ദീപു സദാശിവന്‍
എന്ത് കൊണ്ട് മുലയൂട്ടണം
മുലയൂട്ടല്‍ വാരാചരണം (ഓഗസ്റ്റ് 1 മുതല്‍ 7വരെ)
മുലയൂട്ടല്‍: – അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍
കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെ പറ്റി പൊതു ജനങ്ങളിലും വിശിഷ്യ അമ്മമാരിലും അമ്മമാര്‍ ആവാന്‍ പോവുന്നവരിലും അവബോധം ഉണ്ടാക്കുന്നതിനാണ് പ്രധാനമായും #മുലയൂട്ടല്‍ വാരാചരണം ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ ആവിര്‍ഭവിച്ചത്. ഈ വര്‍ഷത്തെ തീം ‘ Breastfeeding: a key to Sustainable Development’ എന്നതാണ്.
കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരം ആണ് മുലപ്പാല്‍.എന്നാല്‍ ഇതിന്റെ പ്രാധാന്യം ഇന്നും വേണ്ട രീതിയില്‍ ഗ്രഹിക്കാതെ പോവുകയോ സൌകര്യപ്രദമായി അവഗണിക്കുകയോ ചെയ്യുന്നുണ്ട് എന്നത് ഖേദകരം ആണ്.
മുലയൂട്ടല്‍: – അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍
കുഞ്ഞുണ്ടായാല്‍ കഴിയുന്നതും അര മണിക്കൂറിനുളളില്‍ തന്നെ മുലപ്പാല്‍ നല്‍കാന്‍ ശ്രദ്ധിക്കേണ്ടതാണ്.(സിസേറിയന്‍ ചെയുന്ന സാഹചര്യങ്ങളില്‍ പോലും ഒരു മണിക്കൂറിനുള്ളില്‍ എങ്കിലും പാല്‍ കൊടുക്കാന്‍ സാധിക്കുന്നതാണ്.)
ആദ്യം ചുരത്തപ്പെടുന്ന കൊഴുത്ത മഞ്ഞ നിറത്തില്‍ ഉള്ള പാല്‍ (കൊളസ്ട്രം) കുഞ്ഞിനു നല്‍കണം.രോഗപ്രതിരോധ ശേഷി കുഞ്ഞിനു നല്‍കുന്ന ഈ പാല്‍ അമൂല്യം ആണ് പ്രകൃതി ജന്യമായ വാക്സിന്‍ എന്ന് പോലും കൊളസ്ട്രത്തെ വിശേഷിപ്പിക്കാറുണ്ട്.(പലരും അറിവില്ലായ്മ കൊണ്ട് ഇത് പിഴിഞ്ഞ് കളയുന്നുണ്ട് എന്നത് ഖേദകരം ആണ്.)
ദിവസത്തില്‍ 24 മണിക്കൂറും അമ്മയും കുഞ്ഞും ഒരുമിച്ചു കഴിയാന്‍ ശ്രദ്ധിക്കുക.
ആദ്യത്തെ ആറു മാസം കുഞ്ഞിനു മുലപ്പാല്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ.തേനോ,മറ്റു ദ്രാവകങ്ങളോ എന്തിനു വെള്ളം പോലും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചില അവസരങ്ങളില്‍ അല്ലാതെ നല്കാന്‍ പാടില്ല.
കൊച്ചു കുട്ടികള്‍ക്ക് എത്ര കാലം മുലയൂട്ടുന്നോ അത്രയും നന്ന്.അധികമായാലും വിഷം ആവാത്ത ഒരേ ഒരേ വസ്തു മുലപ്പാല്‍ മാത്രം ആയിരിക്കും.
പ്രത്യേക ഇടവേള ഒന്നും നോക്കാതെ കുഞ്ഞിനു ആവശ്യം എന്ന് മനസ്സിലാക്കുമ്പോള്‍ എല്ലാം തന്നെ മുലപ്പാല്‍ കൊടുക്കണം.
