പല്ലശനക്കാർ ഓണം ‘തല്ലി’ ആഘോഷിക്കും

പല്ലശനക്കാർ ഓണത്തിന് തല്ലും. അത്‌ കഴിഞ്ഞേ വേറെന്തുമുള്ളൂ. ഓണ ദിവസം തല്ലുമന്ദിൽ വിവിധ സമുദായക്കാരും അവിട്ടം നാളിൽ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ നായർ സമുദായക്കാരുമാണ്‌ ഓണം തല്ലി ആഘോഷിക്കുക. തിരുവോണദിവസമായ ചൊവ്വ  വിവിധ സമുദായക്കാർ വൈകിട്ട്‌ നാലിന്‌ ദേശങ്ങളിൽനിന്ന് രണസ്മരണകളുണർത്തും വിധം ആർപ്പുവിളികളോടെ തല്ലുമന്ദിലെത്തും. തുടർന്ന് ദേശ കാരണവന്മാർ വിളിച്ചുചൊല്ലി തല്ലിന് അനുമതി നൽകും. സമപ്രായക്കാർ തമ്മിലാകും തല്ലുക. 

ദേശക്കാരണവന്മാർ തല്ലുകൊള്ളുന്ന ആളുടെ നെഞ്ചിൽ അമർത്തി പിടിച്ച് കുനിച്ചു നിർത്തും. തല്ലുന്ന ആൾ കൈകൊണ്ട് മുതുകിൽ തോളിനുതാഴെ ആഞ്ഞ് തല്ലും. പിന്നീട് തല്ലുകൊണ്ടയാൾ തല്ലിയ ആളെയും തല്ലും. ഒരു മണിക്കൂറിൽ കൂടുതൽ ഓണത്തല്ല് നടത്തി അടുത്ത ഓണത്തല്ലിന് കാണാമെന്ന് ആചാരം ചൊല്ലി പിരിയും. നായർ സമുദായം അവിട്ടം ദിവസമായ ബുധനാഴ്ച വൈകിട്ട് നാലിന്‌ പടിഞ്ഞാറെത്തറയിൽനിന്നും കിഴക്കേത്തറയിൽനിന്നും ദേശക്കാരണവന്മാരുടെ നേതൃത്വത്തിൽ ആർപ്പുവിളികളോടെ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിലെത്തും. 

വിളിച്ചുചൊല്ലിയശേഷം അവിട്ടത്തല്ലും  നിരയോട്ടവും നടത്തി ഉപചാരം ചൊല്ലി പിരിയും. പല്ലശന നാടുവാഴിയായിരുന്ന കുറൂർ നമ്പിടിയെ സാമൂതിരിയുടെ സാമന്തനായ കുതിരവട്ടത്ത് നായർ ചതിയിൽ കൊന്നുവെന്നും ഇതറിഞ്ഞ പല്ലശനക്കാർ ജാതിഭേദമന്യേ കുതിരവട്ടത്ത് നായർക്കെതിരെ യുദ്ധംചെയ്തു ജയിച്ചെന്നുമുള്ള ഓർമക്കായാണ് ഓണത്തല്ലും അവിട്ടത്തല്ലും നടത്തുന്നതെന്നാണ് ഐതിഹ്യം. മറ്റുരാജ്യങ്ങളിലും ഇതരസംസ്ഥാനങ്ങളിലും തൊഴിൽതേടി പോയ എല്ലാ പല്ലശനക്കാരും ഓണത്തല്ലിൽ പങ്കെടുക്കാനും കാണാനും പല്ലശനയിൽ എത്തും.  ആചാരം എന്നതിലുപരി സമപ്രായക്കാരുടെ ഒത്തുചേരലും സൗഹൃദം പുതുക്കലും കൂടിയാണ് ഓണത്തല്ല്.