തൃശൂർ
നാലാം ഓണനാളായ വെള്ളിയാഴ്‌ച സ്വരാജ് റൗണ്ട് കിഴടക്കാൻ ഒരുങ്ങുന്ന പുലികൾ മടകളിൽ ഗർജനം തുടങ്ങി. മനുഷ്യനെ പുലിയാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ചിത്ര കലാകാരന്മാർ. കരിമ്പുലിയെയും പുള്ളിപ്പുലിയെയും ശരീരത്തിൽ വരച്ചുപിടിപ്പികയൊൻ വർണ മിശ്രിതം തയ്യാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് പുലിമടകൾ.
വ്യാഴം പകൽ മുതൽ ചുവടുവയ്‌പിന്റെ പരിശീലനമാണ് മടകളിലെങ്ങും. വെള്ളിയാഴ്‌ച പുലർച്ചെ ആരംഭിക്കുന്ന വരകൾ പൂർത്തിയാക്കി പുലിമുഖവും അരമണിയും ഉൾപ്പെടെയുള്ള വേഷം അണിഞ്ഞ് രൗദ്രതാളത്തിൽ ചുവടുതെറ്റാതെയുള്ള പുലിയാട്ടത്തോടെ അവർ സ്വരാജ് റൗണ്ടിലേക്കിറങ്ങും.
ആൺ പുലിവീരന്മാർക്കൊപ്പം ഇക്കുറിയും പെൺപുലിയും കുട്ടിപ്പുലികളും നഗരം കീഴടക്കാനെത്തും. പൂങ്കുന്നം സീതാറാം മിൽ ലെയ്‌ൻ, ശക്തൻ, വിയ്യൂർ, അയ്യന്തോൾ, കാനാട്ടുകര ദേശങ്ങളിൽനിന്നാണ് പുലികളെത്തുക. അരമണി കിലുക്കി പുലിക്കൊട്ടിനൊപ്പം അറുപതോളം പുലികൾ ഓരോ ടീമിലും അണിനിരക്കും.
അഞ്ചു സംഘങ്ങളുടെയും പുലിച്ചമയ പ്രദർശനം ദേശങ്ങളിൽ നടന്നു. പുലികളി സംഘങ്ങൾക്ക് കോർപറേഷൻ നൽകുന്ന 2.50 ലക്ഷം രൂപയും ടൂറിസം വകുപ്പിന്റെ 2.50 ലക്ഷം രൂപയും കൂടാതെ വിവിധ ഏജൻസികളും ധനസഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.