കുഞ്ഞുങ്ങള്‍ക്ക് പിഴിഞ്ഞെടുക്കുന്ന പാല്‍ നല്‍കുന്ന അവസരത്തില്‍ പോലും പാല്‍ക്കുപ്പി ഒട്ടനവധി കാരണങ്ങളാല്‍ നിഷിദ്ധം ആണ്.ഇത്തരം പാല്‍ക്കുപ്പികളുടെ പരസ്യം പോലും അനുവദനീയം അല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് അതില്‍ നിന്ന് തന്നെ ഇതിന്റെ പ്രാധാന്യം ഊഹിചോളുക.പാല്‍ക്കുപ്പികള്‍ രോഗാണു വാഹകര്‍ ആയി വര്‍ത്തിക്കുകയും,മുലപ്പാല്‍ വലിച്ചു കുടിക്കുന്ന ശീലത്തില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുകയുംചെയ്യുന്നു. അപൂര്‍വ്വം ആയി ചില പ്രത്യേക സാഹചര്യങ്ങളില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത് അനുസരിച്ചോ, മുലപ്പാലിനു പകരം പിഴിഞ്ഞെടുത്ത പാല്‍ ഒക്കെ നല്‍കേണ്ടി വരുമ്പോളോ ഒക്കെ ഓരോ പ്രാവശ്യവും വൃത്തി ആക്കി എടുക്കുന്ന പാത്രത്തില്‍ നിന്ന് കരണ്ടി ഉപയോഗിച്ച് വേണം പാല്‍ കൊടുക്കാന്‍.
കൃത്രിമ നിപ്പിളുകളും മറ്റും കുഞ്ഞിനു കടിക്കാന്‍ കൊടുക്കരുത്.
എന്ത് കൊണ്ട് “മുലപ്പാല്‍ മാത്രം” ?
കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രകൃതി കനിഞ്ഞു നല്‍കിയ സമ്പൂര്‍ണ്ണ ആഹാരം.
മുലപ്പാല്‍ കുഞ്ഞുങ്ങളുടെ സ്വാഭാവിക രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.പല തരം കാന്‍സര്‍,ചെവിയിലെ രോഗാണു ബാധകള്‍,ശ്വാസകോശ രോഗാണു ബാധകള്‍,Sudden Infant Death Syndrome(SIDS),അലര്‍ജികള്‍ ആസ്തമ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ വലിയ ഒരു അളവ് വരെ തടയുന്നു എന്ന് മാത്രം അല്ല ഭാവിയിലും പ്രമേഹം,രക്താതിസമ്മര്‍ദ്ദം,ചില ഉദര രോഗങ്ങള്‍,സ്തനാര്‍ബ്ബുദം,അണ്ഡാശയ കാന്‍സര്‍ എന്നിവ വരാന്‍ ഉള്ള സാധ്യത മുലപ്പാല്‍ കഴിച്ചു വളരുന്ന കുട്ടികളില്‍ കുറവാണ്.
കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് ഉതകുന്ന ഘടകങ്ങള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട് അതിനാല്‍ തന്നെ ശരിയായ രീതിയില്‍ മുലപ്പാല്‍ കുടിച്ചു വളര്‍ന്ന കുട്ടികളില്‍ ആരോഗ്യം മാത്രമല്ല ബുദ്ധിയും വര്‍ദ്ധിക്കും.
മുലപ്പാല്‍ കുട്ടികളില്‍ “അമിത വണ്ണം” തടയുന്നു.പലപ്പോളും ആരോഗ്യം എന്നാല്‍ കുട്ടി ഉരുണ്ടു തുടുത്തു ഇരിക്കുന്ന അവസ്ഥ ആണെന്നാണ് ഭൂരിഭാഗം ആളുകളുടെയും ചിന്താഗതി.എന്നാല്‍ ആരോഗ്യം എന്നത് മാനസികവും ശാരീരികവും ആയ സൌഖ്യം ആണെന്നും രോഗങ്ങള്‍ ഇല്ലാത്ത അവസ്ഥ ആണെന്നും ഉള്ള വസ്തുത മനസ്സിലാക്കുക.
