ആലത്തൂരിന് അഭിമാനമായി ഒമ്പത് പൊതുകളിയിടങ്ങൾ ഒരുങ്ങി. എരിമയൂർ, തേങ്കുറുശി ഗവ. ഹയർസെക്കൻഡറി സ്കൂളുകളിലായി നിർമാണം പൂർത്തിയാക്കിയ സ്റ്റേഡിയങ്ങൾ നാടിന് സമർപ്പിക്കുന്നു. കെ ഡി പ്രസേനൻ എംഎൽഎയുടെ ശ്രമഫലമായിട്ടാണ് കായിക വകുപ്പ് ഒമ്പത് കളിസ്ഥലങ്ങൾ അനുവദിച്ചത്. കുഴൽമന്ദം, തേങ്കുറുശി, എരിമയൂർ, ആലത്തൂർ, മേലാർകോട്, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ സ്കൂൾ കളിക്കളങ്ങൾ ഏറ്റെടുത്താണ് പുനർനിർമിച്ചിരിക്കുന്നത്. ഇതിനുപുറമേ കുനിശേരിയിൽ മിനി സ്റ്റേഡിയവും സജ്ജമാക്കിയിട്ടുണ്ട്.
പെരുങ്കുന്നം ജിഎൽപിഎസ് മൈതാനം പുനർ നിർമിക്കാനുള്ള ഭരണാനുമതിക്കായുള്ള പ്രവർത്തനവും നടന്നുവരുന്നു. കാട്ടുശേരി ജിഎൽപിഎസ് ഇൻഡോർ സ്റ്റേഡിയത്തിന് 78 ലക്ഷം, തേങ്കുറുശി 95.74 ലക്ഷം, കുഴൽമന്ദം 1.02 കോടി, എരിമയൂർ 1.06 കോടി, ചിറ്റിലഞ്ചേരി 2.13 കോടി, വണ്ടാഴി 95.73 ലക്ഷം, കിഴക്കഞ്ചേരി 2.13 കോടി, കുനിശേരി 95.73 എന്നിങ്ങനെ 12 കോടി രൂപയാണ് ആലത്തൂരിലെ പൊതു കളിയിടങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പകൽ 11ന് എരിമയൂരിലും 12ന് തേങ്കുറുശിയിലും നടക്കുന്ന സ്റ്റേഡിയം ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും. ഇരു ചടങ്ങുകളിലും കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോൾ മുഖ്യാതിഥിയാകും.