സിബിഐ റിപ്പോർട്ടിന് പിന്നാലെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കൂടെ നിന്ന് ഒടുവിൽ കാലുവാരുന്ന ഒറ്റുകാരന്റെ വേഷം സിനിമയിൽ ഗണേഷ് കുമാർ ഏറെ പകർന്നാടിയിട്ടുണ്ട്. അത് തന്നെയാണ് അദ്ദേഹം ജീവിതത്തിലും പകർന്നാടുന്നതെന്നായുന്നു രാഹുൽ മാങ്കൂട്ടത്തിന്റെ വിമർശനം. ഫെയ്സ് ബുക്കിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത് .
കോൺഗ്രസ് മുന്‍ എംഎൽഎമാരെ പ്രതിചേർക്കും
?️വിവാദമായ നിയമസഭാ കൈയാങ്കളി കേസിൽ 2 കോൺഗ്രസ് മുന്‍ എംഎൽഎമാരെ പ്രതിചേർക്കും. എംഎ വാഹിദ്, ശിവദാസ് നായർ എന്നിവരെകൂടി പ്രതിചേർത്തുകൊണ്ട് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. വനിത എംഎൽഎയെ തടഞ്ഞു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുവരെ ഇടതു നേതാക്കൾ മാത്രം പ്രതികളായിരുന്ന കേസിലാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കളെ കൂടി പ്രതി ചേർത്തിരിക്കുന്നത്.
എ.സി. മൊയ്തീൻ എംഎൽഎ ഇന്ന് ഇഡിക്ക് മുൻപിൽ ഹാജരാവും
?️കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ എ.സി. മൊയ്തീൻ എംഎൽഎ തിങ്കളാഴ്ച ഇഡിക്ക് മുൻപിൽ ഹാജരാവും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി.രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി മൊയ്തീൻ ഹാജരായിരുന്നില്ല. തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുകയാണെങ്കിലും ഇത്തവണകൂടി ഹാജരായില്ലെങ്കിലത് ഒളിച്ചോടലായി വിലയിരുത്തുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാവാൻ മൊയ്തീൻ തീരുമാനിക്കുകയായിരുന്നു. സി.പി.എം കൗൺസിലർ അനൂപ് ഡേവിസ് കാടയും, വടക്കാഞ്ചേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനും ഇന്ന് ഹാജരാകും .പലിശക്കാരൻ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ചോദ്യം ചെയ്യൽ.
പേപ്പട്ടിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന കുതിര ചത്തു
?️പേപ്പട്ടിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന കുതിര ചത്തു. കാപ്പാട് ബീച്ചിൽ വിനോദ സഞ്ചാരികൾക്ക് സവാരി നടത്താൻ ഉപയോഗിച്ചിരുന്ന കുതിര ഞായറാഴ്ച രാവിലെയാണ് ചത്തത്.
വലുപ്പത്തിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇടുക്കി
?️സംസ്ഥാന ജില്ലകളുടെ വലുപ്പത്തിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇടുക്കി. ഒന്നാം സ്ഥാനത്തായിരുന്ന പാലക്കാടിനെ പിന്നിലാക്കിയാണ് ഇടുക്കി ഒന്നാമതെത്തിയത്. പുതിയ മാറ്റം സെപ്റ്റംബർ 5 ലെ സർക്കാർ വിജ്ഞാപന പ്രകാരം നിലവിൽ വന്നു. 8 ന് സർക്കാർ ഗസറ്റിലും ഇത് ഉൾപ്പെടുത്തി. ഇടുക്കി ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയുടെയും റവന്യു രേഖകളിൽ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റേയും ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജിന്റേയും ഭാഗമായിരുന്ന 12718.5095 ഹെക്ടർ ഭൂമി ഭരണ സൗകര്യത്തിനായി ഇടമലക്കുടി വില്ലേജിന്റെ ഭാഗമാക്കിയതോടെയാണ് ഇടുക്കി പട്ടികയിൽ ഒന്നാമതെത്തിയത്.
മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നു
?️കേരളപ്പിറവിയുടെ 67-ാം വാർഷികത്തിന്റെ ഭാഗമായി നവംബറിലെ ആദ്യ പ്രവൃത്തി ദിനം മലയാള ദിനാഘോഷവും നവംബർ ഒന്നു മുതൽ ഏഴു വരെ ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനതല ആഘോഷ പരിപാടികൾ നവംബർ ഒന്നിനു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ചന്ദ്രബാബു നായിഡു ജയിലിലേക്ക്
?️371 കോടി രൂപയുടെ അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം നേതാവുമായ എൻ. ചന്ദ്രബാബു നായിഡുവിനു ജാമ്യമില്ല. വിജയവാഡ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കോടതി നായിഡുവിനെ 14 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നായിഡുവിനെ രാജമുന്ദ്രി സെൻട്രൽ ജയിലിലേക്ക് അയയ്ക്കാൻ എസിബി ജഡ്ജി ഹിമബിന്ദു ഉത്തരവിട്ടു. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നു തെലുങ്കുദേശം പാർട്ടി അറിയിച്ചു.
ഉച്ചകോടി വൻ വിജയമാണെന്ന് റഷ്യ
?️ജി 20 ഉച്ചകോടി യുക്രെയ്ൻ യുദ്ധം സംബന്ധിച്ച ചർച്ചകളിലേക്കു കേന്ദ്രീകരിക്കുന്നത് തടയാൻ ഇന്ത്യയ്ക്കു കഴിഞ്ഞെന്നു റഷ്യ. ഇക്കാര്യത്തിൽ ഇന്ത്യയുടെ സമീപനം പ്രശംസനീയമെന്ന് ഉച്ചകോടിയിൽ റഷ്യയെ പ്രതിനിധാനം ചെയ്ത പ്രതിരോധ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ഉച്ചകോടിയെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം ഇന്ത്യ ഫലപ്രദമായ ഇടപെടലിലൂടെ തടഞ്ഞു. ഉച്ചകോടി വൻ വിജയമാണ്.