മുലയൂട്ടല്‍ പ്രക്രിയ അമ്മയും കുഞ്ഞും തമ്മില്‍ ഉള്ള മാനസിക/വൈകാരിക ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കും.കുഞ്ഞിന്റെ വിശപ്പ് അടങ്ങുക മാത്രം അല്ല വൈകാരികമായ സംതൃപ്തിയും കുഞ്ഞിനു ലഭിക്കുന്നു.
പശുവിന്റെയോ ആടിന്റെയോ പാല്‍ കൊടുക്കുന്നതില്‍ എന്താണ് അപാകത ?
പ്രകൃതി ഓരോ സസ്തനിക്കും അതിന്റെ കുഞ്ഞിനു ഉതകുന്ന രീതിയില്‍ ആണ് പാല് രൂപപ്പെടുത്തിയിട്ടുള്ളത്.അതായത് പശുവിന്റെ പാല് പശുവിന്റെ കുഞ്ഞിനുള്ളതാണ് മനുഷ്യക്കുഞ്ഞിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതല്ല.
മുലപ്പാലും പശുവിന്‍ പാലും ആയി താരതമ്യം ചെയ്‌താല്‍… …
മനുഷ്യക്കുഞ്ഞിനു വേണ്ട പോഷകങ്ങള്‍ ശരിയായ അവസ്ഥയില്‍//അളവില്‍ ഒക്കെ അടങ്ങിയിട്ടുള്ളത് മുലപ്പാലില്‍ ആണ്.അതിനാല്‍ തന്നെ മുലപ്പാല്‍ കുഞ്ഞിനു ബുദ്ധിമുട്ടില്ലാതെ ദഹിപ്പിക്കാന്‍ പറ്റുന്നു.
അല്ലെര്‍ജിക്ക് കാരണം ആയെക്കാവുന്ന ഘടകങ്ങള്‍ മറ്റു പാലുകളില്‍ ഉണ്ട്.
കാലാനുസൃതം ആയി കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയില്‍ മുലപ്പാലിന്റെ ഘടനയും മാറുന്നു.
പശുവിന്‍ പാലില്‍ ഉള്ള ഉയര്‍ന്ന ഫോസ്ഫോറസ് ചില കുട്ടികളില്‍ Neonatal Tetany എന്ന അപസ്മാര രോഗത്തിന് കാരണമാവുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
വിറ്റാമിന്‍ സി യുടെ അളവ് പശുവിന്‍ പാലില്‍ കുട്ടികള്‍ക്ക് ആവശ്യമായതിലും വളരെ കുറവാണ്.
മുലയൂട്ടല്‍ – ചില മിഥ്യാ ധാരണകളും വസ്തുതകളും
പലപ്പോളും പ്രചുര പ്രചാരം ഉള്ള ചില മിഥ്യാ ധാരണകള്‍ ആണ് കുഞ്ഞിനു മുലപ്പാല്‍ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നത്.ബന്ധുമിത്രാദികളും,എന്തിനു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉള്ള ആരോഗ്യപ്രവര്‍ത്തകര്‍ വരെയും ഇതിനു പ്രത്യക്ഷമായും പരോക്ഷമായും കാരണക്കാര്‍ ആവുന്നുണ്ട് എന്നതൊരു അപ്രിയ സത്യം ആണ്.
മുലപ്പാല്‍ കുറവാണ് !പാലില്ല ??!
കുഞ്ഞുണ്ടാവുന്ന ഉടനെ ഏറ്റവും അധികം കേള്‍ക്കുന്ന അബദ്ധജടിലമായ ആവലാതി ആണ് ഇത്.ഈ മുറവിളിയില്‍ തുടങ്ങുന്ന ആകാംഷയും ആശയക്കുഴപ്പവും മിക്കവാറും എത്തിച്ചേരുന്നത് ഭാഗികമായോ പൂര്‍ണ്ണമായോ കുഞ്ഞിനു മുലപ്പാല്‍ നിഷേധിക്കുന്ന അവസ്ഥയില്‍ ആണ്.
