പ്രഭാത വാർത്ത


  

ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു
?️മൊറോക്കോയിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. പരിക്കേറ്റവരുടെ എണ്ണം 1200 ആയി. പരിക്കേറ്റ് ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ രക്തദാനത്തിന് തയ്യാറാകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വിവിധ രാഷ്ട്രത്തലവന്‍മാര്‍ മൊറോക്കോയുടെ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രങ്ങള്‍ സഹായം വാഗ്ദാനം ചെയ്തു. ഭൂകമ്പത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.

വൈദ്യുതി നിരക്ക് വർധിപ്പിക്കും; പ്രഖ്യാപനം അടുത്തയാഴ്ച
?️സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. അടുത്തമാസം 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിലാവും നിരക്ക് വർധിപ്പിക്കുക. പുതിയ നിരക്ക് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്.

സംയുക്ത വ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു
?️ഇന്ത്യയ്ക്കും പശ്ചിമേഷ്യക്കും യൂറോപ്പിനുമിടയില്‍ സാമ്പത്തിക ഏകീകരണം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംയുക്ത വ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ എന്നിവർ ചേര്‍ന്നാണ് കരാര്‍ പ്രഖ്യാപിച്ചത്. കടല്‍ മാര്‍ഗവും റെയില്‍ മാര്‍ഗവും ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് കരാറായത്.

‘ഇന്ത്യ’ കൂട്ടായ്‌മയുടെ ഏകോപന സമിതി യോഗം ബുധനാഴ്‌ച
?️ബുധനാഴ്‌ച ഡൽഹിയിൽ ചേരുന്ന ‘ഇന്ത്യ’ കൂട്ടായ്‌മയുടെ ഏകോപന സമിതി യോഗം ആദ്യത്തെ പൊതുറാലിയുടെ തീയതിയും വേദിയും തീരുമാനിക്കുമെന്ന്‌ സൂചന. വരാനിരിക്കുന്ന അഞ്ച്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുന്നതിനായി സ്വീകരിക്കേണ്ട സംയുക്ത തന്ത്രങ്ങളെക്കുറിച്ചും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ്‌ ധാരണയെക്കുറിച്ചും ചർച്ചയുണ്ടാകും. ഡൽഹിയില്‍ ശരദ് പവാറിന്റെ വസതിയിലാണ്‌ യോഗം.

വിദ്യാർഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകം
?️തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ മനഃപൂർവം വാഹനമിടിപ്പിക്കുകയായിരുന്നു എന്നു കണ്ടെത്തി. വാഹനം ഇടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പത്താം ക്ലാസുകാരൻ ആദി ശേഖറാണ് മരിച്ചത്. സംഭവത്തിൽ പൂവച്ചൽ സ്വദേശി പ്രിയരഞ്ജനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.

ചന്ദ്രബാബു നായിഡു അറസ്റ്റിൽ
?️ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ഇന്നലെ രാവിലെ 6 മണിയോടെയാണ് അറസ്റ്റ്. അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം നന്ത്യല്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ത്യ സാമ്പത്തിക നേട്ടം കൈവരിക്കണമെന്ന് ചൈന
?️പേരുമാറ്റുന്നതിൽ ഉപരിയായി രാജ്യാന്തര തലത്തിൽ സ്വാധീനം വർധിപ്പിക്കാനും സാമ്പത്തിക നേട്ടം കൈവരിക്കാനുമുള്ള ചർച്ചകൾക്കാണ് ഇന്ത്യ പ്രാധാന്യം നൽകേണ്ടതെന്ന് ചൈന. ജി.20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതിയുടെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യ എന്നതിനു പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ചൈനയുടെ പരാമർശം.

ഉച്ചകോടിയിൽ ഇന്ത്യക്കു പകരം ഭാരത്
?️ജി 20 ഉച്ചകോടിയിൽ ഇന്ത്യക്കു പകരം ഭാരത് എന്ന് പ്രദർശിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ ഇന്ത്യയെന്ന പേരിന് പകരം ഭാരത് എന്നു മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്‍റെ പേര് ഇന്ത്യയെന്ന് മാറ്റി ഭാരത് എന്നാക്കാനുള്ള നീക്കം നടക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് നിർണായക നടപടി.

ലിവ് ഇന്‍ ജീവിതം തടസപ്പെടുത്തരുതെന്ന് അലഹാബാദ് കോടതി
?️വിവാഹം കഴിക്കാനോ ഒരുമിച്ച് ജീവിക്കാനോ ഉള്ള പ്രായപൂർത്തിയായ 2 വ്യക്തികളുടെ അവകാശത്തിൽ മാതാപിതാക്കളുൾപ്പെടെ ആർക്കും ഇടപെടാനാവില്ലെന്ന് അലഹാബാദ് കോടതി. ലിവ് ഇൻ പങ്കാളികളായ യുവതീയുവാക്കൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. ഇരുവരുടേയും സമാധാനപരമായ ജീവിതം തടസപ്പെട്ടാൽ പൊലീസിനെ സമീപിക്കാമെന്നും അവർക്ക് ഉടനടി സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മുസ്‍ലിം യുവതിയും ലിവ് ഇന്‍ പങ്കാളിയായ ഹിന്ദു യുവാവുമാണ് കോടതിയെ സമീപിച്ചത്.