റഷ്യയുടെ ഒറ്റപ്പെടൽ ഉറപ്പാക്കിയെന്ന് ഫ്രാൻസ്
?️ജി20ലെ സംയുക്ത പ്രഖ്യാപനം റഷ്യയുടെ ഒറ്റപ്പെടൽ ഉറപ്പാക്കിയെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ജി20ലെ ഭൂരിപക്ഷം രാജ്യങ്ങളും യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ അപലപിച്ചു. റഷ്യ ഇപ്പോഴും യുദ്ധം തുടരുകയാണ്. എന്നാൽ, പരമാധികാരത്തിന്റെയും ഭൂമിശാസ്ത്ര അഖണ്ഡതയുടെയും മൂല്യങ്ങളെക്കുറിച്ചുള്ള പരാമർശവും ഭൂമി കൈയടക്കാൻ ആരും ഭീഷണിയോ സൈനികബലമോ ഉപയോഗിക്കരുതെന്ന നിർദേശവും യുക്രെയ്നിൽ ജി20 സമാധാനമാണ് ആഗ്രഹിക്കുന്നതെന്നതിന്റെ സൂചകമാണ്.
ശക്തമായ മഴയ്ക്ക് സാധ്യത
?️തിങ്കളാഴ്ച കേരളത്തില്‍ വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ടാണ്.
മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി
?️ഗൃഹപ്രവേശത്തിന് അവധി നിഷേധിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കോലാര്‍ ശ്രീ ദേവരാജ് യുആര്‍എസ് മെഡിക്കല്‍ കോളേജിലെ ബിപിടി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ എം അഖിലേഷ് (20) ആണ് ജീവനൊടുക്കിയത്.ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയാണ്.
മൂന്നാംഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയം
?️ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എല്‍ 1ന്റെ മൂന്നാംഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയം. ഇസ്റോയുടെ ടെലീമെട്രി, ട്രാക്കിംഗ് ആന്റ് കമാന്‍ഡ് നെറ്റ്വര്‍ക്ക് (ഐഎസ്ടിആര്‍എസി) ബംഗളൂരുവിലെ ആസ്ഥാനത്ത് നിന്നാണ് ഇത് നിയന്ത്രിച്ചത്. വാഹനത്തിന്റെ ഭ്രമണപഥം 296 കിലോമീറ്ററില്‍ നിന്ന് 71,767 കിലോമീറ്ററായി ഉയര്‍ത്തി. ഐഎസ്ടിആര്എസിയുടെ ഗ്രൗണ്ട് സ്റ്റേഷനുകള്‍ മൗറീഷ്യസ്, ബെംഗളൂരു, എസ്ഡിഎസ്സി-ശാര് (ശ്രീഹരിക്കോട്ട സാറ്റലൈറ്റ് ലോഞ്ച് സെന്റര്‍) എന്നിവിടങ്ങളില്‍ നിന്ന് വാഹനത്തെ ട്രാക്ക് ചെയ്തു. ആദിത്യ എല്‍ 1 ഇന്ത്യയുടെ ആദ്യ സൗരദൗത്യമാണ്. ഏകദേശം 127 ദിവസത്തിനുള്ളില്‍ അതിന്റെ ഏറ്റവും അവസാന ലക്ഷ്യമായ ലാഗ്രഞ്ചെ പോയിന്റ് എല്‍ 1 ല്‍ എത്തുമെന്നാണ് പ്രതീക്ഷ. ലാഗ്രഞ്ചെ പോയിന്റ് എല്‍ 1 എന്നത് ഭൂമിക്കും സൂര്യനും ഇടയില്‍ സ്ഥിതിചെയ്യുന്ന ഒരു ഭൗമോപരിതലമാണ്.
ഇന്തോനേഷ്യൻ ബാഡ്മിന്റൺ കിരീടം ചൂടി മലയാളി
?️ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് സൂപ്പർ 100 ബാഡ്മിന്റൺ കിരീടം മലയാളി താരം കിരൺ ജോർജിന്. ഞായറാഴ്ച നടന്ന പുരുഷ സിംഗിൾസ് ഫൈനലിൽ ജപ്പാനിന്റെ കൂ തകഹാഷിയെ പരാജയപ്പെടുത്തിയാണ് കിരൺ കിരീടം ചൂടിയത്. സ്കോർ: 21-19, 22-20.
സാഫ് കപ്പ് ഫുട്ബോള്‍ കിരീടം ഇന്ത്യയ്ക്ക്
?️2023 അണ്ടര്‍ 16 സാഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത്. ഭൂട്ടാനാണ് ഇത്തവണ സാഫ് കപ്പിന് വേദിയായത്.
ഇന്ത്യ-പാകിസ്താന് മത്സരം മാറ്റി
?️2023 ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്താന് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് വില്ലനായി മഴ. ഇന്ത്യ ബാറ്റുചെയ്യുന്നതിനിടെ മഴ പെയ്തതോടെ മത്സരം റിസര്‍വ് ദിനമായ തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
ഗോൾഡ് റേറ്റ്*
ഗ്രാമിന് 5485 രൂപ
പവന്റെ വില 43880 രൂപ