പ്രസവിക്കാന്‍ ശേഷിയുള്ള ഏതൊരു സ്ത്രീയ്ക്കും കുഞ്ഞിനാവശ്യം ഉള്ള പാല്‍ ചുരത്താന്‍ ഉള്ള ശേഷി ഉണ്ടാവും എന്നത് ഒരു പ്രപഞ്ച സത്യമാണ്.(വളരെ അപൂര്‍വമായി ചില രോഗാവസ്ഥകളില്‍ മാത്രമാണ് മറിച്ച് സംഭവിക്കുക)
എന്നാല്‍ പലപ്പോളും കൂടെ ഉള്ളവരുടെയും അമ്മയുടെ തന്നെയും അനാവശ്യ ആകാംഷയും ആവലാതിയും മുലയൂട്ടലിനെ ദോഷകരമായി ബാധിക്കുന്നു. പാലില്ല എന്ന് ഉറപ്പിക്കുന്ന 99% സാഹചര്യങ്ങളിലും ചില മിഥ്യാധാരണകള്‍ ആണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.ഇതെന്തൊക്കെ എന്ന് പരിശോധിക്കാം.
ആദ്യം ചുരത്തുന്നത് കൊഴുപ്പ് കൂടിയ കൊളസ്ട്രം ആണെന്ന് പറഞ്ഞുവല്ലോ,ഈ സമയത്ത് പാല്‍ എളുപ്പം ഒഴുകി വരുകയില്ല.ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ ആയിരിക്കും കൂടുതല്‍ പാല്‍ നന്നായി ഒഴുകി വരുന്ന അവസ്ഥയില്‍ എത്തുന്നത്.
സ്തനങ്ങള്‍ പാല്‍ ചുരത്തുന്നത് ഒരു neuro endocrine reflex അഥവാ മില്‍ക്ക് ഇജെക്ഷന്‍ റിഫ്ലെക്സ് പ്രക്രിയയിലൂടെ ആണ്.അതായത് കുഞ്ഞു മുല വലിച്ചു കുടിയ്ക്കുമ്പോള്‍ നാഡികള്‍ വഴി ഈ സന്ദേശം തലച്ചോറില്‍ എത്തുകയും തല്‍ഫലമായി തലച്ചോറില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിറ്റൊസിന്‍ എന്ന ഹോര്‍മോണ്‍ രക്തത്തിലൂടെ എത്തി മുലപ്പാല്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ചെയ്യുമ്പോള്‍ ആണ് മുലപ്പാല്‍ കൂടുതലായി ഉണ്ടാവുകയും അത് ചുരത്തപ്പെടുകയും ചെയ്യുന്നത്.അതായത് കുഞ്ഞു മുല വലിച്ചു കുടിക്കാന്‍ ശ്രമിക്കുന്നതിനു അനുസൃതമായാണ് പാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.കുഞ്ഞിനെ കൊണ്ട് മുല കുടിപ്പിക്കാന്‍ ഉള്ള ശ്രമം കുറഞ്ഞാല്‍ സ്വാഭാവികമായും പാല്‍ ഉല്‍പ്പാദനവും കുറയും.പ്രത്യേകിച്ചും തുടക്കത്തില്‍ ഇതിനു പ്രാധാന്യം കൂടുതല്‍ ഉണ്ട്.
അനാവശ്യ ആകാംഷ – പാല്‍ കുറവാണെന്ന് അനാവശ്യമായി ആകാംഷയുടെ അന്തരീക്ഷം ഉണ്ടാക്കപെടുന്നത് അമ്മയുടെ ആത്മവിശ്വാസം കുറയ്ക്കുകയും മാനസിക പിരിമുറുക്കം കൂട്ടുകയും ചെയ്യുന്നു.മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുന്നത് വഴി കുഞ്ഞിന്റെയും അമ്മയുടെയും ശരിയായ പരിശ്രമം കുറയുകയും തല്ഫലം ആയി പാല്‍ ഉല്‍പ്പാദനം സ്വാഭാവികമായും കുറഞ്ഞു ഈ അബദ്ധ ധാരണ സാധൂകരിക്കപ്പെടുകയും ചെയ്യുന്നതാണ് പലപ്പോളും കണ്ടു വരുന്നത്.
