ഓണത്തിരക്കിൽ അമരുകയാണ് നാടും നഗരവും. തിങ്കളാഴ്ചയാണ് ഉത്രാടം. ഓണക്കാലത്തിലെ ഏറ്റവും തിരക്കുള്ള ദിവസം. തിരുവേണ ദിവസത്തേക്കുളള ഒരുക്കങ്ങൾ പൂർത്തിയാക്കേണ്ട ദിനം.
ഞായറാഴ്‌ച അവധി ദിവസത്തിന്റെ ആലസ്യമൊന്നും വിപണിയിൽ ഉണ്ടായില്ല. ഉത്രാട ദിവസം വീട്ടുമുറ്റത്ത് വയ്‌ക്കാനുള്ള മാതേവർ, പൂക്കളമിടാൻ പൂവ്, മറ്റ് സാധനങ്ങൾ, വസ്‌ത്രങ്ങൾ എന്നിവ വാങ്ങാനെത്തിയവരാൽ നഗരം നിറഞ്ഞു. ഖാദി, ഹാന്റക്‌സ്, ഹാൻവീവ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് വിലക്കുറവിൽ വസ്‌ത്രങ്ങളും മറ്റും വാങ്ങാനുള്ള അവസരം ജനങ്ങൾ പ്രയോജനപ്പെടുത്തി. വഴിയോരക്കച്ചവടവും പൊടിപൊടിച്ചു. പാത്രങ്ങളും മൺചട്ടികളും വസ്‌ത്രങ്ങളും ചെരുപ്പുമടക്കം ആവശ്യമുള്ളതെല്ലാം തെരുവോരങ്ങളിൽനിന്ന് ലഭിച്ചു. മഴ പെയ്യാത്തത് വഴിയോര കച്ചവടക്കാർക്ക് ആശ്വാസമായി.
വൈകുന്നേരത്തോടെ പാലക്കാട് നഗരം തിരക്കുമൂലം ശ്വാസംമുട്ടി. ജിബി റോഡ്, കോർട്ട് റോഡ്, ചിറ്റൂർ റോഡ് തുടങ്ങി പ്രധാന റോഡുകളിലെല്ലാം വാഹനങ്ങൾ നിറഞ്ഞു. നഗരത്തിൽ ആവശ്യമായ പാർക്കിങ് സ്ഥലം ഇല്ലാത്തത് ബുദ്ധിമുട്ട് വർധിപ്പിച്ചു.
റോഡരുകുകളിൽ പാർക്ക് ചെയ്യുന്നതിന് പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനുമായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.
യേ ഹമാര ഓണം
പാലക്കാട്
ഹാപ്പി ഓണം… ആദ്യ ഓണമാണ്. പൂക്കളം, ഓണസദ്യ, മധുരം, കമ്പനിയിലും അപ്‌നാ ഘറിലും ആഘോഷമുണ്ടായി. നല്ല അനുഭവം. അപ്‌നാ ഘർ ഹമാരാ ഘർ, അച്ചാ ഘർ. ഇവിടെയല്ലാതെ മറ്റെവിടെയും താമസിക്കില്ല.
കഞ്ചിക്കോട് അപ്‌നാ ഘറിൽ താമസിക്കുന്ന ഒഡീഷ കേന്ദ്രപറയിലെ ബിഷ്‌ണു ബിഹാരി (51) വാക്കുകളാണിത്. ബിഷ്‌ണുവിന് കന്നി ഓണമാണ്. അഞ്ചുമാസംമുമ്പാണ് കഞ്ചിക്കോട് കിൻഫ്ര വ്യവസായ പാർക്കിലെ വൂട്ട്‌സ് കമ്പനിയിൽ ജീവനക്കാരനായി എത്തിയത്. ചരിത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഭാര്യ ഷുക്കാമിൻ ഷാഹു സർക്കാർ ജീവനക്കാരിയാണ്. മകൻ സുഭാഷ് ബിഹാരി മെഡിക്കലിനും മകൾ പ്രതി ലിപ്‌സ എൻജിനിയറിങ്ങിനും പഠിക്കുന്നു. കുറച്ചുദിവസം മുമ്പെത്തിയ ബിഹാർ ഷിവ ജില്ലയിലെ സുഭാഷ് യാദവിനും കന്നിയോണമാണിത്. വൂട്ട്‌സിൽ തൊഴിലാളിയാണ്. 2019 മുതൽ വൂട്ട്‌സ് കമ്പനിയിൽ പെയിന്ററായ ദത്താ ഗജാഗെക്ക് ഇത് അഞ്ചാം ഓണം.
സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന്റെ കീഴിൽ 2019ൽ ഇതര സംസ്ഥാനത്തൊഴിലാളികൾക്കായി തുറന്ന അപ്‌നാ ഘറിൽ പൂക്കളമൊരുക്കി ഇവർ ഓണമാഘോഷിച്ചു. ഇവിടെ ഇപ്പോൾ 620 ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷനാണ് അപ്‌നാഘറിന്റെ ചുമതല. ചെറിയ തുക മാസവാടക വാങ്ങിയാണ് ഇവരെ താമസിപ്പിക്കുന്നത്. കമ്പനികളാണ് തങ്ങളുടെ തൊഴിലാളികൾക്കായി അപ്‌നാ ഘറിൽ കിടക്കകൾ ബുക്ക് ചെയ്യുക. വൈദ്യുതി, വെള്ളം, പാചകവാതകം എന്നിവയും വാടകയിൽ ഉൾപ്പെടുന്നു.
23,154 പേർ ഓണക്കിറ്റ് വാങ്ങി
പാലക്കാട്
അന്ത്യോദയ അന്ന യോജന വിഭാഗത്തിൽപ്പെട്ട 23,154 പേർ ഞായറാഴ്‌ച വൈകിട്ട് ആറുവരെ ജില്ലയിൽ ഓണക്കിറ്റ് വാങ്ങി. കൂടുതൽ പേർ കിറ്റ് വാങ്ങിയത് മണ്ണാർക്കാട് താലൂക്കിലാണ്, 5606 പേർ. ആലത്തൂർ –- 4076, ചിറ്റൂർ –- 5089, ഒറ്റപ്പാലം –- 2750, പാലക്കാട് –- 4139, പട്ടാമ്പി –- 1494 എന്നിങ്ങനെയാണ് താലൂക്കുകളിൽ കിറ്റ് വാങ്ങിയവരുടെ എണ്ണം.
വെള്ളി മുതൽ കിറ്റ് വിതരണമാരംഭിച്ചിരുന്നു. തിങ്കളാഴ്‌ച വൈകിട്ടുവരെ വിതരണമുണ്ട്. ജില്ലയിൽ 50,100 പേർക്കാണ് കിറ്റ് ലഭിക്കുക. തേയില, ചെറുപയർ, പരിപ്പ്, പായസം മിക്‌സ്, മിൽമ നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, ഉപ്പ് എന്നിവയും തുണിസഞ്ചിയും അടക്കം 14 ഇനങ്ങളാണുള്ളത്.