തലസ്ഥാനത്തെ ചേരി പ്രദേശങ്ങൾ ഷീറ്റ് കൊണ്ട് മറച്ച് കേന്ദ്രം
?️ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നടപടികളെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ദരിദ്രരെയും തെരുവുമൃഗങ്ങളെയും ഒളിപ്പിക്കുകയാണ്. ഇന്ത്യയുടെ യാഥാർഥ്യങ്ങൾ അതിഥികളിൽ നിന്ന് ഒളിപ്പിക്കേണ്ടതില്ല എന്നാണ് രാഹുൽ എക്സ് പ്ലാറ്റ് ഫോമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉച്ചകോടി തുടങ്ങും മുൻപേ തലസ്ഥാനത്തെ ചേരി പ്രദേശങ്ങൾ സർക്കാർ ഷീറ്റ് കൊണ്ട് മറയ്ക്കുന്ന വീഡിയോ കോൺഗ്രസ് പുറത്തു വിട്ടിരുന്നു.

ചന്ദ്രയാൻ 3 ലാൻഡറിന്‍റെ ചിത്രങ്ങൾ പകർത്തി
?️ചന്ദ്രോപരിതലത്തിൽ സ്ലീപ് മോഡിൽ തുടരുന്ന ചന്ദ്രയാൻ 3 ലാൻഡറിന്‍റെ ചിത്രങ്ങൾ പകർത്തി ചന്ദ്രയാൻ 2 ഓർബിറ്റർ. ഡ്യുവൽ‌ ഫ്രീക്വൻസ് സിന്തൻസ് അപർച്വർ റഡാർ പേലോഡാണ് ചിത്രം പകർത്തിയത്. സെപ്റ്റംബർ 6ന് പകർത്തിയ ചിത്രം ഇസ്രൊ എക്സിലൂടെ പങ്കു വച്ചു. 2019 ലാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ചന്ദ്രനിൽ ഇറങ്ങുന്നതിൽ പരാജയപ്പെട്ടെങ്കിലും ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമാണ്.

ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം
?️ലോകത്തെ ഏറ്റവും സമ്പന്നരായ രാജ്യങ്ങൾ ഉൾപ്പെടുന്ന ജി20 യിൽ സ്ഥിരാംഗത്വം നേടി ആഫ്രിക്കൻ യൂണിയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം നൽകിയതായി പ്രഖ്യാപിച്ചത്. ജി 20 യിൽ അംഗത്വം നേടുന്ന രണ്ടാമത്തെ സംഘടനയാണ് ആഫ്രിക്കൻ യൂണിയൻ. യൂറോപ്യൻ യൂണിയനാണ് ഇതിനു മുൻപ് അംഗത്വം നേടിയത്. 55 രാജ്യങ്ങൾ ഉൾപ്പെടുന്ന കോണ്ടിനെന്‍റൽ ബോഡിയാണ് ആഫ്രിക്കൻ യൂണിയൻ.

യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ജി 20 ഉച്ചകോടി
?️യുക്രൈൻ യുദ്ധം പരിഹരിക്കണമെന്ന് ജി 20 ഉച്ചകോടി. ഇത് അക്രമത്തിന്‍റെയും യുദ്ധത്തിന്‍റെയും കാലഘട്ടമല്ലെന്നും യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നുമാണ് സംയുക്തപ്രസ്താവന. രാജ്യാന്തര നിയമത്തിന്‍റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. സംഘർഷങ്ങളിൽ സമാധാനപരമായി പരിഹാരം കാണണം. വിഷയത്തിൽ യുഎൻ ചാർട്ടർ പ്രകാരം പരിഹാരം കാണണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പ്രസ്താവനയിൽ റഷ്യയെ ശക്തമായി അപലപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട നിലപാടുകളിൽ പല രാജ്യങ്ങൾക്കും അഭിപ്രായ ഭിന്നത ഉള്ളതിനാൽ സംയുക്ത പ്രസ്താവന സാധ്യമാകുമോ എന്നതിൽ ആശങ്ക നിലനിന്നിരുന്നു. എന്നാൽ അധിനിവേശത്തെ അപലപിച്ചു കൊണ്ട് ഇന്ത്യ തയാറാക്കിയ പ്രമേയം പുറത്തിറക്കാൻ മറ്റു രാഷ്ട്രങ്ങൾ തയാറായത് ഇന്ത്യക്ക് നേട്ടമായി.

മഴ തുടരും
?️കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സെപ്റ്റംബർ 9 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

യുവതിയുടെ മരണകാരണം കണ്ടെത്താനാകാതെ വിദഗ്ധ സംഘം
?️യുവ സംവിധായികയായിരുന്ന നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. മരണ കാരണം ഹൃദയാഘാതമാകാമെന്നാണ് വിദഗ്ധ സംഘത്തിന്‍റെ വിലയിരുത്തൽ. മരണകാരണം സംബന്ധിച്ച് കൃത്യമായൊരു നിഗമനത്തിലെത്താൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. കഴുത്തിലും വയറ്റിലുമുള്ള പരിക്കുകൾ മരണ കാരണമല്ല.