പലരും കണ്ടിട്ടുള്ള ചില ഉദാഹരണങ്ങള്‍ കൂടെ പറയാം.ആടുമാടുകളെ കറക്കുമ്പോള്‍ ചിലര്‍ കറന്നാല്‍ പാല്‍ ശരിയായ രീതിയില്‍ ചുരത്താതെ ഇരിക്കുന്നതും,പാല്‍ ചുരത്താനായി ആദ്യം കിടാവിനെ കൊണ്ട് അല്പം കുടിപ്പിക്കുന്നതും ഒക്കെ കണ്ടിട്ടില്ലേ?ഇത് പോലെ തന്നെയാണ് മനുഷ്യന്റെ കാര്യത്തിലും കുപ്പിയില്‍ നിറഞ്ഞ പാല്‍ സ്ട്രോ ഇട്ടു വലിച്ചു കുടിക്കുന്നത് പോലെ ഉള്ള ഒരു യാന്ത്രിക പ്രക്രിയ അല്ല മുലയൂട്ടല്‍,ഇതിനു അമ്മയുടെയും കുഞ്ഞിന്റെയും ശാരീരികവും മാനസികവും ആയ ഒരുക്കവും സഹകരണവും വേണം പ്രത്യേകിച്ച് അമ്മയുടെ. പ്രസവാനന്തരം പാല്‍ ഉണ്ടാവും എന്ന ആത്മവിശ്വാസവും,ശുഭാപ്തി വിശ്വാസവും,കുഞ്ഞിന്റെ ഭാവിയെ കരുതി പരിശ്രമിക്കാന്‍ ഉള്ള മനസ്സും അമ്മമാര്‍ക്ക് ഉണ്ടാവുകയാണ് വേണ്ടത്.ഇതിനുതകുന്ന ശാന്തവും ആകംഷാ രഹിതവുമായ അന്തരീക്ഷം ഒക്കെ ഒരുക്കുകയാണ് ഭര്‍ത്താവും ബന്ധുമിത്രാദികളും ആരോഗ്യ പരിപാലകരും ചെയ്യേണ്ടത്. പലപ്പോളും ബന്ധുമിത്രാദികള്‍ ഒക്കെ ആണ് വില്ലന്മാര്‍ ആയി വരുന്നത്.ചില അമ്മായി അമ്മമാര്‍ മരുമോള്‍ക്ക് എന്തൊക്കെ ഇല്ല എന്നുള്ള ഗവേഷണത്തില്‍ സ്ഥിരോല്സാഹികള്‍ ആയതിനാല്‍ ഈ അവസരത്തില്‍ “പാലില്ല” എന്ന് പ്രസ്താവിക്കുന്നതില്‍ ഒരു ഗൂഡാനന്ദം അനുഭവിക്കുന്നവര്‍ ആണെന്ന് പറയാതെ വയ്യ.രോഗികളെ വസ്തുതകള്‍ പറഞ്ഞു ശരിയായി ബോധവല്‍ക്കരിക്കാനും,വേണ്ട പ്രോല്‍സാഹനം കൊടുക്കാനും മറ്റും സമയം കണ്ടെത്താതെ എളുപ്പവഴിയില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുന്ന ഡോക്ടര്‍മാരും കുഞ്ഞുങ്ങളോട് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്.
