വിനോദയാത്ര കൊണ്ടുപോയില്ല; ടൂർ കമ്പനിക്കാർ 2.85 ലക്ഷം രൂപ നഷ്ടം നൽകണം

തൃശൂർ

നിശ്ചയിച്ച വിനോദയാത്ര കൊണ്ടുപോകാത്തതിനതെിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് 2.85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്‌. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മണലൂർ യൂണിറ്റ് സെക്രട്ടറി കെ വി ബാലകൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ എക്സലന്റ്‌ ഇന്ത്യൻ ഹോളിഡേയ്സ് ഉടമയ്‌ക്കെതിരെ ഉത്തരവായത്‌. യൂണിയനിലെ അംഗങ്ങൾക്ക്‌ ഡൽഹിയിലേക്ക്‌ വിനോദയാത്ര പോകാനാണ്‌ ഏർപ്പാടാക്കിയിരുന്നത്‌. 2.70 ലക്ഷം രൂപ ഇതിനായി  വാങ്ങുകയും ചെയ്‌തിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ യാത്ര മെയ് മാസത്തേക്ക് മാറ്റിയെങ്കിലും  പിന്നീട്‌  വിനോദയാത്ര കൊണ്ടുപോയില്ല. പണവും തിരികെ നൽകിയില്ല.  തുടർന്നാണ്‌ കോടതിയിൽ ഹർജി നൽകിയത്‌. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ്‌ സി ടി സാബു, മെമ്പർമാരായ എസ്‌ ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി യൂണിയൻ സെക്രട്ടറിക്ക് 2.70 ലക്ഷം രൂപയും 12ശതമാനം പലിശയും ചെലവിലേക്ക്‌ 15,000 രൂപയും നൽകുവാൻ വിധിക്കുകയായിരുന്നു. ഹർജിക്കാരനുവേണ്ടി   എ ഡി ബെന്നി ഹാജരായി.