കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പാലക്കാട് കോട്ടമൈതാനത്ത് ആഗസ്റ്റ് 21 മുതൽ ആരംഭിച്ച ഓണം വിപണനമേളയിൽ മൂന്ന് ദിവസത്തിൽ
3,87,500 രൂപയുടെ വിറ്റുവരവുണ്ടായി.
വിഷരഹിത പച്ചക്കറികൾ മുതൽ കൈത്തറി വസ്ത്രങ്ങൾ വരെ വിപണനമേളയിലുണ്ട്. ശർക്കര ഉപ്പേരി, ഉണ്ണിയപ്പം, റവ ലഡു, അച്ചപ്പം കുഴലപ്പം, ചിപ്സ്, കുടുംബശ്രീ ചെറുകിട സംരംഭകരുടെ അച്ചാറുകൾ, കൊണ്ടാട്ടം തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളും ജൂട്ട് ബാഗുകൾ, ട്രൈബൽ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, രാമച്ചം, മുള ഉത് പ്പന്നങ്ങൾ, മൺപാത്രങ്ങൾ തുടങ്ങിയവയും മേളയിൽ ലഭിക്കും. കുടുംബശ്രീ ഉത്പ ന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകൾ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികളും മൂല്യവർധിത ഉത്പന്നങ്ങളും വിപണനം ചെയ്യുന്നുണ്ട്. കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ വിപണന സാധ്യതകൾ ഒരുക്കുക, പൊതുജനങ്ങൾക്ക് വൈവിധ്യമാർന്ന കുടുംബശ്രീ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീ ഓണം വിപണന മേളയുടെ ലക്ഷ്യം.
കോട്ടമൈതാനത്തെ വിപണനമേള 27 വരെ തുടരും. ജില്ലയിലെ 97 സി.ഡി.എസുകളിലും കുടുംബശ്രീ ഓണവിപണി ഒരുക്കിയിട്ടുണ്ട്. ‘ഒന്നായി ഓണം കുടുംബത്തോടൊപ്പം-കുടുംബശ്രീക്കൊപ്പം..’ എന്ന സന്ദേശത്തിലൂന്നിയാണ് ജില്ലയിൽ കുടുംബശ്രീ ഓണവിപണികൾ ഒരുക്കിയത്.