കുഞ്ഞിന്റെ കരച്ചില്‍ – കുഞ്ഞു കരയുന്നത് കണ്ടിട്ടാണ് പലരും പാല് കിട്ടുന്നത് പോര എന്ന് തീരുമാനിച്ചു ഉറപ്പിക്കുന്നത്.ഇതും പലപ്പോളും ശരിയല്ല.കുഞ്ഞുങ്ങള്‍ കരയുന്നത് വിശപ്പ് കൊണ്ട് മാത്രം അല്ല.ഒരു പരിധി വരെ വളരെ സ്വാഭാവികമായ ഒരു പ്രതിഭാസം ആണ് കൊച്ചു കുഞ്ഞുങ്ങളിലെ കരച്ചില്‍.മറ്റു പല കാരണങ്ങള്‍ കൊണ്ടും കുഞ്ഞു കരയും എന്നത് മനസ്സിലാക്കുക.തണുപ്പ്,മറ്റു അസ്വസ്ഥതകള്‍ ഒക്കെ കരച്ചിലിനു കാരണമാവാം എന്തിനു “ബോറടിക്കുമ്പോള്‍” വരെ കുഞ്ഞു കരയാം.എല്ലാ കരച്ചിലും വിശപ്പ് മൂലം ആണെന്ന് കരുതി കുഞ്ഞിനു കുപ്പിപ്പാല് നല്‍കാന്‍ വ്യഗ്രത കാണിക്കുന്നത് ദീര്ഖകാല അടിസ്ഥാനത്തില്‍ കുഞ്ഞിനു തന്നെ ദോഷകരം ആയിരിക്കും. ശരിയായ രീതിയില്‍ /അളവില്‍ കുഞ്ഞു മല മൂത്ര വിസ്സര്‍ജ്ജനം നടത്തുന്നുണ്ടെങ്കില്‍ ശരീരത്തിന് ആവശ്യമായ പാല്‍ കുട്ടിക്ക് കിട്ടുന്നുണ്ട് എന്ന് മനസ്സിലാക്കാം.
Retracted Nipples –ഉള്‍വലിഞ്ഞു ഇരിക്കുന്ന മുല ഞെട്ട് കുഞ്ഞു പാല്‍ വലിച്ചു കുടിച്ചിട്ടും പാല്‍ കിട്ടാതെ ഇരിക്കുന്ന അവസ്ഥ ഉണ്ടാക്കാം സംശയം ഉള്ള സാഹചര്യത്തില്‍ ഡോക്ടറോട് സംശയ നിവാരണം നടത്തേണ്ടതാണ്.
മുലപ്പാല്‍ ഉണ്ടാവാന്‍ പോഷകമൂല്യമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും അമ്മ നന്നായി കഴിക്കുക ആണ് വേണ്ടത്.
കുപ്പിപ്പാല്‍ കുടിച്ചു എത്രയോ കുട്ടികള്‍ വളരുന്നു അവര്‍ക്കൊന്നും പ്രത്യേകിച്ച് ഒരു കുഴപ്പവും ഇല്ലല്ലോ ? അവര്‍ക്ക് ഒരു കുഴപ്പം ഉണ്ടായിട്ടില്ല എന്നുള്ളത് ഒരു തെറ്റായ വിശ്വാസം മാത്രമാണ്.രോഗപ്രതിരോധശക്തിയും,ബുദ്ധിയും ഒക്കെ മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികളില്‍ ആണ് കൂടുതല്‍ എന്നുള്ളത് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
അസൌകര്യങ്ങള്‍ ഒഴിവാക്കല്‍ – ദീര്ഖകാല അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ കുപ്പിപ്പാല്‍ എന്ന എളുപ്പ വഴി തേടുന്നവര്‍ പലരും പിന്നീട് കുട്ടികള്‍ക്കുണ്ടാവുന്ന രോഗങ്ങള്‍ ബുദ്ധിമുട്ടുകള്‍ എന്നിവ മൂലം കൂടുതല്‍ ആശുപത്രി സന്ദര്‍ശനവും അസൗകര്യവും ഒക്കെ നേരിടേണ്ടി വരുന്നു എന്നതാണ് വസ്തുത.
സ്തന സൗന്ദര്യം- ഗര്‍ഭാവസ്ഥയിലും പ്രസവം മൂലവും സ്ത്രീ ശരീരത്തിന് സ്വാഭാവികമായും വളരെ അധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു പ്രസവശേഷം ശരീരം പൂര്‍വാവസ്ഥ പ്രാപിക്കുന്നത് ഓരോരുത്തരിലും ഓരോ രീതിയിലും തോതിലും ആയിരിക്കും.ഗര്‍ഭാവസ്ഥയില്‍ തന്നെ സ്തനങ്ങള്‍ വികാസം പ്രാപിക്കുകയും നിപ്പിള്‍ വലുതാവുകയും ഒക്കെ ചെയ്യുന്നു.മുലയൂട്ടിയാലും ഇല്ലെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവും എന്നതാണ് വസ്തുത.അതിനെല്ലാമുപരി കുഞ്ഞിന്റെ ആയുരാരോഗ്യത്തിനും ബുദ്ധിവികാസത്തിനും ആണോ ക്ഷണഭംഗുരം ആയ സ്വന്തം ശരീര സൗന്ദര്യത്തിനാണോ ഒരു അമ്മ മുന്‍ഗണന നല്‍കേണ്ടത് എന്ന് സ്വയം ചോദിക്കുക.