തൃശൂർ നഗരത്തിൽ വൻ കവർച്ച
?️തൃശൂർ നഗരത്തിൽ വൻ കവർച്ച. കന്യാകുമാരിക്ക് കൊണ്ടു പോവുകയായിരുന്ന മൂന്നര കിലോ സ്വർണാഭരങ്ങളാണ് കാറിലെത്തിയ സംഘം തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സംഭവം. ഡിപി ചെയിൻസ് എന്ന സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച മൂന്നു കിലോ സ്വർണാഭരണങ്ങൾ കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ടു പോവാനായി റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോവുമ്പോൾ കാറിലെത്തിയ സംഘം തട്ടിയെടുക്കുകയായിരുന്നു.

തടവുപുള്ളി ജയിൽ ചാടി
?️വിയ്യൂർ ജയിലിലെ തടവുപുള്ളി ജയിൽ ചാടി. തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ജയിൽ ചാടിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. പൂന്തോട്ടം നനയ്ക്കാനായി തടവുകാരെ പുറത്തിറക്കിപ്പോൾ സഹ തടവുകാരും ഉദ്യോഗസ്ഥരും കാണാതെ ഇയാൾ മതിലു ചാടുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

കേരളത്തിന് പ്രത്യേക യുനെസ്കോ പരാമർശം
?️യുനെസ്കോ പ്രസിദ്ധീകരിച്ച 2023ലെ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മോണിറ്ററിങ് റിപ്പോര്‍ട്ടില്‍ കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് 3 പ്രത്യേക പരാമര്‍ശങ്ങള്‍. “സഹവര്‍ത്തിത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്ളടക്ക നിര്‍മിതിയുടെ ഗുണനിലവാരവും വൈവിധ്യവും വർധിപ്പിക്കും’ എന്ന തലക്കെട്ടിനു കീഴിലാണ് കൈറ്റിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന “സ്കൂള്‍വിക്കി’ പോര്‍ട്ടല്‍ അന്താരാഷ്‌ട്ര മാതൃകയായി പരാമര്‍ശിച്ചിട്ടുള്ളത്.

എംഡിഎംഎ കൈവശം വച്ച യുവാവിനെ അറസ്റ്റ് ചെയ്തു
?️നിരോധിത ലഹരി പദാര്‍ഥമായ എംഡിഎംഎ കൈവശം വച്ച യുവാവിനെ യോദ്ധാവ് സ്ക്വാഡും കളമശേരി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. എറണാകുളം, സൗത്ത് ചിറ്റൂര്‍, ഇടയക്കുന്നം വാലം, മാതിരപ്പിള്ളി വീട്ടില്‍ അമല്‍ ജോര്‍ജ്ജ് ഷെന്‍സനാണ് (29) അറസ്റ്റിലായത്.

സ്‌കൂളുകളിലെ ഉച്ചഭക്ഷണം; പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി
?️സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം. പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രത്തിന്‍റെയും ബാക്കി 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. അതിനാല്‍ കേന്ദ്രത്തിന്‍റെ കൂടി സഹായത്തോടെ എത്രയും വേഗം പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും അ‌ദ്ദേഹം പറഞ്ഞു.

സീനിയര്‍ ഫുട്‌ബോള്‍ കിരീടം തൃശൂരിന്
?️59-ാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ കിരീടം തൃശൂരിന്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തില്‍ കണ്ണൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു തൃശൂര്‍ നാലാം കിരീടം ചൂടിയത്. 33-ാം മിനിറ്റില്‍ വി എച്ച് മിഥിലാജും 82-ാം മിനിറ്റില്‍ ബിജേഷ് ടി ബാലനും ഗോള്‍ നേടി. കണ്ണൂരിനായി 59-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ റിസ്‌വാന്‍ അലിയും ഗോള്‍ നേടി. ബിജേഷ് ടി ബാലന്‍ കളിയിലെ മികച്ച താരമായി.
ലൂസേഴ്‌സ് ഫൈനലില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇടുക്കിയെ തോല്‍പ്പിച്ച് ആതിഥേയരായ മലപ്പുറം മൂന്നാംസ്ഥാനക്കാരായി. മുഹമ്മദ് നിഷാമും ജിനു ബാലകൃഷ്ണനും ഗോള്‍ നേടി. മുഹമ്മദ് നിഷാമാണ് കളിയിലെ മികച്ചതാരം. തിരുവന്തപൂരത്തിന്റെ മുന്നേറ്റത്താരം നിജോ ഗില്‍ബര്‍ട്ട് ടൂര്‍ണ്ണമെന്റിലെ മികച്ചതാരവും മലപ്പുറത്തിന്റെ മുഹമ്മദ് അസ്‌ക്കര്‍ മികച്ച ഗോളിയുമായി.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5485 രൂപ
പവന്റെ വില 43880 രൂപ