
വിനോദ സഞ്ചാരികളെയും പ്രദേശവാസികളെയും ദുരിതത്തിലാക്കി സീതാർകുണ്ട് റോഡ് നവീകരണം.
ജോജി തോമസ് ✍️
പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള റോഡ് നവീകരണം ബുദ്ധിമുട്ടിലാക്കി. നെല്ലിയാമ്പതിയിലെ ഊത്തുകുഴിയിൽ നിന്നും സീതാർകുണ്ട് എസ്റ്റേറ്റ് കവാടം വരെയുള്ള റോഡിലെ 157 മീറ്റർ ദൂരം മാത്രമാണ് താൽക്കാലികമായി കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നത്. തകർന്നു കിടക്കുന്ന ഒന്നരക്കിലോമീറ്ററോളം നീളമുള്ള ഊത്തുകുഴി സീതാർകുണ്ട് റോഡ് 25 വർഷങ്ങൾക്ക് ശേഷമാണ് പഞ്ചായത്ത് നവീകരിക്കുന്നത്. ഊത്തുകുഴി വരെ നിലവിൽ പൊതുമരാമത്ത് റോഡ് നവീകരിച്ചിട്ടുണ്ട്. ഊത്തുകുഴി മുതൽ സീതാർകുണ്ട് എസ്റ്റേറ്റ് കവാടം വരെയുള്ള റോഡ് ടാർ ചെയ്ത് നന്നാക്കുന്നതിന് പകരം 157 മീറ്റർ ദൂരം മാത്രം കോൺക്രീറ്റ് ചെയ്ത് നവീകരിക്കാനാണ് പഞ്ചായത്ത് പദ്ധതി ഇട്ടിട്ടുള്ളത്. ഇതുകൊണ്ട് ഈ റോഡിന്റെ കാൽഭാഗത്തിൽ താഴെ മാത്രമേ നവീകരണം നടക്കുകയുള്ളൂ. ഈ തുക ഉപയോഗിച്ച് ടാർ ചെയ്യുകയാണെങ്കിൽ ഈ ഒന്നര കിലോമീറ്റർ ദൂരവും ടാർ ചെയ്യാൻ കഴിയുമായിരുന്നു എന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഈ ചുരുങ്ങിയ ദൂരം കോൺക്രീറ്റ് ചെയ്യുന്നതിനായാണ് ഇന്നുമുതൽ ജനുവരി 25 വരെ സീതാർകുണ്ട് റോഡ് അടച്ചിടുന്നത്. കോൺക്രീറ്റ് റോഡ് നിർമ്മാണം രണ്ടുദിവസം കൊണ്ട് പൂർണ്ണമാകുമെങ്കിലും കോൺക്രീറ്റ് ഉറപ്പ് ലഭിക്കുന്നത് വരെ കാത്തിരിക്കുന്നതിനായാണ് 20 ദിവസത്തോളം റോഡ് അടച്ചിടേണ്ടി വന്നതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. പകരം ഒന്നര കിലോമീറ്റർ ദൂരം ടാർ ചെയ്യുകയാണെങ്കിൽ ഗതാഗതം പൂർണമായും തടസ്സപ്പെടുത്താതെയും ഭാഗികമായി വാഹനങ്ങൾക്ക് പോകാനും രണ്ടോ മൂന്നോ ദിവസം കൊണ്ട് പൂർണമായും റോഡ് പണി പൂർത്തിയാക്കാനും കഴിയുമായിരുന്നു. ഇതുമൂലം പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ സീതാർകുണ്ട് വ്യൂ പോയിന്റ്, ഗ്രീൻലാൻഡ്, സീതാർക്കുണ്ട് എസ്റ്റേറ്റ്, പലക പാണ്ടി തുടങ്ങി വിവിധ എസ്റ്റേറ്റുകളിലേക്കും റിസോർട്ടുകളിലേക്കുമുള്ള ഗതാഗതവും 20 ദിവസത്തോളം പൂർണ്ണമായും