മുലയൂട്ടുന്നത് കൊണ്ട് അമ്മാര്‍ക്ക് ഉള്ള പ്രയോജനങ്ങള്‍
അറിഞ്ഞോ അറിയാതെയോ മറ്റു ചില സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മൂലമോ മുലയൂട്ടുന്നതില്‍ വിമുഖത കാണിക്കുന്ന സ്ത്രീകള്‍(അമ്മമാര്‍ എന്ന് വിശേഷിപ്പിക്കുന്നില്ല) ഉണ്ടെന്നത് ഒരു ദുഃഖ സത്യമാണ്.
യഥാര്‍ഥത്തില്‍ മുലയൂട്ടല്‍ കുട്ടിയെ മാത്രം അല്ല അമ്മയുടെ ആരോഗ്യത്തെയും എന്തിനു സൗന്ദര്യത്തെ വരെയും പല വിധത്തില്‍ സംരക്ഷിക്കുന്നു.
മുലയൂട്ടലിലൂടെ ഗര്‍ഭാവസ്ഥയില്‍ ഉണ്ടായിരുന്ന അമിത വണ്ണം സ്വാഭാവികമായി കുറയുന്നു.
പ്രസവം കഴിഞ്ഞാല്‍ ഉടനെ ഗര്‍ഭാശയം പഴയ അവസ്ഥയിലേക്ക് ചുരുങ്ങാന്‍ ഉപകരിക്കുന്നു.
മുലയൂട്ടല്‍ സമയത്ത് പ്രകൃതി ദത്തമായ രീതിയില്‍ ഉള്ള ഗര്‍ഭ നിരോധനം നടക്കുന്നു.(* ഇത് രണ്ടു കുട്ടികള്‍ തമ്മില്‍ ഉള്ള പ്രായ വത്യാസം ക്രമീകരിക്കാന്‍ പ്രകൃതി തന്നെ സ്വീകരിച്ചിരിക്കുന്ന ഒരു മാര്‍ഗ്ഗം ആണ് ഒരു ഗര്‍ഭ നിരോധന മാര്‍ഗ്ഗം ആയി ദമ്പതികള്‍ സ്വീകരിക്കുന്നത് ആശാസ്യം അല്ല കാരണം മറ്റു മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ചു പരാജയ സാധ്യത കൂടുതല്‍ ആയിരിക്കും.)
സ്തനാര്ബ്ബുദം,ചില അണ്ഡാശയ/ഗര്‍ഭാശയ കാന്‍സറുകള്‍ എന്നിവയുടെ സാധ്യതകള്‍ മുലയൂട്ടല്‍ വലിയ അളവില്‍ പ്രതിരോധിക്കുന്നു
മുലയൂട്ടല്‍ തീര്‍ച്ച ആയും ശ്രമകരം ആയ ഒരു സംഗതി തന്നെയാണ്,അല്പം ഉറക്കമിളയ്ക്കലും അസൗകര്യവും ഒക്കെ ഇതിന്റെ ഭാഗം തന്നെയാണ് പക്ഷെ ഏറ്റവും വലിയ സമ്പാദ്യം കുഞ്ഞുങ്ങള്‍ തന്നെയാണെന്നത് കണക്കില്‍ എടുത്താല്‍ മുലപ്പാല്‍ കുടിക്കാന്‍ ഉള്ള സൌഭാഗ്യം അവര്‍ക്ക് നഷ്ടപ്പെടുത്തരുത്.
കടപ്പാട് : ദീപു സദാശിവന്‍