തടഞ്ഞത്. ഹൃസ്വദൂരം കോൺക്രീറ്റ് ചെയ്യുന്നതിന് പകരം ഊത്തുകുഴി മുതൽ ചായത്തോട്ടം കടക്കുന്നത് വരെയുള്ള തകർന്നു കിടക്കുന്ന ഒന്നര കിലോമീറ്റർ ദൂരം പൂർണ്ണമായും ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ കഴിയുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. പ്രധാന ടൂറിസം സീസണിൽ ദീർഘനാൾ ഹൃസ്വദൂരം റോഡു പണിയുന്നതിനായി അടച്ചിടുന്നത് വിദൂര പ്രദേശങ്ങളിൽ നിന്ന് എത്തുന്ന വിനോദസഞ്ചാിൾക്കും വിളവെടുപ്പ് സീസൺ ആരംഭിച്ച തോട്ടം മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. കെഎസ്ആർടിസി യുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ഉല്ലാസയാത്ര വാഹനങ്ങൾക്കും ഇതോടെ ജനുവരി 25 വരെ സീതാർ കുണ്ടിലേക്ക് പ്രവേശിക്കാൻ ആവില്ല. നെല്ലിയാമ്പതിയിലെ പ്രധാന റോഡുകളിലൊന്നും ചെയ്യാത്ത രീതിയിൽ കോൺക്രീറ്റ് റോഡ് നിർമ്മിക്കുന്നതുമൂലം ലക്ഷങ്ങൾ പാഴാക്കുകയാണെന്നും ആക്ഷേപം ഉയരുന്നു. ദീർഘവീക്ഷണം ഇല്ലാതെ കോൺക്രീറ്റ് റോഡ് നിർമ്മിക്കാൻ എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗം നടപടി കൈക്കൊണ്ടതാണ് പ്രശ്നത്തിന് കാരണമായത്. വർഷങ്ങൾക്ക് മുമ്പ് ഈറോഡ് ടാർ ചെയ്താണ് നവീകരിച്ചത്. ഇത് മാറ്റിയാണ് ഹൃസ്വദൂരം ഉപരിതലം മാത്രം കോൺക്രീറ്റ് ചെയ്യാൻ അധികൃതർ നടപടി സ്വീകരിച്ചത്. തകർന്നു കിടക്കുന്ന റോഡിന്റെ കുറച്ചുഭാഗം മാത്രം കോൺക്രീറ്റ് ചെയ്യുന്നതുകൊണ്ട് തകർന്നു കിടക്കുന്ന സീതാർ കുണ്ട് റോഡിന്റെ ഗതാഗത പ്രശ്നത്തിനും ഇനിയും പരിഹാരം ആവാത്ത സ്ഥിതിയാണ്. വർഷങ്ങൾ മുമ്പ് ഊത്തുകുഴിയിൽ നിന്നും ചായ തോട്ടത്തിന് ഇടയിലൂടെ പോബ്സ് ബംഗ്ലാവിന് മുന്നിലൂടെ ബദൽ റോഡ് ഉണ്ടായിരുന്നു. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നതിനാലും കല്ലുപതിക്കുകയോ ടാർ ചെയ്യുകയോ ചെയ്യാത്തിാലും ഈ റോഡ് മണ്ണൊലിച്ചും മറ്റും കാലക്രമേണ നശിച്ചുപോയി. ഇപ്പോഴും ഭാഗികമായി ചായ തോട്ടങ്ങൾക്കിടയിൽ ഈറോഡ് നിലവിലുണ്ട്. ഭാഗികമായി നവീകരിച്ച് ചെറുവാഹനങ്ങൾക്കെങ്കിലും പോകാൻ താൽക്കാലിക വഴിയൊരുക്കണമെന്നും പലക പാണ്ടി മേഖലയിലുള്ള തൊഴിലാളികളും മറ്റും ആവശ്യപ്പെടുന്നു.
